UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവരുടെ ഭാരതവും നമ്മുടെ ഇന്ത്യയും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു

Avatar

വി കെ അജിത്‌ കുമാര്‍

‘വംശത്തിന്റെയും സംസ്കാരത്തിന്റെയും വിശുദ്ധി കാത്തുരക്ഷിക്കാൻ ജർമ്മനി അവിടുത്തെ സെമിറ്റിക്‌ വംശജരെ (ജൂതൻമാരെ) ഉൻമൂലനം ചെയ്തുകൊണ്ട്‌ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. വംശാഭിമാനത്തിന്റെ ഉന്നതമായ മാതൃക അവിടെ പ്രകടമാക്കപ്പെട്ടിരിക്കുന്നു. ഹിന്ദുസ്ഥാനിൽ നമുക്ക്‌ പഠിക്കാനും നേട്ടമുണ്ടാക്കാനും പറ്റിയ നല്ല ഒരു പാഠമാണിത്‌’- (Madhav Sadashiv Golwalkar  We, or Our Nation defined (1938))

കനയ്യ ഇപ്പോഴും രാജ്യദ്രോഹിതന്നെ. അയാളിപ്പോള്‍ അസഹിഷ്ണുതയുടെ പുതിയ ചിത്രമായി മാറുന്നു. പന്സാരയ്ക്കും ധബോല്‍ക്കറിനും കല്ബുര്‍ഗ്ഗിക്കും അഖ്ലാഖിനും രോഹിത് വെമുലയ്ക്കും ശേഷം ഇന്ത്യയെന്ന് നമ്മുടെ നാടിനെ വിളിക്കുന്നവര്‍ പതിക്കുന്ന പോസ്റ്ററുകളില്‍ കനയ്യയുടെ പടമാണ്. ഡല്‍ഹി ജെ എന്‍ യു വില്‍ നിന്നും ഏതാണ്ട് ആയിരത്തിലധികം കിലോമിറ്ററുകള്‍ക്കപ്പുറത്തുനിന്നും വരുന്ന കനയ്യ എം ഫില്‍ ചെയ്യുകയും ആഫ്രിക്കന്‍ സംസ്കാരവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുകയും ചെയ്ത് മിടുക്ക് തെളിയിക്കുമ്പോള്‍ അയാളില്‍ കുറച്ചു രാജ്യസ്നേഹത്തിന്‍റെ അപര്യാപ്തതയുണ്ടെന്നും അത് മനസിലാക്കികൊടുക്കുവാന്‍ ജെ എന്‍ യു എന്ന വലിയ ക്യാമ്പസും അവിടത്തെ ‘വിദ്യാഭ്യാസമില്ലാത്ത’ പ്രൊഫസര്‍മാരും  പോരെന്നും മനസിലാക്കുകയും ചെയ്ത ‘വലിയ’ രാജ്യസ്നേഹികള്‍ അയാള്‍ക്ക് ക്ലാസെടുത്തുകൊണ്ടിരിക്കുന്നു. അധ്യാപന പ്രക്രിയയില്‍ നിന്നും എന്നേ അപ്രത്യക്ഷമായ ദണ്ഡനമുറകളിലൂടെയാണ് ഇവര്‍ അയാളെ പഠിപ്പിക്കുന്നത്. 

ആഭാസന്‍മാരുടെ താവളമാണ് ജെഎന്‍ യു എന്നുകാണിക്കാന്‍ ചിലര്‍ ഗര്‍ഭനിരോധന ഉറകളും  മയക്കുമരുന്ന് പാക്കറ്റുകളും എണ്ണി തിട്ടപ്പെടുത്തുമ്പോള്‍, എത്ര ലൈബ്രറി പുസ്തകങ്ങള്‍ ഉണ്ടെന്നും നാടിനു പ്രയോജനപ്രദമായ എത്ര ഗവേഷണ പ്രബന്ധങ്ങള്‍ അവിടെയുണ്ടെന്നും എത്ര പഠനവകുപ്പുകള്‍ ഉണ്ടെന്നും ചോദിച്ചാല്‍ ഉത്തരം മുട്ടുന്നിടത്തുനിന്നാണ് ദേശിയതയുടെ പുതു വ്യാഖ്യാനങ്ങള്‍ ഉണരുന്നത്. അതേസമയം നോം ചോംസ്കിയും ഒര്‍ഹാന്‍ പാമുക്കും ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇന്ത്യയുടെ വര്‍ത്തമാന അവസ്ഥയില്‍ ആകുലത പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ലോക മാധ്യമങ്ങള്‍ പലതും വളരെ ശക്തമായ ഭാഷയില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ അടിച്ചമര്‍ത്തല്‍ രാഷ്ട്രീയത്തെ അപലപിക്കുന്നു. ഇന്ത്യന്‍ കാമ്പസുകളില്‍ തീപിടിക്കപ്പെടുന്ന വര്‍ഷമായി ന്യുയോര്‍ക്ക് ടൈംസ്‌ ജെ എന്‍ യു കാമ്പസിലെ സമരത്തെ വ്യാഖ്യാനിക്കുന്നു. വിദ്യാര്‍ഥികള്‍ ജാതി രാഷ്ട്രിയത്തെപ്പറ്റി സംസാരിക്കുന്നു. അംബേദ്‌കറും മാര്‍ക്സിസവും വിണ്ടും കാമ്പസുകളില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. പഠിക്കുക, സംഘടിക്കുക, പോരാടുക എന്ന അംബേദ്‌കര്‍ ചിന്ത വളരെ ശക്തമാകുന്നു. ഒരു പുതു തലമുറ വളരെ താഴ്ന്ന ജിവിത നിലവാരത്തില്‍ നിന്നും ജെ എന്‍ യുപോലുള്ള കാമ്പസുകളില്‍ എത്തിച്ചേരുന്നു. ഹൈദരാബാദിലെ  രോഹിതും ദല്‍ഹിയിലെ കനയ്യയും പ്രതിനിധാനം ചെയ്യുന്ന ഈ സമൂഹ ശ്രേണി രാജ്യത്തെ ദരിദ്ര ജിവിതം നയിക്കുന്നവരുടേതായതിനാല്‍, ഇന്ത്യന്‍ ഹൈന്ദവ ഭീകരതയെ നേരിട്ടെതിര്‍ക്കുന്നത് അവരുടെ ജിവിതത്തിന്‍റെ ബാലപാഠങ്ങളില്‍ നിന്നുമായതിനാല്‍, ഇത്തരത്തിലുള്ള ഉണര്‍വുകളെ ആരാണ് അടിച്ചമര്‍ത്തുന്നതെന്ന് വ്യക്തമല്ലേ?

അതിതീവ്ര ദേശീയത വിഘടനവാദം പോലെ അപകടകരമാണ്. ഫാസിസം ഇത്തരം ദേശീയതയുടെ പുനരവതാരത്തിന് കാരണമാകുന്നുവെന്ന് ചരിത്രഗവേഷകനായ റോജര്‍ ഗ്രിഫിന്‍ വിശദീകരിക്കുന്നു. ഇവിടെനിന്നും ആധികാരിക ദേശിയതയുടെ വക്താക്കള്‍ ഉണ്ടാക്കപ്പെടുന്നു. ഭാരതം എന്ന് നമ്മുടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നവരാരോ അവര്‍ ആധികാരിക രാജ്യസ്നേഹികളായി സ്വയം ചമയുകയും ഇന്ത്യയെന്ന് വിളിക്കുന്നവര്‍ രാജ്യദ്രോഹികളായി കണക്കാക്കപ്പെടുകയും ചെയ്യുന്നതലത്തില്‍ പോലും അതെത്തിച്ചേരുന്നു. കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസും അങ്ങനെ രാജ്യസ്നേഹമില്ലാത്തവരായി എഴുതിച്ചേര്‍ക്കപ്പെടുന്നു. ഓര്‍ഗനൈസര്‍ എന്ന കാവി നിറത്തിലുള്ള പത്രം നല്‍കുന്ന ബൈലൈന്‍ വായിക്കപ്പെടുമ്പോള്‍ ഈ വാദഗതി വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. എങ്ങനെ രാജ്യത്തെ സ്നേഹിക്കണം എന്ത് വികാരം രാജ്യത്തിനു വേണ്ടി പുറപ്പെടുവിക്കണം എന്നെല്ലാം ഇവര്‍ പഠിപ്പിക്കുന്നു. മൂത്രം പോകുന്നതു വരെ കനയ്യ കുമാറിനെ മര്‍ദ്ദിച്ചുവെന്നും ഒടുവില്‍ ഭാരത് മാതാവിന് ജയ് വിളിപ്പിച്ചുവെന്നും ഭരണകുടത്തിന്‍റെ പിന്‍ബലത്തില്‍ ചിലര്‍ വിളിച്ചു കൂവുമ്പോള്‍ authoritarian  nationalism  മാത്രമാണ് വ്യാഖ്യാനമായുള്ളത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടത്തിന്‍റെ പിന്‍ബലത്തില്‍ നിന്നും ആരംഭിക്കുമ്പോള്‍ അതിഭീകരവും തീവ്രവുമായിത്തീരുന്നു. അതുകൊണ്ടാണ് പറഞ്ഞു പഴകിയതെങ്കിലും അര്‍ത്ഥച്യുതി വരാത്ത ഫാസിസം എന്ന വാക്കുകൊണ്ട് ഇതിനെ വിളിക്കുന്നത്‌. മതം എന്ന വികാരം ഇതിന് പിന്തുണയേകുന്ന ഏറ്റവും വലിയ ഘടകമായി മാറുന്നു. മതവികാരത്തിലൂടെ ദേശിയതയെ  നിര്‍ണ്ണയിക്കപ്പെടുന്നതില്‍പ്പരം അപകടകരമായ ഒരവസ്ഥ ഒരു ജനാധിപത്യ സമ്പ്രദായത്തിലില്ല. മതത്തിന്‍റെഅതിതീവ്രഭാവം കൈയ്യേറിയ ഭരണാധികാരികള്‍, അധികാരം വച്ചൊഴിഞ്ഞവര്‍, ആത്മഹത്യ ചെയ്തവര്‍, നാടുകടത്തപ്പെട്ടവര്‍ എന്നിങ്ങനെ പലരും  മതത്തിന്‍റെ അതിതീവ്രഭാവത്തിലുടെ ദേശീയത പഠിപ്പിച്ചവരുടെ ഇടയില്‍ അധികാരികളായുണ്ടായിരുന്നു.

ഇപ്പോള്‍ ഇവിടെ കേന്ദ്ര സര്‍ക്കാര്‍ അവരുടെ അപ്രഖ്യാപിത  അജണ്ട നടപ്പാക്കാന്‍ ഒരു വിഭാഗം ബുദ്ധിജീവികളെ നിരന്തരം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ചില സുപ്രധാന സ്ഥാനങ്ങളില്‍ ഇവരെ വിന്യസിക്കുവാന്‍ അവര്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. സര്‍വകലാശാലകളില്‍, സാംസ്‌കാരിക പഠന കേന്ദ്രങ്ങളില്‍, മറ്റിതര സമാന സ്വഭാവമുള്ള വകുപ്പുകളില്‍ ഇത്തരം നിയമനങ്ങള്‍ക്കായി ഈ ആധികാരിക ദേശീയതയുടെ വക്താക്കള്‍ ശ്രമിക്കുന്നു.

വളരെ വ്യക്തമായി പറഞ്ഞാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഈ മോശപ്പെട്ട പ്രവണത നടന്നുവരുന്നുണ്ട്. പ്രഥമ പൌരനായി പ്രത്യക്ഷ രാഷ്ട്രീയമുള്ള വ്യക്തികളെ പ്രതിഷ്ഠിക്കുന്നു. സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍മാരായി രാഷ്ട്രീയ നേതാക്കളെ വിന്യസിക്കുന്നു. സര്‍വകലാശാലകളില്‍, സാംസ്‌കാരിക വകുപ്പുകളില്‍ എല്ലാം ഇത് തുടര്‍ന്നു വരുന്നു. ഭൂരിപക്ഷ കക്ഷിയുടെ രാഷ്ട്രീയം വഹിക്കുന്നവര്‍ക്കായി സംവരണം ചെയ്യപ്പെടുന്ന സ്ഥാനങ്ങളായി ഇവ മാറുന്നു. മാനേജുമെന്‍റിനു വേണ്ടി സംസാരിക്കുന്ന- ചിന്തിക്കുന്ന- പ്രവര്‍ത്തിക്കുന്ന ആളുകളെ പ്രിന്‍സിപ്പല്‍മാരായി അവരോധിക്കുന്ന ഒരു അണ്‍ എയ്ഡഡ് സ്കുള്‍ മാനേജുമെന്‍റിന്‍റെ തലത്തിലേക്ക് ഒരു ജനകിയ ഭരണസമ്പ്രദായം അധഃപതിക്കുന്നു. 

സ്വതന്ത്ര ചിന്തയും പ്രവര്‍ത്തനവും ഉയരേണ്ട ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇത്തരം ആളുകളെ കുത്തിത്തിരുകുന്നത് മുന്‍ സര്‍ക്കാരുകളും നടത്തിയിട്ടുണ്ട്. പിന്നെയെന്തുകൊണ്ട് മോദി സര്‍ക്കാരിനോട് ഈ അസഹിഷ്ണുത കാണിക്കുന്നു? ഈ ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ഈ സര്‍ക്കാര്‍ അതിന്‍റെ സെക്കുലര്‍ ഭാവം നഷ്ടമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് ചിന്തിക്കുന്ന ഏതു മനുഷ്യനും വ്യക്തമാകും എന്ന ഉത്തരം. അതിലൂടെ ദേശീയതയുടെ പുതിയ വ്യാഖ്യാനങ്ങളും ഭാവങ്ങളും കണ്ടെത്തുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് ഇവിടെ ഒരു പൊതു ശീലമായി ഈ ഭരണത്തെ പിന്താങ്ങുന്ന പലരും നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനം തന്നെയാണ് ഇത്. ആധികാരിക ദേശീയത വക്താക്കളുടെ പൊതു സ്വഭാവം ഇത് തന്നെയാണ്. നിലവിലുള്ള കാഴ്ചപ്പാടുകളില്‍ അവര്‍ സംതൃപ്തരാകില്ല. പുതിയ നിയമങ്ങളും കാഴ്ചപ്പാടുകളും അവര്‍. തന്നെ രൂപപ്പെടുത്തും. അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പ്പിക്കും.

ഒരു യുദ്ധവിജയം, ക്രിക്കറ്റിലുള്ള വിജയം- അതും പാക്കിസ്ഥാന്‍ എന്ന രാജ്യത്തോട്- ഒരു സൈനികന്‍റെ ചെറുത്തുനില്പ്പിലൂടെയുള്ള മരണം; എവിടെയാണ് ദേശിയ വികാരമെന്ന് ആരും ആരെയും പറഞ്ഞ് പഠിപ്പിക്കേണ്ട. നമ്മുടെ കുടെയുള്ള സഹജീവികളെ സ്നേഹിക്കുകയും പരിഗണിക്കുകയും അവര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ അനുവാദം നല്‍കുകയും ചെയ്യുക എന്നതും ഇന്ത്യന്‍ ദേശിയതയുടെ ഭാഗം തന്നെയാണ്. ഇതെല്ലാം ഇവിടെ ജീവിക്കുന്ന ഏതൊരു മനുഷ്യനുമറിയാം. ഇന്ത്യ മരിക്കുന്നില്ല, മരിച്ചു വിഴുന്നത്  നമ്മുടെ രാജ്യത്തെ ഇന്ത്യയെന്ന് അഭിസംബോധന ചെയ്യുന്നവരാണ്. രാമനെ ‘റാം’ എന്ന് വിളിച്ചവരാണ്.  ഭാരത വക്താക്കള്‍ അവരെ കൊന്നു വിഴ്ത്തുന്നു. 

പുരോഗമന രാഷ്ട്രീയത്തെയും പുരോഗമന ചിന്തയേയും കുറ്റിയില്‍ കെട്ടിയിട്ട് മേയാന്‍ വിടുന്ന ഗോക്കളുടെ തലത്തിലൂടെ വിലയിരുത്തരുത്‌. യുവാക്കള്‍ സ്വതന്ത്രരായി ചിന്തിക്കട്ടെ. പുതിയ രാഷ്ട്രിയചിന്തകളും ചര്‍ച്ചകളും ഉണ്ടാകട്ടെ. അതിനുള്ള ഇടങ്ങളായി സര്‍വകലാശാലകള്‍ മാറണം. എങ്കില്‍ മാത്രമേ പുതിയ ആശയലോകം കെട്ടിപ്പടുക്കുവാന്‍ സാധിക്കൂ.

അല്ലയോ പ്രധനമന്ത്രി, അങ്ങയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഒരു പുതിയ ഇന്ത്യ അങ്ങയില്‍ നിന്നും പ്രതീക്ഷിക്കുന്നു. അത് വളരെ സെക്കുലര്‍ കാഴ്ചപ്പാടില്‍ ഉള്ളതാകണം. ടെക്നോളജിയിലൂടെ യുവത്വത്തെ കുരുക്കുന്ന കിങ്കരന്മാരാല്‍ നയിക്ക പ്പെടുന്ന സ്റ്റാര്‍ട്ട്‌ അപ്പ്‌കള്‍ ഇല്ലാത്ത, ഇഷ്ടഭക്ഷണം വിളമ്പാനും കഴിക്കാനും, സ്വതന്ത്രമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനും ചിന്തിക്കാനും കഴിയുന്ന യുവാക്കളെ വളര്‍ത്തുന്ന ഒരു രാജ്യം. അതിനായി ഇനിയും കാത്തിരിക്കുന്നു. അങ്ങയ്ക്ക് നല്‍കിയ മാന്‍ഡേറ്റ് ഇപ്പോഴും നിലനില്‍ക്കുന്നു. ഇനി അവശേഷിക്കുന്ന കാലത്ത്  അഹന്തയും വിദ്വേഷവും വളര്‍ത്തുന്ന ഗൂഢ സംഘത്തില്‍ നിന്നും അങ്ങ് പുറത്തുവരണം, എത്രയും വേഗത്തില്‍.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍