UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് സാമ്പിൾ, അടുത്ത വർഷം വെടിക്കെട്ട്

Avatar

കെ ജെ ജേക്കബ്   

നരേന്ദ്ര മോദി സർക്കാരിന്റെ ബജറ്റിനെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വിശേഷിപ്പിക്കുന്നത് ‘നിരാശാജനകം’ എന്നാണ്;  ‘ജനദ്രോഹകരം’ എന്നല്ല. പ്രതീക്ഷിച്ചതുപോലെ പ്രകടമായ മുതലാളിത്ത സ്വഭാവം കാണിക്കാത്തതു കൊണ്ടായിരിക്കണം ബജറ്റിനെ അദ്ദേഹം അത്തരമൊരു വിശേഷണത്തിലൊതുക്കിയത് എന്നനുമാനിക്കേണ്ടിയിരിക്കുന്നു. വളരെക്കാലത്തെ കണക്കുകൂട്ടലുകൾക്കും കൃത്യമായ പ്ലാനിങ്ങിനും ശേഷം അധികാരത്തിലെത്തിയ സർക്കാർ എന്തുകൊണ്ടായിരിക്കും ഇത്തരം ബജറ്റ് അവതരിപ്പിച്ചത്, അതിന്റെ ലക്ഷ്യമെന്ത് എന്നന്വേഷിക്കെണ്ടിയിരിക്കുന്നു.  

ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയ്ക്കും ഭരണ കക്ഷിക്കും ഇതുവരെ കിട്ടാതിരുന്ന ഒരവസരമാണ് നരേന്ദ്ര മോദിക്കും ബി ജെ പിക്കും കിട്ടിയത്. 1991-ലെ സർക്കാർ ജനവിധിയ്ക്കപ്പുറം നിവൃത്തിയില്ലായ്മ കൊണ്ടാണ് ഉദാരീകണ പരിപാടി തുടങ്ങി വച്ചതെങ്കിൽ സ്വന്തം അജണ്ട മുൻപിൽ വച്ചു ജനവിധി വാങ്ങിയാണ് മോദി ഭരണം തുടങ്ങിയത്. ഇതിനുമുന്പ് ഒരാളും നല്കാത്ത വാഗ്ദാനങ്ങളുമായാണ് അദ്ദേഹം ജനങ്ങളെ സമീപിച്ചത്. യു പി എ സര്ക്കാരിന്റെ അഴിമതിയും ഉത്തരവാദിത്തമില്ലായ്മയും കൊണ്ട് കുളത്തിലായ ഒരു സമ്പദ്ഘടനയെ പുനരുദ്ധരിക്കുമെന്നും വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കുമെത്തിക്കുമെന്നുമായിരുന്നു പ്രധാന വാഗ്ദാനങ്ങൾ.

ലളിതമായി പറഞ്ഞാൽ പുരോഗതി ഒരു തുടർപ്രക്രിയയാണ്. സമ്പദ്ഘടനയിൽ നിക്ഷേപം നടത്തുമ്പോൾ തൊഴിൽ സൃഷ്ടിക്കപ്പെടുന്നു, ഉത്പന്നങ്ങൾ ഉണ്ടാവുന്നു, വരുമാനം കൂടുന്നു, നികുതി വരുമാനം കൂടുന്നു, വീണ്ടും നിക്ഷേപം വരുന്നു…ഇങ്ങിനെ.  ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ പ്രധാനമായും നിക്ഷേപം സ്വകാര്യമേഖലയിൽ നിന്നുണ്ടാവണം. അതിനു കൃത്യമായ ഒരു നയമുണ്ടാവണം, നിക്ഷേപം ആവശ്യമായ മേഖലകൾ സർക്കാർ കണ്ടുപിടിക്കണം, അതിനുള്ള തടസ്സങ്ങൾ നീക്കണം, അവർക്കാവശ്യമായ മനുഷ്യ വിഭവശേഷിയും അസംസ്കൃത വസ്തുക്കളും ഉണ്ടെന്ന് ഉറപ്പു വരുത്തണം, അതിനുള്ള ഉപാധികൾ വയ്ക്കണം, അതിനായുള്ള നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണം, നികുതി നയം വേണം. അങ്ങിനെ കൃത്യമായ ഒരു പരിപാടിയുണ്ടെങ്കിൽ മാത്രമേ സ്വകാര്യ മേഖല പണം മുടക്കൂ.

ഇത്തരം ഒരു പണം മുടക്കലിന്റെ, പുതിയ പദ്ധതികളുടെ, പുതിയ തൊഴിലവരസരങ്ങലുടെ, കൂടിയ ഉൽപ്പാദനത്തിന്റെ, മെച്ചപ്പെട്ട ജീവിത നിലവാരത്തിന്റെ പ്രതീക്ഷ ഇന്ത്യയുടെ സമ്പദ്ഘടനയിൽ സൃഷിച്ചാണ് മോദി അധികാരത്തിലെറിയത്. ഉദാഹരണത്തിന് പുതിയ നൂറു നഗരങ്ങളുടെ സൃഷ്ടി. അല്ലെങ്കിൽ അതിവേഗ തീവണ്ടിപ്പാതകൾ. പുതിയ റോഡുകൾ..എന്നിങ്ങനെ. ഇവയിലൊക്കെ പണം മുടക്കാൻ തയ്യാറായി ഇന്ത്യയിലും വിദേശത്തും നിക്ഷേപകർ തയാറായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. 

നയത്തോടൊപ്പം സ്വകാര്യ നിക്ഷേപകർക്ക് വേണ്ടിയിരുന്ന ഒരു കാര്യം കൂടിയുണ്ട്: സർക്കാരിന്റെ കമ്മി കുറക്കണം. അതില്ലായെങ്കിൽ വർഷാവസാനം കണക്കൊപ്പിക്കാൻ സർക്കാർ രണ്ടു കാര്യങ്ങൾ ചെയ്യും: ഒന്നുകിൽ കടമെടുക്കും, അപ്പോൾ വിപണിയിൽ ലഭ്യമായ പണത്തിന്റെ അളവ് കുറയും, പലിശനിരക്ക് കൂടും. അതല്ലെങ്കിൽ സർക്കാർ നോട്ടടിക്കും, അത് പണപ്പെരുപ്പമുണ്ടാക്കും, വീണ്ടും പലിശനിരക്ക് കൂടും. അതൊഴിവാക്കാൻ അവർ നിർദ്ദേശിക്കുന്ന മാർഗ്ഗം സർക്കാർ ചെലവ് കുറയ്ക്കുക എന്നതാണ്. പക്ഷെ എവിടെ കുറയ്ക്കും? കമ്പനികൾക്ക് കൊടുക്കുന്ന ആനുകൂല്യം കുറയ്ക്കാമോ? ഏയ്‌ പാടില്ല, അത് തെറ്റായ സന്ദേശം നല്കും. പിന്നെ എവിടെ കുറയ്ക്കാം? രണ്ടുമൂന്നു വഴിയുണ്ട്: സബ്സിഡികൾ കുറയ്ക്കുക. ഭക്ഷ്യ, ഇന്ധന, വള സബ്സിഡികൾ കുറയ്ക്കുക, അങ്ങിനെ കമ്മി കുറയ്ക്കുക. അതാണ് ഏറ്റവും പ്രധാനം. മാധ്യമങ്ങൾ, പ്രത്യേകിച്ച് ദേശീയ ചാനലുകൾ, ഏറ്റവുമധികം ഉയർത്തിക്കാട്ടിയിരുന്നത് ഈ വഴിയായിരുന്നു.     

ഈ രണ്ടു കാര്യങ്ങളും–സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുക, സബ്സിഡി കുറച്ച് കമ്മി കുറയ്ക്കുക– മോദി സർക്കാർ നടപ്പാക്കും എന്നായിരുന്നു സൂചനകൾ. കടുത്ത രോഗത്തിന്റെയും കയ്പ്പുള്ള കഷായത്തിന്റെയും കാര്യങ്ങൾ പറഞ്ഞത് ഇതിനാണ്. മാധ്യമങ്ങളും ഇതേറ്റു പിടിച്ചിരുന്നു. സബ്സിഡി എന്നാൽ ആകെ അറപ്പുണ്ടാക്കുന്ന ഒരു വാക്കാക്കി ഇതിനകം മാറ്റാനുള്ള ശ്രമം കൊണ്ടുപിടിച്ച് നടക്കുന്നുണ്ടായിരുന്നു. 

പക്ഷെ ഫലത്തിൽ സർക്കാർ രണ്ടു കാര്യങ്ങളും ചെയ്തില്ല. സ്വകാര്യ നിക്ഷേപത്തിനുള്ള വഴിതുറന്നു വൻ പദ്ധതികൾ നടപ്പാക്കുന്നതിനും അതുവഴി വലിയ വളർച്ച കൈവരിക്കുന്നതിനുമുള്ള ഒരു നടപടിയും കണ്ടില്ല. അതേപോലെ സബ്സിഡി കുറയ്കാനുള്ള നീക്കവുമില്ല. നിക്ഷേപകരുടെയും സ്വകാര്യ മേഖലയുടെയും പ്രതീക്ഷകൾ പാളിയപ്പോൾ സ്റോക്ക് മാർക്കറ്റും പ്രതിഷേധിച്ചു.

ഇങ്ങിനെ ആർക്കും താൽപ്പര്യമില്ലാത്ത ഒരു ബജറ്റ് കൊണ്ടുവരണമെങ്കിൽ രണ്ടു കാരണങ്ങളെ എന്റെ മനസ്സില് വരുന്നുള്ളൂ. ഒന്നുകിൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ഒരു പരിപാടി സംഘ പരിവാറിനോ മോദിയ്ക്കോ ഇല്ല, അല്ലെങ്കിൽ ഇതൊരു സാമ്പിൾ വെടിക്കെട്ടാണ്. വിവിധ സംസ്ഥാന നിയമ സഭകളിലെയ്ക്കുള്ള തെരഞ്ഞെടുപ്പുകൾക്ക്‌ ശേഷം അടുത്ത ബജറ്റിൽ കാര്യങ്ങൾ കൃത്യമായി പറയും.   

എന്റെ അനുമാനം രണ്ടാമത്തേതാണ്.

കാരണം, കേന്ദ്ര ബജറ്റിലും റയിൽവെ ബജറ്റിലും സ്വകാര്യ മേഖലയ്ക്കു പങ്കെടുക്കാനാവുന്ന മേഖലകൾ വേർതിരിച്ചു വച്ചിട്ടുണ്ട്. അവ എപ്പോൾ എങ്ങിനെ, എന്തുമാത്രം എന്നിങ്ങനെ കൃത്യമായി പറഞ്ഞിട്ടില്ല എന്ന് മാത്രം. ഇതേ കാര്യം തന്നെയാണ് സബ്സിഡികളുടെതും: അവ പുനർനിർണ്ണയിക്കാനുള്ള നിർദ്ദേശം ഇതിനകം വന്നിട്ടുണ്ട്. അവയ്ക്കൊക്കെ കൃത്യമായ ഭാവം അടുത്ത റയിൽവേ, കേന്ദ്ര ബജറ്റിലുണ്ടാകും.

ഇപ്പോൾ വന്നത് വഴിതുറക്കൽ സംഘമാണ്. ശരിയായ സംഘം പിറകെ വരുന്നുണ്ട്  എന്ന് വേണം കണക്കാക്കാൻ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍