UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബജറ്റില്‍ ഇനി ബ്രിട്ടീഷ് പാരമ്പര്യം വേണ്ട

Avatar

അഴിമുഖം പ്രതിനിധി

പതിറ്റാണ്ടുകളായി ഇന്ത്യയില്‍ കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി മാസത്തിലെ അവസാന ദിവസത്തിലാണ് നടത്താറുള്ളത്. ഈ പതിവിന് താമസിയാതെ അന്ത്യമായേക്കുമെന്നാണ് ധന മന്ത്രാലയത്തില്‍ നിന്നുള്ള സൂചനകള്‍. ബജറ്റിനു രൂപം നല്‍കുന്ന പ്രക്രിയ ഉടച്ചു വാര്‍ക്കുന്നതില്‍ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് കുറച്ചു കാലമായി. ഇതിന്റെ ഭാഗമായി ബജറ്റ് അവതരണം ഇനിമുതല്‍ ജനുവരി അവസാനത്തിലേക്ക് മാറ്റുന്ന കാര്യമാണ് മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുള്ളത്. ഇതു വഴി ബജറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയകളും പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിനു മുമ്പെ തീര്‍ക്കാമെന്നാണ് കണക്കുകൂട്ടല്‍.

നിലവിലുള്ള ബ്രിട്ടീഷ് കീഴ്‌വഴക്കം പൊളിച്ചെഴുതുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വരാനിരിക്കുന്നതേ ഉള്ളൂ. മാര്‍ച്ച് 31-നു മുമ്പായി എല്ലാ ബജറ്റ് രൂപീകരണ പ്രക്രിയകളും പൂര്‍ത്തിയാക്കിയാല്‍ നയം നടപ്പിലാക്കുന്നത് വേഗത്തിലാക്കാനാകുമെന്നും പുതിയ വര്‍ഷാരംഭം തൊട്ടെ വിവിധ വകുപ്പുകള്‍ക്ക് ധനവിനിയോഗം സാധ്യമാകുമെന്നതുമാണ് ഗുണവശങ്ങളായി എടുത്തു പറയുന്നത്. നിലവില്‍ പുതിയ ബജറ്റിലെ നീക്കിയിരുപ്പ് പണം ഉപയോഗിക്കാന്‍ മേയ് മാസം വരെ കാത്തിരിക്കണം. പുതിയ മാറ്റങ്ങള്‍ക്കെല്ലാം പാര്‍ലമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് കേന്ദ്രം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ബജറ്റ് അവതരണം തൊട്ട് സാമ്പത്തിക നയത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

ഭരണഘടന ഒരു പ്രത്യേക തീയതി ബജറ്റ് അവതരണത്തിനായി നിഷ്കര്‍ഷിക്കുന്നില്ല. ബ്രിട്ടീഷ് പാരമ്പര്യം അനുസരിച്ച് 1999 വരെ ബജറ്റ് അവതരിപ്പിച്ചു വന്നത് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരാണ് ഈ സമയം 11 മണിയാക്കിയത്. യുപി തെരഞ്ഞെടുപ്പിനു മുന്നോടിയായണ് പുതിയ മാറ്റങ്ങളും വരുന്നത്. നേരത്തെ 2012-ല്‍ യുപി തെരഞ്ഞെടുപ്പിന്റെ പേരില്‍ യുപിഎ സര്‍ക്കാര്‍ ബജറ്റ് അവതരണം മാര്‍ച്ചിലേക്ക് മാറ്റിയിരുന്നു.

സാമ്പത്തിക വര്‍ഷം പുനരവലോകനം ചെയ്യാന്‍ ഒരു പ്രത്യേക സമിതിയേയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബജറ്റ് അവതരണത്തിന്റെ തീയതി മാറ്റുന്നതോടെ വിവിധ അവലോകന യോഗങ്ങള്‍ ഉള്‍പ്പെടുന്ന ബജറ്റ് കലണ്ടറും മാറ്റാന്‍ ധനമന്ത്രാലയം നിര്‍ബന്ധിതമാകും.

പുതിയ മാറ്റത്തിന്റെ ഗുണവും ദോഷവും
ഫെബ്രുവരി ബജറ്റിനു മുന്നോടിയായി നടക്കാറുള്ള വിവിധ അവലോകന യോഗങ്ങള്‍- ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍, വ്യവസായ ലോബികള്‍, വിദഗ്ധര്‍ തുടങ്ങിയവരുമായുള്ളവ- ഡിസംബറിലാണ് തുടങ്ങാറ് പതിവ്. ബജറ്റ് നേരത്തെ ആക്കുകയാണെങ്കില്‍ അതിനനുസരിച്ച് ഈ യോഗങ്ങളും ഒക്ടോബറില്‍ തുടങ്ങുന്ന രീതിയിലേക്ക് മാറ്റേണ്ടി വരും. വിവിധ തല്‍പ്പരകക്ഷികള്‍ ഇതിനകം തന്നെ തങ്ങളുടെ നിര്‍ദേശങ്ങളുമായി നേരത്തെ തയാറാകേണ്ടി വരുമെന്നു സാരം.

സാധാരണ കേന്ദ്ര ബജറ്റിന് അംഗീകാരം നല്‍കുന്ന രണ്ട് ധന വിനിയോഗ ബില്ലുകള്‍ മേയിലാണ് പാസാക്കാറുള്ളത്. ഇതു കാരണം പാര്‍ലമെന്റ് അനുമതിക്കായി സര്‍ക്കാര്‍ വോട്ട് ഓണ്‍ അക്കൗണ്ട് മാര്‍ഗം സ്വീകരിക്കുന്നു. ബജറ്റ് രൂപീകരണ പ്രക്രിയയും അവതരണവും ഒരു മാസം നേരത്തെ ആക്കുകയാണെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണ നടപടികള്‍ മാര്‍ച്ചില്‍ തന്നെ അവസാനിപ്പിക്കാന്‍ കഴിയും. വോട്ട് ഓണ്‍ അക്കൗണ്ട് മാര്‍ഗം സ്വീകരിക്കേണ്ടിയും വരില്ല.

ബജറ്റിലെ കോര്‍പറേറ്റ് നികുതി നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മുന്‍കൂറായി നികുതി അടവ് ഷെഡ്യൂള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ കമ്പനികളെ അനുവദിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി തയാറാക്കാന്‍ വ്യക്തിഗത നികുതിദായകര്‍ക്ക് ഒരു മാസം അധികം ലഭിക്കും.

ഈ നീക്കത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നില്ല. ‘കാലം തെളിയിച്ച ഒരു രീതി മാറ്റുന്നതിനു പിന്നിലെ യുക്തി എന്താണ്? ജനുവരിയില്‍ തന്നെ ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ അതിനകം വ്യക്തമായിരിക്കില്ല,’ കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായ വീരപ്പ മൊയ്‌ലി പറയുന്നു. ജനുവരിയില്‍ ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ പാര്‍ലമെന്റിന്റെ ശീതകാല, ബജറ്റ് സമ്മേളനങ്ങളുടെ സമയക്രമം തെറ്റും. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ താളംതെറ്റും, സിപിഐ നേതാവ് ഗുരദാസ് ദാസ്ഗുപ്ത പറയുന്നു. എന്നാല്‍ ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമായ ക്രിസില്‍ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ഡി കെ ജോഷി ഈ നീക്കത്തെ പിന്തുണക്കുന്നു. ‘ഇത് തീര്‍ത്തും അനുകൂലമായ ഒരു നീക്കമാണ്.’ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ബജറ്റ് അവതരിപ്പിക്കുന്നത് കാര്യങ്ങളില്‍ ഒരു തീര്‍പ്പ് കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു.

ബജറ്റ് അവതരണത്തിന്റെ സമയത്തില്‍ ഒരു മാറ്റം വരുത്തുന്നത് ലളിതമായി തോന്നാമെങ്കിലും ഇത് നീണ്ട ബജറ്റ് രൂപീകരണ പ്രക്രിയകളിലും തുടര്‍ന്നുള്ള നിയമനിര്‍മ്മാണ പ്രക്രിയകളിലും സമൂലമായ മാറ്റങ്ങളാണ് ഉണ്ടാക്കുക. ഈ വര്‍ഷം തന്നെ മാറ്റം നടപ്പിലാക്കിയാല്‍ അടുത്ത ശീതകാലത്ത് ശരിക്കും തിരക്കിട്ട ബജറ്റ് നടപടിക്രമങ്ങളായിരിക്കും നടക്കുക. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍