UPDATES

യുകെ/അയര്‍ലന്റ്

മോട്ടോർവേയിലേക്ക് ലേണർ ഡ്രൈവർമാർ ഇറങ്ങുമ്പോൾ; പുതിയ നിയമ ഭേദഗതി പുതുതലമുറ മലയാളികളെ എങ്ങനെ സ്വാധീനിക്കും?

മോട്ടോര്‍ വേയില്‍ ഡ്രൈവിംഗ് പരിശീലനം നേടാന്‍ ലേണര്‍ ഡ്രൈവര്‍മാരെ അനുവദിച്ചുകൊണ്ടുള്ള നിയമ ഭേദഗതി ഇന്ന് നിലവില്‍ വരുന്നു എന്നുള്ളത് യുകെ യിലെ ഡ്രൈവിംഗ് പരിശീലന രംഗത്ത് കാതലായ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ക്രൊയ്‌ഡോണില്‍ നിന്ന് എത്ര പ്രാവശ്യം ലണ്ടനിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കില്ല. അത്രയും പ്രാവശ്യം നഗരത്തിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. ഒറ്റയ്ക്ക്. ചില സുഹൃത്തുക്കളുടെ കൂടെ. കുടുംബത്തിനോടൊപ്പം. ജോലി സംബന്ധമായി. യാതൊരു ലക്ഷ്യവുമില്ലാതെ ചുമ്മായുള്ള യാത്രകള്‍ ഏറെ. സ്കൂള്‍ അവധിയായിരിക്കുമ്പോള്‍ കുട്ടികളുടെ കൂടെ അങ്ങനെ നിരവധി യാത്രകള്‍.

എത്ര കണ്ടാലും വീണ്ടും എന്തെങ്കിലുമൊക്കെ കാണുവാന്‍ അവശേഷിപ്പിച്ചു വെക്കുന്നുണ്ട് മഹാനഗരം. ക്രൊയ്‌ഡോണും ലണ്ടനും തമ്മിലുള്ള ദൂരം പന്ത്രണ്ടു മൈലില്‍ കൂടുതലില്ല എന്നാണ് ഗൂഗിള്‍ സഹോ പറയുന്നത്. ഈസ്റ്റ്‌ ക്രൊയ്‌ഡോണില്‍ നിന്ന് ട്രെയില്‍ യാത്ര മാത്രം കണക്കാക്കിയാല്‍ ഇരുപതു മിനിട്ടിനുള്ളില്‍ ലണ്ടന്‍ വിക്ടോറിയയിലിറങ്ങി തിരക്കില്‍ നഷ്ടപ്പെട്ട് അപ്രത്യക്ഷനാകാം. ഗാഡ്ജെറ്റ് യുഗമായതുകൊണ്ട് ഫിസിക്കലായുള്ള അപ്രത്യക്ഷമാകല്‍ സംഭവിച്ചുവെന്ന് തോന്നിയാലും ഭാവനയിലെ ദൈവത്തിന്റെ കണ്ണുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നില്ല എന്നത് വേറെ കാര്യം. അല്ലെങ്കില്‍ കയ്യിലുള്ള ഗാഡ്ജെറ്റ്‌ സ്വിച്ച് ഓഫ്‌ ചെയ്തു വെക്കണം. മൊബൈല്‍ ഡാറ്റ ഓഫ്‌ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. മൊബൈല്‍ ഫോണ്‍ സിം പ്രൊവൈഡ് ചെയ്യുന്ന സേവന ദാതാവിന്റെ തൃക്കണ്ണ് തുറന്നിരിക്കും, നോട്ടം തെറ്റാതെ. പിന്നെ സ്വന്തം പേരില്‍ രജിസ്ടര്‍ ചെയ്ത ഒരു ഒയിസ്ടര്‍ കാര്‍ഡാണ് യാത്രക്ക് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ വക കണ്ണ് വേറെ. കൂടാതെ ബാങ്ക് കാര്‍ഡോ ക്രെഡിറ്റ്‌ കാര്‍ഡോ ഉപയോഗിച്ചാല്‍ അതും കൂട്ടണം. ഇവരുടെ ഇടയില്‍ ഭാവനയിലെ ദൈവം അപ്രസക്തമാകുന്നു. അത് പാപികള്‍ക്കു പ്രാര്‍ഥിക്കാന്‍ മാത്രമുള്ള ഒരു കഥാപാത്രമായി ചുരുങ്ങുന്നു. ഞാന്‍ പറഞ്ഞു തുടങ്ങിയ ഇടത്തേക്ക് തിരികെ വരാം. വിഷയം യാത്രകളും ഡ്രൈവിങ്ങും നിയമവും ആയിരുന്നുവല്ലോ.

നേരത്തെ പറഞ്ഞ 12 മൈല്‍ ദൂരം ലണ്ടനില്‍ ഏതു പോയിന്റിലേക്കാണ് ഗൂഗിള്‍ സഹോ കണക്ക് കൂട്ടുന്നത്‌ എന്നറിഞ്ഞുകൂടാ. ലണ്ടന്‍ എന്ന് മാത്രം വച്ച് വഴി ചോദിക്കുമ്പോള്‍ ഉള്ള കാര്യമാണ് ഉദ്ദേശിച്ചത്. പോസ്റ്റ്‌ കോഡ് കൊടുത്തുള്ള സേര്‍ച്ച്‌ അല്ല പറയുന്നത്. മോട്ടോര്‍ വേയും ഏ റോഡും ഉള്‍പ്പെടെയുള്ള റോഡുകളില്‍ ലണ്ടനിലേക്കുള്ള ദൂരവും ലണ്ടനില്‍ നിന്നുള്ള ദൂരവും രേഖപ്പെടുത്തിയിരിക്കുന്നത് ലണ്ടനിലെ ചാരിങ് ക്രോസ്സില്‍ നിന്നാണ് എന്ന് ബിബിസിയുടെ ഒരു പേജില്‍ എഴുതിയത് വായിച്ചു. 2014ല്‍ ആയിരുന്നു ആ ലേഖനം വന്നത്. ശരിക്ക് പറഞ്ഞാല്‍ ട്രഫാല്‍ഗർ സ്ക്വയറിലെ ചാള്‍സ് ഒന്നാമന്‍ രാജാവിന്റെ പ്രതിമ നില്‍ക്കുന്ന സ്ഥലമാണ് ദൂരം രേഖപ്പെടുത്തുന്നതിന് ലണ്ടന്‍ നഗരകേന്ദ്രമായി കണക്കാക്കിപ്പോരുന്നത്. ഭൂമിശാസ്ത്രപരമായി അതല്ല ലണ്ടന്റെ കേന്ദ്രഭാഗം. ചാരിംഗ് ക്രോസും ട്രഫാല്‍ഗര്‍സ്ക്വയറുമായി 350 മീറ്ററിനകത്തുള്ള അകലമേയുള്ളൂ. 1290 ല്‍ ലിങ്കണ്‍ എന്ന സ്ഥലത്തിനടുത്തുള്ള ഹാര്‍ബിയില്‍ വച്ച് മരണപ്പെട്ട എലീനര്‍ രാജ്ഞിയുടെ ശവഘോഷയാത്രക്കിടയില്‍, യാത്രാസംഘം തങ്ങുന്ന ഇടങ്ങളില്‍, ലിങ്കണ്‍ മുതല്‍ ലണ്ടന്‍ വരെ സ്ഥാപിച്ച പന്ത്രണ്ട് ക്രോസ്സുകളില്‍ അവസാനത്തേതാണ് ചാരിങ് ക്രോസ്. അന്നു തുടങ്ങി ലണ്ടന്‍ നഗരത്തിലേക്കുള്ള ദൂരം ആ പോയിന്‍റ് വെച്ച് കണക്കാക്കുന്ന കീഴ്‌വഴക്കം. എഡ്‌വാര്‍ഡ്‌ ഒന്നാമന്‍ രാജാവിന്റെ രാജ്ഞിയായിരുന്നു എലീനര്‍.

പറഞ്ഞു വന്നിടത്തേക്ക് വീണ്ടും. 2002 ഏപ്രില്‍ മാസത്തില്‍ യുകെ ജീവിതം തുടങ്ങിയതാണ് ഞാന്‍. ആദ്യമായി വന്നത്തിയത് ക്രൊയ്‌ഡോണില്‍ തന്നെയാണ്. ആദ്യത്തെ ജോലി കിട്ടുന്നതും ഇവിടെത്തന്നെ. ഇവിടെയെത്തി ഒരു കൊല്ലത്തിനുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സ്‌ നേടുവാന്‍ സാധിച്ചു. നാട്ടിലായിരിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ്‌ ഉണ്ടായിരുന്നു. ഇവിടെ വന്നതിനു ശേഷം ഇവിടത്തെ രീതിയുമായി അഡാപ്റ്റ് ചെയ്യുന്നതിനായും ടെസ്റ്റ്‌ പാസാകുന്നതിനായും മുപ്പതോളം ലെസ്സന്‍ ചെയ്തിരുന്നു. ഏതായാലും ആദ്യത്തെ തവണ പാസായി. പാസായി ഒരു കൊല്ലത്തിനടുത്ത് കഴിഞ്ഞതിനു ശേഷമാണ് ആദ്യമായി മോട്ടോര്‍ വേയില്‍ കാര്‍ ഓടിക്കുന്നത്. അന്നൊരു സുഹൃത്താണ് അതിനു സഹായിക്കാന്‍ കൂടെ ഉണ്ടായിരുന്നത്.

പുതിയതായി ഡ്രൈവിംഗ് ലൈസന്‍സ്‌ കിട്ടുന്ന വ്യക്തികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ചെയ്യാവുന്ന ഒരു പാസ്‌ പ്ലസ്‌ പാക്കേജ്‌ മാത്രമാണ് മോട്ടോര്‍ വേയില്‍ പരിശീലനം തരുന്നതിനായി ഉണ്ടായിരുന്നത്. ഡ്രൈവിംഗ് ലൈസന്‍സ്‌ ലഭിക്കുന്നതിനുള്ള ടെസ്റ്റ്‌ എടുക്കുന്നതിനു മോട്ടോര്‍ വേ പരിശീലനം വേണ്ടിയിരുന്നില്ലെന്നു മാത്രമല്ല, ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വെയില്‍ പരിശീലനം നേടാന്‍ നിയമം അനുവദിച്ചിരുന്നതുമില്ല. പാസ് പ്ലസ്‌ ചെയ്യുന്നത് തന്നെ വ്യക്തിയുടെ താൽപ്പര്യപ്രകാരം മാത്രമായിരുന്നു. ആ സ്ഥിതിവിശേഷം ഇന്നുമുതല്‍ (തിങ്കള്‍ ആഗസ്റ്റ്‌ നാല്) മാറുന്നു എന്നതാണ് ഈ കുറിപ്പിന്റെ കാതല്‍. (ഇന്നുവരെ ലണ്ടന്‍ നഗരത്തില്‍ പോകുന്നതിനു മാത്രമായി ഡ്രൈവ് ചെയ്തു പോയിട്ടില്ല എന്നത് എന്നെ സംബന്ധിച്ച് ഈ വിഷയത്തില്‍ക്കൂടി കാരണം പരതേണ്ട സംഗതിയാണ് എന്ന് പറയാന്‍ വിഷമമില്ല. സാമ്പത്തിക ലാഭം, സ്‌ട്രെസ് ഫ്രീ മാനസികാവസ്ഥ എന്നത് മറ്റു രണ്ടു കാര്യങ്ങള്‍. ഞാനുദ്ദേശിച്ചത് സിറ്റി ഡ്രൈവിംഗ് പരിശീലനം ലണ്ടന് അടുത്തുള്ള ക്രോയ്ഡോണ്‍ പോലെയുള്ള സ്ഥലങ്ങളില്‍ പോലും പോതുവേ കൊടുത്തു പോരുന്നില്ല എന്നത് കൂടിയാണ്.)

മോട്ടോര്‍ വേയില്‍ ഡ്രൈവിംഗ് പരിശീലനം നേടാന്‍ ലേണര്‍ ഡ്രൈവര്‍മാരെ അനുവദിച്ചുകൊണ്ടുള്ള നിയമ ഭേദഗതി ഇന്ന് നിലവില്‍ വരുന്നു എന്നുള്ളത് യുകെ യിലെ ഡ്രൈവിംഗ് പരിശീലന രംഗത്ത് കാതലായ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ട്, സ്കോട്‌ലാന്‍ഡ്‌, വെയില്‍സ് എന്നിവിടങ്ങളില്‍ മാത്രമാണ് ഈ ഭേദഗതി നിലവില്‍ വന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വ്യത്യസ്ത നിയമ വ്യവസ്ഥ തുടരുന്നു. മാത്രമല്ല ഈ മോട്ടോര്‍ വേ പരിശീലനം കാറുകള്‍ക്ക് മാത്രമാണ് ബാധകം. മോട്ടോര്‍ സൈക്കിള്‍ പരിശീലനം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയം. മാത്രവുമല്ല അംഗീകരിക്കപ്പെട്ട ഡ്രൈവിംഗ് ഇൻസ്ട്രക്റ്ററുടെ മേല്‍നോട്ടത്തില്‍ ഡുവല്‍ കണ്ട്രോള്‍ ഉള്ള വാഹനത്തിലെ പരിശീലനം മാത്രമാണ് അനുവദനീയം. ഇരുപത്തിയൊന്നു വയസ്സിനു മേല്‍ പ്രായമുള്ളതും മൂന്നുവര്‍ഷത്തെ ഡ്രൈവിംഗ് പരിചയം ഉള്ളതുമായ വ്യക്തിക്ക്, വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട ഇന്‍ഷൂറൻസ് (രണ്ടു പേര്‍ക്കും) ഉണ്ടെങ്കില്‍ പ്രതിഫലം പറ്റാതെ ഡ്രൈവിംഗ് ലെസ്സന്‍ കൊടുത്ത് സഹായിക്കാമെന്നത് മോട്ടോര്‍ വേയില്‍ അനുവദനീയമല്ല. ഡ്രൈവിംഗ് പരിശീലകനായി പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ആള്‍ക്ക് ഈ മോട്ടോര്‍ വേ ലസ്സന്‍ കൊടുക്കാന്‍ അനുവാദവുമില്ല. സുരക്ഷിതത്വകാര്യങ്ങളില്‍ കൂടുതല്‍ അവബോധമുള്ള പുതിയ ഡ്രൈവര്‍മാരെ സൃഷ്ടിക്കുന്നതിന് ഈ നിയമ മാറ്റം സഹായിക്കുമെന്ന് തന്നെയാണ് മൊട്ടോറിംഗ് രംഗത്തെ വിവിധ സംഘടനകള്‍ വിലയിരുത്തുന്നത്. മൂന്നുലക്ഷത്തില്‍ കൂടുതല്‍ വരുന്ന മലയാളി ജനസംഖ്യയിലെ പുതിയ തലമുറയ്ക്ക് ഇത് സഹായകമാകുമെന്ന് തന്നെ വിലയിരുത്തണം.

നിയമ മാറ്റത്തിലെ കാതലായ മറ്റൊരു കാര്യം മോട്ടോര്‍ വേ ലെസ്സന്‍ നിര്‍ബന്ധിതമല്ല എന്നതാണ്. പഠിപ്പിക്കുന്ന ആളിന്റെ, സ്കൂളിന്റെ താല്‍പ്പര്യം ഇവിടെ പ്രധാന കാര്യമായി വരാം. ഒരുപക്ഷെ അതുള്‍പ്പെടുന്ന പാക്കേജ് നല്‍കുന്നതിന് ഉയര്‍ന്ന ശരാശരി ഫീസും ഈടാക്കപ്പെട്ടേക്കാം. ഇൻഷൂറൻസ് ബിസിനസ് രംഗത്തും ഇതിന്റെ പ്രതിഫലനം ഉണ്ടാകാം. മോട്ടോര്‍ വേ ലസ്സന്‍ കൊടുക്കുന്ന വാഹനത്തില്‍, അതിന്റെ മുകളില്‍ സാധാരണ വെച്ചുപിടിപ്പിക്കുന്ന ഒരു ബോക്സുണ്ട്. മാഗ്നറ്റിക് ഗ്രിപ്പ് കൊണ്ടു പിടിപ്പിക്കുന്ന ഈ ബോക്സ് ഡ്രൈവിംഗ് സ്കൂള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താനാണ് ഉപയോഗിക്കുന്നത്. മോട്ടോര്‍ വേയില്‍ അത് വേണ്ട എന്ന് തീരുമാനിക്കാന്‍ ഇന്‍സ്ട്രക്റ്റര്‍ക്ക് കഴിയും. ഉയര്‍ന്ന സ്പീഡില്‍ (നാഷണല്‍ സ്പീഡ് ലിമിറ്റ് മോട്ടോര്‍ വേയില്‍ മണിക്കൂറില്‍ 70 മൈല്‍/112.6 കിലോമീറ്റര്‍ ആണല്ലോ) ഇപ്പറഞ്ഞ ബോക്സ് മുകളില്‍ മാഗ്നറ്റിക്ക് ആയി മാത്രം പിടിപ്പിക്കാതെ ഇരുന്നാല്‍ അത് റോഡ്‌ സുരക്ഷ വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും എന്നാണു തോന്നുന്നത്.

റോഡ്‌ സുരക്ഷയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തില്‍ ബ്രിട്ടന്‍ ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ്. എങ്കിലും പുതിയ ഡ്രൈവര്‍മാര്‍ വരുത്തുന്ന അപകടങ്ങളിൽ മരണം വരെ സംഭവിക്കാവുന്ന തരത്തിൽ ഗൗരവമേറിയവ കൂടുതല്‍ കാണുന്നത് 24 വയസ്സ് വരെ പ്രായമുള്ള യുവാക്കളുടെ ഇടയിലാണ്. ആകയാല്‍ പുതിയ നിയമമാറ്റം മലയാളികള്‍ അടങ്ങുന്ന സമൂഹത്തെ സഹായിക്കുമെന്ന് പ്രത്യാശിക്കാം. എല്ലാം സ്മാര്‍ട്ട് ആകുന്ന യുഗത്തില്‍ സ്മാര്‍ട്ട് മോട്ടോര്‍ വേയും ഒപ്പം സ്മാര്‍ട്ട് ഇൻഷൂറൻസ് കമ്പനികളും അവരെക്കാള്‍ സ്മാര്‍ട്ട് ആയ ഇടനിലക്കാരും പുതിയ മാനത്തില്‍ ജിഡിപിആര്‍ (The General Data Protection Regulation became enforceable on May 25th 2018) നിഷ്കര്‍ഷയും ഒക്കെ ഓരോ ആളും സൂക്ഷ്മമായി മനസ്സിലാക്കി സ്മാര്‍ട്ട് ആകേണ്ടതിന്റെ ആവശ്യകത വര്‍ധിക്കുന്നുവെന്ന് സാരം.

മുരുകേഷ് പനയറ

മുരുകേഷ് പനയറ

എഴുത്തുകാരൻ, യുകെയില്‍ താമസം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍