UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യയെ സാക്ഷിനിര്‍ത്തി രാധിക വെമൂല പതാകയുയര്‍ത്തി; ഉനയില്‍ ദളിതരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം

അഴിമുഖം പ്രതിനിധി

ഉനയിലെ എച്ച് ഡി ഗവണ്‍മെന്‍റ് സ്കൂള്‍ മൈതാനം അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. ചെങ്കോട്ടയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയെത്തിയ പതിനായിരക്കണക്കിന് ദളിത് ബഹുജനങ്ങളെ സാക്ഷി നിര്‍ത്തി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല പതാക ഉയര്‍ത്തി. അതിന് സാക്ഷിയായി ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും. ഹൈദരബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമൂലയുടെ ആത്മഹത്യയും കനയ്യ കുമാറിന്റെ അറസ്റ്റുമാണ് രാജ്യത്തെ ഇളക്കി മറിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 

ജാതി വിവേചനത്തിനെതിരെ രാജ്യം ശക്തമായി പോരാടണം എന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ഇന്ന് ആഹ്വാനം ചെയ്തപ്പോള്‍ തങ്ങള്‍ക്ക് പൊള്ളയായ ഇത്തരം പ്രഖ്യാപനങ്ങള്‍ അല്ല വേണ്ടത് എന്ന് പ്രഖ്യാപിക്കുകയായിരിന്നു ഉന ദളിത് ലഡത് സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ നടന്ന മഹാറാലി. പശുവിനെ കൊന്ന് തൊലി ഉരിഞ്ഞു എന്നാരോപിച്ച് 4 ദളിത് യുവാക്കളെ ‘പശു സംരക്ഷകര്‍’ കാറില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഉന രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്.  


“ഗുജറാത്ത് മോഡല്‍ വികസനം ഇവിടെ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്”, നരേന്ദ്ര മോദി ഏറെ കൊട്ടിഘോഷിച്ചു നടന്ന വികസന മാതൃകയെ ആക്രമിച്ചുകൊണ്ട് കനയ്യ കുമാര്‍ പറഞ്ഞത് കരഘോഷത്തോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. 

ഈ മാസം തുടക്കത്തില്‍ ശക്തിപ്പെട്ട ദളിത് പ്രക്ഷോഭത്തിന്റെ ഭാഗമായി അഹമ്മദാബാദില്‍ റോഡ് ഉപരോധവും ബസ്സുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. പ്രക്ഷോഭം ശക്തിപ്പെട്ടതോടെ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി ആനന്ദി ബെന്‍ പട്ടേലിനെ ബി ജെപിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നീക്കേണ്ടി വന്നു. ഉനയിലെ പ്രക്ഷോഭം ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലേക്കും യു പി യിലേക്കും പടര്‍ന്നത് ബി ജെ പിയെ ഞെട്ടിക്കുക തന്നെ ചെയ്തു. അതേ തുടര്‍ന്ന് പശു സംരക്ഷകരെ വിമര്‍ശിക്കാന്‍ നരേന്ദ്ര മോദി നിര്‍ബന്ധിതനായി.

ആഗസ്ത് അഞ്ചിനാണ് ദളിത് ലഡത് സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍  മാര്‍ച്ച് ആരംഭിച്ചത്. അമ്മഹദാബാദില്‍നിന്ന് തുടങ്ങിയ യാത്ര 10 ദിവസം 350-ലേറെ കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഉനയില്‍ എത്തിച്ചേര്‍ന്നത്. അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജിഗ്നേഷ് മെവാനിയാണ് സമിതിയുടെ കണ്‍വീനര്‍.

ദളിത് കുടുംബങ്ങള്‍ക്ക് 5 ഏക്കര്‍ ഭൂമി നല്‍കുന്നതുള്‍പ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് 30 ദിവസം നല്കാന്‍ സമിതി തീരുമാനിച്ചു. നരേന്ദ്ര മോദി ഗവണ്‍മെന്‍റ് തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് വരുമെന്ന് മെവാനി പറഞ്ഞു.

സംതേര്‍ ഗ്രാമത്തിലെ സവര്‍ണ്ണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ഉനയിലേക്ക് എത്തുന്നത് തടയാനുള്ള ശ്രമം നടന്നെങ്കിലും മറ്റൊരു റൂട്ടിലൂടെ വഴി തിരിച്ചു വിട്ടാണ് ഉനയില്‍ എത്തിച്ചേര്‍ന്നത്. മുസ്ലീം സമുദായാംഗങ്ങളും ദളിത് പ്രക്ഷോഭത്തിന് ഐക്യദാര്‍ദ്യം പ്രഖ്യാപിച്ചുകൊണ്ട് മാര്‍ച്ചില്‍ പങ്കെടുത്തു. 

കൂടുതല്‍ ചിത്രങ്ങള്‍



മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍