UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്ര ബജറ്റ്; ഒരു ‘കോര്‍പ്പറേറ്റ് കണക്കപ്പിള്ള’യുടെ ആം ആദ്മി സ്നേഹം

ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റ് പ്രസംഗം, അത് സൃഷ്ടിക്കുമെന്ന് സകലരും പ്രതീക്ഷിച്ച വൈകാരിക പ്രതിഫലനം തന്നെയാണ് ഉണ്ടാക്കിയത്. പാടത്ത് പണിയെടുത്ത് തളരുന്ന പാവപ്പെട്ട കര്‍ഷകര്‍ക്കായി, തുടര്‍ച്ചയായ രണ്ടു കാലവര്‍ഷക്കുറവ് മൂലം കെടുതിയിലായ കൃഷിക്കാര്‍ക്കായി ഹൃദയരക്തമൊഴുക്കുന്ന ഒരു സര്‍ക്കാര്‍ ഇതാ, ഇതാ! അടുക്കളകളില്‍ പുകയൂതി ശ്വാസകോശം തകരുന്ന പാവപ്പെട്ട സ്ത്രീകളെക്കുറിച്ച് ആശങ്കപ്പെടുന്ന ഭരണത്തിന്റെ പ്രതിനിധികളാണ് ഇവിടെയുള്ളത്. ദുരന്തസമാനമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്കാന്‍ തത്പരരായ ഭരണമാണ് ഇത്.

ജെറ്റ്ലിയുടെ പ്രസംഗം ഏതാണ്ട് 40 മിനിറ്റ് ആയപ്പോഴേക്കും, അദ്ദേഹം ഒരു ഇന്ത്യക്കാരനായ സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനെക്കാളും (അയാളതല്ലല്ലോ) ഒരു കണക്കപ്പിള്ളയായി രൂപാന്തരം പ്രാപിച്ച ഒരു കോര്‍പ്പറേറ്റ് അഭിഭാഷകനെപ്പോലെ (അതുതന്നെയാണയാള്‍) തോന്നിച്ചു. സാധാരണക്കാര്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ ബുദ്ധിമുട്ടുന്ന വിവിധ നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹം നല്കി. വിദ്യാഭ്യാസം, നൈപുണ്യം, തൊഴിലവസരം, അടിസ്ഥാന സൌകര്യം, സാമ്പത്തിക അച്ചടക്കം, മെച്ചപ്പെട്ട ഭരണനിര്‍വഹണം, സുഗമമായ വ്യാപാരം തുടങ്ങിയവയെക്കുറിച്ച് ദീര്‍ഘമായി പ്രതിപാദിച്ച ധനമന്ത്രി നികുതിതര്‍ക്കങ്ങളിലെ നിയമവ്യവഹാരങ്ങള്‍ എങ്ങനെ കുറയ്ക്കുമെന്നും നികുതി ഈടാക്കുന്നതില്‍ പ്രവചനീയത എങ്ങനെ കൊണ്ടുവരുമെന്നും സൂചിപ്പിച്ചു.

ബജറ്റ് അവതരണത്തിനുശേഷം,‘അനുസരണ ജാലകം’ എന്നത് ‘നികുതി പൊതുമാപ്പ്’ അല്ലെങ്കില്‍ ‘വരുമാനം സ്വയംസന്നദ്ധരായി പ്രഖ്യാപിക്കല്‍’ പദ്ധതിയുടെ മറ്റൊരു രൂപമാണെന്ന ആരോപണത്തോട് അത്ര സുതാര്യമായല്ല അദ്ദേഹം പ്രതികരിച്ചത്. പുതിയ പദ്ധതി അനുസരിച്ച് ജൂണില്‍ തുടങ്ങുന്ന നാലുമാസ കാലയളവില്‍,‘വെളിപ്പെടുത്താത്ത വരുമാനമോ അല്ലെങ്കില്‍ ആസ്തി രൂപത്തിലുള്ള വരുമാനമോ’ ഉള്ള ആളുകള്‍ക്ക് അത്തരം വരുമാനം വെളിപ്പെടുത്തുകയും ‘മുന്‍കാലത്ത് നടത്തിയ നികുതി മറികടക്കല്‍’ 45% നികുതി അടച്ചുകൊണ്ട് നിയമാനുസൃതമാക്കുകയും ചെയ്യാവുന്നതാണ്.

വെളിപ്പെടുത്താത്ത അത്തരം വരുമാനത്തെക്കുറിച്ച് ആദായ നികുതി നിയമപ്രകാരമോ സാമ്പത്തിക നിയമപ്രകാരമോ ഒരു തരത്തിലുമുള്ള പരിശോധനയോ അന്വേഷണമോ ഉണ്ടാകില്ല. ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ബിനാമി ഇടപാട് (നിരോധന) നിയമത്തിന്റെ കീഴില്‍ വരുന്ന അന്വേഷണത്തില്‍ നിന്നും ഇവരെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. വെളിപ്പെടുത്താത്ത വരുമാനത്തിന് മേലുള്ള 7.5% അധികനികുതി കൃഷി കല്യാണ്‍ അധികനികുതി എന്നാകും അറിയപ്പെടുക. ഇത് കൃഷിക്കാരുടെയും ഗ്രാമീണ വികസനത്തിനുമായി ഉപയോഗിക്കും. കൊള്ളാം, അല്ലേ?

ഇത്തരം ഒരു പദ്ധതിക്കു തീര്‍ച്ചയായും ഒരു ‘ധാര്‍മ്മിക കടമ്പ’ ഉണ്ട്. അത് കൃത്യമായി നികുതിയടക്കുന്ന സത്യസന്ധരായ നികുതിദായകരെ നിരാശപ്പെടുത്തുകയും ചെയ്യും. നികുതി വെട്ടിച്ചവരെ ഒരുതരത്തില്‍ അഭിനന്ദിക്കുന്ന ഈ പദ്ധതി, ഭാവിയില്‍ ഗുണകരമായ പൊതുമാപ്പ് പ്രതീക്ഷിച്ചു നികുതി വെട്ടിപ്പിന് ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യും. കള്ളപ്പണം തടയാന്‍ തങ്ങള്‍ക്ക് ഫലപ്രദമായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന സര്‍ക്കാരിന്റെ കുറ്റസമ്മതം കൂടിയാണ് ഇത്തരമൊരു പദ്ധതി.

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചു 55,000 കോടി രൂപയോളം സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നു സര്‍ക്കാര്‍. ‘തന്ത്രപരമായ വില്‍പനയിലൂടെ’ എന്ന ഈ പരിപാടി പച്ചയായ സ്വകാര്യവത്കരണമല്ലാതെ മറ്റൊന്നുമല്ല. നടപ്പ് സാമ്പത്തിക വര്‍ഷം, ഇത്തരം മൂലധന വരുമാനത്തിലൂടെ 69,500 കോടി രൂപ സമാഹരിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ അനുകൂലമല്ലാത്ത വിപണി സാഹചര്യങ്ങളില്‍ വെറും 25,000 കോടി രൂപ മാത്രമേ നേടാനായുള്ളൂ.

വിപണി സാഹചര്യങ്ങള്‍ 2016-17-ല്‍ ഗണ്യമായി മെച്ചപ്പെടുമെന്ന് ഒരുറപ്പുമില്ല. ബജറ്റ് പ്രസംഗത്തില്‍ ജെയ്റ്റ്ലി പറഞ്ഞത് “ പുതിയ പദ്ധതികളില്‍ നിക്ഷേപം നടത്താനായി ഭൂമി, നിര്‍മാണ വിഭാഗങ്ങള്‍ തുടങ്ങിയ ആസ്തികള്‍ വിറ്റഴിക്കല്‍” പൊതുമേഖല സ്ഥാപനങ്ങളെ ‘പ്രോത്സാഹിപ്പിക്കും’ എന്നാണ്.  ഇത് സര്‍ക്കാരിന്റെ സമ്മര്‍ദത്തിലാണ് നടക്കുന്നതെങ്കില്‍ അത് വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിക്കും എന്നുറപ്പാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പരാജയത്തിന്റെ ‘ജീവിക്കുന്ന സ്മാരകം’ എന്നധിക്ഷേപിച്ച തൊഴില്‍ ദാന പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MNREGA) ഇതുവരെ അനുവദിച്ചതില്‍ ഏറ്റവും വലിയ വിഹിതം തന്റെ സര്‍ക്കാര്‍ നല്കുന്നു എന്ന മന്ത്രിയുടെ അവകാശവാദത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ അവകാശവാദം തീര്‍ത്തും വ്യാജമാണ്. തൊഴിലുറപ്പ് പദ്ധതിക്ക് 2015-16-ല്‍ 34,699 കോടിരൂപ വകയിരുത്തിയത് 2016-17-ല്‍ 38,500 കോടി രൂപയാണ്. യഥാര്‍ത്ഥത്തിലുള്ള ആവശ്യത്തിന് തികയാത്തതും വാസ്തവത്തില്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചതിനേക്കാള്‍-41,000 കോടി രൂപയ്ക്കു മുകളില്‍- കുറവുമാണ് ഈ തുക. കുടിശികയായ 6,500 കോടി രൂപയുടെ കണക്കുകൂടി എടുത്താല്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം 32,000 കോടി രൂപയിലേക്ക് കുറയുകയാണ് ചെയ്തത്.

ബജറ്റിലെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ ഇതുമാത്രമല്ല. ആദായനികുതി നിയമത്തിലെ 80C ഭേദഗതി ചെയ്തു തൊഴിലുടമ തൊഴിലാളിയുടെ പ്രോവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കുന്ന നികുതിയൊഴിവ് തുക 1.5 ലക്ഷമായി നിശ്ചയിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. പ്രധാനപ്പെട്ട കാര്യം, എന്തുകൊണ്ടാണ് പെന്‍ഷന്‍, പ്രോവിഡന്റ് ഫണ്ട് പണം പിന്‍വലിക്കലുകളുടെ 60%-ത്തിന്  നികുതി ചുമത്തുന്നത് എന്നാണ്?

അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ അതിയായ ശ്രദ്ധ ചെലുത്തുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും 2015-16-ല്‍ ഈ വിഭാഗത്തില്‍ വകയിരുത്തിയതിനെക്കാളും കുറവ് മാത്രമേ ചെലവാക്കിയിരിക്കാന്‍ ഇടയുള്ളൂ. 2016-17ല്‍ ഇതേ നിലയില്‍ത്തന്നെ നിലനിര്‍ത്താനാണ് നിര്‍ദേശവും. ഭക്ഷ്യ, വള സബ്സിഡികള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചിരിക്കുന്നു. ഉദ്ഗ്രഥിത ശിശു വികസന പദ്ധതിക്കുള്ള ചെലവ് കുറച്ചു- പദ്ധതി സാര്‍വത്രികവും വിപുലവുമാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതാണ് എന്നോര്‍ക്കണം. ന്യൂനപക്ഷ ക്ഷേമത്തിനുള്ള തുകയും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കുറച്ചിരിക്കുകയാണ്. മൊത്തം പദ്ധതി ചെലവുമായുള്ള അനുപാതം വെച്ചുനോക്കിയാല്‍ ആദിവാസി, പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള നിര്‍ദിഷ്ട വിഹിതവും ലക്ഷ്യത്തില്‍ നിന്നും എത്രയോ താഴെയാണ്.

സേവന നികുതിയില്‍ നിന്നുള്ള വരുമാനത്തെക്കുറിച്ചുള്ള ധനമന്ത്രിയുടെ നിഗമനങ്ങള്‍ക്കും വലിയ വ്യക്തതയില്ല. ആദായ നികുതിയില്‍ നിന്നും കോര്‍പ്പറേറ്റ് നികുതിയില്‍ നിന്നുമുള്ള വരുമാനം ബജറ്റ് കണക്കുകളില്‍ നിന്നും തുലോം കുറവായിരുന്നു- ഏതാണ്ട് 46,000 കോടി രൂപയോളം. ഇത് കേന്ദ്ര നികുതിയിലെ സംസ്ഥാനങ്ങളുടെ വിഹിതത്തെയാണ് കുറയ്ക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ ഉയര്‍ത്തിയാണ് ധനക്കമ്മി സംബന്ധിച്ച ലക്ഷ്യം നേടുന്നത്; ഇതാകട്ടെ ബജറ്റ് കണക്കിനേക്കാള്‍ 54,000 കോടി രൂപ അധികവും.

നടപ്പ് സാമ്പത്തികവര്‍ഷത്തിലെ മൊത്തം നികുതി പിരിവില്‍ 17% വര്‍ദ്ധന ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍ എങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വര്‍ദ്ധനവ് 11% മാത്രമാകും എന്നാണ് പറയുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) 7.5% വര്‍ദ്ധിക്കും എന്നു പറയുമ്പോഴാണ് ഈ കുറവ് എന്നു കാണണം. ഇതുണ്ടാകുമോ, പണപ്പെരുപ്പം (കുറഞ്ഞുകൊണ്ടിരിക്കുന്ന മൊത്തവില സൂചികയും നിരന്തരം ഉയരുന്ന ഉപഭോക്തൃ വില സൂചികയും കണക്കിലെടുക്കുന്ന ജി ഡി പി ചുരുക്ക അളവ്) 4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാകുമോ എന്നത് മറ്റൊരു വിഷയമാണ്.

തന്റെ മുന്‍ഗാമികളെപ്പോലെ, പ്രത്യേകിച്ചും പി.ചിദംബരത്തെപ്പോലെ, ജെയ്റ്റ്ലിയും ഇന്ത്യയിലെ നികുതിദായകര്‍ക്കായി സമ്പദ് വ്യവസ്ഥയുടെ ഒരു വര്‍ണശബളമായ ചിത്രം വരച്ചുവെക്കുന്നു. അപ്പോള്‍ എന്താണ് പുതുതായുള്ളത്? കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം. അതങ്ങിനെ സംഭവിക്കുന്നുമുണ്ട്. ധനമന്ത്രി തന്നെ തന്റെ ബജറ്റ് പ്രസംഗത്തിന്റെ ആദ്യവാചകത്തില്‍ നമുക്ക് മുന്നറിയിപ്പ് തരുന്നുണ്ട്,“ആഗോള സമ്പദ് രംഗം ഗുരുതരമായ പ്രതിസന്ധിയിലാണ്.”

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍