UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉംബെര്‍ടോ എക്കോ: ദാര്‍ശനികതയുടെ കഥാകല്‍പനകള്‍

Avatar

മാറ്റ് ഷൂഡെല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ബൌദ്ധികമായ വെല്ലുവിളിയുണര്‍ത്തുന്ന നോവലുകളും പ്രബന്ധങ്ങളും പഠനങ്ങളും എഴുതിയ, 1980-കളുടെ ആദ്യകാലങ്ങളില്‍ അപ്രതീക്ഷിത ജനപ്രീതി നേടി  ലോകത്തെ ഏറ്റവുമധികം വിറ്റഴിഞ്ഞ നോവലുകളിലൊന്നായി മാറിയ ഒരു മധ്യകാല കൊലപാതക നിഗൂഢതയുടെ പുസ്തകം,“The Name of the Rose”-ന്റെ കര്‍ത്താവ്,  ഇറ്റാലിയന്‍ എഴുത്തുകാരനായ ഉംബെര്‍ടോ എക്കോ ഫെബ്രുവരി 19-നു മിലാനിലെ തന്റെ വസതിയില്‍ അന്തരിച്ചു.

ജീവിതത്തിന്റെ ഏറിയ പങ്കും ചിഹ്നവിജ്ഞാനീയത്തിലെ വൈദഗ്ദ്ധ്യമടക്കം വിവിധ വിഷയങ്ങളില്‍ പരന്നുകിടന്ന താത്പര്യത്തിന്നുടമയായ ഒരു പണ്ഡിതനായിരുന്നു എക്കോ. മദ്ധ്യകാലഘട്ടം, ആശ്രമപൌരോഹിത്യ പാരമ്പര്യം, ഭാഷ, എല്ലാ തരത്തിലുമുള്ള നിഗൂഢമായ അറിവികളുമായും അദ്ദേഹത്തിന് ദീര്‍ഘകാലത്തെ അടുപ്പം ഉണ്ടായിരുന്നു.

ഇറ്റലിയിലെ സര്‍വകലാശാലകളില്‍ അദ്ധ്യാപകനായിരുന്ന എക്കോ 1960-കളിലെ പരീക്ഷണ സന്നദ്ധരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗീതജ്ഞരുടേയും സംഘത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സൌന്ദര്യശാസ്ത്രം സാഹിത്യ വിമര്‍ശം എന്നിവയില്‍ ശ്രദ്ധനേടിയ പല പഠനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ദിനപത്രങ്ങളിലെയും മാസികകളിലെയും നിരന്തരസാന്നിദ്ധ്യമായിരുന്ന എക്കോ, ഇറ്റലിയിലെ ഏറ്റവും പ്രമുഖരായ പൊതുബുദ്ധിജീവികളില്‍ ഒരാളായിരുന്നു.

ഏതാണ്ട് ഒരു യാദൃശ്ചികത പോലെയാണ് അദ്ദേഹം ലോകത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്ന നോവലെഴുത്തുകാരനായത്.

1970-കളുടെ തുടക്കത്തില്‍ ഒരു ലഘു  കുറ്റാന്വേഷണ നോവല്‍ എഴുതാന്‍ താത്പര്യമുണ്ടോ എന്നു ഒരു പ്രസാധകന്‍ എക്കോയോട് ചോദിച്ചു. ഇല്ല എന്നദ്ദേഹം മറുപടിയും നല്കി.

“പക്ഷേ ഞാന്‍ എന്നെങ്കിലും എഴുതുകയാണെങ്കില്‍,” 2008-ല്‍ പാരിസ് റെവ്യൂവില്‍ അദ്ദേഹം ഓര്‍ക്കുന്നു,“അത് മധ്യകാല പുരോഹിതര്‍ കഥാപാത്രങ്ങളായുള്ള ഒരു 500 പുറങ്ങളുള്ള പുസ്തകമായിരിക്കും. അന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കഥാപാത്രങ്ങളായ മധ്യകാല പുരോഹിതരുടെ പട്ടിക ഞാന്‍ ഉണ്ടാക്കാന്‍ തുടങ്ങി. പിന്നീട് വിഷം തീണ്ടിയ ഒരു പുരോഹിതന്റെ ചിത്രം പെട്ടന്നെന്റെ മനസില്‍ വന്നു. അവിടെ നിന്നാണ് തുടങ്ങിയത്, ആ ഒരൊറ്റ ചിത്രത്തില്‍ നിന്നും. അതൊരു അടക്കാനാകാത്ത ത്വരയായി.”

അങ്ങനെ എഴുതിയ പുസ്തകം “The Name of the Rose” ഇറ്റാലിയനില്‍ 1980-ലാന് പ്രസിദ്ധീകരിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലീഷിലും. പുസ്തകം എക്കോയെ പോലും അമ്പരപ്പിച്ചുകൊണ്ട് ലോകമാകെ ജനപ്രിയമായി.

ആധുനികകാലത്ത് കണ്ടെടുത്ത നഷ്ടപ്പെട്ടുപോയെന്ന് കരുതിയിരുന്ന ഒരു ലാറ്റിന്‍ കയ്യെഴുത്തുപ്രതി എന്നു സൂചിപ്പിക്കുന്ന ആ നോവലിന്റെ പശ്ചാത്തലം പുരോഹിതന്മാര്‍ തുടര്‍ച്ചയായി മരണപ്പെടുന്ന 14-ആം നൂറ്റാണ്ടിലെ ഒരു ആശ്രമമാണ്. വൃദ്ധനായ ഒരു പുരോഹിതനാണ് കഥ പറയുന്നത്. ഷെര്‍ലോക്ഹോംസ് രീതിയില്‍ കൊലപാതകങ്ങളുടെ ചുരുളഴിയിക്കുന്ന വില്ല്യം ബാസ്കെര്‍വില്‍ എന്ന പുരോഹിതന്റെ സഹായിയായിരുന്നു ചെറുപ്പത്തിലയാള്‍.

ആ ലളിതമായ കഥാഗതിയിലേക്ക് എക്കോ രാവണന്‍കോട്ട പോലുള്ള ചതിയും,ഗൂഢാലോചനയും, ചെകുത്താന്റെ പ്രേരണയാല്‍ എഴുതിയെന്ന് കരുതുന്ന അരിസ്റ്റോട്ടിലിന്റെ നഷ്ടപ്പെട്ട ഒരു പുസ്തകമടക്കമുള്ള നിഗൂഢാത്ഭുതങ്ങളും വരുന്നൊരു പരമ്പര തന്നെ നിറയ്ക്കുന്നു. 

“സംഖ്യ പ്രതീകാത്മകത, രാസവിദ്യ രഹസ്യങ്ങള്‍, മുത്തുകളുടെ ഭാഷ, വിഗ്രഹാരാധക രഹസ്യങ്ങള്‍, സഭാപ്രമാണങ്ങളുടെ ശാസനചക്രങ്ങളില്‍ നിശ്ചയിക്കപ്പെട്ട ജീവിതം ഇതെല്ലാം അതിഭൌതികമായ അന്തരീക്ഷത്തെ പിന്നേയും പൊലിപ്പിച്ചു,” എന്ന് മൈക്കല്‍ ദിര്‍ദ (വാഷിംഗ്ടണ്‍ പോസ്റ്റ്, 1983) എഴുതി. അതിന്റെ ഫലം,“കൊലപാതകരഹസ്യവും ക്രിസ്ത്യന്‍ രഹസ്യവും ചേര്‍ന്നൊരു രാസവിദ്യസംയോഗം ആയിരുന്നു.”

ലാറ്റിനില്‍ നിന്നും പരിഭാഷപ്പെടുത്താത്ത ഭാഗങ്ങളും മധ്യകാല ആശ്രമത്തിനുള്ളിലെ വിശദാംശങ്ങളും എല്ലാം കലര്‍ന്ന ‘The Name of the Rose’ എളുപ്പത്തില്‍ വായിച്ചുതീര്‍ക്കാവുന്ന ഒന്നല്ല. എന്നിട്ടും അതൊരു അന്താരാഷ്ട്ര ആകര്‍ഷണമായി. നാല്പത് ഭാഷകളിലേറെയായി ദശലക്ഷക്കണക്കിന് പതിപ്പുകള്‍ വിറ്റഴിഞ്ഞു. 1986-ല്‍ ഷീന്‍ കോണറി അഭിനയിച്ച ഒരു ചലച്ചിത്രവുമായി.

എക്കോയുടെ രണ്ടാമത്തെ നോവല്‍ “Foucault’s Pendulam” (1988) ഇതിലേറെ സങ്കീര്‍ണമാണ്. മൂന്നു പ്രസാധക സ്ഥാപന ജീവനക്കാരുടെ ഭാവനാസൃഷ്ടിയായ ഒരു കഥാസന്ദര്‍ഭം ഒരു നിഗൂഢ സംഘത്തിന്റെ ഛായയുള്ള മധ്യകാല ക്രിസ്ത്യന്‍ വിഭാഗമായ Knights Templar-മായി അപകടകരമായ ആധുനികകാല ഏറ്റുമുട്ടലുകളിലേക്ക് വളരുന്നു. സ്റ്റോണ്‍ഹെഞ്ചും ഡിസ്നി വേള്‍ഡും കാള്‍ മാര്‍ക്സുമെല്ലാം നോവലില്‍ കടന്നുവരുന്നു.

കിട്ടിയ വിമര്‍ശനങ്ങള്‍ ഒട്ടും മയമില്ലാത്തവയായിരുന്നു. “ഒരു രസവുമില്ലാത്ത, സ്വഭാവഗുണമില്ലാത്ത, വിശ്വസനീയമായ ഒരു വാക്കുപോലുമില്ലാത്ത, മനംമടുപ്പിക്കുന്ന തരത്തില്‍ അതിസാങ്കേതികമായ അര്‍ത്ഥശൂന്യ ഭാഷ നിറഞ്ഞ” ഒന്നാണെന്ന് സല്‍മാന്‍ റഷ്ദി പ്രഖ്യാപിച്ചു.

ന്യൂ യോര്‍ക് ടൈംസില്‍ ഹെര്‍ബെര്‍ട് മിറ്റ്ഗാങ് എഴുതിയത്, നോവലിലെ സത്യവും ഏറ്റവും ചെറുതുമായ വാചകം ഇങ്ങനെയാണ്: ‘ഞാന്‍ വഴിതെറ്റുന്നു.”

എന്തൊക്കെയായാലും ‘Foucault’s Pendulam’ മറ്റൊരു വന്‍ വിജയമായിരുന്നു. തുടര്‍ന്നുള്ള നോവലുകളില്‍ “The Island of the Day Before,” (1994) കപ്പല്‍ച്ചേതം വന്ന ഒരാളുടെ രക്ഷപ്പെടല്‍,“Baudolino” (2000) മധ്യകാല മതസംഘര്‍ഷങ്ങള്‍,“The Mysterious Flame of Queen Loana” (2004) വായിച്ചതെല്ലാം ഓര്‍ക്കുന്ന എന്നാല്‍ സ്വന്തം കുടുംബത്തെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു പുസ്തക വ്യാപാരി,“The Prague cemetery” (2010) സെമിറ്റിക് വിരോധത്തിന്റെ വേരുകള്‍ എന്നീ പ്രമേയങ്ങളായിരുന്നു എക്കോ തെരഞ്ഞെടുത്തത്.

അവസാന നോവലായ “Numero Zero”യില്‍ (2015) രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച ഇറ്റാലിയന്‍ ഏകാധിപതി ബെനിറ്റോ മുസോളിനി അതിനുശേഷം ഏറെ വര്‍ഷങ്ങള്‍ ജീവിച്ചിരുന്നതായി പറയുന്നു.

എക്കോയെ സംബന്ധിച്ചു നോവലുകള്‍, മറ്റൊരു രൂപത്തില്‍ അദ്ദേഹത്തിന്റെ ദാര്‍ശനികവൃത്തിയുടെ ഒരു അനുബന്ധമായിരുന്നു.

“കുറ്റാന്വേഷണ നോവല്‍ തത്ത്വചിന്തയുടെ കേന്ദ്രസമസ്യയാണ് ഉയര്‍ത്തുന്നത്-ആരാണത്  ചെയ്തത്?” അദ്ദേഹം പറഞ്ഞു. 

വടക്കുപടിഞ്ഞാറന്‍ ഇറ്റലിയിലെ അലെസ്സാന്ദ്രിയ എന്നൊരു ചെറുനഗരത്തില്‍ 1932 ജനുവരി 5-നാണ് ഉംബെര്‍ടോ എക്കോ ജനിച്ചത്. ഒരു കണക്കെഴുത്തുകാരനായിരുന്നു അച്ഛന്‍. ഒരു അനാഥനായ എക്കോയുടെ മുത്തച്ഛന് ഒരു ഉദ്യോഗസ്ഥന്‍ നല്കിയ വീട്ടുപേരായിരുന്നു അത്. ലാറ്റിനില്‍ നിന്നും എടുത്ത ഒന്നു,“സ്വര്‍ഗത്തില്‍ നിന്നുള്ള സമ്മാനം.”

തന്റെ പേരക്കുട്ടിക്ക് ചെറുപ്രായത്തിലെ മുഴുകാനാകും വിധം വലിയൊരു പുസ്തകശേഖരം കൈമാറിയ ഒരു മുദ്രണപ്പണിക്കാരനായിരുന്നു എക്കോയുടെ മുത്തച്ഛന്‍. തന്റെ മുത്തച്ഛനോടുള്ള ആദരവ് കാണിക്കാന്‍ കൂടിയാകാം പല കഥാപാത്രങ്ങള്‍ക്കും, Baskerville, Garamond, Palatino, Bodoni എന്നിങ്ങനെ അക്ഷരരൂപങ്ങളുടെ പേരിട്ടത്. 

1954-ല്‍ ടൂറിന്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്തു. തുടര്‍ന്ന് അഞ്ചു കൊല്ലം ഇറ്റാലിയന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഒരു മിലാന്‍ പ്രസാധക സ്ഥാപനത്തില്‍ എഡിറ്ററായും. ഇത് അദ്ദേഹത്തില്‍ ബഹുജന മാധ്യമങ്ങളിലും ജനപ്രിയ പരിപാടികളിലുമുള്ള ശക്തമായ താത്പര്യം വളര്‍ത്തി.

അക്കാലത്തുതന്നെ കോളേജുകളില്‍ പഠിപ്പിക്കാനും പഠനങ്ങള്‍ പ്രസിദ്ധീകരിക്കാനും തുടങ്ങിയിരുന്നു. ബ്രിട്ടനിലും യു എസിലുമുള്ള സര്‍വകലാശാലകളില്‍ പ്രഭാഷണങ്ങളും അക്കാലത്ത് നടത്തി. 1088-ല്‍ സ്ഥാപിതമായ ബോളോന സര്‍വകലാശാലയില്‍ ആദ്യത്തെ ചിഹ്ന വിജ്ഞാനീയ പ്രൊഫസറായി 1971-ല്‍ നിയമിതനായി.

മിലാനിലും പാരീസിലും ജീവിച്ച അദ്ദേഹത്തിന്റെ ഭക്ഷണത്തോടും വിവിധതരം പാനീയങ്ങളോടുമുള്ള കമ്പം പ്രസിദ്ധമാണ്. ഒരു നോവലെഴുത്തുകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായിട്ടും തന്റെ ജീവിതത്തില്‍ ഉടനീളം അദ്ദേഹം പഠനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. 2008-ലാണ് അധ്യാപനവൃത്തി അവസാനിപ്പിച്ചത്.

അരലക്ഷം പുസ്തകങ്ങളുടെ ഒരു സ്വകാര്യ പുസ്തകശേഖരമുണ്ടായിരുന്ന എക്കോയ്ക്ക് ഏതാണ്ട് അവയുടെയെല്ലാം ഉള്ളടക്കവും അറിയാമായിരുന്നു. ലാറ്റിനും ക്ലാസിക്കല്‍ ഗ്രീക്കുമടക്കം 7 ഭാഷകളില്‍ പണ്ഡിതോചിതമായ പ്രഭാഷണം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇതിനിടയിലും ജനപ്രിയ സംസ്കാരം, കാര്‍ട്ടൂണുകള്‍, ചലച്ചിത്രം, പരസ്യം, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലെല്ലാം അദ്ദേഹം താത്പര്യം സൂക്ഷിച്ചു.

“പോപ് ഗാങ്ങളും കോമിക് സ്ട്രിപ്പുകളും ചവറാണെന്ന്  കണക്കാക്കുന്നവയാകാം, പക്ഷേ അതിലും മികച്ചവയുണ്ടാകാം-Peanusts പോലെ,” 2002-ല്‍ എക്കോ പറഞ്ഞു. “ഹോമറും വാല്‍റ്റ് ഡിസ്നിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ ഒരു ജാപ്പനീസ് ഹൈകു പോലെ മിക്കി മൌസിന് പൂര്‍ണമാകാന്‍ കഴിയും.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍