UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി ചത്ത പശുവിനെ എടുക്കുന്ന ജോലി ചെയ്യില്ല; പ്രതിജ്ഞയെടുത്ത് ഗുജറാത്തിലെ ദളിതര്‍

അഴിമുഖം പ്രതിനിധി 

ഗുജറാത്തില്‍ ദളിത് പ്രക്ഷോഭം പടരുന്നു. സബര്‍മതിയില്‍ കൂടിയ പ്രതിഷേധ യോഗത്തില്‍ ആയിരക്കണക്കിന് ദളിതരാണ് പങ്കെടുത്തത്. ഉന പീഡനത്തെ തുടര്‍ന്ന് ചത്ത ജന്തുക്കളുടെ സംസ്കാരം നടത്താനും മാന്‍ ഹോള്‍ വൃത്തിയാക്കാനും ഇനി “ഞങ്ങളില്ല” എന്ന് ഇവര്‍ പ്രതിജ്ഞ ചെയ്തു. പരമ്പരാഗതമായി ദളിത്‌ സമൂഹത്തെ ബന്ധിച്ചിരിക്കുന്ന കെട്ടുപാടുകളില്‍ നിന്നും മോചനം പ്രാപിക്കുക എന്നതായിരുന്നു പ്രതിഷേധ യോഗത്തിന്റെ കാതല്‍.

കനത്ത പോലീസ് സന്നാഹത്തിലും ഉന ദളിത്‌ അത്യാചാര്‍ ലടാത് (ഉദാല്‍) സമിതിയുടെ നേതൃത്വത്തില്‍ സമ്മേളിച്ച ദളിത്‌ മഹാസമ്മേളനത്തില്‍ ഉയര്‍ന്ന ജയ് ഭീം വിളികള്‍ ഭരണകൂടത്തിന് ശക്തമായ താക്കീതാണ് നല്‍കിയത്. ദളിതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം സംഘടനയായ ജമായത് ഉലമ ഇ ഹിന്ദും രംഗത്ത് വന്നു.

“ഗുജറാത്ത്‌ മോഡല്‍ എന്ന് പറയുമ്പോഴും 15,500-ല്‍ അധികം ദളിത് പീഡന കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദളിതരെ ഇവിടുത്തെ 55 ഗ്രാമങ്ങളില്‍ നിന്നാണ് പുറത്താക്കിയത്,” ഉദാല്‍ കണ്‍വീനര്‍ ജിഗ്നേഷ് മേവാനി പറഞ്ഞു.

ഗുജറാത്തിലെ ദളിത്‌ ജനത എടുത്ത ഈ വിപ്ലവകരമായ തീരുമാനം രാജ്യമെമ്പാടുമുള്ള ദളിത്‌ സഹോദരങ്ങളുടെ അവസ്ഥ മാറ്റിമറിക്കും എന്നും മേവാനി പറഞ്ഞു.

ഉന സംഭവം അന്വേഷിക്കുന്ന പോലീസിലും തങ്ങള്‍ക്ക് വിശ്വാസമില്ല എന്ന് ദളിതര്‍ തുറന്നടിച്ചു. ഉന സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് താന്‍ഗഡില്‍ നാല് ദളിതര്‍ കൊല്ലപ്പെട്ട കേസും അന്വേഷിച്ചത്. ഇവര്‍ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ഡിജിപി ഇഷറത് ജഹാന്‍ കേസിലെ പ്രതിയാണ്, മേവാനി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍