UPDATES

വിദേശം

കൊലപാതകങ്ങള്‍; ലണ്ടന്‍ ന്യൂയോര്‍ക്കിനെ കടത്തിവെട്ടി

ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ 44 കൊലപാതകങ്ങളില്‍ 31 എണ്ണവും കുത്തേറ്റുള്ള മരണങ്ങള്‍

കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടെ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ലണ്ടന്‍ ന്യൂയോര്‍ക്കിനേക്കാള്‍ മുന്നിലെത്തിയെന്നു കണക്കുകള്‍ പറയുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

സണ്‍ഡേ ടൈംസില്‍ പ്രസിദ്ധീകരിച്ച ഏകദേശം ഒരേ ജനസംഖ്യയുള്ള രണ്ടു നഗരങ്ങളും തമ്മിലുള്ള താരതമ്യമാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്ക് പോലീസും ലണ്ടനിലെ മെട്രോപ്പോലിറ്റന്‍ പോലീസും നല്‍കിയ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം ജനുവരി ഒടുവില്‍ മുതല്‍ കൊലപാതകങ്ങളുടെ എണ്ണം ന്യൂയോര്‍ക്കില്‍ കുറഞ്ഞപ്പോള്‍ ലണ്ടനില്‍ കൂടുകയാണു ചെയ്തത്. ഫെബ്രുവരിയിലും മാര്‍ച്ചിലും ലണ്ടന്‍ ഇക്കാര്യത്തില്‍ ന്യൂയോര്‍ക്കിനെ കടത്തിവെട്ടി.

ജനുവരിയില്‍ ലണ്ടനില്‍ എട്ടു കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ന്യൂയോര്‍ക്കില്‍ 18 എണ്ണം ഉണ്ടായി. പക്ഷേ അതിനു ശേഷം അവിടെ അക്രമം കുറയുകയും ഫെബ്രുവരിയില്‍ 11 കൊലകള്‍ മാത്രം ആവുകയും ചെയ്തു. അതേസമയം ലണ്ടനില്‍ 15 കൊലപാതകങ്ങള്‍ ഫെബ്രുവരിയില്‍ രേഖപ്പെടുത്തി.

മാര്‍ച്ചില്‍ ലണ്ടനില്‍ 22 കൊലപാതകങ്ങള്‍ എന്ന നിലയില്‍ എത്തുകയും ചെയ്തു. ലണ്ടനില്‍ കത്തിക്കുത്തും കൊലപാതകവും വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ മെട്രോപൊലിറ്റന്‍ പോലീസ് വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ കുറയ്ക്കാന്‍ നടപടികള്‍ ആലോചിക്കുകയാണെന്ന് അറിയിച്ചു.

ഇതിനു പരിഹാരം കണ്ടെത്താന്‍ സമൂഹത്തില്‍ ഒരു സമഗ്ര പരിവര്‍ത്തനം നടത്തേണ്ടതുണ്ടെന്നാണ് മുന്‍ മെട്രോപൊലിറ്റന്‍ പോലീസ് തലവന്‍ ലിറോയ്‌ ലോഗന്‍ പറഞ്ഞത്. ഇത്രയധികം കൊലപാതകങ്ങള്‍ നടന്നത് കാണുമ്പോള്‍ അക്രമത്തിന്റെ വൈറസ് സമൂഹത്തില്‍ പടര്‍ന്നിരിക്കുന്നു എന്നു വേണം കരുതാന്‍. എങ്ങനെ കാര്യങ്ങള്‍ കൈവിട്ടു പോയെന്നു മനസിലാകുന്നില്ലെന്ന് ലോഗന്‍ പറഞ്ഞു.

ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ 44 കൊലപാതകങ്ങളില്‍ 31 എണ്ണവും കുത്തേറ്റുള്ള മരണങ്ങള്‍ ആണെന്നത് ആശങ്കയുണ്ടാക്കുന്നു. സമൂഹത്തിലെ വിവിധ സംഘടനകളുമായി സഹകരിച്ച് ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിച്ചുള്ള ഒരു പരിഹാര നടപടി കണ്ടേ മതിയാവൂ.

ന്യൂയോര്‍ക്കിനെ മാതൃകയാക്കി ലണ്ടനില്‍ അക്രമം കുറച്ചു കൊണ്ടുവരണമെന്നു ക്രോയ്ഡോണ്‍ സെന്‍ട്രലില്‍ നിന്നുള്ള എം പി സാറാ ജോണ്‍സ് ബിബിസിയോട് പറഞ്ഞു. സമൂഹത്തില്‍ ഇടപെടല്‍ നടത്തിയാണ് ന്യൂയോര്‍ക്ക് അത് സാധിച്ചത്.

കത്തിക്കുത്തും അതിക്രമങ്ങളും പകര്‍ച്ചവ്യാധി പോലെയാണ്. അതിന്‍റെ വേര് കണ്ടെത്തി അറുക്കണം. ഒപ്പം ഭാവി തലമുറയെ അതില്‍ നിന്ന് സംരക്ഷിക്കണം. സാമൂഹിക നിയമങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ ഉണ്ടാകണം. കുട്ടികള്‍ക്കായുള്ള ബോധവത്ക്കരണ പരിപാടികളിലൂടെ അവരെ നല്ല മനുഷ്യരായിരിക്കാന്‍ പഠിപ്പിക്കണം. ആയുധങ്ങള്‍ കൊണ്ട് നടക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കണം.

സ്കോട്ട്ലാന്‍ഡില്‍ അക്രമങ്ങളും കൊലപാതകങ്ങളും കുറയ്ക്കാന്‍ ഇടയാക്കിയ നടപടികളെക്കുറിച്ച് പഠിക്കാന്‍ മെട്രോപൊലിറ്റന്‍ പോലീസ് കമ്മിഷണര്‍ ക്രെസിഡ ഡിക്ക് ഫെബ്രുവരിയില്‍ ഗ്ലാസ്ഗോയില്‍ പോയിരുന്നു. ഫലപ്രദമായ മാതൃകകള്‍ മനസിലാക്കി നടപ്പാക്കാന്‍ ന്യൂയോര്‍ക്ക്, ഡര്‍ഹം, ഏവണ്‍, സോമര്‍സെറ്റ്, വെസ്റ്റ്‌ മിഡ് ലാന്‍ഡ്സ് പോലീസ് സേനകളുടെ ആസ്ഥാനങ്ങളിലേക്കു പോകാനും ഡിക്കിനു പദ്ധതിയുണ്ട്.

അതേസമയം 10-21 പ്രായക്കാര്‍ക്കിടയില്‍ ബോധവത്ക്കരണം നടത്താനായി 1.35 മില്യണ്‍ പൗണ്ടിന്‍റെ പദ്ധതി ഗവണ്മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്. കുത്തേറ്റ കൌമാരക്കാരെക്കുറിച്ചുള്ള പരസ്യ വിഡിയോകളും ലേഖനങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റും പരസ്യപ്പെടുത്തുക വഴിയുള്ള ബോധവത്ക്കരണം കൂടുതല്‍ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍