UPDATES

വിദേശം

25 തികഞ്ഞാല്‍ 10000 പൗണ്ട്; അസമത്വം ഇല്ലാതാക്കാന്‍ യു കെയില്‍ വെല്‍ത്ത് ഫണ്ടിന് നിര്‍ദേശം

ചെറുപ്പക്കാര്‍ക്ക് വിദ്യാഭ്യാസത്തിനോ അവരുടെ ഭാവി കരുപ്പിടിക്കാനുള്ള മൂലധനം ആയോ ഒരു വീടു സ്വന്തമാക്കാനോ ഒക്കെ ഇതുപകരിച്ചേക്കും

സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ 25നു മേല്‍ പ്രായമുള്ളവര്‍ക്കെല്ലാം 10000 പൌണ്ട് വീതം പാരമ്പര്യസ്വത്തായി നല്‍കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (ഐപിപിആര്‍) ബ്രിട്ടിഷ് ഗവണ്മെന്റിനു നിര്‍ദേശം സമര്‍പ്പിച്ചതായി ‘ദി ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇതിനായി പൗരന്മാര്‍ക്കു വേണ്ടി ഒരു വെല്‍ത്ത് ഫണ്ട് രൂപീകരിച്ചു പണം കണ്ടെത്താമെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വതന്ത്ര ചാരിറ്റി സംഘടനയായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് സാമ്പത്തികമടക്കം വിവിധ സാമൂഹിക മേഖലകളില്‍ പഠനം നടത്തുന്ന വിദഗ്ധരുടെ ആശയരൂപീകരണ സംഘം ആണ്.

നികുതി പരിഷ്കാരങ്ങളും റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലാന്‍ഡിലുള്ള ഓഹരികള്‍ അടക്കം ഗവണ്മെന്റിന്റെ ആസ്തികള്‍ വില്‍ക്കുന്നതും വഴി 2029-30 ആകുമ്പോഴേക്ക് 186 ബില്യണ്‍ പൗണ്ടിന്റെ ഒരു വെല്‍ത്ത് ഫണ്ട്‌ രൂപീകരിക്കാം എന്നാണ് നിര്‍ദേശം.
ഇതു വഴി രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയില്‍ എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പക്കാനാകും. ചെറുപ്പക്കാര്‍ക്ക് വിദ്യാഭ്യാസത്തിനോ അവരുടെ ഭാവി കരുപ്പിടിക്കാനുള്ള മൂലധനം ആയോ ഒരു വീടു സ്വന്തമാക്കാനോ ഒക്കെ ഇതുപകരിച്ചേക്കാമെന്നാണ് ഇക്കണോമിക് ജസ്റ്റീസ് എന്ന വിഷയത്തിലുള്ള ഐപിപിആര്‍ കമ്മിറ്റി കണക്കു കൂട്ടുന്നത്‌.

ഐപിപിആര്‍ നടത്തിയ പഠനം അനുസരിച്ച് രാജ്യത്തെ സമ്പത്തിന്‍റെ 44 % സമ്പന്നരായ 10 ശതമാനം പൌരന്മാര്‍ കയ്യടക്കുമ്പോള്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്ന വരുമാനം കുറഞ്ഞ വിഭാഗത്തിനു സമ്പത്തിന്‍റെ ഒന്‍പതു ശതമാനം മാത്രമേയുള്ളൂ.

ലോകത്ത് എഴുപതു രാജ്യങ്ങളില്‍ പൌരന്മാര്‍ക്ക് വേണ്ടി വെല്‍ത്ത് ഫണ്ടുകള്‍ നിലവിലുണ്ട്. നോര്‍വേ എണ്ണ വില്പനയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് 1990 ല്‍ രൂപം കൊടുത്ത വെല്‍ത്ത് ഫണ്ടിന്റെ ഇന്നത്തെ മൂല്യം 713 ബില്യണ്‍ ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍