UPDATES

വിദേശം

യുഎന്‍ സമാധാനപാലകരുടെ ലൈംഗിക അതിക്രമങ്ങള്‍

Avatar

കെവിന്‍ സിയേഫ്
(വാഷിങ്ടണ്‍ പോസ്റ്റ്)

ലൈംഗിക അതിക്രമങ്ങളെപ്പറ്റിയുള്ള ആരോപണങ്ങളില്‍ ഉലയുകയാണ് യു എന്‍. ‘സംവിധാനത്തെ ബാധിച്ചിരിക്കുന്ന ക്യാന്‍സറാണ് ലൈംഗികാതിക്രമങ്ങള്‍’ എന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍  പറയിന്നിടം വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ യുഎന്‍ സമാധാനപാലകരില്‍ നാലുപേരെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പണം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പുതിയ വിവാദം.

കഴിഞ്ഞ 14 മാസത്തിനുള്ളില്‍ ലൈംഗികപീഡനവും ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട് 22 സംഭവങ്ങളാണ് ഇവിടത്തെ ദൗത്യസംഘത്തിനുമേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഈ മാസം പുറത്തുവന്ന സംഭവം ഇതിനുപുറമെയാണ്. ലൈംഗിക അതിക്രമങ്ങളോട് കര്‍ശന നിലപാട് സ്വീകരിക്കുക എന്ന ബാന്‍ കി മൂണിന്റെ നയത്തെത്തുടര്‍ന്നാണ് കൂടുതല്‍ സംഭവങ്ങള്‍ പുറത്തുവരുന്നത്.

ആഫ്രിക്കയില്‍ ഒന്‍പത് സമാധാനപാലന ദൗത്യസംഘങ്ങളാണ് ഐക്യരാഷ്ട്രസഭയ്ക്കുള്ളത്. ഒരു ലക്ഷത്തോളം പേര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു. ലൈംഗിക അതിക്രമങ്ങള്‍ ദൗത്യങ്ങളുടെ നിയസാധുതയ്ക്കു തന്നെ ഭീഷണിയാണ്. മുന്‍പ് മാലി, ദക്ഷിണ സുഡാന്‍, ലൈബീരിയ, ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളില്‍നിന്ന് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

‘ഇത്തരം സംഭവങ്ങള്‍ പുറത്തുകൊണ്ടുവരാനും ഒഴിവാക്കാനും ഉദ്ദേശിച്ചുള്ള നയങ്ങള്‍ ശരിയായി നടപ്പാക്കാത്തത് സമാധാനപാലന ദൗത്യത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നുവെന്ന്’  കഴിഞ്ഞ മാസം യുഎന്‍ പ്രസിദ്ധീകരിച്ച ഒരു സ്വതന്ത്രപഠനറിപ്പോര്‍ട്ട് പറയുന്നു.  സംവിധാനത്തിലെ പാളിച്ചകള്‍ മൂലം കുറ്റവാളികള്‍ രക്ഷപെടുന്നത് മറ്റുള്ളവരില്‍ ഇത്തരം കുറ്റങ്ങളില്‍ ശിക്ഷ ലഭിക്കില്ലെന്ന തോന്നലുണ്ടാക്കുന്നു.

‘ ഇത്തരം ചൂഷണങ്ങള്‍ ഞങ്ങളുടെ എല്ലാ നന്മകളെയും ഇല്ലാതാക്കുന്നു’, യുഎന്‍ ഫീല്‍ഡ് സപ്പോര്‍ട്ട് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അന്തോണി ബാന്‍ബറി പറയുന്നു.

ആഭ്യന്തര കലാപം അവസാനിപ്പിക്കാനും സര്‍ക്കാരിനെ സഹായിക്കാനുമായി 2014ലാണ് യുഎന്‍ സേനയും സിവിലിയന്മാരും അടങ്ങുന്ന ദൗത്യസേന സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെത്തുന്നത്. എന്നാല്‍ ഇന്ന് ലൈംഗിക അതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും പേരിലാണ് ദൗത്യം അറിയപ്പെടുന്നത്.

‘സംരക്ഷിക്കാനെത്തിയ ജനതയെ അവര്‍ ഇരകളാക്കുകയാണ്’, രാജ്യത്തെ യുഎന്‍ തലവന്‍ പാര്‍ഫെയ്റ്റ് ഒനാന്‍ഗ അന്യന്‍ഗ പറയുന്നു.

13 വയസുകാരിയെ പോലും പണം നല്‍കി ലൈംഗികചൂഷണത്തിനിരയാക്കിയെന്നാണ് ഇപ്പോഴത്തെ സംഭവം കാണിക്കുന്നത്. തലസ്ഥാനമായ ബാന്‍ഗുയിയിലെ രാജ്യാന്തര വിമാനത്താവളത്തിനടുത്ത് ഒരു അഭയാര്‍ത്ഥിക്യാംപിലാണ് സംഭവം. എംപോക്കോ ക്യാംപ് എന്നറിയപ്പെടുന്ന ഇവിടെ ഇരുപതിനായിരത്തോളം പേരാണ് താമസിക്കുന്നത്. പഴയതും തുരുമ്പെടുക്കുന്നതുമായ വിമാനങ്ങള്‍ക്കു ചുറ്റും റണ്‍വേയില്‍നിന്ന് വാരകള്‍ക്കപ്പുറത്താണ് ഈ ക്യാംപ്.

അതിക്രമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍, അക്രമികളുടെ രാജ്യം എന്നിവ സംബന്ധിച്ച് യുഎന്‍ ഇതുവരെ പൊതുപ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ പലപ്പോഴായി യുഎന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അഭിമുഖങ്ങളില്‍നിന്ന് അതിക്രമം നടത്തിയവര്‍ ഗാബണ്‍, മൊറോക്കോ, ബുറുണ്ടി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണെന്നു വ്യക്തമായിട്ടുണ്ട്.

ആണ്‍കുട്ടികളും ചെറുപ്പക്കാരുമടങ്ങുന്ന ഒരു പെണ്‍വാണിഭസംഘമാണ് പെണ്‍കുട്ടികളെ കൈമാറിയത്. 50 സെന്റ് മുതല്‍ മൂന്നു ഡോളര്‍ വരെയാണ് ഇരകള്‍ക്കു നല്‍കിയിരുന്നതെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുഎന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇനിയും പുറത്തുവരാത്ത ഇത്തരം സംഭവങ്ങള്‍ വേറെയും ഉണ്ടാകുമെന്നാണു കരുതപ്പെടുന്നത്. എംപോക്കോയില്‍ സ്ഥിരം യുഎന്‍ ദൗത്യമില്ല എന്നത് പ്രശ്‌നത്തിന്റെ വ്യാപ്തി അളക്കുന്നതിനു തടസമാകുന്നു.

ഇപ്പോഴത്തെ സംഭവത്തിനുമുന്‍പുതന്നെ എംപോക്കോയില്‍ ലൈംഗികചൂഷണം നടന്നിരുന്നു. ആഭ്യന്തരകലാപം രൂക്ഷമായ സെപ്റ്റംബര്‍ മുതല്‍ ഇവിടെ ജനസംഖ്യയില്‍ കുത്തനെ വര്‍ധനയുണ്ടായി. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് ഈ ക്യാംപിലും പരിസരത്തുമായി ഒന്‍പത് ലൈംഗിക അതിക്രമങ്ങള്‍ നടന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കണ്ടെത്തിയിരുന്നു. പല സംഭവങ്ങളിലും ക്രിസ്ത്യന്‍ യുവതികളെ ക്രിസ്ത്യന്‍ ആന്റി ബാലാക ഭീകരരാണ് പീഡിപ്പിച്ചത്. മുസ്ലിങ്ങളുമായി ഇടപഴകിയെന്നാരോപിച്ചായിരുന്നു പീഡനം. ബാന്‍ഗുയിയില്‍ ഉടനീളം സംഘര്‍ഷം ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിലാണ്.

‘എംപോക്കോ നിയമമില്ലാത്ത നാടാണ്. ആന്റി – ബാലാക ഭീകരരാണ് വിമാനത്താവളത്തിനു നൂറുമീറ്റര്‍ അകലെവരെ പ്രദേശം നിയന്ത്രിക്കുന്നത്. ക്യാംപിന് സുരക്ഷാസംവിധാനങ്ങളൊന്നുമില്ല. ഇവിടെ സ്ത്രീകള്‍ മാനഭംഗത്തിന് ഇരയാകുന്നു’, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് റിസര്‍ച്ചര്‍ ലൂയിസ് മഡ്ജ് പറയുന്നു.

നിയമരാഹിത്യവും ദാരിദ്ര്യവും കൊണ്ട് ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുന്ന ഇവിടത്തെ സ്ത്രീകളെ ചൂഷണം ചെയ്യുന്നവരില്‍ സ്വന്തം ഉദ്യോഗസ്ഥരുമുണ്ടെന്ന് യുഎന്‍ സമ്മതിക്കുന്നത് ഇതാദ്യമായാണ്.

‘സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച് ഭീകരവും അസ്വീകാര്യവുമായ കാര്യങ്ങള്‍ നടക്കുന്ന സ്ഥലമാണ് എംപോക്കോ ക്യാംപ്, ബാന്‍ബറി പറയുന്നു. ” യുഎന്‍ സംഘാംഗങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടതായി വിശ്വസനീയമായ ആരോപണങ്ങളുണ്ട്’.

എംപോക്കോയില്‍ യുഎന്‍ സേനാ പട്രോളിങ് ശക്തമാക്കുകയും പെണ്‍വാണിഭസംഘത്തെ ഇല്ലാതാക്കുകയും ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ബാന്‍ബറി അറിയിച്ചു.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ യുഎന്‍ മിഷന്‍ ലൈംഗിക അതിക്രമ ആരോപണങ്ങളാല്‍ സമ്പന്നമാണ്. ഓഗസ്റ്റില്‍ മുന്‍ യുഎന്‍ പ്രതിനിധിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ കാരണം ഇത്തരം ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ പരാജയമാണ്. ബാന്‍ഗുയിയില്‍ സംഭവിച്ചതിനെപ്പറ്റി അന്വേഷിക്കാന്‍ യുഎന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ മറ്റ് സമാധാനദൗത്യസേനാംഗങ്ങള്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളില്‍ നടപടിയെടുക്കാത്തതിന് യുഎന്‍ വിമര്‍ശനം നേരിടുകയാണ്. ഫ്രാന്‍സ്, ഛാഡ്, ഇക്വറ്റോറിയല്‍ ഗ്വയിന എന്നിവിടങ്ങളില്‍ നിന്നുള്ള 14 സേനാംഗങ്ങള്‍ ഒന്‍പതും പതിനഞ്ചും വയസിനിടയിലുള്ള ആറ് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ബലാത്കാരത്തിനും ഉപയോഗിച്ചതായാണ് ആരോപണം. 2013-14 കാലത്ത് യുഎന്‍ ദൗത്യം ഔദ്യോഗികമായി ആരംഭിക്കുന്നതിനു മുന്‍പായിരുന്നു സംഭവം.

ആഭ്യന്തര അന്വേഷണവിവരങ്ങള്‍ ഒരു വിസില്‍ബ്ലോവര്‍ ഫ്രഞ്ച് അധികൃതര്‍ക്കു ചോര്‍ത്തിക്കൊടുക്കുംവരെ ഈ ആരോപണങ്ങളില്‍ യുഎന്‍ നടപടിയൊന്നുമെടുത്തില്ല. ബാന്‍ഗുയിയിലെ യുഎന്‍ ഉദ്യോഗസ്ഥര്‍ വ്യക്തികള്‍ നടത്തിയ ഈ കുറ്റകൃത്യങ്ങളില്‍ കണ്ണടയ്ക്കുകയാണു ചെയ്തതെന്ന് കാനഡ സുപ്രിം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് മാരി ഡെഷാംപ്‌സ് ഉള്‍പ്പെട്ട പാനല്‍ കഴിഞ്ഞമാസം കണ്ടെത്തിയിരുന്നു.

ഓഗസ്റ്റില്‍ യുദ്ധഭൂമിയായ ബാംബരിയില്‍ രണ്ടു സ്ത്രീകളും ഒരു പെണ്‍കുട്ടിയും മൂന്ന് യുഎന്‍ സേനാംഗങ്ങള്‍ക്കെതിരെ മാനഭംഗക്കുറ്റാരോപണം നടത്തിയിരുന്നു.

അതേ മാസം ബാന്‍ഗുയിയിലെ മുസ്ലിം പ്രദേശത്ത് ഒരു യുഎന്‍ പൊലീസ് ഓഫിസര്‍ 12 വയസുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതായും ആരോപണമുണ്ട്. സേന വീട് പരിശോധിക്കുമ്പോള്‍ ഈ കുട്ടി ബാത്‌റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പറയുന്നു. ‘ഞാന്‍ കരഞ്ഞപ്പോള്‍ അയാള്‍ എന്നെ അടിച്ചു; എന്റെ വായ പൊത്തി,’ കുട്ടി പിന്നീട് ആംനസ്റ്റിയോട് പറഞ്ഞു.

വര്‍ഷങ്ങളായി സ്വന്തം സേനകളും ജീവനക്കാരും നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ യുഎന്‍ ശ്രമിച്ചുവരികയാണ്. നടപടിക്രമങ്ങളിലെ കുഴപ്പങ്ങള്‍ തിരിച്ചറിയാന്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചുകഴിഞ്ഞു. സമാധാനപാലകര്‍ക്കുള്ള പരിശീലനത്തില്‍ ‘ലൈംഗികചൂഷണവും അതിക്രമവും’ എന്നതുകൂടി ഉള്‍പ്പെടുത്തി. അക്രമികള്‍ ഉള്‍പ്പെടുന്ന സമാധാനപാലനസംഘങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനെ ബാന്‍ കി മൂണ്‍ അനുകൂലിക്കുന്നു.

എന്നാല്‍ ഇഴഞ്ഞുനീങ്ങുന്ന അന്വേഷണങ്ങള്‍ നടപടികളെ ഫലവത്താക്കുന്നില്ല. കുറ്റവാളികളെ ശിക്ഷിക്കുക എന്ന ചുമതല അതതുരാജ്യങ്ങള്‍ക്കാണ് എന്നത് മറ്റൊരു കടമ്പയാണ്. മിക്കകേസുകളിലും രാജ്യങ്ങള്‍ പാതിമനസോടെ അന്വേഷണം നടത്തുകയും കുറ്റവാളികള്‍ രക്ഷപെടുകയും ചെയ്യുന്നു.

‘ കാര്യങ്ങള്‍ വളരെ നിരാശാജനകമാണ് എന്നു പറയാതെ വയ്യ,’ ബാന്‍ബറി പറയുന്നു.

‘സര്‍ക്കാരുകളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനു പകരം ലൈംഗിക അതിക്രമത്തിന് ഇരകളാകുന്നവരിലാകണം യുഎന്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്,’  ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വനിതകളുടെ അവകാശ വിഭാഗം അഭിഭാഷക സാറ ടെയ്‌ലര്‍ പറയുന്നു.

വിദേശത്ത് സേവനമനുഷ്ഠിക്കുമ്പോള്‍ ലൈംഗിക കുറ്റങ്ങള്‍ ചെയ്താലും രക്ഷപ്പെടാം എന്നൊരു തോന്നല്‍ യുഎന്‍ ജീവനക്കാരിലുണ്ടാക്കാന്‍ ശിക്ഷാനടപടികളുടെ അപര്യാപ്തത സഹായിക്കുന്നുവെന്ന് പലരും കരുതുന്നു.

‘ പ്രത്യേക അവകാശമുള്ള വിഭാഗമാണെന്നും ലൈംഗിക അതിക്രമങ്ങള്‍ ഗൗരവമുള്ള കുറ്റമല്ല എന്നും അവര്‍ കരുതുന്നു, ‘ യുഎന്‍ അംഗങ്ങള്‍ നടത്തുന്ന ലൈംഗികകുറ്റങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന കോഡ് ബ്ലൂ ക്യാംപെയ്ന്‍ നേതാവ് പൗല ഡോനോവന്‍ പറയുന്നു.

യുഎന്‍ അംഗങ്ങളുടെ പേരിലുള്ള ലൈംഗികക്കുറ്റങ്ങള്‍ 2008-2014 കാലത്ത് 83ല്‍നിന്ന് 51 ആയി കുറഞ്ഞു. ശക്തമായ ഇടപെടലിന്റെ തെളിവായി യുഎന്‍ ഇത് എടുത്തുകാട്ടുന്നു. എന്നാല്‍ എണ്ണം അപൂര്‍ണമാണെന്നും മിക്ക സംഭവങ്ങളും പുറത്തുവരാറില്ലെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

‘ ഡാറ്റ പൂര്‍ണമല്ലെന്നു മാത്രമല്ല, അത് വെറും തമാശയുമാണ്,’ ഡോനോവന്‍ പറയുന്നു.

നിയമവ്യവസ്ഥയില്ലാത്ത യുദ്ധപ്രദേശങ്ങളില്‍ അധികൃതരും പൊതുജനങ്ങളും തമ്മില്‍ കടുത്ത അവിശ്വാസം നിലനില്‍ക്കുമ്പോള്‍ ഇത്തരം കേസുകള്‍ പുറത്തുവരിക അസാധ്യം തന്നെയാണെന്നു പലരും ചൂണ്ടിക്കാട്ടുന്നു. ‘ആയുധധാരിയായ അക്രമി കൂടുതല്‍ ഉപദ്രവിക്കുമെന്ന് ഇരകള്‍ ഭയക്കുന്നു,’ വാഷിങ്ടണിലെ സിവിലിയന്‍സ് കോണ്‍ഫ്‌ളിക്ട് എന്ന സംഘടന കഴിഞ്ഞ വര്‍ഷം നടത്തിയ പഠനം പറയുന്നു.

മറ്റു പല സംഭവങ്ങളിലും പട്ടിണിക്കാരായ സ്ത്രീകളും പെണ്‍കുട്ടികളും ഭക്ഷണവും പണവും സ്വീകരിച്ച് ലൈംഗികഅതിക്രമങ്ങള്‍ മറക്കുന്നു.

‘ സാമൂഹിക സുരക്ഷ നഷ്ടമായിക്കഴിഞ്ഞ സമൂഹമാണിത്. ചെറുപ്രായക്കാര്‍ സ്വന്തം കാര്യം നോക്കാന്‍ നിര്‍ബന്ധിതരാകുന്ന ഇവിടെ ഇത്തരം അക്രമങ്ങള്‍ മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലെയാണ്’, ഒനാന്‍ഗ അന്യാന്‍ഗ ചൂണ്ടിക്കാട്ടുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍