UPDATES

യുകെ/അയര്‍ലന്റ്

ഗാന്ധിയെ ഭക്ഷണമാക്കി; യുകെ കഫേക്കെതിരെ പ്രതിഷേധം

കൊളോണിയലിസത്തിന്റെ മഹത്വവത്കരണം; ഇന്ത്യ പ്രമേയമായ കഫെയ്ക്കെതിരെ യു.കെയില്‍ പ്രക്ഷോഭം

സസ്യ ഭക്ഷണത്തിന്റെ പേര് ‘ദ ഗാന്ധി’. ടോട്ടന്‍ഹാമിലെ ഇന്ത്യ പ്രമേയമായ കഫെയാണ് ഇത്തരമൊരു വിഭവവുമായി രംഗത്തെത്തിയത്. എന്നാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തെ മഹത്വവത്കരിക്കുന്നു എന്നും ഇന്ത്യയെക്കുറിച്ച് മോടിപിടിപ്പിച്ച കൊളോണിയല്‍ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു എന്നും പറഞ്ഞ് ശക്തമായ പ്രതിഷേധം നേരിടുകയാണ് ഈ കഫെ.

2013ല്‍ ക്രിസ് ഇവാന്‍സ് തുടങ്ങിയ, ബ്ലൈറ്റി ഇന്ത്യ കഫെ എന്ന ലഘുഭക്ഷണശാലാ ശൃംഖല യുണൈറ്റഡ് കിങ്ഡത്തെയും കോമണ്‍വെല്‍ത്തിനെയും പ്രകീര്‍ത്തിക്കുന്നു. ബ്ലൈറ്റി എന്ന പേര് കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യാ ഉപഭുഖണ്ഡത്തില്‍ ഉപയോഗിച്ചിരുന്ന ബിലയത്, ബിലയതി എന്നീ വാക്കുകളില്‍ നിന്നാണ് എടുത്തിരിക്കുന്നത്.

ബ്ലൈറ്റി കോമണ്‍വെല്‍ത്ത‌് ഓഫ് കഫേസിന്റെ രണ്ടാമത്തെ കഫെയാണ് ബ്ലൈറ്റി. ‘ഗ്രേറ്റ് കോമണ്‍വെല്‍ത്ത് പവര്‍ഹൌസ് ഓഫ് ഇന്ത്യ’യില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അലങ്കാരത്തിലും മെനുവിലും അന്തരീക്ഷത്തിലും ഇന്ത്യന്‍ സ്വഭാവം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്ന് കാപ്പിക്കുരു ഇറക്കുമതി ചെയ്യുക എന്ന ആശയത്തിലാണ് കഫെ പ്രവര്‍ത്തിക്കുന്നത്. “ഞങ്ങള്‍ കാപ്പിയെ ഗൌരവത്തോടെ കാണുന്നു. റ്വാന്‍ഡ, കെനിയ, ഇന്ത്യ, ടാന്‍സാനിയ, പാപ്വ ന്യൂ ഗ്വിനിയ, മലാവി തുടങ്ങിയ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്ന് കാപ്പിക്കുരു ഞങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. എന്നിട്ട് സ്വന്തം നിലയ്ക്ക് അവ വറുത്തെടുത്ത് ഏറ്റവും വിശിഷ്ടമായ പാനീയം വിളമ്പുന്നു എന്ന് ഉറപ്പുവരുത്തുന്നു ” എന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

എന്തായാലും, ‘സാമ്രാജ്യത്വത്തിന്റെ ഓര്‍മ്മകളെ ബോധപൂര്‍വ്വം വിളിച്ചുണര്‍ത്തുന്നു’ എന്നതിനാല്‍ ഭക്ഷണശാലയുടെ പ്രമേയം മാറ്റണം എന്ന് ടോട്ടന്‍ഹാമിലെ പ്രാദേശിക എംപി ഡേവിഡ് ലാമ്മിയോട് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ നിവേദനം ഇന്ത്യന്‍ വംശജനായ സൈനബ് ഖാന്‍ ഉള്‍പ്പെടെയുള്ള ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയിട്ടുണ്ട്.

‘ഹിന്ദിയും ചുവരിലെ നിയോണ്‍ ഗാന്ധിയും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് അവിടം. അതിന്റെ ഉടമസ്ഥര്‍ ഇന്ത്യക്കാരല്ല, ഭക്ഷണവും ഇന്ത്യയിലേതല്ല, ഇന്ത്യന്‍ ട്വിസ്റ്റോടുകൂടിയ ബ്രിട്ടീഷ് ഭക്ഷണമാണ്; പല ഇന്ത്യക്കാര്‍ക്കും അത് അനിഷ്ടവും ഉണ്ടാക്കുന്നുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള ഒരു അലംകൃത കൊളോണിയല്‍ കാഴ്ചപ്പാടാണത്. ഇംഗ്ലീഷുകാരുടെ ഉപഭോഗത്തിനായി നിര്‍മ്മിച്ച ഒരു വാര്‍പ്പുരൂപം മാത്രം’ എന്ന് നിവേദനത്തില്‍ പറയുന്നു.

‘സമൂഹത്തിലെ പലരും അസ്വസ്ഥരാണ്’ എന്നു കരുതുന്ന ഇവ ലെഫ്‍മാനെയും ജാസ്മിന്‍ ഡേവിസിനെയും പോലുള്ളവരുടെ പിന്തുണ നിവേദനത്തിനുണ്ട് എന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സൂക്ഷ്മമായും രുചികരമായും ഇന്ത്യയെ ടോട്ടന്‍ഹം ബ്രാഞ്ചില്‍ ആഘോഷിക്കാന്‍ ഇവാന്‍സ് കാര്യമായ ശ്രമങ്ങള്‍ നടത്തിയില്ല’ എന്ന് നിവേദനത്തില്‍ ആരോപിക്കുന്നു.

ഫിന്‍സ്ബറി പാര്‍ക്കിലെ ബ്ലൈറ്റി യു കെ കഫെയിലെ ആദ്യ ഭക്ഷണശാലയ്ക്കു പുറത്തുണ്ടായിരുന്ന, യുദ്ധകാലത്ത് ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ, തെരുവുചുവര്‍ചിത്രം നശിപ്പിക്കപ്പെട്ടതിന് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് ഈ നിവേദനം വരുന്നത്.

ആ തെരുവുചുവര്‍ചിത്രത്തില്‍ ചര്‍ച്ചിലിന്റെ വിഖ്യാതമായ രണ്ടുവിരലുയര്‍ത്തിയ വിജയചിഹ്നത്തോടൊപ്പം ഇരട്ട എക്സ്പ്രസ്സോ കാപ്പിയുടെ ഓര്‍ഡറിന്റെ പരസ്യവാചകമായ ‘ഡബിള്‍ ഷോട്ടും’ ആവിഷ്കൃതമായിരുന്നു. ‘യുദ്ധക്കൊതിയന്‍’, ‘സാമ്രാജ്യമോഹി’ തുടങ്ങിയ വാക്കുകളാല്‍ തുടര്‍ച്ചയായി വിരൂപമാക്കപ്പെട്ടതിനാല്‍ ചുവര്‍ചിത്രം അവിടെ നിന്ന് എടുത്തു മാറ്റേണ്ടിവന്നു.

‘ചര്‍ച്ചിലോ ഗാന്ധിയോ പരാതിക്കിടവരുത്തുമെന്ന് ഞങ്ങള്‍ കരുതിയില്ല. ഞങ്ങള്‍ കരുതിയത് അവര്‍ രണ്ടാളും വ്യാപകമായി സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന വ്യക്തികളാണെന്നാണ് ‘ എന്ന് സഹ ഉടമസ്ഥനായ ക്രിസ് ഇവാന്‍സ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ചര്‍ച്ചില്‍ എന്ന ശരിയായ ബ്രിട്ടീഷ് നായകനെയും, കോമണ്‍വെല്‍ത്ത് രാജ്യങ്ങളും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെയും, കാപ്പിയുടെയും ഭക്ഷണത്തിന്റെയും മാധ്യമത്തിലൂടെ ആഘോഷിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്’ എന്ന് അദ്ദേഹം പറയുന്നു.

‘രണ്ടു വിരലുകള്‍ ഉയര്‍ത്തി ഒരു ഡബിള്‍ എക്സ്പ്രസ്സോ ഓര്‍ഡര്‍ ചെയ്യുന്ന ചര്‍ച്ചിലിന്റെ ചുവര്‍ചിത്രം ഒരു വിനോദം മാത്രമായിരുന്നു. പക്ഷേ തുടര്‍ച്ചയായി വികൃതമാക്കപ്പെട്ടതിനാല്‍ ഞങ്ങള്‍ക്കത് ഉപേക്ഷിക്കേണ്ടിവന്നു ‘ – ഇവാന്‍സ് പറഞ്ഞു.

‘ബ്രിട്ടീഷ് സാമ്രാജ്യത്വവും കൊളോണിയലിസവും ആണ് ഞങ്ങള്‍ ആഘോഷിക്കുന്നതെന്ന് പറയുന്നത് തികച്ചും ബാലിശമാണ്. ഒരു ലഘുഭക്ഷണശൃംഖല നടത്തിക്കൊണ്ടുപോകാന്‍ അധ്വാനിക്കുന്ന തികച്ചും സ്വതന്ത്രരായ ആള്‍ക്കാരാണ് ഞങ്ങള്‍. പക്ഷേ ചിലര്‍ ഇതില്‍ രാഷ്ട്രീയം കലര്‍ത്താനും ഞങ്ങളെ വലിച്ച് താഴെയിടാനും ആഗ്രഹിക്കുന്നു’

അദ്ദേഹത്തിന്റെ വടക്കേ ലണ്ടനിലുള്ള രണ്ടു കഫെകളിലും സിഗ്നേച്ചര്‍ ഡിഷ് ആയി മൂന്നുതരം പൂര്‍ണ്ണ ഇംഗ്ലീഷ് പ്രാതല്‍ ഒരുക്കുന്നു – പരമ്പരാഗത സസ്യേതരവിഭാഗമായി വിന്‍സ്റ്റണ്‍, സസ്യാഹാരത്തിന്റെ തെരഞ്ഞെടുപ്പിന് ക്ലെമെന്റൈന്‍, ‘നമുക്കറിയാവുന്ന ഏക പൂര്‍ണ്ണ ഇംഗ്ലീഷ് സസ്യാഹാരപ്രാതല്‍’ എന്ന നിലയില്‍ ഗാന്ധി. ഇത്തരത്തിലുള്ള 52 കഫെകള്‍ തുടങ്ങണമെന്നാണ് ഇവാന്‍സ് ആഗ്രഹിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍