UPDATES

ഉന; ബിജെപിക്കെതിരെ ഐക്യനിര രൂപപ്പെടുന്നതിന്റെ സൂചന-പിണറായി വിജയന്‍

ഉന ദളിത് പ്രക്ഷോഭത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

സ്വാതന്ത്ര്യ ദിനത്തിൽ ഗുജറാത്തിലെ ഉനയിൽ ദളിത് അസ്മിതാ യാത്രയിൽ മുഴങ്ങിയ സ്വാതന്ത്ര്യ പ്രഖ്യാപനം സംഘ പരിവാറിന്റെ “ദളിത് സ്നേഹം” എന്ന വഞ്ചന തിരിച്ചറിഞ്ഞു കൊണ്ടുള്ള ജനകീയ പ്രതികരണമാണ്. ദേശീയ രാഷ്ട്രീയത്തിൽ ദൂരവ്യാപക ചലനങ്ങളുണ്ടാക്കുന്ന മുന്നേറ്റത്തിനാണ് ബിജെപിയുടെ ശക്തിദുർഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിൽ തുടക്കമായത്.

ചത്ത പശുവിന്റെ തൊലിയുരിച്ചു എന്നതിന്റെ പേരിൽ നാല് ദളിത് യുവാക്കളെ ഗോരക്ഷാസംഘം ആക്രമിച്ചതിനെതിരെ ഉയർന്ന ജനവികാരം സംഘപരിവാറിന്റെ വർഗീയ-ദളിത് വിരുദ്ധ അജണ്ടയ്ക്കെതിരായ ജനമുന്നേറ്റമായാണ് മാറിയത്. ജാതീയ അനാചാരങ്ങൾക്കും അടിച്ചമർത്തലിനും എതിരെ ഗുജറാത്തിൽ രൂപപ്പെട്ട ശക്തമായ ദളിത് പ്രക്ഷോഭം “ചത്ത കന്നുകാലികളെ നീക്കം ചെയ്യുക” എന്ന ജാതിത്തൊഴിലിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു പ്രതീകാത്മകമായി ത്രിവർണ പതാക ഉയർത്തിയതോടെയാണ് ആദ്യ ഘട്ടം പിന്നിട്ടത്.

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ജാതീയതയുടെ രൂക്ഷത കുറവാണ്. ഇതിന് വലിയൊരു കാരണം നവോത്ഥാന മുന്നേറ്റങ്ങളുടെ അടിത്തറയാണ്. അവയ്ക്ക് തുടർച്ച നല്‍കിയ ഭൂപരിഷ്കരണ നിയമവും അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങളും അതിനു നേതൃത്വം നൽകിയ ഇടതുപക്ഷത്തിന്റെ നിലപാടുകളും ജാതീയമായ അടിച്ചമർത്തലുകളെയും വിവേചനത്തെയും കേരളത്തിൽ നിന്ന് അകറ്റി നിർത്തിയ ഘടകങ്ങളാണ്. വിവിധ ധാരകളിലുണ്ടായ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ആകെത്തുകയാണ് കേരളത്തിൽ നിലനിൽക്കുന്ന താരതമ്യേന ഉയർന്ന നിലയിലുള്ള സമൂഹ്യനീതി. അതുകൊണ്ടു തന്നെ രാജ്യത്തെമ്പാടും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനുമായി നടക്കുന്ന ഇത്തരം സമരങ്ങളോട് ഐക്യപ്പെടേണ്ടത് പുരോഗമനാശയങ്ങളെ മുറുകെപ്പിടിക്കുന്നവരുടെ കർത്തവ്യമാണ്.

തുല്യതയിലും നീതിയിലും അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കാൻ കർഷകരും തൊഴിലാളികളും ആദിവാസികളും ദളിതരും വിദ്യാർഥികളും യുവാക്കളും സ്ത്രീ-പുരുഷ-ഇതരലിംഗക്കാരും ഉൾപ്പെടെ വ്യത്യസ്തവിഭാഗങ്ങളുടെ സമരനിര രൂപപ്പെടുത്തുകയാണ് വേണ്ടത്. തൊഴിലാളിസംഘടനകൾ, കർഷകസംഘടനകൾ, വിദ്യാർഥിസംഘടനകൾ, യുവാക്കളുടെ സംഘങ്ങൾ തുടങ്ങി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇന്നലെ നടന്ന സമരത്തിൽ പങ്കെടുത്തുവെന്നത് ഇത്തരം ഒരു ഐക്യപ്പെടലിന്റെ സൂചനയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍