UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേണ്ടത് സെക്കുലര്‍ സിവില്‍ നിയമം

അഡ്വ മനു സെബാസ്റ്റ്യന്‍

ഇന്ത്യയില്‍ പേഴ്സണല്‍ നിയമങ്ങള്‍ അതായത് വിവാഹം, വിവാഹ മോചനം, ജീവനാംശം, സ്വത്തിന്റെ പിന്തുടര്‍ച്ചാവകാശം ഇതിനെ സംബന്ധിച്ച് ഒരു പൊതു സിവില്‍ നിയമം ഇല്ല. അതായത് സെമിറ്റിക് മതങ്ങള്‍ അല്ലാതെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉത്ഭവിച്ച മതങ്ങളില്‍പ്പെടുന്നവര്‍ എല്ലാം തന്നെ-ഹിന്ദു, ബുദ്ധമതം, ജൈനമതം എന്നിവയെല്ലാം-ഹിന്ദു മതം എന്ന രീതിയിലാണ്‌ നിയമം കാണുന്നത്. ഇവര്‍ക്കായി ഒരു പ്രത്യേക കോഡ് ഉണ്ട്. പാര്‍ലമെന്റ്റ്   1956ല്‍ അതിനായി നിയമം നടപ്പിലാക്കിയിട്ടുണ്ട്, ഹിന്ദു മാരേജ് ആക്റ്റ്, ഹിന്ദു സക്സെഷന്‍ ആക്റ്റ്, ഹിന്ദു അഡോപ്ഷന്‍ ആക്റ്റ് എന്നിവയും നിലവിലുണ്ട്. ഹിന്ദുക്കളുടെ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ഈ നിയമങ്ങള്‍ ആണ്.

അതുപോലെ ക്രൈസ്തവര്‍ക്കും പാര്‍സികള്‍ക്കും വേറെ നിയമം. ഹിന്ദുക്കള്‍ക്ക് ഉള്ളതുപോലെ നിയമങ്ങള്‍ അവര്‍ക്കുമുണ്ട്. ഇസ്ലാം മതത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു നിയമം അഥവാ ആക്റ്റ് ഇല്ല. അവരുടെ ശരിയത്ത് നിയമങ്ങളില്‍ ആണ് വ്യക്തിനിയമങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. അവരുടെ പാരമ്പര്യവും മതപരമായ നിയമങ്ങള്‍ അനുസരിച്ചാണ് വിവാഹം, വിവാഹമോചനം, പിന്‍തുടര്‍ച്ചാവകാശം എന്നിവ നടക്കുക. 

ഓരോ മതവിഭാഗങ്ങള്‍ക്ക് അനുസരിച്ചാണ് വ്യക്തിനിയമങ്ങള്‍ കണക്കാക്കപ്പെടുക. ഇതെല്ലാം തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ഹിന്ദുമതസ്ഥനായ ഒരാള്‍ വില്‍പ്പത്രമെഴുതാതെ മരിച്ചാല്‍ പിന്തുടര്‍ച്ചാവകാശ നിയമം  അനുസരിച്ച് അയാളുടെ സ്വത്തുക്കള്‍ അവകാശികള്‍ക്ക് ലഭിക്കും. അപ്പോള്‍ അയാളുടെ ഭാര്യ, മക്കള്‍ എന്നിവര്‍ക്കും ഒരംശം അയാളുടെ മാതാപിതാക്കള്‍ക്കും ലഭിക്കും. മരിച്ചയാള്‍ ഒരു ക്രൈസ്തവനാണ് എങ്കില്‍ ഇന്ത്യന്‍ സക്സെഷന്‍ ആക്റ്റ് പ്രകാരം ഒരു വിവാഹിതന്‍ ആയ വ്യക്തി വില്‍പ്പത്രമെഴുതാതെ മരിച്ചാല്‍ അയാളുടെ മാതാപിതാക്കള്‍ക്ക് സ്വത്തില്‍ അവകാശം ഉണ്ടാവില്ല. ഭാര്യക്കും മക്കള്‍ക്കും മാത്രമേ ഉണ്ടാവുകയുള്ളൂ. ഇവിടെ ഒരന്തരമുണ്ട്.

ഇന്ത്യന്‍ സിവില്‍ നിയമം അനുസരിച്ച് വിവാഹമോചിതയാകുന്ന ഒരു സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും ജീവനാംശം നേടാനുള്ള അര്‍ഹതയുണ്ട്. അതായത് പുനര്‍വിവാഹം ചെയ്യുന്നത് വരെ മുന്‍ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെടാം. പക്ഷേ മുസ്ലിം വ്യക്തിനിയമത്തില്‍ വരുമ്പോള്‍ മുന്‍ ഭാര്യക്ക് ജീവനാംശം ഒരു പ്രത്യേക കാലയളവ് വരെ മാത്രമാണ്. അവിടെയും നിലവിലുള്ള നിയമവുമായി ഒരു ക്ലാഷ് ഉണ്ടാകുന്നു. ഏത് നിയമമാണ് കൂടുതല്‍ ഫോഴ്സ് ചെയ്യേണ്ടത് എന്നുള്ള സംശയം അവിടെ ഉയരും. അത്തരം ഒരു അവസ്ഥയായിരുന്നു 1986ലെ ഷാബാനോ കേസ് ഉണ്ടാവുന്നത്.

സിവില്‍ നിയമവും വ്യക്തിനിയമവും തമ്മില്‍ ഒരു ക്ലാഷ് ഉണ്ടാവുകയാണെങ്കില്‍ അവിടെ പ്രായോഗികമാകേണ്ടത് സെക്കുലര്‍ സിവില്‍ നിയമം തന്നെയാണ് എന്ന് ആ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിയില്‍ത്തന്നെയാണ് ഒരു ഏകീകൃത സിവില്‍ നിയമം ഉണ്ടാകണം എന്ന്, അതായത് മതവിശ്വാസം അടിസ്ഥാനപ്പെടുത്തിയല്ലാതെ ഏവര്‍ക്കും ബാധകമായ ഒരു നിയമം വേണം എന്ന് പറയുകയുണ്ടായി. നമ്മുടെ ഭരണഘടനയില്‍ ഇക്കാര്യം പറയുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 44ല്‍ ഇത് കൃത്യമായി വിശദീകരിക്കുന്നു. സര്‍ക്കാര്‍ ഇതിനു മുന്‍കൈ എടുക്കണം എന്നും പറയുന്നുണ്ട്. പാര്‍ട്ട് ഫോറില്‍ ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ് . സര്‍ക്കാര്‍ ഐഡിയലി ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ് എന്ന് പറയുന്നുണ്ട്. അതിലും യൂണിഫോം സിവില്‍ കോഡിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 1994ല്‍ മറ്റൊരു കേസിലും ഈ ആവശ്യം കോടതി സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. മുസ്ലിം സമുദായത്തില്‍പ്പെട്ട ഒരാള്‍ക്ക്‌ നാല് വിവാഹം ചെയ്യാം എന്ന് പറയുന്നുണ്ട്. എന്നാല്‍ മറ്റു മതങ്ങളില്‍പ്പെട്ടവര്‍ അതിനു ശ്രമിക്കുന്നത് കുറ്റകരവും. ഈ നിയമം ദുരുപയോഗം ചെയ്യാന്‍ ഒരാള്‍ മുസ്ലിം മതത്തിലേക്ക് മാറുകയുംവീണ്ടും വിവാഹം കഴിക്കുകയും ചെയ്തു. അപ്പോഴും കോടതി യൂണിഫോം സിവില്‍ കോഡിനെക്കുറിച്ച് പരാമര്‍ശിച്ചു.

മറ്റു മതവിഭാഗങ്ങളില്‍ വിവാഹമോചനത്തിനായും നിയമങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പുരുഷന് തലാഖ് ചൊല്ലി ഭാര്യയെ മൊഴി ചൊല്ലാം. എന്നാല്‍ സ്ത്രീക്ക് അങ്ങനെയൊരു അധികാരം ഇല്ലതാനും.

ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് യൂണിഫോം സിവില്‍ കോഡ് വേണം എന്ന് ആവശ്യം ഉയരുന്നത്. എന്നാല്‍ എന്ത് യൂണിഫോം സിവില്‍ കോഡാണ് നിലവില്‍ വരേണ്ടത് എന്നതിനെപ്പറ്റി ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഇന്ത്യ പോലെ വൈവിധ്യമായ ജനവിഭാഗങ്ങള്‍ ഉള്ള ഒരു രാജ്യത്ത് ബിജെപി സര്‍ക്കാര്‍ കാവിവത്കരണം നടപ്പിലാക്കുകയാണ് എന്നാരോപണം ഉയരുന്നുണ്ട്.  ഇന്ത്യന്‍ സക്സെഷന്‍ ആക്റ്റ്-മാര്യേജ് ആക്റ്റ് എന്നീ രണ്ടു നിയമങ്ങള്‍ മോഡല്‍ ആയി കണക്കാക്കാന്‍ സാധിക്കും എന്ന് പലരും പറയുന്നുണ്ട്. ഇത് ബ്രിട്ടീഷുകാരുടെ കാലത്ത് അവര്‍ രൂപീകരിച്ച നിയമങ്ങളാണ്. ആംഗ്ലോ-സാക്സണ്‍ ക്രിസ്ത്യന്‍ ഫിലോസഫിയാണ് ഇതിന്റെ റൂട്ട് ആയി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ എന്താവണം യൂണിഫോം സിവില്‍ കോഡ് എന്നുള്ളത് ചര്‍ച്ച ചെയ്യപ്പെടേണ്ട ആവശ്യമുണ്ട്. 

(ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

* അഡ്വ. മനു സെബാസ്റ്റ്യനുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍