UPDATES

ഈ ബജറ്റ് പാവപ്പെട്ടവര്‍ക്കുള്ളതാണ്; കാരണം തെരഞ്ഞെടുപ്പുകളാണ് വരുന്നത്

ഇവിടെ കണക്കുകൂട്ടലുകള്‍ അങ്ങേയറ്റം രാഷ്ട്രീയപരമാണ്

ഒരു കാര്യം വ്യക്തമാണ്; സര്‍ക്കാര്‍ ചിലവുകളില്‍ നേരിയ വര്‍ദ്ധനവും നികുതികളില്‍ ഇളവുകളും ഒക്കെ പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് ബജറ്റെങ്കിലും അത് പ്രധാനമായും ഉന്നം വയ്ക്കുന്നത് ഒരു കൂട്ടരെയാണ്; രാജ്യത്തെ പാവപ്പെട്ടവരെ. രണ്ട് വ്യക്തമായ രാഷ്ട്രീയ ഉദ്ദേശങ്ങള്‍ കൂടി അത് വെളിപ്പെടുത്തുന്നുണ്ട്: ഒന്ന് 2019-ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതും, മറ്റേത് അഞ്ച് സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതും. 1970-കളിലെ ഇന്ദിര ഗാന്ധിയെ പോലെ ഒരു തന്നെ ‘പാവപ്പെട്ടവരുടെ പടത്തലവനാ’യി ഉയര്‍ത്തിക്കാട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ ‘കള്ളപ്പണം ഇല്ലാതാക്കാനാ’യി നടപ്പാക്കിയ നോട്ട് നിരോധന പരിപാടിയിലൂടെ കടുത്ത പ്രഹരത്തിന് വിധേയരായ വോട്ടര്‍മാരുടെ അനുകമ്പ തിരിച്ചുപിടിക്കാനും.

ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിനുമായി സര്‍ക്കാര്‍ ചിലവുകള്‍ വര്‍ദ്ധിപ്പിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, നോട്ട് നിരോധനം മൂലം സാമ്പത്തികരംഗത്തിനുണ്ടായ പ്രത്യാഘാതങ്ങള്‍ വളരെ പെട്ടെന്ന് തന്നെ കെട്ടടങ്ങുമെന്ന് രാജ്യത്തിന് ഉറപ്പുനല്‍കാനും ശ്രദ്ധിച്ചു. വകയിരുത്തലുകള്‍ വന്‍തോതിലുള്ളതല്ല. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതു പോലെയുള്ള പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടുമില്ല. പക്ഷെ ഉദ്ദേശം വ്യക്തമാണ്.

ജെയ്റ്റ്‌ലി, അടിസ്ഥാന വ്യക്തിഗത വരുമാന നികുതി നിരക്ക് പകുതിയാക്കുകയും ഇന്ത്യയിലെ വാണിജ്യത്തിന്റെ 96 ശതമാനം വരുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവുകള്‍ പ്രഖ്യാപിക്കുകയും പണക്കാര്‍ക്ക് സര്‍ച്ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എല്ലാ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും കാണിക്കുന്നത് ഇതൊരു തിരഞ്ഞെടുപ്പ് ബജറ്റ് തന്നെയാണെന്നതാണ്.

2019-ല്‍ മോദി വീണ്ടും തിരഞ്ഞെടുക്കപ്പെടുമോ എന്നതില്‍ നിര്‍ണായകമായേക്കാവുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്ള ബജറ്റ് അവതരിപ്പിക്കപ്പെടുന്നത് എന്നതും ശ്രദ്ധിക്കണം. തന്റെ ഉദ്ദേശം എന്താണെന്ന്‍ മോദി തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു: ‘ദരിദ്രരുടെയും ഗ്രാമീണരുടെയും കര്‍ഷകരുടെയും ഉന്നമനത്തിനായി സമര്‍പ്പിക്കപ്പെട്ടിരുന്ന ഒരു ബജറ്റാണിത്’ എന്ന് ജെയ്റ്റ്ലിയുടെ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തിന് ശേഷം ടിവിയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രതീക്ഷിച്ചതുപോലെ, കേന്ദ്ര ധനകമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനമാക്കുക എന്ന മുന്‍ലക്ഷ്യം മാറ്റിവെച്ചുകൊണ്ട്, 2017-18-ല്‍ അത് 3.2 ശതമാനമാക്കി ജെയ്റ്റ്‌ലി വര്‍ദ്ധിപ്പിച്ചു. അതൊരു മോശം കാര്യമല്ല. പക്ഷേ നിങ്ങള്‍ ധനപരമായി ജാഗ്രതയുള്ള ആളാണെങ്കില്‍, നികുതികള്‍ വെട്ടിക്കുറയ്ക്കുകയും ചിലവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള ഉയര്‍ന്ന ധനകമ്മിയില്‍ സംശയം തോന്നാം.

725 ബില്യണ്‍ രൂപയുടെ (10.7 ബില്യണ്‍ ഡോളര്‍) പൊതുമേഖലാ ആസ്തികള്‍ അഥവാ മുന്‍ വര്‍ഷം പ്രതീക്ഷച്ചതിനേക്കാള്‍ ഏകദേശം അറുപത് ശതമാനം വിറ്റഴിക്കുക എന്ന ലക്ഷ്യം നിറവേറിയാല്‍ മാത്രമേ കണക്ക് പുസ്തകത്തില്‍ സന്തുലനം ഉണ്ടാവൂ. ലക്ഷ്യമിടുന്നതുപോലെ, ഈ വര്‍ഷം കമ്മി 3.5 ശതമാനമായി മാറുമെന്നാണ് ധനമന്ത്രി കണക്കുകൂട്ടുന്നത്.

ഇന്ത്യയെ ‘ആഗോള വളര്‍ച്ചയുടെ ചാലകശക്തി’ എന്ന് വിശേഷിപ്പച്ച ജെയ്റ്റ്‌ലി യുഎസ് പലിശനിരക്കുകള്‍ വര്‍ദ്ധിക്കുകയും ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടാകുകയും ചെയ്താല്‍ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചും ആഗോള സംരക്ഷണത്തെ സംബന്ധിച്ച് വളര്‍ന്നു വരുന്ന ആശങ്കകളെ കുറിച്ചും ഊന്നിപ്പറഞ്ഞു.

ഇന്ത്യയില്‍ വിതരണത്തിലുണ്ടായിരുന്നതിന്റെ 86 ശതമാനം നോട്ടുകളും പിന്‍വലിക്കാനുള്ള മോദിയുടെ നവംബറിലെ ഞെട്ടിക്കുന്ന തീരുമാനം, ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുകയും വിതരണ ശൃംഘലകള്‍ മുറിയുകയും നിക്ഷേപങ്ങള്‍ക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു. നോട്ട് നിരോധനത്തിന്റെ ഏറ്റവും മോശം തിരിച്ചടികള്‍ അവസാനിച്ചതായും ബുദ്ധിമുട്ടുകള്‍ ഈ സാമ്പത്തിക വര്‍ഷത്തിന് അപ്പുറത്തേക്ക് പോകില്ലെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍, ഈ സാമ്പത്തികവര്‍ഷത്തില്‍ ധനമന്ത്രാലയം പ്രതീക്ഷിക്കുന്ന വളര്‍ച്ച നിരക്ക് 6.5 ശതമാനം മാത്രമാണ്. 2017-18ല്‍ ഇത് 6.75-നും 7.5-നും ഇടയിലേക്ക് മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പക്ഷെ ഒരോ മാസവും തൊഴില്‍ കമ്പോളത്തിലേക്ക് ഇറങ്ങുന്ന ഇന്ത്യന്‍ യുവത്വത്തിന് ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദിക്ക് ഇതുകൊണ്ടു കഴിയില്ല; കാരണം ഈ വളര്‍ച്ചാ നിരക്ക് കൊണ്ട് ആ ലക്ഷ്യം നേടാനൊക്കില്ല.

നോട്ട് നിരോധന നടപടിമൂലമുള്ള തടസ്സങ്ങള്‍ അവസാനിക്കാന്‍ എത്ര നാള്‍ വേണ്ടി വരുമെന്ന കാര്യത്തില്‍ ഇപ്പോഴും വിരുദ്ധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോഴും ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തികരംഗത്തിന് ഒരു സഹായഹസ്തം ആവശ്യമാണെന്നാണ് മിക്ക നിരീക്ഷകരും കരുതുന്നത്.

മൂലധന നിക്ഷേപങ്ങള്‍ 25.4 ശതമാനം കണ്ട് വര്‍ദ്ധിപ്പിച്ച ജയ്റ്റ്‌ലി ഗ്രാമീണ, തോട്ട മേഖലകളിലുള്ള ചിലവഴിക്കലുകളില്‍ 24 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ആരോഗ്യരംഗത്തെ നിക്ഷേപങ്ങള്‍ 28 ശതമാനം കണ്ട് വര്‍ദ്ധിക്കും. എന്നാല്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകളെ പിന്തുണയ്ക്കാനുള്ള അധിക നടപടികള്‍ക്കൊന്നും ഇടം നല്‍കിയിട്ടില്ല.

നികുതിയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ 2. 5 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയ്ക്കുള്ള വരുമാനത്തിനുള്ള വ്യക്തിഗത നികുതി അഞ്ച് ശതമാനമായ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വെട്ടിക്കുറച്ചതാണ് ജെയ്റ്റ്‌ലിയുടെ ഏറ്റവും വലിയ പ്രഖ്യാപനം. വലിയ വരുമാനം ഉള്ളവര്‍ പത്തുശതമാനം സര്‍ച്ചാര്‍ജ്ജ് നല്‍കേണ്ടി വരും.

പ്രതിവര്‍ഷം 500 ദശലക്ഷം രൂപ വരെ വരുമാനമുള്ള ചെറിയ വാണീജ്യസ്ഥാപനങ്ങള്‍ക്കുള്ള നികുതി 30 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ചുരുക്കിയിട്ടുണ്ട്. മൊത്തത്തില്‍ നോക്കുമ്പോള്‍, നേരിട്ടുള്ള നികുതിയിലുള്ള ഇളവുകള്‍ വഴി മൂന്ന് ബില്യണ്‍ ഡോളറാണ് ഖജനാവിന് നഷ്ടം ഉണ്ടാവുക. ഉദ്യോഗസ്ഥരുടെ ഒരു നിരയെ ഒഴിവാക്കാനും ഇന്ത്യയെ വ്യാപാരം നടത്താന്‍ എളുപ്പമുള്ള സ്ഥലവുമാക്കുന്നതിന്റെ ഭാഗമായി വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിനെ മരവിപ്പിക്കുകയാണെന്ന അപ്രതീക്ഷിത പ്രഖ്യാപനവും ജെയ്റ്റ്‌ലി നടത്തി. ലോക ബാങ്കിന്റെ ആഗോള റാങ്കിംഗില്‍ 130-ാം സ്ഥാനമുള്ള ഇന്ത്യയെ വ്യവസായ സൗഹൃദരാജ്യമാക്കി മാറ്റുമെന്ന് മോദി പ്രതിജ്ഞ ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ പ്രാചരണം നടത്തുന്നതിന് വേണ്ടിവരുന്ന വലിയ ചിലവുകള്‍ നേരിടുന്നതിനായി, വെളിപ്പെടുത്താത്ത സംഭാവനകള്‍ സ്വീകരിക്കുന്നതിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ കര്‍ശനമാക്കാനുള്ള വ്യവസ്ഥകളും ജെയ്റ്റ്‌ലി മുന്നോട്ട് വെച്ചിട്ടുണ്ട്. പണ സംഭാവനകള്‍ വെറും രണ്ടായിരം രൂപയായി ചുരുക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായനികുതി രേഖകള്‍ സമര്‍പ്പിക്കണമെന്ന നിബന്ധനയും ഒക്കെ ഇതിന്റെ ഭാഗമാണ്.

ഇവിടെ കണക്കുകൂട്ടലുകള്‍ അങ്ങേയറ്റം രാഷ്ട്രീയപരമാണ്: ജെയ്റ്റ്‌ലിയുടെ ധനപരമായ പാരിതോഷികങ്ങള്‍ ഉപഭോക്തൃ ചിലവഴിക്കല്‍ വര്‍ദ്ധിപ്പിക്കും, ഒരുപക്ഷേ ശനിയാഴ്ച വോട്ടെടുപ്പ് ആരംഭിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മോദിയുടെ പാര്‍ട്ടിയുടെ ഭാഗ്യങ്ങള്‍ക്ക് പിന്തുണ ലഭിക്കുകയും ചെയ്തേക്കും.
പഞ്ചാബും ഗോവയുമാണ് ആദ്യം തിരഞ്ഞെടുപ്പ് നേരിടുന്നത്. പിന്നീട് ഉത്തര്‍പ്രദേശിന്റെ വിശാലമായ ഭൂമിക. അതിനുശേഷം ചെറിയ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡിലും മണിപ്പൂരിലും തിരഞ്ഞെടുപ്പുകള്‍ നടക്കും. മാര്‍ച്ച് 11നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍