UPDATES

ട്രെന്‍ഡിങ്ങ്

നിങ്ങള്‍ നുണയന്മാരും വെറുപ്പിന്റെ ഏജന്‍സികളുമാണ്: മാധ്യമങ്ങള്‍ക്ക് ഉമര്‍ ഖാലിദിന്റെ തുറന്ന കത്ത്

ആക്രമിക്കുന്ന ആള്‍ക്കൂട്ടത്തെ എന്ത് ചെയ്യാനാണ്? നിങ്ങള്‍ ഇപ്പോള്‍ അക്രമാസക്തരായ ഈ ആള്‍ക്കൂട്ടം ചെയ്യുന്ന കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള രാംജാസ് കോളേജില്‍ നടക്കാനിരുന്ന പരിപാടിയില്‍ ഉമര്‍ ഖാലിദ് പങ്കെടുക്കുന്നത് എബിവിപിക്കാര്‍ തടഞ്ഞതും തുടര്‍ന്നുണ്ടായ സംഘര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ എബിവിപി പ്രവര്‍ത്തകര്‍ അക്രമമഴിച്ച് വിട്ടതുമെല്ലാം കണ്ടതാണ്. ഈ അവസരത്തില്‍ 2016 ഫെബ്രുവരി ഒമ്പതിന് അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട വിവാദ പരിപാടി മുതല്‍ താന്‍ നേരിടേണ്ടി വന്ന മാധ്യമ വിചാരണയെക്കുറിച്ച് സംസാരിക്കുകയാണ് ഉമര്‍ ഖാലിദ്. ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കുള്ള തുറന്ന കത്തിലാണ് ഉമര്‍ ഖാലിദ് ഇക്കാര്യം പറയുന്നത്.

ഉമര്‍ ഖാലിദ് പറയുന്നു:

2005ല്‍ പുറത്തിറങ്ങിയ ജോര്‍ജ് ക്ലൂണി ചിത്രമായ ഗുഡ് നൈറ്റ് ആന്‍ഡ് ഗുഡ് ലക്ക് എന്ന ചിത്രം 1950-കളില്‍ ശീതയുദ്ധകാലത്ത് അമേരിക്കയില്‍ നടക്കുന്ന കഥയാണ് പറയുന്നത്. പ്രമുഖ ടിവി ജേണലിസ്റ്റായിരുന്ന എഡ്വേഡ് ആര്‍ മുറെയും കമ്മ്യൂണിസ്റ്റ് വേട്ടയുടെ പേരില്‍ കുപ്രസിദ്ധനായ സെനറ്റര്‍ ജോസഫ് മക്കാര്‍ത്തിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയാണ്. സോവിയറ്റ് ചാരന്മാരെന്ന പേരില്‍ അമേരിക്കയിലെ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന മക്കാര്‍ത്തി ഓപ്പറേഷനെതിരെ ധീരവും ശക്തവുമായ നിലപാടെടുത്ത മാധ്യമ പ്രവര്‍ത്തകനാണ് എഡ്വേഡ് മുറെ. സിനിമയില്‍ മുറെയുടെ കഥാപാത്രം പറയുന്നുണ്ട്. അന്വേഷണവും വിചാരണയും തമ്മിലുള്ള അകലം വളരെ നേര്‍ത്തതാണ്. ആരോപണം തെളിവല്ല, കുറ്റവാളിയെന്ന് കണ്ടെത്തല്‍ അന്വേഷണത്തിന്റെയും തെളിവിന്റേയും അടിസ്ഥാനത്തിലാണ്.

ഇന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇത് വളരെയധികം ബാധകമാണ്. രാജ്യത്തിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരെന്ന് അറിയപ്പെടുന്ന മാധ്യമങ്ങള്‍ എന്റെ പേര് നിരന്തരം അവരുടെ സ്റ്റൂഡിയോകളില്‍ കൊണ്ടുവരുന്നുണ്ട്. വെറുപ്പ് പ്രചരിപ്പിക്കുകയാണ് അവര്‍. അക്രമത്തെ ന്യായീകരിക്കുകയും അതിന് പ്രേരണ നല്‍കുകയുമാണ് അവര്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ എനിക്ക് ചിലത് പറയാനുണ്ട്. ഇത് എന്നെ വിചാരണ ചെയ്യുന്ന പ്രിയപ്പെട്ട മാധ്യമങ്ങള്‍ക്കുള്ള തുറന്ന കത്താണ്.

പ്രിയപ്പെട്ട സ്റ്റുഡിയോ താരങ്ങളെ,

നമ്മള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. സാധാരണ നിങ്ങള്‍ എന്നോട് ചോദ്യം ചോദിക്കുകയാണ് പതിവ്. ഒരു മാറ്റമായാലോ. നിങ്ങളോട് ഞാന്‍ ചിലത് ചോദിക്കാം. എനിക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ അമ്മയില്‍ നിന്ന് ഭീതിയോടെയുള്ള ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. നിങ്ങളുടെ പല വാര്‍ത്തകളും ചര്‍ച്ചകളും കണ്ടതിനെ തുടര്‍ന്നുള്ള ആശങ്കയുടെ ഭാഗമാണ് ഈ വിളികള്‍. നിങ്ങളില്‍ പലരും പറയുന്നത് പോലെ ഡല്‍ഹി പൊലീസ് എനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് അവര്‍ ചോദിക്കുന്നു. ഞാന്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമോ എന്നും അവര്‍ക്കറിയണം. നിങ്ങള്‍ പറയുന്ന വങ്കത്തരങ്ങളൊന്നും വിശ്വസിക്കേണ്ടതില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു.

പക്ഷെ ഫോണ്‍ വച്ച ശേഷം എനിക്കും ഒരുതരത്തിലുള്ള അസ്വസ്ഥത തോന്നിയിരുന്നു. ജെഎന്‍യുവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഞാനടക്കമുള്ളവര്‍ക്കെതിരായ വേട്ട തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. പൊലീസിന് ഒരു രേഖ പോലും ഞങ്ങള്‍ക്കെതിരെ തെളിവായി കോടതിയില്‍ ഹാജരാക്കാനായിട്ടില്ല. എന്നാലും നിങ്ങള്‍ ഞങ്ങളെ വിചാരണ ചെയ്യുകയാണ്. നിങ്ങള്‍ നടത്തുന്ന ഈ വിചാരണ മൂലം ഞങ്ങളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഡ്രാഫ്റ്റ് ചാര്‍ജ് ഷീറ്റ് (കരട് കുറ്റപത്രം) എന്നൊക്കെയാണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്താണീ കരട് കുറ്റപത്രം എന്ന് എനിക്ക് ഇതുവരെ മനസിലാക്കാനായിട്ടില്ല. ഒരു പിഎച്ച്ഡി വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഗവേഷണ പ്രബന്ധത്തിന്റെ കരട് അദ്ധ്യായങ്ങള്‍ ഞങ്ങളുടെ ഗൈഡിന് കൊടുക്കാറുണ്ട്. പക്ഷെ ഈ കരട് കുറ്റപത്രം എന്ന് പറയുന്നൊരു സാധനത്തെ പറ്റി ഇതുവരെ കേട്ടിട്ടില്ല. ഡല്‍ഹി പൊലീസിന്റെ ഇത്തരം ഡ്രാഫ്റ്റുകള്‍ തയ്യാറാക്കുന്നതും തിരുത്തുന്നതുമൊക്കെ ആരാണ്. ടെലിവിഷന്‍ സ്റ്റൂഡിയോകളില്‍ നിന്നാണോ ഇത്തരം തിരുത്തലുകള്‍ വരുന്നത്? അതോ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നിന്നാണോ?

ഇത്തരം നുണ പ്രചാരണങ്ങളുമായി നിങ്ങള്‍ വീണ്ടും കേന്ദ്രസര്‍ക്കാരിന്റേയും പൊലീസിന്റേയും രക്ഷയ്‌ക്കെത്തിയിരിക്കുകയാണ്. രാംജസ് കോളേജില്‍ എബിവിപി നടത്തിയ അക്രമത്തെ കാണാതിരിക്കുന്നതിലൂടെ നിങ്ങളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെ സംഘടിതമായ ആക്രമണമാണ് എബിവിപി നടത്തിയത്. എന്നാല്‍ നിങ്ങള്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സാധാരണ സംഘര്‍ഷമായാണ് ഇതിനെ ചിത്രീകരിച്ചത്. ഞങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നിങ്ങള്‍ നടത്തിയത്. ഡ്രാഫ്റ്റ് ചാര്‍ജ്ഷീറ്റ് എന്ന് പറഞ്ഞ് പല ചാനലുകളും തുടര്‍ച്ചയായി ഫ്ലാഷ് ന്യൂസ് നല്‍കിക്കൊണ്ടിരുന്നു. ഇത് സംബന്ധിച്ച് പ്രതികരണം തേടി നിങ്ങളില്‍ പലരും എന്നെ വിളിച്ചിരുന്നു. എനിക്ക് ശരിക്കും ദേഷ്യം വന്നു. ഡല്‍ഹി പൊലീസ് ഈ പറയുന്ന സാധനം കോടതിയിലാണോ അതോ മാധ്യമ ഓഫീസിലാണോ ഫയല്‍ ചെയ്തതെന്ന് ഞാന്‍ ചോദിച്ചു. കോടതിയിലാണ് ഫയല്‍ ചെയ്തതെങ്കില്‍ എനിക്കും ഒരു കോപ്പി കിട്ടുമായിരുന്നു. മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള വിചാരണ അവസാനിപ്പിക്കാന്‍ തയ്യാറാവണം.

ഇനി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നു എന്ന് തന്നെ കരുതുക, അത് ഒന്നും തന്നെ സ്ഥാപിക്കുകയോ തെളിയിക്കുകയോ ചെയ്യുന്നില്ല. അത് തെളിയേണ്ടത് കോടതിയിലാണ്. നിങ്ങളുടെ സ്റ്റുഡിയോ റൂമുകള്‍ കോടതികളാവുകയാണ് ഇപ്പോള്‍. ടിആര്‍പി റേറ്റിംഗില്‍ മുന്‍പന്തിയിലെത്താനുള്ള മത്സരത്തില്‍ നിങ്ങള്‍ ഞങ്ങളുടെ ജീവിതം വച്ചാണ് കളിക്കുന്നത്. ഞങ്ങളുടെ കുടുംബങ്ങളേയും സുഹൃത്തുക്കളേയും മാനസികമായി തകര്‍ക്കുകയാണ് നിങ്ങള്‍. മനുഷ്യന്മാരുടെ വ്യക്തിജീവിതത്തിനും വികാരങ്ങള്‍ക്കും നിങ്ങള്‍ എന്തെങ്കിലും വില കല്‍പ്പിക്കുന്നുണ്ടോ? പൊലീസിനെക്കുറിച്ചോ നിയമനടപടികളെ കുറിച്ചോ യാതൊരു ആശങ്കയും വേണ്ടെന്ന് ഞാന്‍ എന്റെ അമ്മയോട് പറഞ്ഞു. എനിക്ക് എന്റെ നിരപരാധിത്വത്തെക്കുറിച്ച് എനിക്ക് നല്ല ബോദ്ധ്യമുണ്ട്. കോടതികള്‍ അത് തിരിച്ചറിയുമെന്ന പ്രതീക്ഷയുമുണ്ട്. എന്നാല്‍ നിങ്ങള്‍ മാധ്യമങ്ങള്‍ നടത്തുന്ന വിചാരണയാണ് എന്നെ ഭയപ്പെടുത്തുന്നതും ആശങ്കയുണ്ടാക്കുന്നതും. കോടതികള്‍ തെറ്റ് പറ്റാത്ത, വളരെ ശരിയായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന സ്ഥാപനങ്ങളാണെന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ അവയ്ക്ക് ഏതെങ്കിലും തരത്തില്‍ വിശ്വാസ്യതയുണ്ട്.

എന്നാല്‍ ആക്രമിക്കുന്ന ആള്‍ക്കൂട്ടത്തെ എന്ത് ചെയ്യാനാണ്? നിങ്ങള്‍ ഇപ്പോള്‍ അക്രമാസക്തരായ ഈ ആള്‍ക്കൂട്ടം ചെയ്യുന്ന കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ മറന്നിട്ടില്ലല്ലോ? ഞാന്‍ രണ്ട് തവണ പാകിസ്ഥാനില്‍ പോയി. 800 ഫോണ്‍കോളുകള്‍ ഭീകരകേന്ദ്രങ്ങളിലേയ്ക്ക് നടത്തി, ഇന്ത്യയിലെ 18ഓളം സര്‍വകലാശാലകളില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിക്കാന്‍ ശ്രമിച്ചു, ഝാര്‍ഖണ്ഡ് – ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ ഒളിച്ചിരിക്കുകയാണ്, ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ട് – ഇങ്ങനെ എന്തെല്ലാം നുണകളാണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. കേന്ദ്രസര്‍ക്കാരിന് തന്നെ ഈ ആരോപണങ്ങളെ തള്ളിപ്പറയേണ്ടി വന്നു. എന്നാല്‍ നിങ്ങള്‍ എന്നോടോ എന്റെ കുടുംബത്തോടോ ക്ഷമ ചോദിക്കാന്‍ തയ്യാറായില്ല. നിങ്ങളെ ഞാന്‍ നുണയന്മാരെന്നും വെറുപ്പിന്റെ ഏജന്‍സികളെന്നും അല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. നിങ്ങള്‍ എന്നെക്കുറിച്ച് ഉണ്ടാക്കിയിരിക്കുന്ന ധാരണ വച്ച് ആക്രമണം തുടരുകയാണ്. സെമിനാറുകളില്‍ സംസാരിക്കുന്നതില്‍ നിന്ന് ഞാന്‍ വിലക്കപ്പെടുന്നു. എന്റെ ജീവനും സുരക്ഷിതത്വത്തിനും വലിയ ഭീഷണിയാണ് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഓണ്‍ലൈന്‍ വധഭീഷണികള്‍ വരാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.

ഒരു ഇരയായിരിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. ഞാനടക്കമുള്ളവര്‍ ഈ രാഷ്ട്രീയ അജണ്ടയെ എതിര്‍ക്കുന്നവരാണ്. ഈ അജണ്ടയില്‍ നിങ്ങള്‍ മാധ്യമങ്ങളുടെ പങ്ക് ഒട്ടും ചെറുതല്ല. അധികാരത്തിലുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 2005ലെ ഡല്‍ഹി സ്‌ഫോടന കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ട മുഹമ്മദ് റഫീഖ് ഷായും മുഹമ്മദ് ഹുസൈന്‍ ഫസ്ലിയും ജയിലില്‍ കിടന്നത് 12 വര്‍ഷമാണ്. ഇരുവരും ഈ സ്ഫോടനത്തില്‍ പങ്കാളികളല്ലെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അത് മൂടി വച്ച പൊലീസിനെ കോടതി വിമര്‍ശിച്ചിരുന്നു. ഈ കോടതി വിധി നിങ്ങളില്‍ എത്ര പേര്‍ ചര്‍ച്ച ചെയ്തു? പൊലീസിനെ ഇക്കാര്യത്തില്‍ നിങ്ങളില്‍ ആരൊക്കെ ചോദ്യം ചെയ്തു?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍