UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മല്ല്യമാര്‍ വാഴുമ്പോള്‍ ഫല്‍ഗുനന്‍മാര്‍ ആത്മഹത്യ ചെയ്യുന്നു; ബാങ്കുകളുടെ ഇരട്ട നീതി

Avatar

അഴിമുഖം പ്രതിനിധി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിജയ് മല്ല്യയ്ക്ക് എതിരായ നടപടി വൈകിച്ച് മല്ല്യയ്ക്ക് രാജ്യം വിടാനുള്ള അവസരം നല്‍കിയെന്ന ആരോപണത്തിന്റെ ചൂട് ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍പ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നല്‍കിയ വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ അധികൃതര്‍ സ്വീകരിച്ച നിയമ നടപടികള്‍ ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു.

ഒമ്പത് വര്‍ഷം മുമ്പ് 2007-ല്‍ നഴ്‌സിംഗ് പഠനത്തിനായി ചേര്‍ത്തലയിലെ ഷിന്റു എടുത്ത 65,000 രൂപ വായ്പ എടുത്തിരുന്നു. ഈ തുകയില്‍ 20,000-ത്തോളം രൂപയേ അവര്‍ക്ക് തിരിച്ചടയ്ക്കാനായുള്ളൂ. പലിശയടക്കം ഒരു ലക്ഷത്തോളം രൂപയാണ് ബാങ്കില്‍ അടയ്ക്കാനുള്ളത്. ഇതേ തുടര്‍ന്ന് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോയപ്പോള്‍ അവര്‍ക്ക് നഷ്ടമായത് അച്ഛനെയാണ്. 68-കാരനായ ഫല്‍ഗുനനാണ് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ നിന്നുമാണ് അവര്‍ വായ്പയെടുത്തിരുന്നത്.

വിജയകരമായി പഠനം പൂര്‍ത്തിയാക്കിയ ഷിന്റുവിന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ലഭിച്ചു. പിന്നീട് അവര്‍ക്ക് സ്വന്തംനാടായ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി.

ആരോഗ്യരംഗത്ത് നഴ്‌സുമാരെ ചൂഷണം ചെയ്യുന്നതിന്റെ ഇര കൂടിയാണ് ഷിന്റു. തുടക്കത്തില്‍ അവര്‍ക്ക് ലഭിച്ചിരുന്നത് കേവലം 4000 രൂപയാണ്. ഈ തുകയില്‍ നിന്നും അവര്‍ വിവിധ കടങ്ങള്‍ വീട്ടുകയും വീട്ടിലെ ചെലവ് നോക്കുകയുയും സഹോദരന്റെ പഠനത്തിന് സഹായിക്കുകയും ചെയ്തിരുന്നു. കൂലിവേലക്കാരനായ ഫല്‍ഗുനന് ഇതൊരു ചെറിയ ആശ്വാസവും ആയിരുന്നു. ഷിന്റുവിന്റെ ഭര്‍ത്താവ് ടാക്‌സി ഡ്രൈവറാണ്. ഇരുവരും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാട്‌പെടുന്നതിനിടെയിലാണ് കുടുംബത്തിലേക്ക് ജപ്തി നോട്ടീസിന്റെ രൂപത്തില്‍ ദുരന്തം എത്തിയത്.

ഫല്‍ഗുനന്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നതിനാല്‍ വായ്പ തിരിച്ചടവ് മുടങ്ങിയ കാര്യം വീട്ടുകാര്‍ അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. എന്നാല്‍ നിര്‍ഭാഗ്യത്തിന് ജപ്തി നോട്ടീസ് ഷിന്റുവിന്റെ അച്ഛന്റെ കൈയില്‍ ലഭിക്കുകയായിരുന്നു. അതിനാലാണ് താലൂക്ക് ഓഫീസില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചപ്പോള്‍ ചെങ്ങണ്ട കായലോരത്ത് അഞ്ചു സെന്റില്‍ താമസിക്കുന്ന ഫല്‍ഗുനന്‍ ആ ഞെട്ടലില്‍ തകര്‍ന്നുപോയത്.

ഇവരുടെ വായ്പ ബാങ്കിന്റെ അദാലത്തില്‍ പരിഗണനയില്‍ ആണെന്ന് ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫല്‍ഗുനന്റെ ആത്മഹത്യയെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയും വായ്പ എഴുതി തള്ളാന്‍ അധികൃതര്‍ തീരുമാനിക്കുകയും ചെയ്തു. നേരത്തെ നിരവധി തവണ സമീപിച്ചിട്ടും ബാങ്ക് അധികൃതകര്‍ ഇളവ് അനുവദിക്കാന്‍ തയ്യാറായിരുന്നില്ല. എന്തെങ്കിലും ഇളവുകള്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഫല്‍ഗുനന്റെ ആത്മഹത്യയില്‍ കാര്യങ്ങള്‍ എത്തുമായിരുന്നില്ല.

അധികാരവും സമ്പത്തും ഏറെ കൈവശമുള്ള മല്ല്യമാര്‍ രാജ്യത്ത് നീണാള്‍ വാഴുമ്പോഴാണ് ഫല്‍ഗുനനെ പോലുള്ള പാവപ്പെട്ടവരെ നിയമനടപടികള്‍ മരണത്തിലേക്ക് വലിച്ചെറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍