UPDATES

ഏകീകൃത സിവില്‍ കോഡ്; മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം സ്വേച്ഛാധിപത്യപരമെന്ന് വെങ്കയ്യനായിഡു

അഴിമുഖം പ്രതിനിധി

ഏകീകൃത സിവില്‍ കോഡ് നിയമ കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരിക്കാനുള്ള മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്‍റെ തീരുമാനം സ്വേച്ഛാധിപത്യപരമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു.

ഏകീകൃത സിവില്‍ കോഡില്‍ പൊതുജനാഭിപ്രായം തേടിക്കൊണ്ട് നിയമകമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കുമെന്നും ബഹുസ്വര സമൂഹമെന്ന നിലയ്ക്ക് ഏകീകൃത സിവില്‍കോഡ് രാജ്യത്തിന് അനുയോജ്യമല്ലെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

വിഷയത്തെ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് രാഷ്ട്രീയവത്കരിക്കുകയാണെന്നും സ്വന്തം കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. വിഷയത്തിലേക്ക് പ്രധാനമന്ത്രിയെ വലിച്ചിഴക്കേണ്ട ആവശ്യമില്ല. ബോര്‍ഡിന്റെ തീരുമാനം സ്വേച്ഛാധിപത്യപരമാണെന്നും മുത്തലാഖ് നിര്‍ത്തലാക്കണമെന്നാണ് രാജ്യത്തെ ഭൂരിപക്ഷം പൗരന്മാരുടെയും ആവശ്യമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമ കമ്മീഷന്റെ ചോദ്യാവലി മാറ്റിനിര്‍ത്തിക്കൊണ്ട് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ജനാധിപത്യത്തെ തടസപ്പെടുത്തുകയാണെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍