UPDATES

ടയര്‍ 2 വിസ പരിഷ്‌കാരങ്ങള്‍ യുകെ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതായി വിദഗ്ധര്‍

നിര്‍ദ്ദിഷ്ട ടയര്‍ 2 വിസ പരിഷ്‌കാരങ്ങള്‍ ബ്രിട്ടീഷ് വ്യവസായത്തെ ഇപ്പോള്‍ തന്നെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയതായി കോഡെക് (കോളിഷന്‍ ഫോര്‍ എ ഡിജിറ്റല്‍ ഇക്കോണമി) എക്‌സിക്യൂട്ടീവ് ഡയറക്ടറും മുന്‍ സര്‍ക്കാര്‍ ഉപദേശകനുമായ ഗേ ലെവിന്‍ പറഞ്ഞു. ടയര്‍ 2 വിസ ചട്ടങ്ങള്‍ കര്‍ക്കശമാക്കാനുള്ള യുകെ സര്‍ക്കാരിന്റെ നീക്കം വിദേശ തൊഴിലാളികളെ യുകെയില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല എന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ടെന്നും രാജ്യത്ത് വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുകെയില്‍ ഡിജിറ്റല്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി പ്രചാരണം നടത്തുന്ന ലാഭരഹിത സംഘടനയായ കോഡെക് ഇപ്പോള്‍ സേവ് സ്‌കില്‍ഡ് മൈഗ്രേഷന്‍ എന്ന പേരില്‍ പുതിയ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ്. ഇക്കഴിഞ്ഞ ജൂണില്‍ ഇമിഗ്രേഷന്‍ പരിധി കടന്നു എന്ന കാരണം ചൂണ്ടിക്കാട്ടി 1300 പേര്‍ക്ക് ടയര്‍ 2 വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് കോഡെക് പുതിയ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ വിദഗ്ധ തൊഴിലാളികളെ യുകെയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് ടയര്‍ 2 വിസകള്‍.

ഇതിനിടെ ടയര്‍ 2 വിസകളില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കരണങ്ങള്‍ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി എച്ച്എസ്എ തലവന്മാര്‍ ഹോം ഡിപ്പാര്‍ട്ടുമെന്റിന് കഴിഞ്ഞയാഴ്ച കത്തെഴുതിയിട്ടുണ്ട്. പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് നേഴ്‌സുമാര്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള നേഴ്‌സുമാര്‍ കൂട്ടത്തോടെ രാജി വയ്ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായി അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. യുകെയില്‍ ആറ് വര്‍ഷമായി ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ ശമ്പളം 35,000 യൂറോയില്‍ താഴെയാണെങ്കില്‍ 2016 ഏപ്രില്‍ ആറ് മുതല്‍ അവരെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് പുതിയ നിയന്ത്രണമാണ് ആരോഗ്യമേഖലയില്‍ ആശങ്ക വിതച്ചിരിക്കുന്നത്.

സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്നത് ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഭയം മൂലം പല വിദഗ്ധ തൊഴിലാളികളും രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 83 ശതമാനം എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കും ഇതുവരെ നേരത്തെ ആസൂത്രണം ചെയ്തിരുന്ന അത്ര നേഴ്‌സുമാരെ നിയമിക്കാന്‍ സാധിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയന് പുറത്ത് നേഴ്‌സുമാര്‍ക്ക് ടയര്‍ 2 വിസകള്‍ നിഷേധിക്കുകയും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റക്കാരെ കൂടുതലായി നിയമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ടെന്നും ഇക്കാര്യം ഹോം ഡിപ്പാര്‍ട്ടുമെന്റിനെയും ആരോഗ്യ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ടെന്നും എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോര്‍ട്ടിമെര്‍ അറിയിച്ചു.

ഇതിനിടെ പുതിയ ടയര്‍ 2 വിസ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് ഒരു പുനരവലോകനം നടത്താന്‍ ഇമിഗ്രേഷന്‍ ഉപദേശക കമ്മിറ്റിയോട് പ്രധാനമന്ത്രി ജെയിംസ് കാമറൂണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സ്വകാര്യ സാമ്പത്തിക വിദഗ്ധരുടെ ഒരു സ്ഥാപനമായ കമ്മിറ്റി കുടിയേറ്റത്തെ എതിര്‍ക്കുന്നതിനാല്‍ ഇവരുടെ റിപ്പോര്‍ട്ട് പരിഷ്‌കാരങ്ങള്‍ക്ക് അനുകൂലമാവാനാണ് സാധ്യത എന്നതിനാല്‍ പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷയ്ക്ക് വകയില്ല എന്നു വേണം അനുമാനിക്കാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍