UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉന ചരിത്രം തിരുത്തുകയാണ് – വിജൂ കൃഷ്ണന്‍ എഴുതുന്നു

ഉനയിലൂടെയുള്ള ജാഥ ആവേശകരമായിരുന്നു. ജയ് ഭീം, ബാബ സാഹബ് അംബേദ്കറുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക തുടങ്ങി  നരേന്ദ്ര മോദിക്കും ബി ജെ പി സര്‍ക്കാരിനുമെതിരായ മുദ്രാവാക്യ വിളികള്‍കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊണ്ടു

വിജു കൃഷ്ണന്‍

ഇക്കഴിഞ്ഞ ജൂലായ് 16-നു ഗുജറാത്തിലെ ഉനയില്‍ ഒരു ചത്ത പശുവിന്റെ തോലുരിഞ്ഞു എന്നാരോപിച്ച് നാല് ദളിത യുവാക്കളെ നഗ്നരാക്കി പരസ്യമായി മര്‍ദിച്ചു. ഗോ സംരക്ഷണത്തിന്റെ പേരിലാണ് ഈ മനുഷ്യത്വഹീനമായ ക്രൂരത അരങ്ങേറിയത്. ഇത് ചെയ്തവരാകട്ടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടു കൊണ്ടാടി. ഗോ സംരക്ഷണ ഹിന്ദു അക്രമി സംഘങ്ങള്‍ക്ക് തങ്ങളെ കാത്തിരിക്കുന്നത് എന്താണെന്നതിനെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. സംഭവത്തിനെതിരെ സംസ്ഥാനത്തോട്ടാകെ ഉയര്‍ന്ന പ്രതിഷേധം ദളിത അവകാശങ്ങള്‍ക്കുവേണ്ടിയുള്ള വലിയൊരു മുന്നേറ്റമായി മാറി. ചത്ത പശുവിനേ മറവുചെയ്യലും തോട്ടിപ്പണിയും പോലുള്ള തൊഴിലുകളില്‍ നിന്നുള്ള വിമോചനവും ഭൂമിക്കായുള്ള അവകാശം ഉറപ്പുവരുത്തുന്നതിനും പകരം തൊഴിലുകളും മാന്യമായ ജീവിതവും ആവശ്യപ്പെട്ടുള്ള ഒന്നായി ആ മുന്നേറ്റം വളര്‍ന്നു. ഉനയിലെ ക്രൂരമായ ആക്രമണത്തിന്റെ ഇരകള്‍ക്ക് നീതി കിട്ടാന്‍ ഉന ദളിത് അത്യാചാര്‍ ലടത് സമിതിയും രൂപം കൊണ്ടു

കുറച്ചുദിവസത്തിനുള്ളില്‍ ആഗസ്ത് 5-നു അഹമ്മദാബാദില്‍ നിന്നും ആരംഭിച്ച ദളിത് അസ്മിത യാത്ര ഗുജറാത്തിലെ ഗ്രാമങ്ങളിലൂടെ 400 കിലോമീറ്ററുകളോളം സഞ്ചരിച്ചു. പരമ്പരാഗതമായി ജാതീയമായി അടിച്ചേല്‍പ്പിക്കപ്പെട്ട തൊഴിലുകളായ ചത്ത പശുവിനെ മറവുചെയ്യലും, തോട്ടിപ്പണിയും, അഴുക്കുചാലുകള്‍ വൃത്തിയാക്കലും ഇനി ചെയ്യില്ലെന്ന് ഗ്രാമങ്ങള്‍ തോറും ദളിതര്‍ പ്രതിജ്ഞയെടുത്തു. 10 ദിവസത്തെ യാത്ര ഉനയില്‍ സ്വാതന്ത്ര്യ ദിനത്തിലാണ് സമാപിച്ചത്. ഉന പ്രതിഷേധവും ദളിത് അസ്മിത ജാഥയും ദളിത് ജീവിതങ്ങള്‍ക്കും ആത്മാഭിമാനത്തിനും ഉപജീവനമാര്‍ഗങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ക്കെതിരെയുള്ള ചരിത്രപ്രധാനമായ പ്രതികരണമായിരുന്നു. തനതായ ഈ പ്രതിഷേധത്തിനൊപ്പം ഒരൊറ്റ ലക്ഷ്യത്തോടെ വിവിധ വ്യക്തികളും പുരോഗമന സംഘങ്ങളും ഒന്നിക്കുന്നതും ഇതില്‍ക്കണ്ടു.

മോദാനി മാതൃകയും യാഥാര്‍ത്ഥ്യവും
നരേന്ദ്ര മോദിയും സംഘവും സമ്പദ് സമൃദ്ധി കളിയാടുന്ന ഒരു സ്വപ്നഭൂമി എന്ന പരിവേഷം നല്കി ഗുജറാത്ത് മാതൃക എന്ന മിഥ്യ പരമാവധി പ്രചരിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയത്. വാസ്തവത്തില്‍, ഗുജറാത്തിലെ ജനങ്ങള്‍ വിശേഷിപ്പിക്കുന്നതു പോലെ ജനങ്ങളുടെ ചെലവില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പരമാവധി കൊള്ളയടിക്കാനുള്ള അവസരങ്ങള്‍ സുലഭമായി ഒരുക്കിയ ഒരു ‘മോദാനി മാതൃക’യായിരുന്നു അത്. ഹിന്ദുത്വ അജണ്ടയുടെ പ്രചാരണത്തിന് വര്‍ഗീയ,ജാതീയ ശക്തികള്‍ക്ക് കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യവും കിട്ടി. സംസ്ഥാന ജനസംഖ്യയുടെ 7.1 ശതമാനം ദളിതരാണ്. ഭൂരഹിതരും തൊഴില്‍ രഹിതരും ദരിദ്രരുമാണ് ഇവരില്‍ ഭൂരിഭാഗം പേരും. അദാനി, അംബാനി, ടാറ്റ പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിനു ഏക്കര്‍ ഭൂമി ചുളുവിലക്ക് വിറ്റുതുലച്ചപ്പോള്‍ ജനങ്ങള്‍ ഭൂരഹിതരായി കഴിയുകയാണ്. നവ്സര്‍ജന്‍ ട്രസ്റ്റ് നടത്തിയ പഠനം കാണിക്കുന്നത് ഗുജറാത്തില്‍ തോട്ടിപ്പണിയെടുക്കുന്ന 55,000 പേരുണ്ടെന്നാണ്. അഹമ്മദാബാദില്‍ നിന്നും ഉനയിലേക്കുള്ള യാത്രക്കിടെ ഞങ്ങള്‍ കണ്ടത് കടുത്ത ദാരിദ്ര്യമാണ്. ഞങ്ങളോടു സംസാരിച്ച പല ദളിത് കുട്ടികളും പറഞ്ഞത് വിദ്യാലയങ്ങളില്‍ കടുത്ത ജാതി വിവേചനം അനുഭവിക്കുന്നുണ്ടെന്നും കക്കൂസ് കഴുകാന്‍ നിര്‍ബന്ധിതരാകാറുണ്ടെന്നുമാണ്. പരമ്പരാഗതമായി അടിച്ചേല്‍പ്പിക്കപ്പെട്ട ‘വൃത്തികെട്ട തൊഴിലുകള്‍’ ഉപേക്ഷിച്ചു മറ്റ് ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ വളരെക്കുറച്ചു ദളിതര്‍ക്കെ കഴിഞ്ഞിട്ടുള്ളൂ. നിര്‍മ്മാണ മേഖലയില്‍ ജീവിതം കുറച്ചുകൂടി മെച്ചമായതിനാല്‍ ചില്ലറ ജോലികള്‍ക്കും, പെയിന്‍റിംഗ്, ആശാരിപ്പണി തുടങ്ങിയ ജോലികള്‍ക്കുമായി തങ്ങള്‍ മുംബൈ, കേരളം, എന്തിന് ലക്ഷദ്വീപില്‍ വരെ പോകുന്നുണ്ടെന്ന് ചിലര്‍ പറഞ്ഞു. ഗുജറാത്തിലെ ‘ലോകനിലവാരമുള്ള’ പാതകളെപ്പറ്റി വലിയ പ്രചാരണമാണ്. മോദാനി മാതൃക വികസനത്തില്‍ ഞങ്ങള്‍ നിരവധി കുണ്ടും കുഴികളും കണ്ടു. അഹമ്മദാബാദ് തൊട്ട് ഉന വരെയുള്ള 350 കിലോമീറ്റര്‍ യാത്രചെയ്യാന്‍ ഞങ്ങള്‍ 10 മണിക്കൂറെടുത്തു.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതിനു ശേഷം ഗോ രക്ഷയുടെയും മറ്റും പേരില്‍ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങള്‍ കൂടിയിരിക്കുന്നു. പരസ്യമായി വടികൊണ്ടടിക്കല്‍, ചാണകം തീറ്റിക്കല്‍, ഇരകളെ തെരുവിലൂടെ നടത്തല്‍ എന്നിവയൊക്കെ ഇപ്പോള്‍ വെളിച്ചത്തുവരികയാണ്. കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബി ജെ പി സര്‍ക്കാരുകള്‍ ആക്രമികളെ തടയാതെയും ഇത്തരം അതിക്രമങ്ങളെ പ്രകീര്‍ത്തിച്ചും ഇതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. പല ഹിന്ദുത്വ സംഘടനകളും ഗോ രക്ഷക് സംഘങ്ങളും ഇത്തരം അക്രമങ്ങള്‍ നടത്തി ചില സമുദായങ്ങളെ അപമാനവീകരിക്കാനും അവരുടെ ആത്മാഭിമാനത്തെ തകര്‍ക്കാനുമാണ് ശ്രമിക്കുന്നത്. തങ്ങളുടെ സാമ്പത്തിക നിലയില്‍ ഒരു പുരോഗതിയുമില്ലാത്ത, എന്നാല്‍ തങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങളിലും സംഘര്‍ഷത്തിലും വര്‍ദ്ധനവ് നേരിടുന്ന ദളിതരെ സംബന്ധിച്ച് സബ്കാ സാത്ഥ്  സബ്കാ വികാസ് എന്നത് വെറും പൊള്ളയായ മുദ്രാവാക്യമാണ്. ഇതുവരെയുള്ള അടിച്ചമര്‍ത്തലിനെതിരായ പുകഞ്ഞുകൊണ്ടിരുന്ന അമര്‍ഷമാണ് ഇപ്പോള്‍ ദളിത് മുന്നേറ്റമായി മാറിയത്.

ഉനയിലെ സമരോര്‍ജ്ജം
ദളിത് അസ്മിത യാത്രയുടെ സമാപനത്തില്‍ പങ്കുചേരാന്‍ ഉനയിലേക്ക് പോകുമ്പോള്‍ അത് സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗവുമായുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഉന സമ്മേളനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പല സംസ്ഥാനങ്ങളിലും പരിപാടികള്‍ നടന്നു. 13 ആഗസ്റ്റിന്  ഉനയിലേക്ക് ആളുകളെ സംഘടിപ്പിക്കാനുള്ള പ്രചാരണ പരിപാടിയുമായി നടത്തിയ ബൈക് ജാഥക്കെതിരെ ഗിര്‍ സോമനാഥ് ജില്ലയിലെ സാംടെര്‍ ഗ്രാമത്തില്‍  സവര്‍ണ ജാതിക്കാര്‍ ആക്രമണം നടത്തിയെന്ന് ഞങ്ങള്‍ക്ക് വാര്‍ത്ത കിട്ടി. ഉനയില്‍ നിന്നും സാംടെറിലെ ജാഥയില്‍ ചേരാന്‍ പോയ ഞങ്ങളെ വഴിയില്‍ വെച്ച് ആയുധങ്ങളും കല്ലുകളുമേന്തിയ അക്രമാസക്തരായ ആള്‍ക്കൂട്ടം വഴിയില്‍ വണ്ടികളും കല്ലുകളുമിട്ട്  തടഞ്ഞു. അത് പ്രകടനം തടയാനുള്ള ആസൂത്രിതമായ ആക്രമണമായിരുന്നു. Dalit Camera,Two Circles-ലെ മാധ്യമപ്രവര്‍ത്തകരെയും അവര്‍ ആക്രമിച്ചു. പൊലീസ് കാഴ്ച്ചക്കാരായി നിന്നതേയുള്ളൂ. മോട്ടോര്‍ ബൈക്കുകളിലും മോട്ടോര്‍ ബൈക്കില്‍ കെട്ടിയ വണ്ടികളിലും വന്ന സായുധരായ ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ആസാദി കൂച്ച്-നു വരുന്ന ആളുകളെ ആക്രമിക്കുന്ന വാര്‍ത്തകള്‍ ആഗസ്ത് 14-നു പലയിടത്തുനിന്നും ലഭിച്ചു. ചിലരൊക്കെ ആശുപത്രിയിലായി. എന്നാല്‍ ഗോ രക്ഷകന്‍മാരുടെ ഭീഷണികളും ആക്രമണങ്ങളുമെല്ലാം ആളുകളുടെ നിശ്ചയദാര്‍ഢ്യത്തെ ഉരുക്കുപോലെയാക്കി. പരസ്യമായ പ്രതിഷേധവുമായി കൂടുതല്‍ ആളുകള്‍ തെരുവുകളിലിറങ്ങി. മറ്റൊരു വഴിയിലൂടെ ജാഥ വൈകുന്നേരത്തോടെ ഉനയിലെത്തി. ഉനയിലെ ജാഥയില്‍ ഞങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് നടന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും നിന്നുള്ള ദളിത് ശോഷണ്‍ മുക്തി മഞ്ച് അംഗങ്ങള്‍ ധാരാളം പേര്‍ വന്നിരുന്നു. തമിഴ്നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന മുന്നണി, പുരോഗമന എഴുത്തുകാരുടെ സംഘം എന്നിവയില്‍ നിന്നുള്ള പല സഖാക്കളും സ്വന്തം നിലയില്‍  മുന്‍കയ്യെടുത്ത് വന്നിരുന്നു. എസ് എഫ് ഐ, കിസാന്‍ സഭ, തൊഴിലാളി സംഘടനകള്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും എത്തി.

ഉനയിലൂടെയുള്ള ജാഥ ആവേശകരമായിരുന്നു. ജയ് ഭീം, ബാബ സാഹബ് അംബേദ്കറുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക തുടങ്ങി  നരേന്ദ്ര മോദിക്കും ബി ജെ പി സര്‍ക്കാരിനുമെതിരായ മുദ്രാവാക്യ വിളികള്‍കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊണ്ടു. ‘പശുവിന്റെ വാല് നിങ്ങളെടുത്തോ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി തരൂ’ എന്നായിരുന്നു ഏറ്റവും ജനകീയമായ മുദ്രാവാക്യം. ആഗസ്ത് 15-ന്റെ സമ്മേളനം വലിയ ആവേശമാണ് ഉയര്‍ത്തിയത്. എല്ലാ ആക്രമണങ്ങളെയും ഭീഷണികളെയും അതിജീവിച്ചു ആയിരക്കണക്കിനാളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ചെറുപ്പക്കാരായിരുന്നു അധികം പേരും. ചത്ത പശുക്കളെ മറവ് ചെയ്യുക, തോട്ടിപ്പണി തുടങ്ങിയ തൊഴിലുകള്‍ ഉപേക്ഷിക്കുമെന്നും പകരം തൊഴിലും ഓരോ ദളിത് കുടുംബത്തിനും 5 ഏക്കര്‍ ഭൂമിയും വേണമെന്ന ആവശ്യങ്ങളടങ്ങിയ പ്രതിജ്ഞ മുന്നേറ്റത്തിന്റെ യുവനേതാവ് ജിഗ്നേഷ് മേവാനി ചൊല്ലിക്കൊടുത്തു. ഭൂമി നല്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ലെങ്കില്‍ തീവണ്ടി തടയല്‍ സമരത്തിനും മേവാനി ആഹ്വാനം ചെയ്തു. ത്രിവര്‍ണപതാക ഉയര്‍ത്തിയ രോഹിത് വെമൂലയുടെ അമ്മ രാധിക വെമൂല എല്ലാ തരത്തിലുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്നുമുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടു. ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ കന്നയ്യ കുമാറും യോഗത്തെ അഭിസംബോധന ചെയ്തു.

ഗോ രക്ഷകരുടെ ആക്രമത്തിലെ ഇരകളടക്കമുള്ള മൊട സംധിയാല ഗ്രാമവാസികള്‍ ജനങ്ങളെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുന്ന സായുധ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഉന പൊലീസ് സ്റ്റേഷനില്‍ ധര്‍ണ നടത്തേണ്ടിവന്നു. തങ്ങളുടെ കുടിലുകളില്‍ സമാധാനമായി ജീവിക്കാന്‍ വേണ്ട സംരക്ഷണമാണ് സ്വാതന്ത്ര്യദിനത്തില്‍ അവരാവശ്യപ്പെട്ടത്. പരസ്യമായി മര്‍ദ്ദിക്കപ്പെട്ടവരുമായും അവരുടെ കുടുംബങ്ങളുമായും ഞങ്ങള്‍ സംസാരിച്ചു. ഭയത്തിന്റെ അന്തരീക്ഷം ഞങ്ങള്‍ക്ക് മനസിലാക്കാമായിരുന്നു. അക്രമികള്‍ സ്വതന്ത്രരായി വിഹരിക്കുമ്പോള്‍ പാവപ്പെട്ട ദളിത് കുടുംബങ്ങള്‍ ഭീഷണിയും ഭയവും നിറഞ്ഞ അന്തരീക്ഷത്തില്‍ അഭയാര്‍ത്ഥികളെപ്പോലെയാണ് കഴിയുന്നത്. തന്റെ വാഹനത്തിന് നേരെ വെടിവെച്ചെന്ന് ഒരു ദളിത് നേതാവ് പറഞ്ഞു. അവരെ പൊലീസ് സംരക്ഷണത്തോടെ കൊണ്ടുപോകുന്നതുവരെ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍, ചില മാധ്യമപ്രവര്‍ത്തകര്‍, എസ് എഫ് ഐ നേതാക്കള്‍ എന്നിവരും ഞാനും അവര്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ഗോ രക്ഷകന്മാരും സവര്‍ണ ദര്‍ബാറുകളും ദളിത് ജാഥക്കെത്തിയവരെ ആക്രമിച്ചു. ചില വാഹനങ്ങളും തകര്‍ത്തു. ദളിത് വിരുദ്ധര്‍ തമ്പടിച്ച സാംടെറിലൂടെ പോകവേ കണ്ണീര്‍വാതകത്തിന്റെ മണം വരുന്നുണ്ടായിരുന്നു. ആംബുലന്‍സുകളും പൊലീസ് വണ്ടികളും കടന്നുപോയ്ക്കൊണ്ടിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു. ജാഥയ്ക്ക് പോകുന്നവരെ തെരഞ്ഞുപിടിക്കാന്‍ സായുധരായ അക്രമികള്‍ ഞങ്ങളുടെ ബസ് നിര്‍ത്തിച്ചു. പക്ഷേ ബസ് കടന്നുപോകാന്‍ അനുവദിച്ചു. അല്‍പസമയം കഴിഞ്ഞപ്പോള്‍ ബസ് സുരക്ഷിത പ്രദേശത്താണെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇതെല്ലാം സ്വാതന്ത്ര്യ ദിനത്തിലാണെന്ന് ഓര്‍ക്കണം!

ഉന ഭാവിയിലേക്ക് കരുതുന്നത്
ജാതീയമായ അടിച്ചമര്‍ത്തലിനെതിരായ ദളിത് സമരങ്ങളുടെ ചരിത്രത്തിലെ റോസ പാര്‍ക്സ് നിമിഷമാണോ ഉന? ‘അല്ല’ എന്നു ഉറച്ചുപറയേണ്ടിവരും. ഈ മുന്നേറ്റം അതിന്റെ യുക്തിപരമായ പരിണാമത്തിലേക്കെത്തിച്ചാല്‍ അതിലുമെത്രയോ വലിയതാകും. ഇതിലുള്‍പ്പെട്ട വിഷയങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്നതാണ്. ഒരൊറ്റ നിഷേധം കൊണ്ടു ആധുനിക അമേരിക്കന്‍ പൌരാവകാശ മുന്നേറ്റത്തിന്റെ നിര്‍ണായക നിമിഷം കുറിച്ചു റോസ പാര്‍ക്സ്. പൊതുവാഹനങ്ങളില്‍ വെള്ളക്കാര്‍ക്ക് വേണ്ടി കറുത്തവര്‍ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കണം എന്ന് നിഷ്കര്‍ഷിക്കുന്ന ഒരു വംശീയ വിവേചന നിയമത്തിനെതിരായിരുന്നു റോസ പാര്‍ക്സിന്റെ പ്രതിഷേധം. അതാദ്യം ചെയ്തത് അവരായിരുന്നില്ല. ഇതേ കുറ്റത്തിന് രണ്ടു കറുത്ത വര്‍ഗക്കാരായ സ്ത്രീകളെ പൊലീസ് തടവിലാക്കിയിരുന്നു. അതുപോലെ ജാതീയമായ അടിച്ചമര്‍ത്തലിനും തോട്ടിപ്പണിക്കുമെതിരായ സമരങ്ങള്‍ ഉനക്കു മുമ്പും ഇന്ത്യയില്‍ പലയിടത്തും നടക്കുന്നുണ്ട്. എന്നാല്‍ ഈ മുന്നേറ്റം എന്തിനെയാണോ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നത്, അതിന്റെ ബൃഹദാകാരം കൊണ്ടുതന്നെ ഈ മുന്നേറ്റത്തിന് രാജ്യവ്യാപകമായ ഒരു മുന്നേറ്റത്തിനു തീകൊളുത്താനാകും. അതുകൊണ്ടുതന്നെ ഇത് റോസ പാര്‍ക്സിന്റെ നിയമലംഘനത്തേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്. ഇത്തരമൊരു സാധ്യത തിരിച്ചറിയാന്‍ അത് ഈ അവസരത്തെ ഉപയോഗിക്കുകയും പോരാട്ടവുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന എല്ലാ പുരോഗമന വിഭാഗങ്ങളെയും സംഘടിപ്പിക്കുകയും മുന്നോട്ടുകോണ്ടുപോവുകയും വേണം. ഉനയുടെ സ്വാധീനം അലകളായി പെരുകാന്‍ പോന്നതാണ്. ജാതി വിവേചനത്തിനെതിരായ ചരിത്രപ്രധാനമായ പോരാട്ടങ്ങളുടെ സമരഗാനങ്ങളുടെ ഭാഗമായിരിക്കുന്നു ഉന. സാധ്യമായത്ര ഐക്യം കെട്ടിപ്പടുക്കാനും, ഉനയുടെ സന്ദേശം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും എത്തിക്കുകയും, ജാതി വിവേചനം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ കഴിയുന്ന ഒരു മുന്നേറ്റത്തെ സംഘടിപ്പിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ് ചരിത്രം നമ്മെയേല്‍പ്പിച്ച വെല്ലുവിളി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

വിജു കൃഷ്ണന്‍

വിജു കൃഷ്ണന്‍

കിസാന്‍ സഭ അഖിലേന്ത്യാ ഇന്ത്യ ജോയിന്റ് സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍