UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏകീകൃത സിവില്‍ നിയമം: ഭരണഘടനാപരമായി പരിഷ്ക്കാരമാവാം; പക്ഷേ വൈവിധ്യങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടാവരുത്

Avatar

അഡ്വ. മനു സെബാസ്റ്റ്യന്‍

 

[ഏകീകൃത സിവില്‍ നിയമം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ചോദ്യോത്തരി (http://lawcommissionofindia.nic.in/questionnaire.pdf) പൂരിപ്പിച്ചു നല്‍കേണ്ട സമയം ഈ ആഴ്ച കൊണ്ട് തീരുകയാണ്. ലോ കമ്മിഷന്‍ നടപടിയുടെ പശ്ചാത്തലത്തില്‍, ഏകീകൃത സിവില്‍ നിയമത്തിന്റെ ആവശ്യകതയെ പറ്റി ഒരു ചര്‍ച്ച, നിയമരംഗത്തെ പരിഷ്ക്കാരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ‘സിറ്റിസണ്‍സ് ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഗവേണന്‍സ് ‘((Citizens for Constitutional Governance), നടത്തുകയുണ്ടായി. എറണാകുളത്തെ തെയോസോഫിക്കല്‍ സൊസൈറ്റിയുടെ ഹാളില്‍ വെച്ച് നടത്തപ്പെട്ട ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന പ്രധാന ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.]

 

ഏകീകൃത സിവില്‍ നിയമം എല്ലാകാലത്തും ഒരു വിവാദ വിഷയം തന്നെയാണ്. വെറും ഒരു നിയമപ്രശ്‌നം എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ വിഷയമായാണ് അതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ രൂപാന്തരപ്പെടുന്നത്. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ ഒന്നായി ഏകീകൃത സിവില്‍ നിയമം കൊണ്ട് വരണം എന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും, ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും ഒരു രാഷ്ട്രത്തില്‍ എങ്ങനെ അത് പ്രായോഗികമായി നടപ്പിലാക്കാം എന്നത് ലളിതയുക്തികള്‍ കൊണ്ട് വിശദീകരിക്കുക പ്രയാസമാണ്. പ്രത്യേകിച്ച്, മതവിശ്വാസങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള ഒരു സമൂഹത്തില്‍. അതുകൊണ്ട് തന്നെ, മതപരമായ വ്യക്തിനിയമങ്ങളെ അപ്പാടെ മാറ്റിമറിക്കാതെ, അവയില്‍ നിലനില്‍ക്കുന്ന പോരായ്മകള്‍ പരിഷ്‌കരിക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ മാത്രം നിയമനിര്‍മാണത്തിലൂടെ നടത്തുക എന്ന ഒരു സന്തുലിത നിലപാടാണ് ഇത് വരെയുള്ള ഭരണകൂടങ്ങള്‍ തുടര്‍ന്നുകൊണ്ട് പോന്നത്.

അതില്‍ നിന്ന് വിഭിന്നമായ ഒരു നിലപാടാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ആശയം. മതപരമായ വ്യക്തി നിയമങ്ങളിലുള്ള വ്യത്യസ്തതകള്‍ എല്ലാം മായ്ച്ചു കളഞ്ഞു കൊണ്ട്, എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ ഒരു സിവില്‍ നിയമം ഏര്‍പ്പെ്ടുത്തുക എന്ന ആശയം പ്രത്യക്ഷത്തില്‍ ആകര്‍ഷണകമായി അനുഭവപ്പെടാം. കാരണം, ഭരണഘടനാ മൂല്യങ്ങലായ സമത്വവും തുല്യതയും, മതപരമായ വ്യതസ്തതകള്‍ ഇല്ലാതാക്കുന്നതിലൂടെ, സാധ്യമാകും എന്ന ധാരണയാണ്. പക്ഷെ, കൂടുതല്‍ സൂക്ഷ്മമായ ഒരു അവലോകനത്തില്‍, അതൊരു മിഥ്യാധാരണയാണെന്ന് വ്യക്തമാകും.

 

സിവില്‍ നിയമങ്ങള്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത് ഒരു വ്യക്തിയുടെ സിവില്‍ അവകാശങ്ങളെ സംബന്ധിക്കുന്ന നിയമങ്ങളാണ്. വ്യക്തികള്‍ തമ്മിലുള്ള ഇടപെടലുകളിലൂടെ ഉത്ഭവിക്കുന്നതാണ് സിവില്‍ നിയമങ്ങള്‍. അതായത്’ കച്ചവടം, കരാര്‍, വസ്തു ഇടപാടുകള്‍, ജോലി, സേവനം, കുടുംബ, വിവാഹബന്ധങ്ങള്‍ മുതലായവയിലൂടെ ഉത്ഭവിക്കുന്നതാണ് സിവില്‍ അവകാശങ്ങളും കടമകളും. ഇവയില്‍, കുടുംബവിവാഹ ബന്ധങ്ങള്‍ ഒഴികെയുള്ള, മറ്റെല്ലാ മേഖലകളിലും ഒരു ഏകീകൃത സിവില്‍ നിയമം നിലവില്‍ ഉണ്ട്. കരാറും വ്യാപാരവും ജോലിയും ധനവിനിമയവും സംബന്ധിച്ച സിവില്‍ നിയമങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ഒരു പോലെ ബാധകമാണ്. അതിനാല്‍ പരിമിതമായ തരത്തില്‍ ഇവിടെ ഒരു ഏകീകൃത സിവില്‍ കോഡ് നിലവിലുണ്ട്.

എന്നാല്‍, കുടുംബബന്ധങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന സിവില്‍ നിയമങ്ങള്‍, അതായത് വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടര്‍ച്ചാവകാശം മുതലായവയെ സംബന്ധിച്ച നിയമങ്ങള്‍ ഓരോ വ്യക്തിയുടെയും മതവിശ്വാസം അടിസ്ഥാനപ്പെടുത്തി വ്യത്യസ്തമാണ്. മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങള്‍ക്ക് അംഗീകാരം നല്കുന്നത് ഒരു ആധുനിക മതേതര രാഷ്ട്രത്തിന് ചേര്‍ന്നതല്ല എന്ന ഒരു വാദം ഉന്നയിക്കപ്പെടാറുണ്ട്. രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ ചിഹ്നമായ നിയമത്തില്‍ മതവിശ്വാസം കലരുന്നത്, രാഷ്ട്രവും മതവും തമ്മിലുള്ള വേര്‍തിരിരിവിനെ ഇല്ലാതാക്കുന്നു എന്നാണ് വാദം. തത്വത്തില്‍ ഈ വാദത്തിനു ബലമുണ്ട് എന്ന് പറയാമെങ്കിലും, സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി തീരെ ബന്ധമില്ലാത്ത ഒന്നാണത്. രാഷ്ട്രം എന്നത് ശൂന്യതയില്‍ നിലനില്‍ക്കുന്ന ഒരു അമൂര്‍ത്ത സങ്കല്‍പ്പം അല്ലല്ലോ. അത് വിചാരവും വികാരവും ഉള്ള നിരവധി മനുഷ്യരുടെ ഒരു സമ്മേളനമാണ്. ജനങ്ങളുടെ ചിന്താമണ്ഡലത്തെ വളരെയധികം സ്വാധീനിക്കുന്ന മതവിശ്വാസങ്ങളെ കണക്കിലെടുക്കാതെ നിയമനിര്‍മാണം നടത്തുന്നത് പ്രായോഗികമല്ല.

 

 

കുടുംബജീവിതം എന്നത് ഒരാളുടെ സാംസ്‌കാരികപശ്ചാത്തലവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഒരാള്‍ വിശ്വസിക്കുന്ന മതം അയാളുടെ കുടുംബജീവിതത്തെ വളരെയധികം രൂപപ്പെടുത്തുന്നു. ഉദാഹരണത്തിന്, ഇസ്ലാം മതം വിവാഹത്തെ ഒരു സിവില്‍ ഉടമ്പടി പോലെ കാണുമ്പോള്‍, ക്രിസ്തുമതത്തില്‍ വിവാഹം ദൈവനിശ്ചയത്താല്‍ നടത്തപ്പെടുന്ന ഒരു കൂദാശയാണ്; ഹിന്ദുമതത്തില്‍ അത് ജന്മജന്മാന്തരങ്ങാളായി നിലനില്‍ക്കേണ്ട ഒരു ബന്ധമാണ്. അതുപോലെ തന്നെ, വിവാഹമോചനം, സ്വത്തുവിഭജനം, ദത്തെടുക്കല്‍ മുതലായ കാര്യങ്ങളിലൊക്കെ ഓരോ മതത്തിനും അതിന്റെ്തായ കാഴ്ചപ്പാടുണ്ട്. ഇതില്‍ ഇതാണ് ശരി ഇതാണ് തെറ്റ് എന്നൊന്നും വസ്തുനിഷ്ഠമായി പറയാന്‍ സാധിക്കില്ല. വിവിധ സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങള്‍ ആണ് അവിടെ കാണാന്‍ സാധിക്കുന്നത്. ഇവയിലുള്ള ആത്യന്തികമായ ശരിതെറ്റുകളുടെ കണക്കെടുപ്പ് അനാവശ്യവും അസാധ്യവുമാണ്. അതുകൊണ്ടാണ്, കുടുംബബന്ധങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന അവകാശങ്ങള്‍ നിര്‍ണയിക്കാന്‍, മതപരമായ വ്യക്തിനിയമങ്ങളെ അനുവദിച്ചത്. മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരാളുടെ സാംസ്‌കാരികപൈതൃകം നിലനിര്‍ത്താന്‍ വ്യക്തികള്‍ക്ക് അതുമൂലം കഴിയുന്നു. വിവിധ സമൂഹങ്ങള്‍ക്ക് രാഷ്ട്രത്തില്‍ അന്യതാബോധം അനുഭവപ്പെടാതിരിക്കാനും അത് വഴിയൊരുക്കുന്നു. തങ്ങളുടെ സാംസ്‌കാരികവൈവിധ്യത്തെ സംരക്ഷിക്കുന്ന വ്യവസ്ഥിതിയോട് കൂടുതല്‍ മമത അനുഭവപ്പെടുകയും, രാഷ്ട്രത്തിന്റെ ഭദ്രത അതുവഴി സുശക്തമാവുകയും ചെയ്യുന്നു.

എന്നുകരുതി, വ്യക്തി നിയമങ്ങളില്‍ രാഷ്ട്രത്തിന്റെ നിയമനിര്‍മാണം ഉണ്ടായിട്ടില്ല എന്നല്ല. സ്ത്രീശാക്തീകരണവും ലിംഗനീതിയെ പറ്റിയുള്ള ആശയങ്ങളും മറ്റും സംഭവിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ഉത്ഭവിച്ചതാണ് വ്യക്തിനിയമങ്ങള്‍ പലതും. അതിനാല്‍ വ്യക്തിനിയമങ്ങളില്‍ കാലഹരണപ്പെട്ട ചില ഘടകങ്ങള്‍ ഉണ്ട്. അതുകൊണ്ട് കാലോചിതമായ പരിഷ്‌കാരങ്ങള്‍ അവയില്‍ വരുത്തുന്നതിനായി രാഷ്ട്രത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഭരണഘടനാമൂല്യങ്ങള്‍ക്ക് അനുസൃതമായ തരത്തില്‍ വ്യക്തിനിയമങ്ങളെ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.

 

 

1956-ല്‍ ഹിന്ദു വ്യക്തിനിയമങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് ഹിന്ദു കോഡ് നിലവില്‍ വന്നു. 2005-ലും പുരോഗമനപരമായ മാറ്റങ്ങള്‍ ഹിന്ദു കോഡില്‍ നിയമഭേദഗതിയിലൂടെ വന്നു. ക്രിസ്ത്യന്‍ വിവാഹപിന്തുടര്‍ച്ചാവകാശ നിയമങ്ങളിലും അതുപോലെ പരിഷ്‌ക്കാരങ്ങള്‍ വന്നു. മുസ്ലിം വ്യക്തി നിയമത്തില്‍ ക്രോഡീകരണം നടന്നിട്ടില്ല. പക്ഷെ, കാലോചിതമായ വ്യാഖ്യാനങ്ങള്‍ നല്‍കി, മുസ്ലിം വ്യക്തി നിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമാക്കാന്‍ നമ്മുടെ കോടതികള്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ വിവാദ വിഷയമായിരിക്കുന്ന ‘തലാഖി’ന്റെ കാര്യത്തിലും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2002-ലെ ‘ഷമിമ ആറ’ കേസില്‍ തലാഖ് ഏതൊക്കെ സാഹചര്യത്തിലാണ് നിയമാനുസൃതമാകുന്നത് എന്നതിന്റെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. 2000-ല്‍ ഉണ്ടായ ‘ഡാനിയല്‍ ലത്തിഫി’ കേസില്‍ മുസ്ലിം ഭാര്യക്ക് ജീവനാംശത്തിന് മറ്റു സമുദായത്തിലുള്ള സ്ത്രീകളെ പോലെ തുല്യ അവകാശങ്ങള്‍ ഉണ്ടെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. എന്നിരുന്നാലും, വിവാഹമോചനത്തെ സംബന്ധിച്ച് മുസ്ലിം വ്യക്തിനിയമത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തുല്യത ഇല്ല എന്നത് ഒരു വസ്തുതയാണ്.

 

 

2014-ല്‍, ‘ഖുറാന്‍ സുന്നത് സൊസൈറ്റി’, ‘നിസ’ മുതലായ മുസ്ലിം സംഘടനകള്‍, ശരിയത് നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണം എന്ന ആവശ്യവുമായി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അത് നിയമസഭയുടെ അധികാരപരിധിയില്‍ വരുന്ന വിഷയം ആണെന്നും അതിനാല്‍ കോടതിക്ക് ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും നിരീക്ഷിച്ചുകൊണ്ട് കോടതി ഹര്‍ജി തള്ളി. രാജ്യത്തെ സെക്യുലര്‍ നിയമവ്യവസ്ഥിതി ഒരു പൌരന് വാഗ്ദാനം ചെയ്യുന്ന ഒരവകാശവും വ്യക്തിനിയമങ്ങള്‍ക്ക് കവരാനാകില്ല എന്നും, സെക്യുലര്‍ നിയമവും വ്യക്തിനിയമവും തമ്മില്‍ ഒരു വൈരുദ്ധ്യം ഉണ്ടാവുകയാണെങ്കില്‍ അവിടെ പ്രായോഗികമാകേണ്ടത് സെക്കുലര്‍ സിവില്‍ നിയമം തന്നെയാണ് എന്നും ഇന്ത്യന്‍ ജുഡിഷ്യറി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട്, വ്യക്തി നിയമങ്ങള്‍ പൌരന്റെ സിവില്‍ അവകാശങ്ങളെ ധ്വംസിക്കുന്നു എന്ന ആശങ്ക അസ്ഥാനത്താണ്.

 

വ്യക്തിനിയമങ്ങളെ ഭരണാഘടനയ്ക്ക് അനുസൃതമായി പരിഷരിക്കുക എന്നതാണ് പക്വവും സന്തുലിതവുമായ സമീപനം. അല്ലാതെ, അവയെ അപ്പാടെ പൊളിച്ചെഴുതി ഒരു പൊതു സിവില്‍ നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ല. ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ഉദ്ദേശങ്ങള്‍ മനസ്സിലാക്കാതിരിക്കുന്നതും മൂഡത്തരമാണ്. സംഘപരിവാര്‍ ശക്തികള്‍ വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളോട് കൂട്ടിച്ചേര്‍ത്തു വേണം ഏകീകൃത സിവില്‍ നിയമത്തെ സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ചര്‍ച്ചകളേയും വായിക്കാന്‍. ഇവിടുത്തെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ എല്ലാം മായ്ച്ചു കളഞ്ഞ് ഏകശിലാമാതൃകയിലുള്ള ഒരു ജനതയെ രൂപപ്പെടുത്താനാകരുത് ഏകീകൃത സിവില്‍ നിയമം. അത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ജനിപ്പിക്കാന്‍ വഴിയൊരുക്കുകയും അത് രാഷ്ട്രത്തെ ഭിന്നിപ്പിക്കുകയും മാത്രമേ ചെയ്യുകയുള്ളൂ.

അതിനാല്‍, നിലവിലുള്ള വ്യക്തിനിയമങ്ങളുടെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ, അവയെ ഭരണഘടനാപരമായി ക്രോഡീകരിച്ച് പരിഷ്‌കരിക്കുക എന്ന ഇതുവരെ തുടര്‍ന്നുകൊണ്ട് പോന്നിരുന്ന സന്തുലിതമായ സമീപനം തുടരുക. എന്ത് യൂണിഫോം സിവില്‍ കോഡാണ് നിലവില്‍ വരേണ്ടത് എന്നതിനെപ്പറ്റി നിരവധ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, തത്സ്ഥിതി തുടരുന്നത് തന്നെയാണ് ഉചിതം. ഇങ്ങനെ ഒരു അഭിപ്രായ സമന്വയത്തില്‍ ചര്‍ച്ച എത്തിച്ചേര്‍ന്നു.

 

കേരള ഹൈക്കോടതി അഭിഭാഷകരായ അഡ്വ. സൂര്യ ബിനോയ്, അഡ്വ. ജയ് മോഹന്‍, അഡ്വ. ലിജിത് കോട്ടക്കല്‍ മുതലായവര്‍ ചര്‍ച്ച നയിച്ചു.

 

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് മനു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍