ടീം അഴിമുഖം/എഡിറ്റോറിയല്‍
‘ഇന്ത്യയിലൂടനീളം എല്ലാ പൗരന്മാര്ക്കുമായി ഒരു ഏകീകൃത സിവില്‍ കോഡ് ഉറപ്പുവരുത്താന്‍ രാജ്യം ശ്രമിക്കേണ്ടതുണ്ട്’ എന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം വകുപ്പു പറയുന്നു. ഏക സിവില്‍ കോഡ് എന്ന വാക്ക് ദേശീയ പ്രസ്ഥാനത്തിന്റെ കാലം തൊട്ട് തന്നെ ചര്‍ച്ചാ വിഷയമാണ്. മേല്‍ ഉദ്ധരിച്ചതു പോലുള്ള ഒരു വാചകം ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ നടന്ന ചര്‍ച്ച ഉപസംഹരിച്ചു കൊണ്ട് ഡോ. ബി ആര് അംബേദ്കര്‍ പറഞ്ഞു: ‘എന്റെ സുഹൃത്ത് ശ്രീ കരുണാകര മേനോനില്‍ നിന്നും എനിക്കറിയാന്‍ കഴിഞ്ഞത് ഉത്തര മലബാറില്‍ മരുമക്കത്തായ നിയമം ഹൈന്ദവര്‍ക്കു മാത്രമല്ല മുസ്ലിംകള്ക്കും മറ്റെല്ലാവര്‍ക്കും ബാധകമാണെന്നാണ്. മരുമക്കത്തായ നിയമം ഒരു സ്ത്രീ ആധിപത്യ രൂപത്തിലുള്ള ഒരു നിയമമാണ്, പുരുഷാധിപത്യ സ്വഭാവത്തിലുള്ളതല്ല എന്നോര്‍ക്കണം. ഉത്തര മലബാറിലെ മുസ്ലിംകളും ഈ മരുമക്കത്തായ നിയമം പിന്തുടരുന്നു. അതുകൊണ്ടു തന്നെ മുസ്ലിം നിയമം ഒരിക്കലും മാറ്റാന്‍ പറ്റാത്ത, പുരാതന കാലം തൊട്ടെ തങ്ങള്‍ പിന്തുടര്ന്നു പോരുന്ന ഒന്നാണെന്ന് തീര്‍ത്തു പറയുന്നതില്‍ കാര്യമില്ല. ആ നിയമം അതേരൂപത്തില്‍ നിശ്ചിതയിടങ്ങളില്‍ ബാധകമായിരുന്നില്ല. പത്ത് വര്‍ഷം മുമ്പാണ് അത് ബാധകമാക്കിയത്. ആകയാല്‍ മതവിശ്വാസങ്ങള്‍ക്കതീതമായി എല്ലാ പൗരന്മാര്ക്കും ബാധകമായ ഒരു ഏക സിവില്‍ കോഡ് ഉണ്ടാക്കിയെടുക്കുന്നതിന് ആവശ്യമായി വന്നാല്‍ ഹിന്ദു നിയമങ്ങളുടെ ചില ഭാഗങ്ങളും, അവ ഹിന്ദു നിയമങ്ങളില്‍ ഉള്‍പ്പെട്ടുവെന്ന കാരണത്താല്‍ അല്ല മറിച്ച് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയതിനാലാണ്, 35-ാം വകുപ്പ് മുന്നോട്ടു വയ്ക്കുന്ന പുതിയ സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. സിവില്‍ കോഡിനു രൂപം നല്കിയവര് മുസ്ലിം സമുദായത്തിന്റെ വികാരത്തോട് കടുത്ത അതിക്രമം കാട്ടിയെന്ന് ഒരു മുസ്ലിമിനും പറയേണ്ടതായി വരില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.’ ഈ വകുപ്പ് സംബന്ധിച്ച് ആശങ്കയുണ്ടായിരുന്ന കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലെ മുസ്ലിം അംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മതിയായവ ആയിരുന്നു അംബേദ്കറുടെ ഈ ചുരുങ്ങിയ വാക്കുകള്‍.
സിവില്‍ കോഡിനെ പിന്തുണച്ചവരില്‍ കെ എം മുന്‍ഷിയെ പോലുള്ള കോണ്‍ഗ്രസിലെ വലതുപക്ഷക്കാരും ഉള്‍പ്പെട്ടിരുന്നതിനാല്‍ അവരുടെ ആശങ്കകള്‍ക്ക് കാരണവുമുണ്ടായിരുന്നു. മുന്‍ഷി പറഞ്ഞു: ‘മതത്തെ വ്യക്തി നിയമത്തില്‍ നിന്നും വേര്‍പ്പെടുത്തേണ്ടതുണ്ട്. സാമൂഹിക ബന്ധങ്ങള്‍ എന്നു വിളിക്കപ്പെടുന്നതില്‍ നിന്നും അനന്തരാവകാശവുമായി ബന്ധപ്പെട്ട് കക്ഷികളുടെ അവകാശങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതുണ്ട്. ഈ കാര്യങ്ങള്‍ക്കെല്ലാം മതവുമായി എന്തു ബന്ധമാണുള്ളതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ലെജിസ്ലേറ്റീവ് അസംബ്ലിയുടെ മുമ്പാകെയുള്ള കരട് ഹിന്ദു നിയമം തന്നെ ഉദാഹരണമായി നോക്കൂ. ഇതിലെ പല വകുപ്പുകളും മനു, യജ്ഞവല്‍ക്യ പോലുള്ളവരുടെ അനുശാസനകള്ക്കെതിരാണ്. പക്ഷെ എല്ലാത്തിലുമുപരി നാം മുന്നോട്ടുഗമിക്കുന്ന ഒരു സമൂഹമാണ്. മതപരമായ ആചാരങ്ങളില്‍ ഇടപെടാതെ എല്ലാ അര്‍ത്ഥത്തിലും ഒന്നിക്കേണ്ട, രാജ്യത്തെ ഏകീകരിക്കേണ്ട ഒരു ഘട്ടത്തിലാണ് നാം. എന്നിരുന്നാലും മുന്‍കാല മതപരമായ ആചാരങ്ങളെല്ലാം ജീവിതത്തിന്റെ എല്ലാ മേഖലകളേയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നിരാകരിച്ച് ഇവയെല്ലാം മതപരമായ കാര്യങ്ങളല്ലെന്നും തീര്‍ത്തും മതേതരമായ നിയമനിര്‍മ്മാണത്തിന്റെ കാര്യമാണെന്നും പറയേണ്ട ഒരു ഘട്ടത്തില്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ വകുപ്പ് ഊന്നിപ്പറയുന്നതും ഇതാണ്.’
ഹുസൈന് ഇമാമിനെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷ സമുദായംഗങ്ങള്ക്കുണ്ടായ ആശങ്ക ഒരു യാഥാര്‍ത്ഥ്യമായിരുന്നു. അദ്ദേഹം പറഞ്ഞു: ‘മതേതരത്വ രാഷ്ട്രം എന്നതിന് മത വിരുദ്ധ രാഷ്ട്രം എന്ന് അര്‍ത്ഥമില്ല. അത് അര്‍ത്ഥമാക്കുന്നത് മതമില്ലായ്മ അല്ല മതാത്മകമല്ലാത്ത എന്നാണ്. അതുപോലെ ഇവ രണ്ടിനുമിടയില്‍ വലിയ വ്യത്യാസങ്ങളുമുണ്ട്. ഇത്തരമൊരു രക്ഷാകവചം ഉള്‍പ്പെടുത്തിയാല്‍ അത് കരട് തയാറാക്കുന്ന സമിതിയെ സംബന്ധിച്ചിടത്തോളം നല്ല ഒരു നയമായിരിക്കുമെന്നാണ് എനിക്ക് നിര്‍ദ്ദേശിക്കാനുള്ളത്. അത് ജനങ്ങള്‍ക്കിടയിലുള്ള ആശങ്കയെ പരിഗണിക്കുന്നതാകുകയും ചെയ്യും. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാന്‍ ഡോക്ടര്‍ അംബേദ്കറുടെ വൈദഗ്ദ്ധ്യത്തിനു സാധിക്കുമെന്ന് തന്നെയാണ് എന്റെ എല്ലാ പ്രതീക്ഷകളും.’
ഏക സിവില്‍ കോഡ് സംബന്ധിച്ച് പുതിയൊരു ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് ഈ പശ്ചാത്തലം കൂടി അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഭരണഘടനയിലെ മതേതരത്വം എന്ന വാക്കിനെ ആഭ്യന്തര മന്ത്രിയടക്കം പല മന്ത്രിമാരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രത്യയശാസ്ത്ര സ്രോതസ്സായ ആര് എസ് എസ് ഭരണഘടനയിലെ മതേതരത്വത്തെ വിശേഷിപ്പിക്കുന്നത് ‘കപട മതേതരത്വം’ എന്നാണ്.
ഇപ്പോള്‍ ഈ സര്‍ക്കാര്‍ ഏകസിവില്‍ കോഡിനായി രംഗത്തു വരുമ്പോള്‍ അത് മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ ഒരു അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുണ്ട്. ഹിന്ദു വര്‍ഗീയവാദികളുടെ ആക്രമോത്സുക ചെയ്തികള്‍ ഇതിനകം തന്നെ മത ന്യൂനപക്ഷങ്ങളെ ചേരികളിലേക്കും മറ്റും തള്ളിവിട്ട് അവരെ കൂടുതല്‍ അരക്ഷിതരാക്കിത്തീര്ക്കുകയും അതുവഴി അവരുടെ ചിന്തകളെ അടിച്ചമര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഹിന്ദു വര്‍ഗീയതയോടുള്ള മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ചില മൗലികവാദപരമായ പ്രതികരണം ഇത്തരം പ്രവണതകളെ ശക്തിപ്പെടുത്തിയത് ഏകസിവില്‍ കോഡിലേക്കുള്ള മാര്‍ഗങ്ങളില്‍ തടസ്സങ്ങളുണ്ടാക്കുന്നു.
സിവില്‍ കോഡില്‍ കാര്യമായും സ്വത്തവകാശ സംബന്ധിയായതു കൊണ്ടു തന്നെ വിവാഹ നിയമങ്ങളും ആചാര രീതികളും ഇതിനാല്‍ നിര്‍ണ്ണയിക്കപ്പെടും. പുരുഷന്റേതിനു തുല്യമായ സ്വത്തവകാശം സ്ത്രീക്കും ലഭിക്കുന്നത് കുറെ കാലമായി ഒരു തര്‍ക്ക വിഷയമാണ്. തീര്‍ച്ചയായും ഒരു ഏകീകൃത സിവില്‍ കോഡ് പ്രകാരം ഇത് ഉറപ്പാക്കേണ്ടി വരും. സ്ത്രീ സംവരണത്തിനു പോലും സമ്മതം മൂളാന്‍ തയ്യാറാകാത്തവര്‍ സ്ത്രീകള്‍ക്ക് സാര്‍വത്രികമായ അവകാശങ്ങളെല്ലാം നിയമപ്രകാരം വകവെച്ചു കൊടുക്കാന്‍ തയാറാകുമെന്ന് കരുതാമോ?
ഇതിനു പുറമെ, നമ്മുടെ രാജ്യത്ത് ഹിന്ദു അവിഭക്ത കുടുംബ നിയമം എന്ന ഒന്നു കൂടിയുണ്ട്. ഇതുവഴി വലിയ തുകകളുടെ നികുതി വെട്ടിപ്പ് നടക്കുന്നു. ഒരു ഏകീകൃത നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഹൈന്ദവര്‍ മറ്റു മതസ്ഥര്‍ക്ക് ലഭ്യമല്ലാത്ത ഈ സംവിധാനം ഉപേക്ഷിക്കാന്‍ തയ്യാറാകുമോ? ഇങ്ങനെ ചില കാരണങ്ങള്‍ കൊണ്ട് മാത്രമായിരുന്നു മുമ്പ് ഹിന്ദു കോഡ് പരിഷ്കരിക്കാനുള്ള ആദ്യ ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ ആ നീക്കത്തെ ശക്തമായി എതിര്‍ത്ത് ഹിന്ദു മഹാസഭയും ജന സംഘും രംഗത്തു വന്നത്. നെഹ്റുവിന്റെ കാലത്ത് കൊണ്ടു വന്ന ഹിന്ദു റിഫോംസ് ബില്ല് നടപ്പിലാക്കാന്‍ അനുവദിക്കപ്പെട്ടില്ല. പിന്നീട് രാഷട്രപതി ബില്ലില്‍ ഒപ്പു വയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.
ഹിന്ദു റിഫോംസ് ബില്ലിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ ഏക സിവില്‍ കോഡിനായി അലമുറയിട്ട് കരയുന്നത്. വ്യക്തമായും ഇവരുടെ അജണ്ട ഒരു പൊതു കോഡിന് രൂപം നല്കുകയല്ല. ഹൈന്ദവര്‍ ഇത് വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ മുസ്ലിംകള് ഇതിനെ എതിര്‍ക്കുന്നുവെന്ന തെറ്റായ ഒരു ധാരണ ഉണ്ടാക്കിയെടുത്ത് ഈ പ്രശ്നത്തെ വര്‍ഗീയ ധ്രുവീകരണത്തിനായി ഉപയോഗപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം. മറ്റെല്ലാ വിഷയങ്ങളിലുമെന്ന പോലെ ആര്‍എസ്എസും ബിജെപിയും ഈ വിഷയത്തെ ഉയര്‍ത്തിക്കാട്ടുന്നത് അതിന്റെ ഗുണഫലത്തെയോ അര്ഹതയേയെ മുന്‍ നിര്‍ത്തിയല്ല മറിച്ച് വര്‍ഗീയ വിദ്വേഷവും വൈരവും വളര്‍ത്തി മാത്രം നിലനില്‍ക്കുന്ന അവരുടെ രാഷ്ട്രീയ അജണ്ടയെ മുന്നോട്ടു നയിക്കാനാണ്.
ഒരു മതേതര സമൂഹത്തില്‍ സിവില്‍ കോഡ് എന്നത് പൊതുവായതും മതവിശ്വാസങ്ങള്‍ക്കതീതമായി എല്ലാ പൗരന്മാര്ക്കും ഉള്‍ക്കൊള്ളാവുന്ന ഏകീകൃത രൂപത്തിലുള്ളതുമായിരിക്കണം. എന്നാല്‍ ഇത്തരമൊരു പൊതു സിവില്‍ കോഡ് മുസ്ലിം വ്യക്തി നിയമങ്ങള്‍ മാത്രം എടുത്തു കളയുന്നതിലേക്കല്ല നയിക്കുക. കൂടെ ഹൈന്ദവ സമൂഹത്തിനു മാത്രം ബാധകമായ ഹിന്ദു വിവാഹ നിയമവും ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു അവിഭക്ത കുടുംബ നിയമവും അടക്കമുള്ള പല നിയമങ്ങളും ഇല്ലാതാക്കപ്പെടും. മുസ്ലിംകളേക്കാളുപരി ഹിന്ദു വര്‍ഗീയവാദികള്‍ ഇതിനൊക്കെ തയാറെടുത്തിരിക്കുകയാണോ? എല്ലാ കാലത്തും ഇരു സമുദായത്തിലുമുള്ള മൗലികവാദികള്‍ നിലവിലുള്ള നിയമങ്ങളിലെ പുരോഗമനാത്മക ഭേദഗതികളെ എതിര്ത്തിട്ടെ ഉള്ളൂ.
മതേതരത്വം ശക്തിപ്പെടുത്തുക വഴിയുണ്ടാകുന്ന പ്രബുദ്ധതയും തങ്ങള്‍ സുരക്ഷിതരാണെന്ന ബോധവും അതോടൊപ്പം തങ്ങളുടെ അവകാശങ്ങളെല്ലാം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന പൂര്‍ണ ആത്മവിശ്വാസവും എല്ലാ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലും ഉണ്ടാകുകയും ചെയ്യുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ മാത്രമെ ഇവിടെ പൊതു സിവില്‍ കോഡ് സാധ്യമാകൂ.