UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ദേശവിരുദ്ധരെ’ ഒന്നിക്കുവിന്‍; ഉമര്‍ ഖാലിദ് ജെഎന്‍യുവില്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം

Avatar

ഒരാഴ്ചത്തെ ഒളിവിനു ശേഷം കഴിഞ്ഞ ദിവസം രാത്രി ജെഎന്‍യു ക്യാമ്പസില്‍ തിരിച്ചെത്തിയ ഉമര്‍ ഖാലിദ് സഹവിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം.

സുഹൃത്തുക്കളെ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, പത്തു ദിവസത്തിനിടെ എന്നെ കുറിച്ച് എനിക്കു പോലും അജ്ഞാതമായിരുന്ന ചില കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ഒരു പാസ്‌പോര്‍ട്ടു പോലുമില്ലാത്ത ഞാന്‍ രണ്ടു തവണ പാക്കിസ്ഥാനില്‍ പോയി എന്നതായിരുന്നു ഒന്ന്. ഞാനാണ് ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നിലെ ബുദ്ധികേന്ദ്രം എന്നതാണ് മറ്റൊന്ന്. തീര്‍ച്ചയായും ജെഎന്‍യു വിദ്യാര്‍ത്ഥികളെല്ലാം നല്ല ബുദ്ധിയുള്ളവരാണ്, പക്ഷേ എന്നെ അവര്‍ ബുദ്ധികേന്ദ്രമായി ഉയര്‍ത്തിക്കാട്ടി. എഴുപതോ എണ്‍പതോ സര്‍വകലാശാലകളില്‍ ഞാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തുവത്രെ. ഇത്രത്തോളം സ്വാധീനം എനിക്കുണ്ടെന്ന കാര്യം ഞാന്‍ അറിയാതെ പോയി. കഴിഞ്ഞ 10 മാസത്തോളമായി ഞാന്‍ ഇതിനു പിന്നാലെയാണെന്നാണ് അവര്‍ പറയുന്നത്. ഇത്തരമൊരു പൊതുയോഗം സംഘടിപ്പിക്കാന്‍ 10 മാസങ്ങളെടുത്തുവെങ്കില്‍ ജെഎന്‍യു തന്നെ പൂട്ടിപ്പോയിരിക്കും.

ഞാന്‍ എണ്ണൂറോളം ഫോണ്‍ വിളികള്‍ നടത്തിയെന്നും അറിയാന്‍ കഴിഞ്ഞു. തെളിവുകളൊന്നും ചോദിക്കരുത്. ഗള്‍ഫിലേക്കും കശ്മീരിലേക്കും പിന്നെ എവിടേക്കെല്ലാമോ വിളിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഒരു തെളിവുപോലുമില്ല. ഏറ്റവും ചുരുങ്ങിയ പക്ഷം ഒരു തെളിവെങ്കിലും കൊണ്ടു വരൂ. മാധ്യമ വിചാരണയിലൂടെ നമ്മെ കുറ്റക്കാരായി ചിത്രീകരിക്കാന്‍ അവര്‍ ശ്രമിച്ച രീതിയാണിത്. ജെയ്‌ഷെ മുഹമ്മദുമായി ഒരു ബന്ധവുമില്ലെന്ന് ഐബിയും സര്‍ക്കാരും വ്യക്തമാക്കിയിട്ടും നമ്മെ കുറ്റക്കാരായി ചത്രീകരിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച മാധ്യമങ്ങള്‍ക്കൊന്നും തന്നെ ഒരു ക്ഷമാപണം നടത്തേണ്ടതിന്റെ ആവശ്യമുള്ളതായി തോന്നിയില്ല. എന്റെ പേര് ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെടുത്തുകയുണ്ടായി. എനിക്കു ചിരിയാണു വന്നത്. എന്നെ പോലുള്ളവരുമായി തങ്ങളുടെ സംഘടനയെ ബന്ധപ്പെടുത്തിയെന്ന് അറിഞ്ഞാല്‍ ജെയ്‌ഷെ മുഹമ്മദുകാര്‍ ആര്‍എസ്എസ് ആസ്ഥാനത്തു പോയി പ്രതിഷേധിക്കും.

ഈ രീതിയില്‍ കള്ളങ്ങള്‍ പ്രചരിപ്പിച്ച് ഇതൊക്കെ ഇങ്ങനെ തീരുമെന്നാണ് ഈ ചാനലുകള്‍ കരുതിയതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഈ രാജ്യത്ത് ആരെങ്കിലും എന്തിനെയെങ്കിലും എതിര്‍ത്തു സംസാരിച്ചാല്‍, ഒരു ആദിവാസിയാണെങ്കില്‍ അവനെ മാവോയിസ്റ്റാക്കും, മുസ്ലിമാണെങ്കില്‍ തീവ്രവാദിയുമാക്കും. ഈ തരത്തിലുള്ള മാധ്യമ വിചാരണകള്‍ക്ക് പിന്നില്‍ ഭരണകൂട സംവിധാനങ്ങളുടെ സര്‍വ്വ പിന്തുണയുമുണ്ട്. ഈ രീതിയില്‍ ആക്രമിക്കപ്പെട്ട നിരവധി പേര്‍ നിസ്സഹായരാണ്. അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിക്കാണില്ല. എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക് (മാധ്യമങ്ങള്‍ക്ക്) പിഴച്ചിരിക്കുന്നു. നിങ്ങളിപ്പോള്‍ നേരിടുന്നവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഇവിടെ ആയിരങ്ങളുണ്ട്. ഓരോ ചാനലുകാരും തങ്ങള്‍ ചെയ്ത തെറ്റുകള്‍ക്ക് മറുപടി പറയേണ്ടി വരും.

എന്റെ കാര്യത്തില്‍ എനിക്ക് വലിയ ആശങ്കകളുണ്ടായിരുന്നില്ല. കാരണം, ആയിരക്കണക്കിനു വരുന്ന നിങ്ങള്‍ എന്റെ കൂടെയായിരുന്നെന്ന് എനിക്കറിയാം. എന്നാല്‍ എന്റെ പിതാവിനെ ഭീഷണിപ്പെടുത്തിയതില്‍ എനിക്ക് ആശങ്കയുണ്ട്. എന്റെ പെങ്ങളെ ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണി കേട്ടപ്പോള്‍ ഞാന്‍ പരിഭ്രമിച്ചു. വധഭീഷണികളെ കുറിച്ച് കേട്ടപ്പോഴാണ് ഞാന്‍ ആശങ്കപ്പെട്ടു തുടങ്ങിയത്. ഒഡീഷയിലെ കണ്ഡാമലില്‍ കന്യാസ്ത്രീകള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ ഉയര്‍ന്നത് ഭാരത് മാതാ കീ ജയ് വിളികളാണെന്ന് ഞാനോര്‍ത്തു. അപ്പോഴാണ് നമ്മുടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് സഖാവ് കനയ്യ പറഞ്ഞത് എനിക്കോര്‍മ്മ വന്നത്. ഇതാണ് നിങ്ങളുടെ ഭാരത മാതാവെങ്കില്‍ അത് ഞങ്ങളുടെ അമ്മയല്ല. ഇവിടെ ചില മാധ്യമ പ്രവര്‍ത്തകരുണ്ട്, ചില സിഇഒമാരുണ്ട്, പേരു പറയാനാഗ്രഹിക്കാത്ത ടൈംസ് നൗവിലെ ഒരു മാന്യനും പിന്നെ അവരുടെ ഏജന്റുമാരും, ചെറുകിട ചാനല്‍ റിപ്പോര്‍ട്ടര്‍മാരും. ഇവര്‍ക്കെല്ലാം ജെഎന്‍യു വിദ്യാര്‍ത്ഥികളോട് എന്താണിത്ര വെറുപ്പ്. അതെവിടുന്ന് കിട്ടി എന്നെനിക്കറിയില്ല.

അല്‍പം വ്യക്തിപരമായ ചില കാര്യങ്ങള്‍ കൂടി ഞാന്‍ പറയാനാഗ്രഹിക്കുകയാണ്. ഇതു നേരത്തെ പറഞ്ഞതാണെങ്കിലും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി ഈ ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനവുമായി ഞാനുണ്ട്. ഇക്കാലത്തിനിടെ ഞാനൊരു മുസ്ലിമാണെന്ന് തോന്നല്‍ എനിക്കുണ്ടായിട്ടില്ല. ഒരിക്കലും ഒരു മുസ്ലിം ആയി എന്നെ ഞാന്‍ പരിചയപ്പെടുത്തിയിട്ടില്ല. ഞാന്‍ മനസ്സിലാക്കുന്നത്, ഇന്ന് സമൂഹത്തില്‍ അടിച്ചമര്‍ത്തലിന് വിധേയരാകുന്നത് മുസ്ലിംകള്‍ മാത്രവുമല്ല എന്നാണ്. ദളിതര്‍ക്കെതിരേ അടിച്ചമര്‍ത്തലുകള്‍ നടക്കുന്നു. ആദിവാസികള്‍ക്കെതിരേയും നടക്കുന്നു. നാം ഉള്‍പ്പെടുന്ന ഈ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഉള്ളറകളില്‍ നിന്നും നാം പുറത്തു വന്ന് ഈ സാഹചര്യങ്ങളെ സമഗ്രമായി നോക്കിക്കാണേണ്ടത് ആവശ്യമാണ്. ഏഴു വര്‍ഷത്തിനിടെ കഴിഞ്ഞ പത്തു ദിവസങ്ങളില്‍ മാത്രമാണ് ആദ്യമായി എനിക്ക് ഞാനൊരു മുസ്ലിമാണെന്ന തോന്നലുണ്ടായത്. രോഹിത് വെമുല പറഞ്ഞതു പോലെ ‘എന്നെ സൗകര്യപ്രദമായ സ്വത്വത്തിലേക്ക് ചുരുക്കിക്കെട്ടിയ’ രീതി വളരെ നാണം കെട്ടതാണ്. ഞാനൊരു പാക്കിസ്ഥാനി ഏജന്റാണെന്നാണ് അവര്‍ പറയുന്നത്. ഒരു പാക്കിസ്ഥാനി കവിയുടെ വരികളാണ് എനിക്കോര്‍മ്മ വരുന്നത്. 

‘അരെ ഭായ്, ഹിന്ദുസ്ഥാന്‍ ഭി മേരാ ഹെ, പാക്കിസ്ഥാന്‍ ഭി മേരാ ഹെ, പര്‍ ദോനോം മുല്‍കോം പര്‍ അംരിക്കാ കാ ദേരാ ഹെ,’ (സുഹൃത്തേ, ഹിന്ദുസ്ഥാന്‍ എന്റേതാണ്, പാക്കിസ്ഥാനും എന്റേതാണ്, എന്നാല്‍ ഈ രണ്ടു രാജ്യങ്ങള്‍ക്കുമേലും അമേരിക്കക്ക് അതിന്റേതായ താല്‍പര്യങ്ങളുണ്ട്.)

അമേരിക്കയുടെ ഇടപാടുകാരും ഏജന്റുമാരായ നിങ്ങള്‍ ബിജെപിക്കാര്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ ധൈര്യപ്പെടുന്നു. നിങ്ങള്‍ ഈ രാജ്യത്തെ വില്‍ക്കുകയാണ്. ഇവിടുത്തെ പ്രകൃതി വിഭവങ്ങളേയും ജനങ്ങളേയും, തൊഴിലാളികളേയും, വിദ്യാഭ്യാസ സംവിധാനത്തെ പോലും ലോക വ്യാപാര സംഘടനയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന നിങ്ങളാണ് ഞങ്ങളെ പഠിപ്പിക്കാന്‍ മുതിരുന്നത്. അതുകൊണ്ട്, എന്റെ സഹ ‘ദേശവിരുദ്ധരെ’, ഞാന്‍ പറയുന്നു, ലോകത്തൊട്ടാകെയുള്ള ‘ദേശവിരുദ്ധരെ’ ഒന്നിക്കുവിന്‍. ജനങ്ങളോടുള്ള നമ്മുടെ സ്‌നേഹത്തിന് അതിരുകളില്ല, അതിര്‍ത്തികളെന്താണെന്നറിയുകയുമില്ല. നാം എല്ലായിടത്തും സര്‍ക്കാരുകള്‍ക്കും അടിച്ചമര്‍ത്തുന്നവര്‍ക്കും എതിരാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍