UPDATES

യുകെ/അയര്‍ലന്റ്

‘നിയമബോധമില്ലാത്ത’ കാനറ ബാങ്കിന്റെ ഇന്ത്യൻ ഉദ്യോഗസ്ഥർ കള്ളപ്പണം വെളുപ്പിച്ചു: യുകെയിൽ നിരോധനവും പിഴയും ശിക്ഷ

2012 മുതൽ കാനറ ബാങ്കിന് തങ്ങൾ താക്കീതുകൾ നൽകിക്കൊണ്ടിരിക്കുകയാണെന്ന് എഫ്‌സിഎ വ്യക്തമാക്കി.

അടുത്ത അഞ്ചു മാസക്കാലയളവിൽ കാനറ ബാങ്കിന്റെ യുകെ വിഭാഗത്തിന് നിക്ഷേപം സ്വീകരിക്കുന്നതിനാണ് നിരോധനമേർപ്പെടുത്തിയത്.

കാനറ ബാങ്ക് തങ്ങളുടെ യുകെയിലെ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്നാണ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്തത്. യുകെ നിയമങ്ങളറിയാത്ത ഇവർ തങ്ങൾക്കറിയുന്ന രീതിയിൽ കള്ളപ്പണം വെളുപ്പിച്ചു. ബാങ്കുകൾ പാലിക്കേണ്ട നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്നതിലും നിയന്ത്രിക്കുന്നതിൽ കാനറ ബാങ്ക് പരാജയപ്പെട്ടെന്ന് ബ്രിട്ടിഷ് മാർക്കറ്റ് റെഗുലേറ്ററായ ഫിനാൻഷ്യൽ കണ്ടക്ട് അതോരിറ്റി പറഞ്ഞു. ഇന്ത്യയുടെ അഞ്ചാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് കാനറ.

യുകെയുടെ സാമ്പത്തിക വ്യവസ്ഥയുടെ വിശ്വാസ്യതയും അന്തസ്സും അപകടത്തിലാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന പണിയാണ് കാനറ ബാങ്ക് ചെയ്തതെന്ന് ഫിനാൻഷ്യൽ കണ്ടക്ട് അതോരിറ്റി വിലയിരുത്തി. ബാങ്കിന്റെ മാനേജ്മെന്റും ഭരണവ്യവസ്ഥയും കാര്യത്തിന് കൊള്ളുന്നതല്ലെന്നും വിലയിരുത്തലുണ്ടായി.

2012 മുതൽ കാനറ ബാങ്കിന് തങ്ങൾ താക്കീതുകൾ നൽകിക്കൊണ്ടിരിക്കുകയാണെന്ന് എഫ്‌സിഎ വ്യക്തമാക്കി. ബാങ്കിന്റെ പ്രവർത്തനത്തിലെ വ്യവസ്ഥാപരമായ പിഴവുകൾ തിരുത്തണമെന്ന ആവശ്യം അവർ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ബാങ്കിന് ഉപരോധം ഏർപ്പെടുത്താൻ‌ പോന്നത്ര ഗൗരവപ്പെട്ട കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും എഫ്‌സിഎ വ്യക്തമാക്കി.

നവംബർ 2012ലും മാർച്ച് 2013ലും എഫ്‌സിഎ ഉദ്യോഗസ്ഥർ ബാങ്ക് സന്ദർശിച്ചിരുന്നു. ഏപ്രിൽ 2015ലെ മൂന്നാമത്തെ സന്ദർശന സമയത്തും തുടക്കത്തിൽ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ പരിഹരിച്ചിരുന്നില്ല. ഇതാണ് കടുത്ത നടപടികളിലേക്ക് തങ്ങളെ നയിച്ചതെന്ന് എഫ്‌സിഎ പറഞ്ഞു. 2015ൽ ഒരു വിദഗ്ധനെ പ്രശ്നം പഠിക്കാനും പരിഹാരങ്ങൾ ചൂണ്ടിക്കാട്ടാനുമായി നിയോഗിച്ചിരുന്നു.

‘അസാധാരണമായ’ ചില ഇടപാടുകൾ ബാങ്കുമായി ചിലർ നടത്തുന്നത് എഫ്‌സിഎയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇവ തടയണമെന്ന ആവശ്യം പലവട്ടം ഉയർത്തി. എന്നാൽ യാതൊരു നിയന്ത്രണവുമുണ്ടായില്ല. രാഷ്ട്രീയ ബന്ധങ്ങളുള്ള ഇത്തരം ഇടപാടുകാരുടെ ബാങ്കുമായുള്ള ബന്ധത്തിലെ അസാധാരണത്വം അഴിമതിയിലേക്കാണ് നയിക്കുകയെന്ന് എഫ്‌സിഎ നിയോഗിച്ച വിദഗ്ധൻ റിപ്പോർട്ട് നൽകി. ആഭ്യന്തരവും അന്തർദ്ദേശീയവുമായ കള്ളപ്പണം വെളുപ്പിക്കലിന് കാനറ ബാങ്കിനെ ഉപയോഗിക്കാനുള്ള എല്ലാ സാധ്യതയും തിരിച്ചറിഞ്ഞാണ് നിക്ഷേപ നിരോധനം ഏർപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍