UPDATES

കേരളം

പൗരോഹിത്യ, യാഥാസ്ഥിതിക കറക്കുകമ്പനികള്‍ കേരള മുസ്ലീമിനോട് ചെയ്യുന്നത്

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ ലോകത്തു പലയിടത്തായി രൂപം കൊണ്ട് തുടങ്ങിയ സകലമാന മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍ക്കും ആളും അര്‍ത്ഥവും ആയുധവും നല്കിക്കൊണ്ടിരുന്നത് പ്രധാനമായും ഈ ധാരയുടെ മെഷീനറിയാണ്.

കാലങ്ങളോളം കെട്ടിക്കിടന്ന് കെട്ടുപോകാന്‍ തുടങ്ങുന്ന ഒരു തടാകത്തിന് ശുദ്ധജലത്തെ അകത്തേക്കെടുക്കാനും ജീര്‍ണ്ണ വിഴുപ്പുകളെ പുറത്തേക്കു തള്ളാനുമായി ചാല് കീറി കൊടുക്കുന്നവരെയാണ് നമ്മള്‍ വിവേകിയെന്ന് വിളിക്കുക. അല്ലെങ്കില്‍ കാറ്റിന്റെ ദിശക്കനുസൃതമായി ലക്ഷ്യസ്ഥാനം മനസ്സിലാക്കി പായക്കപ്പലിന്റെ പായ തിരിച്ചും മറിച്ചും കെട്ടിക്കൊണ്ടിരിക്കുന്നവരേയും നമ്മള്‍ അതു തന്നെ വിളിക്കും. ഈ രണ്ടു ചെയ്തികള്‍ക്ക് പിന്നിലും അത് ചെയ്യുന്നവരുടെ കേവലമായ സ്വേച്ഛയുടെ ഒരു പ്രയോഗമല്ല ഉള്ളത്. മറിച്ച് സാര്‍വ്വലൗകികവും സര്‍വ്വ സ്വീകാര്യവും യുക്തിസഹവുമായ ചില അടിസ്ഥാന തത്വങ്ങളുടെ പ്രയോഗമാണ് കാണാനാവുക. ഇതിനു വിപരീതമായി ഈ കപ്പലിന്റെ പായ അത് പുറപ്പെടുമ്പോള്‍ ഒരു മഹാന്‍ കെട്ടിത്തന്നതായതിനാല്‍ ഈ കപ്പലിന്റെ പ്രയാണത്തിനിടയ്ക്ക് അത് മാറ്റിക്കെട്ടുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് ഒരാള്‍ വാദിച്ചാല്‍ അവനെ വളരെ അനുഭാവപൂര്‍വ്വം വെളിയിലേക്കെടുത്തിട്ട് യാത്ര തുടരുക എന്നതാണ് അവശേഷിക്കുന്ന ദൗത്യസംഘത്തിന്റെ ശരി.

കേരളത്തിലെ മുസ്ലിം സമുദായം ലക്ഷ്യം കൃത്യമായിട്ടും, കാറ്റിനൊത്ത് പായ മാറ്റിക്കെട്ടാന്‍ ആളില്ലാതെ പോയ പെട്ടകം പോലെയോ ഒഴുക്കില്ലാതെ കെട്ടിക്കിടന്ന്‍ സകല ജീര്‍ണ്ണതകളും അടിഞ്ഞുകൂടാന്‍ പരുവപ്പെട്ട ഒരു നീര്‍ക്കെട്ട് പോലെയോ ആയിപ്പോയ ഒരു ദുരിതഘട്ടത്തിലാണ്. ഇതിലേക്ക് നവോത്ഥാനത്തിന്റെ തെളിനീരൊഴുക്കുവാനും ഇതില്‍നിന്നും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ചേറ് പുറത്തേക്കൊഴുക്കി കളയാനുമാണ് പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്യുന്നത്. സംഘടിത രൂപത്തില്‍ കേരളത്തില്‍ ഒരു പണ്ഡിതസഭ ആദ്യമായി രൂപംകൊള്ളുന്നതുപോലും നവോത്ഥാന നായകരുടെ കാര്‍മികത്വത്തിലായിരുന്നു എന്നത് കേരളമുസ്ലിം സമൂഹത്തിലെ അന്നത്തെ ധിഷണാശാലികള്‍ പുലര്‍ത്തിയ ജാഗ്രതയുടെ ഫലമാണെന്ന് കാണാം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രാരംഭകാലങ്ങളില്‍ സയ്യിദ് സനാഉള്ള മക്തി തങ്ങള്‍ കൊളുത്തിയ നവോത്ഥാനത്തിന്റെ കൈത്തിരി ഒരു വലിയ തീപ്പന്തമായി സമുദായത്തിനകത്ത് പടര്‍ത്തുന്നതില്‍ ഒരുപിടി പണ്ഡിതരുടെ പരിശ്രമമുണ്ടായിരുന്നു. മക്തി തങ്ങള്‍ കാട്ടിയ പാതയിലൂടെ മാഹിന്‍ ഹമദാനിയും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും ചാലിലകത്ത് ഹാജിയും കെഎം മൗലവിയും ഇകെ മൗലവിയും അബുസ്സബാഹ് അഹമദ് അലിയും എംസിസി സഹോദരന്മാരും ഹാജി സാഹിബുമൊക്കെ അടങ്ങുന്ന നിര യാഥാസ്ഥിതിക പൗരോഹിത്യത്തോട് ഏറ്റുമുട്ടി വിതാനിച്ച നവോത്ഥാനത്തിന്റെ ഫലഭൂയിഷ്ഠമായ ഭൂമികയിലാണ് ഇവിടത്തെ മുഴുവന്‍ മതപരിഷ്‌കരണ പ്രസ്ഥാനങ്ങളും പിന്നീട് വേരിറക്കി എഴുന്നേറ്റു നിന്നത്. 1910-കളില്‍ ഓരോരുത്തരും വേറിട്ട് നടത്തി കൊണ്ടിരുന്ന നവജാഗരണ പ്രവര്‍ത്തനങ്ങള്‍ വക്കം മൗലവിയുടെയൊക്കെ ആഗ്രഹത്തിലുണ്ടായിരുന്ന തരത്തില്‍ ഒരു സംഘടിത രൂപം കൈവരിക്കുന്നത് 1922-ല്‍ മുസ്ലിം ഐക്യ സംഘത്തിന്റെ രൂപീകരണത്തോടെയാണ്. ഐക്യസംഘം വന്ന്‍ രണ്ടാം വര്‍ഷം മലയാള മണ്ണിലെ ആദ്യത്തെ പണ്ഡിത സംഘടനയായി കേരള ജംഇയ്യത്തുല്‍ ഉലമ പിറന്നു വീണു. കേരളത്തില്‍ പാരമ്പര്യത്തിന്റെ പട്ടം പേറി നടക്കുന്ന സകലമാന സമസ്ത യാഥാസ്ഥിതിക അവാന്തരങ്ങളും രൂപം കൊള്ളുന്നത് പിന്നീടാണ്.

ശ്രദ്ധേയമായിട്ടുള്ളതെന്തെന്നാല്‍, മലയാളത്തിന്റെ മണ്ണില്‍ മതനവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന നടേ പറഞ്ഞ ഒരു കൂട്ടം പണ്ഡിതരുടെയും ഇ മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കെഎം സീതി സാഹിബ് തുടങ്ങിയ രാഷ്ട്രീയ അതികായന്മാരുടെയും തണലില്‍ പിറന്നു വീണ കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടനയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ മാതൃസംഘടന എന്ന കാര്യമാണ്. അത്തരത്തില്‍ സ്വപ്നതുല്യമായ ഒരു തുടക്കം കിട്ടിയ ഒരു സംഘടിത നവോത്ഥാന പ്രസ്ഥാനമാണ് അതിദാരുണവും മ്ലേച്ചവുമായ അവസ്ഥയില്‍ ഇന്നെത്തി നില്‍ക്കുന്നത്.

സ്വതവേ ദുര്‍ബല, കൂടെ ഗര്‍ഭിണി എന്ന് പറയുന്ന പോലെയാണ് സമുദായത്തിനകത്ത് ഒരു സംഘടന പിളരുമ്പോള്‍ ഉണ്ടാകുന്നത്. പിന്നോക്കത്തിന്റെ ഭാണ്ഡവും പേറി നടക്കുന്ന ഒരു അവശസമുദായം, ഭരണകൂട ഫാഷിസത്തിന്റെ ഇരകളായി നിരന്തരം പ്രഹരിക്കപ്പെടുന്ന ഒരു ജനസഞ്ചയം, പൗരോഹിത്യം കാര്‍ന്നു തിന്ന്‍ വഷളാക്കിയ വിദ്യാഭ്യാസ ചരിത്രം, ഏതു വിധേനയും സമുദായത്തിന്റെ സമ്പാദ്യം വെട്ടിവിഴുങ്ങാന്‍ ആത്മീയതയുടെ മൊത്തക്കച്ചവടവുമായി ഊരുചുറ്റുന്ന കുറെ പണ്ഡിതപ്പരിഷകള്‍, അങ്ങനെ ഏറ്റിയാല്‍ തീരാത്തത്രയും ഭാരങ്ങള്‍ മുതുകിലുള്ള ഒരു സമൂഹത്തിന്റെ പുറത്ത് മറ്റൊരു കുന്ന് കൂനുകള്‍ കൂടി മുളപ്പിച്ചു എന്നതാണ് സമകാലീന കേരള മുജാഹിദ് പ്രസ്ഥാനത്തിന്റെ സംഭാവന.

മുസ്ലിം സമുദായത്തിനകത്തെ ഏതൊരു പിളര്‍പ്പും അതീവ ഗുരുതരമായ അനന്തരഫലമാണുണ്ടാക്കുന്നത് എന്ന് കാണാം. എന്നാലത് ഒരു നവോത്ഥാന പ്രസ്ഥാനത്തിനാവുമ്പോള്‍ അതിന്റെ ആഘാതം ഗണിച്ചെടുക്കാന്‍ ആവുന്നതിനും അപ്പുറത്താണ് നില്‍ക്കുക. എന്താണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന അന്വേഷണം നിങ്ങളെ കൊണ്ടെത്തിക്കുക ഒരു സംഘടന സ്ഥാപനവല്‍ക്കരിക്കപ്പെടുമ്പോള്‍ എന്തൊക്കെയാണ് അതിനകത്ത് സംഭവിക്കുക എന്നതിന്റെ ഉത്തരങ്ങളിലേക്കാവും. കയ്യാളാന്‍ അധികാര സ്ഥാനങ്ങളും ഭരണകൂട വ്യവസ്ഥിതികളില്‍ റിസര്‍വ് ചെയ്യപ്പെടുന്ന കസേരകളും വരുമാന സ്രോതസ്സുകളായി അതിതീവ്ര ഗള്‍ഫ് മന്‍ഹജുകളുടെ പണവും വിദ്യാഭ്യാസ, വ്യാപാര സമുച്ചയങ്ങളും ഒരു സംഘടനയുടെ വൃത്തത്തിനുള്ളിലേക്ക് കടന്നു വരുമ്പോള്‍ അവിടെ മതം പുറത്തു നില്ക്കുകയും ഉത്ഥാനം വ്യക്തികള്‍ക്കും ആശ്രിതവത്സരുടെ ഗ്രൂപ്പുകള്‍ക്കും മാത്രമായി പരിമിതപ്പെടുകയും ചെയ്യുന്നു.

പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം ആദ്യത്തെ പിളര്‍പ്പ് വരുന്നത് മുജാഹിദ് നേതൃത്വത്തിനുള്ളിലെ ചിലര്‍ നടത്തുന്ന ഗള്‍ഫ് സലഫിസമെന്ന അതിതീവ്ര മന്‍ഹജിന്റെ വിഷം പൊതുവെ നിര്‍മ്മാണാത്മകവും മൃദുവുമായിരുന്ന കേരള സലഫിസത്തിലേക്ക് കുത്തിവെക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാന്‍, കോഴിക്കോട് മര്‍കസു ദഅവ കേന്ദ്രീകരിച്ച് സംഘടനയിലെ യുവജന വിഭാഗത്തിലെ ചില നേതാക്കള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പരിണതഫലമായിട്ടാണ്. പിന്നീടങ്ങോട്ട് സ്വയം ഗവേഷണങ്ങളുടെ മലവെള്ളപ്പാച്ചിലായിരുന്നു അതിനകത്തെമ്പാടും. ഗവേഷണത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ വയനാട് മേപ്പാടിയിലെ സലഫി പള്ളി കേന്ദ്രീകരിച്ചായി പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. പിന്നീടത് പുളിക്കല്‍, മഞ്ചേരി, നിലമ്പൂര്‍, തിരൂരങ്ങാടി, ചേളാരിക്കടുത്ത് കോഹിനൂര്‍, ഫറൂക്ക് തുടങ്ങിയ ചില കേന്ദ്രങ്ങളില്‍ ആസൂത്രിതമായ നീക്കങ്ങള്‍ ഉണ്ടായിത്തുടങ്ങി. ഈ സ്ഥലങ്ങളുടെയൊക്കെ പ്രത്യേകത ശ്രദ്ധിച്ചാല്‍ കാണാം, ഇവിടങ്ങളിലൊക്കെ പ്രസ്ഥാനത്തിന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുന്നിടങ്ങളാണ്. ഒരു പിളര്‍പ്പ് അനിവാര്യമാണെന്ന് കണ്ടതോടെ ഇത്തരത്തിലുള്ള ഓരോ സ്ഥാപനങ്ങളും വരുതിയിലാക്കുക എന്ന സാമ്പത്തിക അജണ്ടയിലേക്ക് കാര്യങ്ങള്‍ നീങ്ങി തുടങ്ങി. അത്തരം നീക്കങ്ങള്‍ക്ക് മറയിടാന്‍ കേരള സലഫിസത്തിന്റെ ആദര്‍ശ വ്യതിയാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമാക്കി.

മഞ്ചേരിയും തിരൂരങ്ങാടിയുമൊക്കെ കേന്ദ്രീകരിച്ച് മുജാഹിദ് വോയിസെന്നും സലഫി ടൈംസെന്നുമൊക്കെ പേരില്‍ ഇറങ്ങിയ ഒട്ടേറെ താല്കാലിക മഞ്ഞപ്പത്രങ്ങള്‍ അറപ്പുളവാക്കുന്ന ഭാഷാപ്രയോഗങ്ങള്‍ കൊണ്ട് പരസ്പരം ചെളി വാരിയെറിഞ്ഞു. അങ്ങനെ ചുവന്ന പുസ്തകവും നീല പുസ്തകവും മരംനടല്‍ കാമ്പയിനും കക്ഷം വടിക്കല്‍ കാമ്പയിനുമൊക്കെ ഉണ്ടായി. സംഘടന നെടുകെ പിളര്‍ത്തി രണ്ടു കൂട്ടരും കോടികള്‍ മുടക്കി എറണാകുളത്തും കോഴിക്കോട്ടും ശക്തിപ്രകടനങ്ങള്‍ നടത്തി. പിന്നീടങ്ങോട്ട് നാടായ നാട് മുഴുവന്‍ ഒരു എല്‍സിഡി പ്രൊജക്റ്ററും തൂക്കിപ്പിടിച്ചു രണ്ടു വിഭാഗങ്ങളും പരസ്പരം വിസര്‍ജ്ജിച്ചു. അനുയായികള്‍ പൂരപ്പറമ്പിലെ പാതിരാ മിമിക്രി കാണുന്ന ഹരത്തോടെ കേട്ട് കയ്യടിച്ചു. ഈ സമുദായത്തെ അതുവരെ അല്പം ആദരവോടെ നോക്കിക്കണ്ടിരുന്ന ഇതര മതസ്ഥര്‍ മൂക്കത്ത് വിരല്‍ വെച്ച് അങ്ങാടികള്‍ കാലിയാക്കി വീടിനുള്ളില്‍ കടന്നു വാതിലടച്ചു. യാഥാസ്ഥികരുടെ അടുക്കളപ്പുറത്ത് നിന്നും ഇന്നലെ കയറി വന്നവര്‍ക്ക് വരെ സ്‌റ്റേജും പേജും കൊടുത്തു പ്രോത്സാഹിപ്പിച്ചു. അവര്‍ വിളിച്ചുകൂവിയും എഴുതിയും വിട്ട അബദ്ധങ്ങളെ ന്യായീകരിക്കാന്‍ ആസ്ഥാന പ്രഭാഷകര്‍ അനന്തരം അങ്ങാടിതോറും പാടുപെട്ടു. വാളെടുത്തവനൊക്കെ സംഘടനയില്‍ വെളിച്ചപ്പാടായി. പള്ളികളും മദ്രസ്സകളുമൊക്കെ വിഭജിക്കപ്പെട്ടു തുടങ്ങി. അങ്ങാടികളും പള്ളിയങ്കണങ്ങളും സംഘര്‍ഷഭരിതമായി. കഴിഞ്ഞ ഒരു പതിനഞ്ചാണ്ട് ഈ രണ്ടു മുജാഹിദ് അവാന്തരങ്ങളുടെ പരസ്പരമുള്ള പൂരപ്പാട്ടുകളാല്‍ മതപരിസരങ്ങള്‍ മലീമസമായി.

പിളര്‍പ്പിന്റെ ഈ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിനകത്ത് നടന്നു വരുന്ന വൈകൃതങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ഇവരെയാണല്ലോ ഒരു നൂറ്റാണ്ടു മുന്നേ ആ മഹാരഥന്‍മാര്‍ കൊളുത്തിയ നവോത്ഥാനത്തിന്റെ ദീപശിഖ ഏറ്റുവാങ്ങാന്‍ കാലം കരുതിവെച്ചത് എന്ന് പരിതപിച്ചു കൊണ്ടിരിക്കുകയാണ് സമുദായവും സമൂഹവും. അതിനകത്തെ ഓരോ പാമരനും സ്വന്തം നിലക്ക് ഇജ്തിഹാദ് തുടങ്ങി. ഒരു കൂട്ടര്‍ ആട് മേക്കുന്നതിനെക്കുറിച്ചും സ്വര്‍ണാഭരണങ്ങളെക്കുറിച്ചും സൗദി അറേബ്യയിലേക്കും യമനിലെ ഹളര്‍ മൗത്തിലേക്കും ദമ്മാജിലേക്കും സിറിയയിലേക്കും ഹിജ്‌റ പോകുന്നതിനെക്കുറിച്ചും ഒക്കെയുള്ള ഗവേഷണങ്ങളില്‍ മുഴുകി. മറ്റൊരു കൂട്ടര്‍ സംഘടനകളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തി. അക്കൂട്ടര്‍ മത പ്രബോധനത്തില്‍ സംഘടന ആവശ്യമില്ലെന്ന് ഇജ്തിഹാദിലൂടെ കണ്ടെത്തിയവരെ ഒരുമിച്ചു കൂട്ടി ഒരു സംഘടനയുണ്ടാക്കി. ഇതിലുമൊക്കെ ഭീകരമായിരുന്നു മറ്റൊരു കൂട്ടരുടെ ഗവേഷണം. മനുഷ്യകുലത്തിന് അഗോചരമായ ഒരു സൃഷ്ടി വര്‍ഗമെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന ജിന്ന്, പിശാച് വര്‍ഗത്തിന് പിന്നാലെ വിടാതെ നടന്ന ഇവരാണ് ഈ സമുദായത്തിലെ ഇവരുടെ പൂര്‍വ്വികരായ ഒരു ന്യൂനപക്ഷം ഒരു നൂറ്റാണ്ടുകാലത്തെ കഠിനാദ്ധ്വാനം കൊണ്ട് പടുത്തുയര്‍ത്തിക്കൊണ്ടു വന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ കഴുത്തറുത്തു കൊണ്ടുള്ള കര്‍മ്മം നിര്‍വഹിച്ചത്. വേദഗ്രന്ഥവും പ്രവാചകനും പറഞ്ഞു തന്നതിനപ്പുറം അറിയേണ്ടതായി ഒന്നുമില്ലാത്ത ഈയൊരു വിഷയത്തെ കവലകള്‍ തോറും ഇട്ടലക്കി, സമകാലിക മതം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം പോലെ അവതരിപ്പിച്ച ഇവര്‍ ഇവരുടെ അല്‍പജ്ഞാന ജല്പനങ്ങള്‍ കൊണ്ട് പരിഷ്‌കൃത മത സമൂഹത്തിനുണ്ടായ പരിക്കുകളെക്കുറിച്ച് ഇപ്പോഴും ബോധവാന്മാരായിട്ടില്ല എന്നതാണ് ദുരന്തം. അവര്‍ നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ വൃത്തികേടുകളുമായി പ്രത്യക്ഷപ്പെട്ട് മതത്തെയും പൊതുസമൂഹത്തെയും ബാലാത്ക്കാരം ചെയ്തു കൊണ്ടേയിരിക്കുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ച് വ്യക്ത്യാധിഷ്ടിതമായ എട്ടോളം അവാന്തര വിഭാഗങ്ങളായി, കേരളത്തിന്റെ മുസ്ലിം നവോത്ഥാന പ്രയാണത്തില്‍ ഫ്ലാഗ് ഷിപ്പായി ഒരു കാലത്ത് നിലനിന്നിരുന്ന ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ പണ്ഡിതനും ഓരോ പ്രസ്ഥാനമായി മാറുന്നു, അവര്‍ ആശ്രിതവത്സരെ വളര്‍ത്തിക്കൊണ്ടു വരുന്നു, അവര്‍ സ്വന്തം നിലയ്ക്ക് സമ്മേളനങ്ങള്‍ നടത്തുന്നു, എതിരാളിയുടെ മേല്‍ ചന്തനിലവാരത്തിലുള്ള ഭാഷയില്‍ ആക്ഷേപങ്ങള്‍ ചൊരിയുന്നു. ഈ എതിരാളികള്‍ എന്നത് ഇന്നലെ വരെ പരസ്പരം ബഹുമാനിച്ചും പുകഴ്ത്തിയും പൊതുസമൂഹത്തിനു മുന്നില് സംവാദങ്ങള്‍ നയിച്ചവരാണെന്നത് അവര്‍ മറന്നാലും സമുദായം മറക്കില്ല. തലപ്പത്തിരിക്കുന്ന ജരാനരകള്‍ ബാധിച്ച കുറേ നേതാക്കളുടെ വാര്‍ദ്ധക്യകാല ജന്നിസാരത്തിന് ഒരു സമുദായത്തെ ഇങ്ങനെ കുരുതി കൊടുക്കേണ്ടിയിരുന്നോ എന്ന് ഇനിയെങ്കിലും ആലോചിച്ചാല്‍ ഈ അന്തരീക്ഷ മലിനീകരണത്തിനെങ്കിലും ഒരു ആശ്വാസമായേനെ. അല്ലാതെ ഇതെല്ലാം തിരുത്തി പഴയത് പോലെ നവോത്ഥാനത്തിന്റെ പട്ടവും കെട്ടി ഈ പരിഷ്‌കൃത സമൂഹത്തിന്റെ മുന്നില്‍ ഒരു തിരിച്ചു വരവ് സാധ്യമാണെന്ന് ഇനി ധരിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം കഴിഞ്ഞൊരു പതിറ്റാണ്ട് കൊണ്ട് ഈ കൂട്ടര്‍ മതനവോത്ഥാനത്തിന്റെ മുഖക്കണ്ണാടിയില്‍ ഉണ്ടാക്കിയ പരിക്ക് ഒട്ടിച്ചു ചേര്‍ത്ത് ശരിപ്പെടുത്താവുന്നതിനുമൊക്കെയും എത്രയോ അപ്പുറമായി ചിതറിപ്പരന്നിരിക്കുന്നു.

മതനവോത്ഥാനം എന്നത് ഒരു സുപ്രഭാതത്തില്‍ ഒരാള്‍ക്കൂട്ടത്തിന് ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല. ലോക ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട എല്ലാ നവോത്ഥാന മുന്നേറ്റങ്ങളുടെയും ശത്രുപക്ഷത്ത് നിലയുറപ്പിച്ചത് മതപൗരോഹിത്യമാണ്. അതിനാല്‍ തന്നെ നിതാന്തവും ക്ഷമാപൂര്‍വ്വവുമായ പരിശ്രമത്തിന്റെ ഫലമായിട്ടേ പരിഷ്‌കരണവും സാംസ്‌കാരിക ഔന്നിത്യത്തിലേക്കുള്ള തിരിച്ചുനടത്തവും സാധ്യമാകൂ. ഒരു നവോത്ഥാന നൗക ഇത്തരത്തില്‍ ഭൗതിക താല്പര്യങ്ങളുടെ മഞ്ഞു മലകളില്‍ ഇടിച്ച് ശിഥിലമാകുമ്പോള്‍ ഏറെക്കുറെ ആദര്‍ശപരമായി ചത്തു തുടങ്ങിയിരുന്ന പൗരോഹിത്യ യാഥാസ്ഥിതിക കറക്കുകമ്പനികള്‍ മുടിയും മന്ത്രവും മാരണവുമായി മലയാളിയുടെ ആത്മീയ ഔന്നിത്യത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കാന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്ക്കുന്നു.

ഒരു സംഘടന എന്നത്, അതും മതപരിഷ്‌കരണ രംഗത്ത് പണിയെടുക്കുന്ന ഒന്നാകുമ്പോള്‍, അതിന്റെ നേതൃത്വത്തിന്റെ ധിഷണയിലും ദീര്‍ഘവീക്ഷണത്തിലും പക്വതയിലും സംഘാടന മികവിലും ആശ്രയിച്ചാണ് അതിന്റെ ആയുസ്സ് ഗണിക്കപ്പെടുന്നത്. അതിന്റെ ബാനറിന്റെ മുന്നില്‍ നിന്ന് പ്രസംഗിക്കുന്നതിന്നും അതിന്റെ പേരിന്റെ ബലത്തില്‍ പ്രസിദ്ധീകരിക്കുന്നതിനും കടുത്ത സ്‌ക്രൂട്ടിണി ആവശ്യമുള്ളതായി വരുന്നു. തികഞ്ഞ അച്ചടക്കവും പാണ്ഡിത്യവും പക്വതയും മാനസിക വളര്‍ച്ചയുമുള്ളവരെയല്ലാതെ ഇത്തരം പണികള്‍ എല്പ്പിക്കുന്നതോടെ ആ പ്രസ്ഥാനത്തിന്റെ ചരമഗീതം രചിക്കപ്പെട്ടു തുടങ്ങുന്നു. മുതിര്‍ന്ന പണ്ഡിത സഭയുടെ എഡിറ്റിംഗ് ടേബിളില്‍ എത്താതെ ഒരു എഴുത്ത് പോലും സംഘടനയുടെ പേരില്‍ പൊതുവായനക്ക് വരാതിരിക്കുക എന്നതാണ് ഒരു മതപ്രസ്ഥാന സംഘാടനത്തിന്റെ ബാലപാഠം. അതിന്റെ വാഗ്മികള്‍ അങ്ങേയറ്റം വിവേകശാലികളും ആത്മനിയന്ത്രണമുള്ളവരുമാവുക എന്നത് ആ സംഘടനയുടെ നിലനില്പ്പിന്റെ ആധാരശിലയാകുന്നു.

നവസലഫിസം എന്ന ആധുനിക കാലത്തെ ആഗോള തീവ്രവാദ പ്രതിഭാസം കേരളമണ്ണില്‍ വേരോടി പടരുന്നതിലേക്കാണ് ഇപ്പോള്‍ രൂപംകൊണ്ട് വരുന്ന ഈ ചെറു ഗ്രൂപ്പുകളുടെ പ്രവര്‍ത്തന രീതികളും ഫണ്ടിങ്ങും ആളുകളുടെ തിരോധാനവും കാണിക്കുന്നത്. ഇത് കേവലം മതത്തിന്റെ ആന്തരികപ്രശ്‌നം എന്നതിനപ്പുറം സമൂഹത്തിന്റെ സ്വാസ്ഥ്യത്തിന്റെ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. മുസ്ലിം രാഷ്ട്രീയ നേതൃത്വവും സെക്യുലര്‍ പക്ഷത്തെ മുഴുവന്‍ കൂട്ടായ്മകളും ബുദ്ധിപൂര്‍വ്വം ഇടപെട്ടു തുടങ്ങിയില്ലെങ്കില്‍ നൂറുകൊല്ലം കൊണ്ട് പൂര്‍വ്വസൂരികള്‍ പൗരോഹിത്യ കൗടില്യങ്ങളോട് മല്ലിട്ട് വളര്‍ത്തിക്കൊണ്ടു വന്ന സംസ്‌കൃത സമൂഹത്തിന്റെ അന്തകവിത്തായി ഒരു മഹാപ്രസ്ഥാനം രൂപാന്തരപ്പെട്ടു പോകുന്നതിലേക്ക് കാര്യങ്ങളെത്തിച്ചേരും.

ഇന്ത്യാ രാജ്യത്തിന്റെ പ്രകടമായ വൈജാത്യങ്ങളെയും അതിനുള്ളിലുറങ്ങുന്ന സാംസ്‌കാരികമായ സെന്‍സിറ്റിവിറ്റിയെയും അതീവ ശ്രദ്ധയോടെ അഭിമുഖീകരിച്ച്, ഒപ്പം തന്നെ മതത്തിനകത്തെ ഭൗതിക വിദ്യാഭ്യാസത്തോടുള്ള വിരോധം, സ്ത്രീ വിരുദ്ധത, അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ആധുനിക ചികിത്സാ വിമുഖത, പൗരോഹിത്യ കുടിലതകള്‍ എന്നിവയോടൊക്കെ നിരന്തരം കലഹിച്ചും കൊണ്ടാണ് കേരള സലഫിസം പ്രാരംഭകാലത്തു അതിന്റെ ആശയ അടിത്തറ രൂപീകരിക്കുന്നത്. വക്കം മൗലവി, സീതി സാഹിബ്, അബ്ദുറഹ്മാന്‍ സാഹിബ് എന്നിവരുടെയൊക്കെ നയവും നിലപാടും ഒപ്പം വ്യത്യസ്തമായ രാഷ്ട്രീയ സമീപനങ്ങള്‍ പോലും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ ഗള്‍ഫ് സലഫിസമെന്ന അതിതീവ്ര പ്യൂരിറ്റാനിയന്‍ ആശയധാരയില്‍ നിന്നും വ്യതിരിക്തമാക്കി, ഒറ്റക്കുള്ള ഒരു മിതവാദ ഐഡന്റിറ്റി നല്‍കാന്‍ ഉതകുന്നതായിരുന്നു. ജാതി, മത, സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഈ നാട്ടില്‍ അതിന്റെ സെകുലര്‍ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ മതബോധനങ്ങളെ പുനരാഖ്യാനിക്കുക എന്ന വിപ്ലവകരമായ കര്‍മ്മം അവര്‍ നിര്‍വ്വഹിച്ചു. അതുള്‍ക്കൊള്ളാന്‍ കഴിയാതെ പോയവരാണ് അന്നത്തെ ഐക്യസംഘത്തില്‍ നിന്നും പതുക്കെ പിന്‍വാങ്ങി മൗദൂദിയുടെ തിയോക്രാറ്റിക്കല്‍ ആശയങ്ങളോട് കൂറ് കാണിച്ച് ജമാഅത്തെ ഇസ്‌ലാമിക്ക് കേരളത്തില്‍ വിത്തിട്ടത്. കേരള സമൂഹത്തിന് അനുരൂപമായ ഒരു മതപരിഷ്‌കരണ ഗ്രൂപ്പായിരുന്നു ആദ്യകാല മുജാഹിദ് വിഭാഗം എന്നതിന്റെ ഏറ്റവും വലിയ തെളിവാണത്.

പിന്നീട് എണ്‍പതുകളിലാണ് മുജാഹിദ് നേതൃത്വം ഗള്‍ഫ് സലഫിസവുമായി പ്രകടമായ സംബന്ധം തുടങ്ങുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ ലോകത്തു പലയിടത്തായി രൂപം കൊണ്ട് തുടങ്ങിയ സകലമാന മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍ക്കും ആളും അര്‍ത്ഥവും ആയുധവും നല്കിക്കൊണ്ടിരുന്നത് പ്രധാനമായും ഈ ധാരയുടെ മെഷീനറിയാണ്. അത്തരം ഷെയ്ഖുമാരെ മധ്യസ്ഥരാക്കി അവരെക്കൊണ്ടു തീര്‍പ്പ് കല്‍പ്പിച്ച് കേരളത്തിലെ മുജാഹിദ് സംഘടനക്കുള്ളിലെ ആന്തരിക കലഹങ്ങളെ ഒത്തുതീര്‍പ്പാക്കലായിരുന്നു പുതിയ കാലത്തെ മുജാഹിദ് നേതൃത്വത്തിന്റെ പ്രധാന കലാപരിപാടി. അത്തരം ഒത്തുതീര്‍പ്പുകള്‍ക്കൊപ്പം ഗള്‍ഫ് സലഫീ മന്‍ഹജിന്റെ ഉഗ്രവിഷവും കടല്‍ കടന്നു വരാന്‍ തുടങ്ങി. അങ്ങനെ വിശ്വാസ സംഹിതയും (അഖീദഃ) കര്‍മ്മ ശാസ്ത്രവുമൊക്കെ (ഫിഖ്ഹ്) പുതിയ ഭീകരരൂപം പൂണ്ട് കേരള മുസ്‌ലിം കുടുംബങ്ങള്‍ക്കുള്ളില്‍ വിഷം തീണ്ടാന്‍ തുടങ്ങി. ഒരേ വീടുകള്‍ക്കുള്ളില്‍ സഹോദരങ്ങളുടെ ഭാര്യമാര്‍ നിഖാബ് അണിഞ്ഞു കൊണ്ട് അടുക്കളയില്‍ വരാന്‍ തുടങ്ങി. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന നല്ല ബുദ്ധിയുള്ള ചെറുപ്പക്കാരുടെ മീശകള്‍ അപ്രത്യക്ഷമായി, താടി അനുസ്യൂതം താഴോട്ടു വളര്‍ന്നു, പാന്റ്‌സിന്റെ അറ്റം ഞെരിയാണിയും കടന്നു പിന്നെയും മുകളിലേക്ക് മുട്ടറ്റം കയറി. പോകെ പോകെ അവര്‍ക്ക് വനിതാ ടീച്ചര്‍മാരുടെ ക്ലാസ്സില്‍ ഇരിക്കാന്‍ ബുദ്ധിമുട്ടായി, സഹപാഠികളായ പെണ്‍കുട്ടികള്‍ അവര്‍ക്ക് പരീക്ഷണമായി, അവരുടെ ശബ്ദം കാതുകള്‍ക്ക് തീയേറായി, ഒടുക്കം അവര്‍ പഠനം അവസാനിപ്പിച്ചു പുറത്തേക്കോടി തങ്ങളുടെ പുത്തന്‍ പ്രബോധകന്റെ കാട്ടിലുള്ള ആടു ഫാമിലേക്കു ഊളിയിട്ടു. ഇപ്പോള്‍ അതും കടന്ന് ദാറുല്‍ കുഫ്‌റിന്റെ ഈ നാട് വിട്ട് ദാറുല്‍ ഇസ്‌ലാം തേടി യമനിലേക്കും സിറിയയിലേക്കും അഫ്ഗാനിലേക്കുമൊക്കെ ഹിജ്‌റ പോകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നു.

എന്താണ് പരിഹാരം? തങ്ങളുടെ കയ്യിലുള്ള ആ വികലധാരയുടെ ഓട്ടമുറം ഉപയോഗിച്ച് തടഞ്ഞു നിര്‍ത്താനാകുന്ന ഒന്നല്ല ഇപ്പോള്‍ നിങ്ങള്‍ എത്തിച്ചു വച്ചിരിക്കുന്ന അവസ്ഥ എന്ന് ഇനിയെങ്കിലും ഔദ്യോഗിക മുജാഹിദ് (അങ്ങനെയൊന്നിപ്പോഴുണ്ടെങ്കില്‍) നേതൃത്വം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയിരിക്കുന്ന ഇവിടത്തെ യാഥാസ്ഥിതിക കറക്ക് കമ്പനികളെയും സമൂഹം ഇതിനോടൊപ്പം തിരിച്ചറിയേണ്ടതുണ്ട്.  ഇപ്പോള്‍ കേരളം എത്തിപ്പെട്ടിരിക്കുന്ന ഈ അതീവ ഗുരുതരാവസ്ഥക്ക് മരുന്ന് കണ്ടെത്തേണ്ടത് ഇവിടത്തെ മതേതര പക്ഷത്തിന്റെ കടമയാണ്. ഇനിയും അമാന്തിച്ചിരുന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. കള്‍ട്ട് സലഫിസവും പ്യൂരിറ്റാനിസവുമായി അലഞ്ഞു നടക്കുന്ന സകലമാന ക്ഷുദ്രജീവികളെയും ഭരണഘടന നല്‍കുന്ന സകലമാന സാധ്യതകളും ചേര്‍ത്ത് പിടിച്ചകത്തിടാനുള്ള പരിപാടി ഇനിയും ആരംഭിച്ചില്ലെങ്കില്‍ നാട് കുട്ടിച്ചോറാകും. മതം മാരണമാക്കുന്ന ഇവറ്റകളെയൊക്കെയും ന്യായീകരിക്കാന്‍ ഇവിടെ അനുയായിവൃന്ദങ്ങളുണ്ടെന്ന കാര്യം ഇനിയും നിങ്ങളെ അലട്ടുന്നില്ലെങ്കില്‍, കാക്കത്തൊള്ളായിരം വരുന്ന കേരളത്തിലെ ‘ഔദ്യോഗിക’ മത/സാമുദായിക രാഷ്ട്രീയ സംഘടനകളുടെയൊക്കെ ആപ്പീസിനു സ്വയം തീയിട്ട് ഈ ദാറുല്‍ കുഫ്‌റല്‍ നിന്ന് സകല പുരോഹിതപ്പരിഷകളും എങ്ങോട്ടെങ്കിലും ഹിജ്‌റ പോയി ഈ നാടിനെ വെറുതെ വിടണം. ബഹുമത സമൂഹത്തില്‍ ഇതര മതങ്ങളുടെ ആഘോഷങ്ങളും സന്തോഷങ്ങളും അതിന്റെ സാമൂഹിക മാനത്തില്‍ നമ്മുടേത് കൂടിയാവുന്നതും അവരോട് മനുഷ്യരായി ഇടപെടുന്നതും സഹവര്‍ത്തിക്കുന്നതും സ്‌നേഹം പങ്കിടുന്നതും ഒക്കെ നീ പറയുന്ന മതത്തിന്റെ നിലപാടുകള്‍ക്കെതിരാണെങ്കില്‍ ആ പൊട്ടമതത്തില്‍ നമ്മളില്ല എന്ന് പറയാനുള്ള ആര്‍ജ്ജവമുണ്ടാവണം. എന്നു മാത്രമല്ല, അജ്ജാതി മതം ഇവിടെ പ്രബോധനം ചെയ്യുക എന്നത് ഭരണഘടന തരുന്ന മൌലികാവകാശങ്ങളുടെ തണലില്‍ പോലും വരാന്‍ പാടില്ലാത്തതുമാണെന്ന് മനസ്സിലുറപ്പിച്ച് ഉറക്കെ പറയേണ്ടതുമുണ്ട്.

പെണ്ണിന് അക്ഷരം പഠിക്കാനും അഗതിക്കും അനാഥനും മന്ദിരങ്ങളൊരുക്കാനും അന്ധവിശ്വാസങ്ങളുടെ അടിവേരറുക്കാനും ആധുനിക വിദ്യാഭ്യാസത്തിന്റെ കാറ്റും വെളിച്ചവും ഈ സമുദായത്തിന്റെ ധിഷണയിലേക്ക് കയറ്റി വിടാനും അനാചാരങ്ങളെ ആറ്റിലൊഴുക്കാനുമൊക്കെ മുന്നില്‍ നടന്ന ഒരു മഹാസംവിധാനത്തെ ഇത്തരത്തില്‍ മലീമസമാക്കിയ സമകാലിക മുജാഹിദ് നേതൃത്വത്തിന് ഏതായാലും കാലം കാത്തു വെക്കുന്നത് അത്ര സുഖകരമായ അനുഭവങ്ങളായിരിക്കില്ല തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

ഇസ്മായില്‍ കള്ളിയന്‍

മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി, ജിദ്ദയില്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍