UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഘികള്‍ക്ക് മാതൃക ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റും ചൈനയും പിന്നെ പാക്കിസ്ഥാനും

Avatar

പി സി ജിബിന്‍

ചോദ്യങ്ങൾക്ക് ഉത്തരമോ, എന്തിന് മറുചോദ്യമോ ലഭിക്കാത്ത നിലയിലേക്ക് നമ്മുടെ രാജ്യത്തെ സ്ഥിതി മാറിയിരിക്കുന്നു. ലഭ്യമാകുന്നത് ചില പ്രസ്താവനകൾ മാത്രമാണ്. അത് അനുസരിച്ചാൽ നല്ല കുട്ടിയാവാം. മറിച്ചായാൽ ദേശദ്രോഹിയാവും. സംഘപരിവാർ അഭിഭാഷകരുടെ പ്രകടനം റിപ്പോർട്ട് ചെയ്യാൻ പോയ എ ബി പി ന്യൂസ് വനിതാ അവതാരികയോട്, അവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ‘ഹിന്ദുസ്ഥാൻ സിന്ദാബാദ്’ വിളിക്കാനാണ് നേതാക്കൾ ആവശ്യപ്പെട്ടത്. തങ്ങളെ ന്യായീകരിക്കാനായി കള്ളവും കപട ചരിത്രനിർമിതിയും നടത്തി പ്രചരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ – സാംസ്കാരിക മണ്ഡലങ്ങളെ മലീമസമാക്കുന്നുമുണ്ട് സംഘപരിവാർ ശക്തികൾ.

ദേശസ്നേഹത്തിന്റെ നിർമാണവും മൊത്ത കച്ചവടവും ഏറ്റെടുത്ത സംഘപരിവാർ തങ്ങളുടെ പല ചെയ്തികൾക്കും മാതൃകകൾ കണ്ടെത്തുന്നത് ഐ എസിൽ നിന്നും പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും കൊറിയയിൽ നിന്നും ഒക്കെയാണ്. വൈദേശീയമായത് എന്താണെങ്കിലും എതിർക്കും എന്നൊക്കെ അലറിവിളിക്കുന്ന സംഘപരിവാർ ദേശീയതയ്ക്കും സഹിഷ്ണുതയ്ക്കും അതിർത്തികൾക്കപ്പുറത്ത് മാതൃകകൾ കണ്ടെത്തി ആശ്വാസം കൊള്ളുകയാണ്. അക്രമണോൽസുക ദേശീയത അതിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു. ‘പട്ടാള ഫാൻസ്’ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ ദേശവിരുദ്ധം ആയിരിക്കുന്നു.

ക്രിക്കറ്റ് താരം കോഹ്ലിയുടെ ഒരു ആരാധകൻ പാകിസ്ഥാനിൽ ഇന്ത്യൻ പതാക ഉയർത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെടുകയും ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ ആവുകയും ചെയ്തു. അയാളുടെ ചിത്രം ഉപയോഗിച്ച് സംഘപരിവാർ നവമാധ്യമങ്ങളിൽ നല്ല പ്രചാരണമാണ് നടത്തുന്നത്. ‘കണ്ടോ ഇതിനെതിരെ ആരും അവിടെ അവാർഡ് തിരിച്ചു നൽകിയില്ല’, ഇന്ത്യയിൽ ഒരുത്തൻ പാക്കിസ്ഥാൻ ഫ്ലാഗ് ഉയർത്തി ജയിലിൽ ആയിരുന്നെങ്കിൽ യൂണിവേർസിറ്റിയിൽ ബഹളം ഉണ്ടായേനേ – കണ്ടോ പാകിസ്ഥാനിൽ ഒരു പ്രശ്നവും ഇല്ല’ എന്നൊക്കെയാണ് വാചകങ്ങൾ. പാക് വിരുദ്ധതയോടൊപ്പം ചൈന വിരുദ്ധതയും തലയ്ക്കു പിടിച്ച സംഘപരിവാറിന് പക്ഷെ ഇപ്പോൾ നല്ല ചൈന സ്നേഹമാണ്. ചൈനയിൽ ദേശവിരുദ്ധരേയും ഭീകരരെയും വിചാരണയില്ലാതെ കൊല്ലുകയാണ് പതിവെന്ന് പലവട്ടം ആവര്‍ത്തിക്കുന്നു. ചില തീവ്ര സംഘി ഭക്തർ ‘ഐസിസ് മോഡലിൽ’ ഇവിടുത്തെ ‘വിമതരെ’ കൈകാര്യം ചെയ്യണം എന്നൊക്കെയാണ് പറയുന്നത്.

ഇന്ത്യൻ ദേശീയത എന്നത് പാക്കിസ്ഥാനും ചൈനക്കും ഐസിസിനും തുല്യമാകണം എന്നാണോ പറഞ്ഞു വരുന്നത്? അതോ അയൽക്കാരൻ തുണിയുരിഞ്ഞു കാണിച്ചതുകൊണ്ട് നമ്മൾ അങ്ങോട്ട് തുണിപൊക്കി കാണിക്കണം എന്നോ? പലവട്ടം പട്ടാളഭരണത്തിന് വിധേയമാവുകയും മതമൌലിക വാദികളാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ഒരു ‘ജനാധിപത്യരാജ്യത്തെ’ – അതായത് പാകിസ്ഥാനിലെ ദേശീയവാദം ആണോ നമ്മൾ പിന്തുടരേണ്ടത്? ചൈനയിലെ എകാധിപത്യ സ്വഭാവങ്ങൾ ഉള്ള ഒരു ഭരണകൂടം ആണോ ഇവിടെ നിർമിക്കപ്പെടെണ്ടത്? ഐസിസിന്റെ മാനവ മൂല്യങ്ങൾ ആണോ നാം പിന്തുടരേണ്ടത്?

ചോദ്യങ്ങൾക്ക് ഉത്തരം തരിക എന്നത് ഫാസിസത്തിൽ പറഞ്ഞിട്ടില്ലാത്ത ഒരു സംഗതി ആയതുകൊണ്ടുതന്നെ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നില്ല. സംഘ പരിവാർ ഇടയ്ക്കിടെ പറയുന്ന ‘ഭാരതീയ തത്വങ്ങളിൽ’ ചികഞ്ഞാൽ ‘ലോകാ – സമസ്താ – സുഖിനോ – ഭവന്തു:’ എന്ന ഒരു വാചകം കാണാം. എന്നാൽ സംഘപരിവാർ അത് ഉപയോഗിക്കാറേയില്ല. ‘ജനനീ ജന്മ ഭൂമിശ്ച്ച സ്വർഗാദപി ഗരീയസി’ എന്ന കവിവാക്യം ആണ് അവർക്ക് പഥ്യം. പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം എന്നാണ് ഇതിന്റെ അർഥം. ‘മാതൃഭൂമി’ സങ്കല്പ്പത്ത്തിന്റെ അടിവേരും ഇതിൽ തന്നെ. മറ്റൊരുത്തന്റെ അമ്മക്ക് തെറി പറഞ്ഞുകൊണ്ട് സ്വന്തം മാതാവിന്റെ മഹത്വം വർധിപ്പിക്കുക – മറ്റൊരു നാടിനെ തെറി പറഞ്ഞും, അവരുടെ പതാക കത്തിച്ചും സ്വന്തം ദേശത്തോടുള്ള കൂറ് കാണിക്കുക എന്നീ രീതികൾ നിർമിക്കപ്പെട്ടതും ഇതിൽ നിന്നുതന്നെ ആവണം.

അക്രമണോൽസുക ദേശീയതയുടെ ഭാഗം തന്നെയാണ് സംഘപരിവാറിന്റെ പട്ടാള ആരാധന. ‘രാജ്യത്തിന്റെ ഭരണം 24 മണിക്കൂർ പട്ടാളത്തെ ഏൽപ്പിച്ച് രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലിക്കണം’ എന്നൊക്കെയുള്ള തരത്തിലേക്ക് പട്ടാള ആരാധന വളർന്നു. പട്ടാള രക്തസാക്ഷികളുടെ വീരേതിഹാസങ്ങൾ വാഴ്ത്തുമ്പോഴും ഹേമന്ദ് കാർക്കരെയെപ്പോലുള്ളവരുടെ പേരുകൾ വിട്ടുകളയുന്നു. ജനാധിപത്യ ഭരണം നടക്കുന്ന ഒരു ദേശത്ത്, പട്ടാളത്തിന് തീർത്തും പരിമിതമായ അവകാശങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്ത് നിന്നുകൊണ്ട് ‘പട്ടാളം ഭരിക്കട്ടെ’ എന്നൊക്കെ പറയുന്നതിന്റെ യുക്തി ആലോചിക്കുക. രാജ്യത്തിന്റെ പരമാധികാരത്തിനെ വെല്ലുവിളിക്കുന്നവർ പട്ടാള ഫാൻസുകൾ ആയാലും രാജ്യദ്രോഹികൾ എന്നുതന്നെയാണ് വിളിക്കേണ്ടത്.

ഹിറ്റ്ലറുടെ ആത്മകഥ വായിച്ചവർക്ക് അറിയാം ഫാസിസത്തിൽ പ്രചാരണങ്ങളുടെ ശക്തി എന്താണെന്ന്. ഒരു വിദ്യാർത്ഥി നേതാവിനെ നേരിടാൻ വ്യാജ ട്വീറ്റും വ്യാജ വീഡിയോയും വ്യാജ മുദ്രാവാക്യ ശബ്ദ ശകലങ്ങളും പ്രചരിപ്പിച്ചു. ഫോട്ടോഷോപ്പ് ഉപയോഗിച്ച് കനയ്യകുമാർ പ്രസംഗിക്കുന്നതിന്റെ പശ്ചാത്തലം മാറ്റി പ്രചരിപ്പിച്ചത് മലയാള സംഘപരിവാർ പേജുകൾ ആയിരുന്നു. കള്ളങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു വീണു. തകർന്നടിഞ്ഞ നുണകളെ കുറിച്ച് സംഘപരിവാർ മിണ്ടുന്നതെയില്ല. അവർ പുതിയ കള്ളങ്ങൾ സൃഷ്ടിക്കുന്ന തിരക്കിലാണ്. നുണകൾ അച്ചടിച്ച് കൂട്ടുന്ന, വാചക കസർത്ത് നടത്തുന്ന മാധ്യമങ്ങളുടെ ലിസ്റ്റ് മംഗളം മുതൽ ടൈംസ് നൗ വരെ നീളുന്നു.

സംഘപരിവാറിന്റെ ഇന്ത്യൻ ഭൂപടം നോക്കൂ. അത് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടം അല്ല. സിന്ധു നദിയെ പൂർണമായി ഉൾക്കൊള്ളുന്ന തരത്തിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാന്റെയും ചൈനയുടെയും ചില ഭാഗങ്ങളും നേപ്പാളും മറ്റു ചില രാഷ്ട്രങ്ങളും ഒക്കെ ഉൾപ്പെട്ടതാണ്. ഒരു രാജ്യത്തിന്റെ ഔദ്യോഗിക അതിരുകളെ അന്ഗീകരിക്കുന്നില്ല എന്നതാണ് വിഘടനവാദികൾ ചെയ്യുന്ന കുറ്റം എങ്കിൽ സംഘപരിവാർ ചെയ്യുന്നത് എന്താണ്? രാജ്യത്തിന്റെ അതിരുകൾ ചുരുക്കൽ ഭീകരവാദവും വികസിപ്പിക്കൽ ദേശസ്നേഹവും ആണെന്ന് വ്യക്തമാക്കുന്ന ഏതെങ്കിലും നിയമം ഉണ്ടോ? സംഘപരിവാർ വിഘടനവാദികൾ എന്ന് വിളിക്കുന്നവരുമായി അവർക്ക് യാതൊരു വ്യത്യാസവും ഇല്ല. ഇരുവരും ദേശദ്രോഹ നാണയത്തിന്റെ രണ്ടു വശങ്ങള തന്നെ.

ദേശസ്നേഹത്തിന്റെ പേറ്റന്റ് എടുത്തുകൊണ്ടു സംഘ ഭക്തർ കാട്ടിക്കൂട്ടുന്ന ഈ കോപ്രായങ്ങൾ ഇന്ത്യയിൽ ഇന്ന് നിലനില്ക്കുന്ന ഒരു നീതിന്യായ സംഹിതകൾക്കും നിരക്കുന്നതല്ല. സംഘപരിവാറിന്റെ തന്നെ ഭാഷ കടമെടുത്ത് പറഞ്ഞാൽ, ഈ രാജ്യത്ത് നിലനിൽക്കുന്ന ഭരണഘടനയും ജുഡീഷ്യൽ സംവിധാനത്തെയും അംഗീകരിക്കാതെ വെല്ലുവിളിച്ചു നടക്കുന്ന ഇവരല്ലേ രാജ്യം വിട്ടുപോകേണ്ടത്?

ഫാസിസത്തിന് ഉത്തരങ്ങൾ ഇല്ല. സംവാദത്തിന്റെ ഭാഷയില്ല. അസഹിഷ്ണുതയുടെ മൂർച്ചയുള്ള ആയുധങ്ങൾ മാത്രമാണ് അവരുടെ കൈവശമുള്ളത്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍