UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബുദ്ധനേയും അംബേദ്ക്കറെയും ഏറ്റെടുത്ത് ദളിത് രോഷം മറികടക്കാനുള്ള പദ്ധതിയുമായി ആര്‍എസ്എസ്

Avatar

അഴിമുഖം പ്രതിനിധി

ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ തോലുരിച്ചു എന്നാരോപിച്ച് ക്രൂരമര്‍ദ്ദനത്തിനിരയായ നാല് ദളിത് യുവാക്കള്‍ തങ്ങള്‍ നടത്തുന്ന ദളിത് റാലിക്കൊപ്പം ചേരുമെന്ന് ആര്‍എസ്എസിന്റെ ദളിത് സംഘടനകളിലൊന്നായ ദളിത് ബൗദ്ധ സംഘ്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥി രോഹിത് വെമൂല ആത്മഹത്യ ചെയ്തതും തുടര്‍ന്ന് ഉനയില്‍ ദളിത് യുവാക്കള്‍ മര്‍ദ്ദനത്തിനിരയായതും ആര്‍എസ്എസിനെതിരെ ശക്തമായ ദളിത് രോഷം ഉയരാന്‍ കാരണമായിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികളിലൊന്നാണ് ഭാരതീയ ബൗദ്ധ് സംഘ് നടത്തുന്ന ദളിത് റാലി.

 

ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ റാലി പ്രവേശിക്കുമ്പോള്‍ ഉനയിലെ യുവാക്കള്‍ 10-12 ദിവസം തങ്ങള്‍ക്കൊപ്പം ചേരുമെന്ന് സംഘടനയുടെ പ്രസിഡന്റ് ഭാന്തേ സംഘപ്രിയ രാഹുല്‍ അവകാശപ്പെട്ടു. സംഘപരിവാറിനെതിരെ ഉയര്‍ന്നിരിക്കുന്ന ജനരോഷം യുപി, അടുത്തു വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നത് മുന്നില്‍ കണ്ടാണ് ബൗദ്ധ് സംഘ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ സത്യനാരായണ്‍ ജാട്യയാണ് സംഘടനയുടെ തലവന്‍. രാജ്യത്തെ ദളിതുകളെ മുഴുവന്‍ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി തങ്ങള്‍ അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയു ബുദ്ധനെക്കുറിച്ച് അവരെ ബോധവത്ക്കരിക്കുകയും ചെയ്യുമെന്ന് രാഹുല്‍ പറഞ്ഞു. യു.പിയിലെ എല്ലാ ഗ്രാമങ്ങളിലൂടെയും യാത്ര ചെയ്ത ശേഷം ഗുജറാത്തിലെ ജുനഗഡില്‍ അടുത്ത മെയ് 26-ന് റാലി സമാപിക്കും.

 

 

ഡോ. ബി.ആര്‍ അംബേദ്ക്കാര്‍ ബുദ്ധമതം സ്വീകരിച്ച ഒക്‌ടോബര്‍ 14-ന് ഡല്‍ഹിയിലെ ആലിപ്പൂരില്‍ നിന്നാണ് ബൗദ്ധ സംഘിന്റെ റാലി ആരംഭിക്കുന്നത്. എന്നാല്‍ ഉനയിലെ യുവാക്കളെ റാലിയില്‍ പങ്കെടുപ്പിക്കാനുള്ള ആര്‍എസ്എസ് ശ്രമം ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ദളിത് മുന്നേറ്റത്തിന് തടയിടാനാണെന്ന് ഉന ദളിത് സമരനേതാവ് ജിഗ്‌നേഷ് മേവാനി വ്യക്തമാക്കി. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ റാലിയില്‍ പങ്കെടുക്കരുതെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും മേവാനി വ്യക്തമാക്കി.

 

രോഹിത് വെമൂലയുടെ മരണവും ഉനയിലെ സംഭവവും ദളിത് മുന്നേറ്റത്തിന് കാരണമായതോടെ സംഘപരിവാറിന് വരും തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടായേക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനം ആഘോഷിക്കാന്‍ ഗുജറാത്തിലെത്തിയപ്പോള്‍ മേവാനിയെ തടങ്കലിലാക്കിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഉത്തര്‍ പ്രദേശില്‍ ദളിതുകളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആഗ്രയില്‍ വന്‍ സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലു ദളിതര്‍ ഇത് ബഹിഷ്‌കരിച്ചതോടെ സമ്മേളനം തന്നെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അംബേദ്ക്കറെ മുന്‍ നിര്‍ത്തിയുള്ള ഇപ്പോഴത്തെ ദളിത് മുന്നേറ്റത്തെ ചെറുക്കാന്‍ അംബേദ്ക്കറും ബുദ്ധനും തങ്ങള്‍ക്കൊപ്പമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ബൗദ്ധ സംഘ് എന്ന സംഘടനയിലൂടെ ആര്‍എസ്എസ് ശ്രമിക്കുന്നത് എന്നാണ് സൂചനകള്‍. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍