UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

ദേശവിരുദ്ധരുടെ ഭരണപരിഷ്കാരങ്ങൾ അഥവാ സംഘ പരിവാറിന്റെ താലിബാനിസം

എന്തിനാണ് രാജ്യസ്നേഹം തെളിയിക്കാനെന്ന പേരിൽ കാലകാലങ്ങളിൽ രാജ്യ വിരുദ്ധ കാര്യങ്ങൾ ഭരണകർത്താക്കൾ ചെയ്യുന്നത്?

എന്താണു ദേശസ്നേഹം എന്ന കാര്യത്തിൽ ഭരണവർഗ്ഗത്തിനോ പ്രതിപക്ഷത്തിനോ പ്രത്യേകിച്ച് എന്തെങ്കിലും ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ എന്നറിയില്ല. ദേശസ്നേഹം എന്നത് ഐക്യപ്പെട്ട് നില്ക്കുന്ന ഒരു ജനതയുടെ ജീവന രീതിയാണെങ്കിൽ അതിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച ആൾക്കൂട്ടങ്ങളുടെ സംഘത്തെയാണ് ദൗർഭാഗ്യവശാൽ നമ്മൾ ഭരണപക്ഷ പാർട്ടി എന്നും പ്രതിപക്ഷ പാർട്ടി എന്നും വിളിക്കുന്നത്. കാലാകാലങ്ങളിൽ അധികാരത്തിലേറാൻ മതത്തെയും ജാതിയേയും സൗകര്യപൂർവ്വം ഉപയോഗിക്കുകയും അതുകൊണ്ട് വർഗ്ഗീയതയും വംശീയതയും കലാകാലങ്ങളായി വളർത്തി വലുതാക്കുന്നതിൽ സാരമായ പങ്കു വഹിക്കുകയും ചെയ്യാത്ത ഒരു പാർട്ടിയും ഇന്ത്യയിലില്ല. അഥവ അങ്ങനെ ഒരു പാർട്ടിയുണ്ടെങ്കിൽ അത് അധികാരമില്ലാത്ത ഏതെങ്കിലും പ്രാദേശിക പാർട്ടി മാത്രമാവും.

സഖാവ് മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഭരിക്കുന്ന പാർട്ടിയും അവരുടെ ആരാധകരും ചേർന്ന് താലിബാനിൽ നിലനില്ക്കുന്ന ഒരു ഭരണ രീതി ഇന്ത്യയിൽ കൊണ്ടുവരാൻ അതികഠിനമായി പരിശ്രമിക്കുന്നതിന്റെ വെളിച്ചത്തിലാണ് ഇത്രയും പറഞ്ഞത്. ഏത് സാധാരണക്കാരനും നമ്മളെ ഇവരെങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എന്തിനാണ് രാജ്യസ്നേഹം തെളിയിക്കാനെന്ന പേരിൽ കാലകാലങ്ങളിൽ രാജ്യ വിരുദ്ധ കാര്യങ്ങൾ ഭരണകർത്താക്കൾ ചെയ്യുന്നത്?

നിലവിൽ ഇന്ത്യയെന്ന രാജ്യത്ത് രണ്ട് തരം പൗരന്മാരെയാണ് ഭരണകൂടം വളർത്തിയെടുക്കുന്നത്. ഒന്ന് പണമുള്ളവരും മറ്റേത് ദരിദ്രരും. ദൗർഭാഗ്യവശാൽ പണമുള്ളവരുടെ കടങ്ങൾ എഴുതിത്തള്ളുകയും ദരിദ്രരുടെ കടങ്ങൾക്ക് പകരമായി അവർക്ക് ജയിലിലേക്കുള്ള വഴിതുറക്കുകയും ചെയ്യുവാൻ നമ്മുടെ ഭരണപരിഷ്കാരങ്ങൾക്ക് കഴിയുന്നുണ്ട്. സർഫാസി നിയമം വഴി കേരളത്തിൽ മാത്രം എത്ര പേരുടെ ഭൂമിയും വീടും അന്യായമായി ബാങ്കുകൾ കൊള്ളയടിച്ചു എന്നതിന്റെ കണക്കുകൾ പരിശോധിക്കുക. ഇതിന്റെ പതിനായിരം ഇരട്ടി തുക നല്കുവാനുള്ള ശ്രീമാൻ വിജയ് മല്ല്യ പുഷ്പം പോലെ തരുണീമണികളുടെ തോളത്ത് കൈയ്യുമിട്ട് കള്ളുകുപ്പിക്കുള്ള ഫോട്ടോ ഷൂട്ട് ചെയ്യുന്നതിന് മുടക്കമൊട്ടും വരുത്താതിരിക്കാൻ രാജ്യത്തെ ബാങ്കുകൾ പരിശ്രമിക്കുന്നുമുണ്ട്.

 

ഇതൊരു ലളിതമായ ഉദാഹരണം മാത്രമാണ്. നമ്മുടെ രാജ്യത്തെ പണക്കാരോടും പാവങ്ങളോടും സര്‍ക്കാരുകള്‍ എങ്ങനെയാണ് പെരുമാറിയതെന്നറിയാന്‍ സ്വാതന്ത്ര്യാനന്തരം ഇന്നേവരെയുള്ള ചരിത്രം പരിശോധിച്ചാൽ മതി. തരാതരം പോലെ പണമുള്ളവനു ഉള്ള പണം ഇരട്ടിപ്പിക്കാനുള്ള വഴിയുണ്ടാക്കി കൊടുക്കുന്നതിനോടൊപ്പം ദരിദ്രരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതിന് ഒരുളുപ്പും നാണക്കേടും ഇല്ലാതെ എല്ലാ ഭരണകൂടങ്ങളും അതൊരാചാരമായ് പിന്തുടർന്നു പോരുകയായിരുന്നു. ഈ സവിശേഷ സാഹചര്യത്തിൽ വേണം രോഹിത് വെമുലയുടെ ആത്മഹത്യയുടെ ചോരക്കറ സ്വന്തം ദേഹത്ത് നിന്ന് കഴുകി കളയാൻ ഉദ്യോഗസ്ഥ ഭരണവർഗ്ഗ അശ്ലീല മേധാവികളുടെ ഞങ്ങളല്ല അവർ അവർ മാത്രം, ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല എന്ന തരത്തിൽ പ്രതിരോധിക്കുന്നതിനെ വിലയിരുത്താൻ.

ഈ രാജ്യത്തിന്റെ വളർച്ചയിൽ ദളിതനും പിന്നോക്കക്കാരനും ഉള്ള പങ്കിന്റെ പത്തിലൊന്ന് ഇവിടുത്തെ സവർണ്ണ/ധനിക സമൂഹത്തിനു നിർവഹിക്കാൻ സാധിച്ചിട്ടില്ല. ഈ രാജ്യത്തെ നിരന്തരം കൊള്ളയടിച്ചതിനും ദുർബ്ബലമാക്കുന്നതിനും മുന്നിൽ നിന്ന് പോരാടുന്നത് ഇവിടുത്തെ സവർണ്ണ/ധനിക സമൂഹമാണെന്നത് പരസ്യമായ സത്യമാണ്.

ജെ എൻ യുവിൽ നടക്കുന്ന ചെറുത്തു നില്പുകൾ രാജ്യത്ത് രണ്ട് ചിന്താഗതിയുള്ള പൗരന്മാരുണ്ട് എന്നതിന്റെ സൂചകം മാത്രമാണ്. എന്ത് അനീതി കണ്ടാലും അതിനെതിരെ മിണ്ടാതിരിക്കുന്നവരും അനീതിക്കെതിരെ ശബ്ദിക്കുന്നവരും. അനീതിക്കെതിരെ ശബ്ദിച്ചവരെ വ്യാജപ്രമാണങ്ങളുടെ പിന്തുണയിൽ ജയിലിലടച്ചത് ഒരു മഹത്തരമായ കൃത്യമായിട്ടാണ് അഭിഭാഷകരടങ്ങുന്ന ഭരണപക്ഷാനുയായികൾ കാണുന്നത്. ചെയ്തത് തെറ്റാണെങ്കിലും അത് സമ്മതിക്കാതെ വീണ്ടും വീണ്ടും അപഹാസ്യരാവുകയാണ് അവര്‍. ഇതൊക്കെ എല്ലാ കാലത്തും ഭരണകൂടങ്ങൾ ചെയ്തുവരുന്നതാണ്. അതിൽ നിന്നും നിലവിലെ ഭരണകൂടത്തില്‍ നിന്നും എന്തെങ്കിലും വ്യത്യാസം പ്രതീക്ഷിക്കുന്നില്ലെന്ന് മാത്രമല്ല ഹിന്ദുക്കളെയും മുസ്ളീമുകളെയും പരസ്പരശത്രുവാക്കുവാൻ മെനക്കെടുന്ന ഭരണപക്ഷമായതുകൊണ്ട് നിലവിലെ കാര്യങ്ങളിൽ നമുക്ക് അത്ഭുതത്തിന് വകയില്ല. വരാനിരിക്കുന്ന കൂട്ടമരണങ്ങൾക്കുള്ള ആയുധമൊരുക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് കാലം കൊണ്ട് മനസ്സിലാകും. എരിതീയിൽ എണ്ണയൊഴിക്കാൻ കോൺഗ്രസ്സും മറ്റുപാർട്ടികളും ഒട്ടും മടിച്ചും നില്ക്കില്ല എന്നതും അധികാര രാഷ്ട്രീയത്തിൽ നമ്മൾ ഇത്രനാളും കണ്ടതുമാണ്.

 

രാജ്യം നിലനില്ക്കാൻ വേണ്ട ഏറ്റവും ചെറിയ കാര്യം അവനവൻ ജീവിക്കുന്ന സ്ഥലത്ത്, ജനിച്ച് വീണമണ്ണിൽ സ്വതന്ത്രവും നിർഭയവുമായ് ജീവിക്കാനുള്ള അവകാശമാണ്. നേരിൽ കണ്ട കാര്യം വെച്ച് അനുമാനിച്ചാൽ ജമ്മുകാശ്മീരിലും മണിപ്പൂരിലും ഒക്കെ പ്രാദേശിക ജനത സ്വതന്ത്രവും നിർഭയവുമായി ജീവിക്കുന്നു എന്നു പറഞ്ഞാൽ അതിൽ അല്പം നുണയുണ്ട് എന്ന് തന്നെയാണ് അർത്ഥം. അപ്പോൾ അവിടെ നിന്നും അടിച്ചിറക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെ വേദനകളെ കാണുന്നില്ലേ എന്നു ജമ്മുകാശ്മീരിന്റെ കാര്യത്തിൽ ചോദിച്ചാലും നോര്‍ത്ത് ഈസ്റ്റിൽ എന്ത് അടിസ്ഥാനത്തിലാണ് ജനങ്ങൾ ഭീതിദരായ് ജീവിക്കേണ്ടി വരുന്നതും ഇന്ത്യയെന്ന വികാരം അവരിൽ കുറഞ്ഞുവരുന്നതും എന്നതും കൂടി ചിന്തിക്കണം. അതിനുള്ള കാരണം അവർക്ക് ഇത് അവരുടെ രാജ്യമാണെന്ന് തോന്നുന്ന തരത്തിൽ സ്വാതന്ത്ര്യവും നിർഭയതയും കൈവരാത്തത് കൊണ്ടാവും എന്നെ പറയാനാവൂ.

ഇത്രയും എഴുതിയ ശേഷം ഈ രാജ്യം ആരോടെങ്കിലും അനീതി കാണിച്ചിട്ടുണ്ടോ, ഭീകരവാദം ഉണ്ടാവാൻ ഭരണകൂടം എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഒരു തെറ്റും ചെയ്യാതെ സ്വന്തം വീട്ടിലേക്ക് ഫോൺ ചെയ്തതിന് കാശ്മീരിയും മുസ്ളീമും ആയിപ്പോയതിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗീലാനിയെന്ന പ്രഫസറോട് ചോദിച്ചാൽ മതി. പിന്നീട് വെറുതെ വിട്ടെങ്കിലും ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യനെ രാജ്യത്തെ നിയമ പാലകരും മാദ്ധ്യമങ്ങളും ഒക്കെ ചേർന്ന് വധശിക്ഷയ്ക്ക് വിധിച്ചു. കുറെ നാൾ ജയിലിലടച്ചു. അദ്ദേഹത്തെ വെറുതെവിടാൻ കാരണക്കാരനായത് നിരപരാധിയെ വെറുതെവിടണം എന്നുള്ള  രാജ്യസ്നേഹികളുടെ ആവിശ്യം കൊണ്ടൊന്നുമായിരുന്നില്ല. പകരം പാർലമെന്റാക്രമണക്കേസിൽ ഒരു പങ്കുമില്ലാത്ത ഒരാളായിരുന്നു ഗീലാനി എന്നു അഫ്സൽ ഗുരു വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രമാണ്. അപ്പോൾ പോലും പത്രക്കാരോട് പോലീസ് മേധാവി അഭ്യർത്ഥിച്ചത് അയാൾ പറഞ്ഞ ഈ കാര്യം എഴുതരുതെന്നായിരുന്നു. കാരണം അവർക്ക് ശിക്ഷിക്കനായി കിട്ടിയ ഒരിര നഷ്ടപ്പെടുന്നു. പ്രമോഷനുള്ള വഴി ഒഴിവാകുന്നു അത്രമാത്രം.

അഫ്സൽ ഗുരുവിന്റെ തൂക്കികൊലപാതകത്തിനെ കാശ്മീരികൾ പൂർണ്ണമായും അംഗീകരിച്ചിട്ടില്ല. പിഡിപി എന്ന പാർട്ടി നിരന്തരം അത് വിളിച്ചു പറയുന്നുണ്ട്. നിലവിലെ രാജ്യഭരണകർത്താക്കളുടെ പാർട്ടിയുമായ് ചേർന്ന് ഭരിക്കുന്ന പിഡിപി പറഞ്ഞതിൽ അധികം ഒന്നും ഗീലാനി പറഞ്ഞിട്ടില്ല. എന്നിട്ടും രാജ്യവിരുദ്ധ കുറ്റത്തിനു അദ്ദേഹത്തെ അറസ്റ്റു ചെയ്തിരിക്കുന്നു. അതുപോലെ തന്നെ മോദി രാജിവെയ്ക്കണം എന്നു പറഞ്ഞ് മരണം വരെ സമരമിരിക്കുമെന്ന് പറഞ്ഞ സ്മൃതി ഇറാനി ചെയ്തതിലും കൂടുതലൊന്നും മോദി വിരുദ്ധരെന്ന് പറയുന്നവർ ഭരണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടുമ്പോൾ ചെയ്തിട്ടില്ല. എന്നിട്ടും ദേശവിരുദ്ധ പ്രവൃത്തിയായി കണ്ട് പ്രതിപക്ഷത്തിലെ ചിലർക്കെതിരെ കേസ് വരുമ്പോൾ നമുക്ക് ഉറപ്പിക്കാം ഈ രാജ്യം ഭരണകർത്താക്കളുടെ പിടിപ്പുകേടുകൊണ്ട് മാത്രം ദുർബലമായിക്കൊണ്ടിരിക്കുന്നു. പണ്ടെങ്ങുമില്ലാത്ത വിധം  ദേശസ്നേഹികളെയും ദേശവിരുദ്ധരെയും സൃഷ്ടിക്കുമ്പോൾ താലിബാനിൽ ഹിന്ദുസ്ത്രീകൾക്കായ് മഞ്ഞ നിറത്തിലുള്ള പർദ്ദപോലൊന്ന് ഇന്ത്യയിലും തുന്നിക്കാൻ ആരൊക്കയോ വെമ്പുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍