UPDATES

ശ്രുതീഷ് കണ്ണാടി

കാഴ്ചപ്പാട്

ശ്രുതീഷ് കണ്ണാടി

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് പ്രക്ഷോഭം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ആരെയൊക്കെയാണ്?

ഉന ദലിത് അത്യാചാര്‍ ലഡത് സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹാ ദളിത്‌ റാലിക്ക് അങ്ങനെ ആഗസ്റ്റ്‌ 15ന് സമാപനമാവുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യ പ്രഖ്യാപനമെന്നോ രാഷ്ട്രീയ മുന്നേറ്റമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഈ റാലിക്ക് സവിശേഷതകള്‍ ഏറെയുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ജനാധിപത്യ വിശ്വാസികളുടെ പിന്തുണ നേടി കരുത്താര്‍ജ്ജിച്ച റാലി ഇന്ത്യയിലെ ബ്രാഹ്മണിക ഫാസിസത്തിന് നല്‍കുന്ന അവസാനത്തെ താക്കീതായിരിക്കും. നിരവധി കാലങ്ങളിലൂടെ, തലമുറകളിലൂടെ സഞ്ചരിച്ച് ഇവിടെ വേരാഴ്ത്തിയ ബ്രാഹ്മണ അധീശത്വ വ്യവഹാരത്തിന്‍റെ അടിത്തറ ഇളക്കാന്‍ ഈ ബഹുജന മുന്നേറ്റത്തിന് കഴിയുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം. കേവലമൊരു ദളിത്‌ റാലി എന്നതിനപ്പുറം മുസ്ലിം ഉള്‍പ്പെടെയുള്ള കീഴാള-ന്യൂനപക്ഷ-ബഹുജന്‍ വിഭാഗങ്ങളുടെയും പ്രത്യക്ഷമായ പിന്തുണയോടെ നയിക്കപ്പെടുന്ന ‘ആസാദി കൂച്ച്’ എന്ന മഹാ മുന്നേറ്റത്തിനു മുന്നില്‍ ഇന്ത്യയിലെ സവര്‍ണ്ണ ഫാസിസ്റ്റുകള്‍ക്ക് കീഴടങ്ങേണ്ടി വരുമെന്നത് ചരിത്ര നിയോഗമായിരിക്കാം.

ഇരകളും വേട്ടക്കാരും തമ്മിലുള്ള ശബ്ദത്തിന്‍റെ അകലം കുറയ്ക്കുക എന്നുള്ളതാണ് ലോകത്ത് മിക്കയിടങ്ങളിലും അധീശത്വ വ്യവഹാരങ്ങള്‍ ചെയ്തു വന്നിട്ടുള്ളത്. ഇരയും വേട്ടക്കാരനും പ്രത്യക്ഷത്തില്‍ ഒന്നാണെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ വേട്ടക്കാരന് കൃത്യമായ മേല്‍ക്കൈ നേടിക്കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ് ഭരണകൂട തന്ത്രമെന്നത് ഗ്രാംഷിയന്‍ വായനയിലൂടെ നമുക്ക് മനസ്സിലാക്കാം. ഇത്തരത്തില്‍ നിലവിലിരിക്കുന്ന ഒരു ഹെജിമണിക്കെതിരെ ചെറിയ രീതിയിലുള്ള വെല്ലുവിളിയെങ്കിലും ഉയര്‍ത്തുക എന്നുള്ളത് എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാവുന്ന ഒരു കാര്യമല്ല. ഭൗതികമായി വികാസം പ്രാപിക്കുന്ന തലമുറകളുടെ ഇടപെടല്‍ കൊണ്ട് മാത്രമേ ഇത്തരം ഹെജിമണിയെ തിരിച്ചറിയാനെങ്കിലും നമുക്ക് സാധിക്കുകയുള്ളു. അവിടെയാണ് ഗ്രാംഷി പറഞ്ഞ ഓര്‍ഗാനിക് ഇന്‍റലക്ച്വലുകളുടെ പ്രത്യക്ഷമായ സാന്നിധ്യം ആവശ്യമായി വരുന്നത്. സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ നിന്നും വരുന്ന വിഭാഗങ്ങളുടെ രാഷ്ട്രീയമായ തിരിച്ചറിവിനെയും മുന്നേറ്റത്തെയുമാണ്‌ ഓര്‍ഗാനിക് ഇന്‍റലക്ച്വലുകളുടെ ഇടപെടലായി ഗ്രാംഷി കണക്കാക്കുന്നത്. അത്തരത്തില്‍ രാജ്യത്തെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായ ദളിത്‌-കീഴാള ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഭാഗമായുണ്ടായ ഗുജറാത്ത് മുന്നേറ്റത്തെ ഈ വിഭാഗങ്ങളില്‍പ്പെട്ട പുതുതലമുറയുടെ ഭൗതികമായ മുന്നേറ്റമായി കൂടെ വിലയിരുത്തേണ്ടതായുണ്ട്. അതായത് ഗുജറാത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ദളിതരുടെ ഈ രാഷ്ട്രീയ ഇടപെടലിനെ കേവലമൊരു രോഷപ്രകടനം മാത്രമായി വിലകുറച്ച് കാണാതെ അത് അവര്‍ നേടിയെടുത്ത ഭൗതികമായ വളര്‍ച്ചയായിട്ട് കൂടി അടയാളപ്പെടുത്താന്‍ നമ്മുടെ മുഖ്യധാര സമൂഹം തയ്യാറാവേണ്ടതുണ്ട്.

ഒരാഴ്ച്ചയിലധികം നീണ്ടു നിന്ന മഹാറാലി ഓഗസ്റ്റ് പതിനഞ്ചിന് ഉനയില്‍ സമാപിക്കുമ്പോള്‍ നിലവിലിരിക്കുന്ന നിരവധി ജാതീയമായ പൊള്ളത്തരങ്ങളെ വെളിച്ചത്തു കൊണ്ട് വരാനും കഴിഞ്ഞിട്ടുണ്ടെന്നു നാം മനസ്സിലാക്കണം. നമ്മുടെ മുഖ്യധാര മാധ്യമങ്ങളെയും പ്രസ്ഥാനങ്ങളെയുമാണ്‌ ഈ ബഹുജന്‍ റാലി പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. പീഡിപ്പിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട, പ്രവേശനം നിഷേധിക്കപ്പെട്ട, കൊലചെയ്യപ്പെട്ട ദളിതരെ കുറിച്ച് ചെറിയ കോളം വാര്‍ത്തയെങ്കിലും കൊടുക്കാന്‍ തയ്യാറാകുന്ന മാധ്യമങ്ങള്‍ അവര്‍ നടത്തുന്ന രാഷ്ട്രീയ മുന്നേറ്റത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ഒരു തരത്തിലും നീതീകരിക്കാന്‍ കഴിയുന്നതല്ല. ‘ഇരകള്‍’ അല്ലാത്ത ദളിതരെ അംഗീകരിക്കാന്‍ പൊതു സമൂഹത്തിനോ മുഖ്യധാര മാധ്യമങ്ങള്‍ക്കോ കഴിയുന്നില്ലെന്ന അജിത്‌ കുമാര്‍ എ.എസിന്‍റെ നിരീക്ഷണം ശ്രദ്ധേയമാകുന്നതും അതുകൊണ്ട് തന്നെ. അതായത് കീഴാള ജന വിഭാഗങ്ങള്‍ സ്വന്തം അസ്തിത്വത്തില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നതും നാവുയര്‍ത്തി സംസാരിക്കുന്നതും പലരെയും അസ്വസ്ഥരാക്കുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. ഭൗതിക വികാസത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും നിഷേധിക്കപ്പെട്ട് ഇരുട്ടിലാണ്ട ഒരു ജനതയെ ആ രീതിയില്‍ തന്നെ നിലനിര്‍ത്തേണ്ടത് നമ്മുടെ മുഖ്യധാര രാഷ്ട്രീയ പാര്‍ടികളുടെയെല്ലാം ആവശ്യമായിരുന്നെന്ന സത്യം ഈ മുന്നേറ്റം കാണിച്ചു തരുന്നുണ്ട്.

ദളിത്‌ മുന്നേറ്റങ്ങളെ, അവരുടെ പ്രക്ഷോഭങ്ങളെ ഏജന്‍സികളെ ഉപയോഗിച്ച് ഹൈജാക്ക് ചെയ്യുക എന്ന ചരിത്രപരമായ കുതന്ത്രം പക്ഷേ ഇവിടെ വിലപോകില്ല എന്ന തിരിച്ചറിവ് നമ്മുടെ രാഷ്ട്രീയ സംഘടനകള്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നു. ഒരാഴ്ച്ചയിലധികമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ദളിത്‌ മുന്നേറ്റത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന നിലപാട് നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ സ്വീകരിച്ചതും മറ്റൊന്നും കൊണ്ടാവില്ല. അതായത് ദളിത്‌ സ്വത്വത്തെ അവരുടെ സ്വതന്ത്രമായ നിലനില്‍പിനെ മുഖ്യധാര സമൂഹം ഒരു പോലെ ഭയക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു എന്നതാണ് സത്യം. അപ്പോള്‍ ഇത്തരം ഏജന്‍സികളുടെ ഏറ്റെടുക്കല്‍ നയങ്ങളെ കൂടി പുറന്തള്ളുവാന്‍ കഴിഞ്ഞു എന്നതാണ് ഗുജറാത്തിലെ ദളിത്‌ പ്രക്ഷോഭത്തിന്‍റെ പ്രധാന വിജയ ഘടകങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നത്.

ഈ പ്രക്ഷോഭത്തെ, ഒരു വൈകാരികമാനം പകര്‍ന്നു കൊടുത്ത് ചുരുക്കിക്കാണാന്‍ ശ്രമിക്കുന്ന പൊതു സമൂഹത്തിന്‍റെ നിലപാടുകളും വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്. വികാരങ്ങളാല്‍ നയിക്കപ്പെടുന്ന ഒരാള്‍ക്കൂട്ടം മാത്രമായി ദളിത്‌ മുന്നേറ്റത്തെ വിലയിരുത്തിക്കൊണ്ട് കീഴാള ജനതയുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളൊന്നും യുക്തിസഹമല്ലെന്ന സവര്‍ണ്ണ പൊതുബോധം ഒളിച്ചുകടത്തുന്ന മുഖ്യധാര ഏജന്‍സികളെ തുറന്നു കാണിക്കാനും ഈ മഹാ റാലിക്ക് കഴിഞ്ഞുവെന്നതാണ് സത്യം. ഈ രീതിയില്‍ നിരവധി ഏറ്റെടുക്കല്‍ ഏജന്‍സികളെ പൊളിച്ചു കാട്ടാനും അതിനപ്പുറം ദളിതര്‍ക്കും മറ്റ് അധ:സ്ഥിത വിഭാഗങ്ങള്‍ക്കും സ്വതന്ത്രമായ നിലനില്പ് സാധ്യമാണെന്നും കൂടെ ഗുജറാത്ത് പ്രക്ഷോഭം അടിവരയിടുന്നു.

 

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഈ ദളിത്‌ പ്രക്ഷോഭം പ്രത്യക്ഷത്തില്‍ നിലവിലിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെയും അവരുടെ ഫാസിസ്റ്റ് നിലപാടുകളെയുമാണ് നേരിട്ടാക്രമിക്കുന്നതെന്ന് വളരെ വ്യക്തമാണ്. അല്ലെങ്കില്‍ ആ രീതിയില്‍ മാത്രമാണ് ഈ പ്രക്ഷോഭത്തെ മനസ്സിലാക്കാന്‍ നമ്മുടെ മുഖ്യധാര സമൂഹം ശ്രമിക്കുന്നത്. എന്നാല്‍ ഇത് കേവലം ബിജെപി എന്ന ഫാസിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള സമരമല്ലെന്നും ഹിന്ദുത്വത്തെ ഉള്‍ക്കൊള്ളുന്ന ബ്രാഹ്മണ അധീശത്വ വ്യവഹാരങ്ങളെ ഉള്‍ക്കൊള്ളുന്ന എല്ലാ മുഖ്യധാര രാഷ്ട്രീയ കക്ഷികളും ഇവിടെ പ്രതിസ്ഥാനത്ത് തന്നെയാണെന്നും കൂടെ തിരിച്ചറിയുമ്പോഴാണ് ഈ മുന്നേറ്റത്തിന്‍റെ രാഷ്ട്രീയ പ്രാധാന്യം കൂടുതല്‍ വ്യക്തമാകുന്നത്. ദളിത്‌ – കീഴാള ചിന്താധാരകളെ അംഗീകരിക്കാനും അഭിമുഖീകരിക്കാനും ഇവിടുത്തെ ഇടത് – ലിബറല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആരോഗ്യകരമായ ഒരു പൊളിറ്റിക്കല്‍ ഡിസ്കോഴ്സ് എങ്കിലും ഇവിടെ സാധ്യമാവുകയുള്ളൂ. അല്ലാതെ അംബേദ്‌കര്‍, അയ്യങ്കാളി, പെരിയാര്‍, ഫൂലെ  പോലുള്ള ചിന്താധാരകളെ ഉയര്‍ത്തിപ്പിടിക്കുന്ന കീഴാള രാഷ്ട്രീയത്തെ കേവലം ‘സ്വത്വതീവ്രവാദം’ എന്നൊക്കെ പറഞ്ഞ് അടച്ചാക്ഷേപിക്കുന്ന ലിബറല്‍ നാട്യങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത്. ഇപ്പോഴും ദളിത്‌ വിമര്‍ശനങ്ങളുടെ കാതലായ അംശം പോലും പലര്‍ക്കും ഉള്‍ക്കൊള്ളാനാകാത്തതിന്‍റെ പ്രധാന കാരണവും മറ്റൊന്നാവില്ല. അതായത് നിലവിലെ ഗുജറാത്ത് പ്രക്ഷോഭത്തിന്‍റെ മറവില്‍ ഹിന്ദുത്വം എന്നത് ബിജെപിയുടെ അക്കൌണ്ടിലേക്ക് വകയിരുത്തി കൈകഴുകാമെന്ന് ഒരു മുഖ്യധാര രാഷ്ട്രീയ സംഘടനകളും കരുതേണ്ടെന്ന് ചുരുക്കം.

 

രാജ്യത്തെ കേവലമൊരു ന്യൂനപക്ഷ ആശയമായ ബ്രാഹ്മണ്യത്തെ ഇത്രമേല്‍ വളര്‍ത്തിയതിന്‍റെ ഉത്തരവാദിത്തം എല്ലാ മുഖ്യധാര മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കുമുണ്ട്. ഈ ഒരു വിമര്‍ശനം അംഗീകരിക്കാനും അതുവഴി ആരോഗ്യകരമായ ഒരു ഡിസ്കോഴ്സിന് പൊതു സമൂഹം തയ്യാറാകണമെന്നും ഗുജറാത്തിലെ ദളിതര്‍ ഇന്ത്യന്‍ പൊതു സമൂഹത്തോടായി വിളിച്ചു പറയുന്നുണ്ട്. ചുരുക്കത്തില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി നീണ്ടു നിന്ന ദളിത്‌ പ്രക്ഷോഭം ഓഗസ്റ്റ് 15ന് ഉനയില്‍ അവസാനിക്കുമ്പോള്‍ അത് അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വാതന്ത്ര്യ പ്രഖ്യാപനമായിരിക്കുമെന്ന കാര്യം നിസംശയം പറയാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

ശ്രുതീഷ് കണ്ണാടി

ശ്രുതീഷ് കണ്ണാടി

മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്രുതീഷ് കണ്ണാടി ഇപ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നു. ദളിത്‌ പ്രവര്‍ത്തകനാണ്. 'ഒച്ച' ശബമില്ലാത്തവരുടെ ശബ്ദമാണ്. മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവരുടെ, അധ:സ്ഥിത വിഭാഗങ്ങളുടെ, വേട്ടയാടപ്പെടുന്നവരുടെ ശബ്ദം. നാം കേള്‍ക്കാതെ പോകുന്ന, കേട്ടില്ലെന്ന് നടിക്കുന്ന നിലവിളികള്‍ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഒച്ചയിലൂടെ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍