UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂണിടെക്കിന്‍റെ മുതലാളിമാര്‍ ജയിലിലായതിന് പിന്നില്‍

ഉപഭോക്താക്കളെ പറ്റിച്ചെന്ന ആരോപണവിധേയരായി ഒരു രാത്രി അഴിക്കുള്ളില്‍ ചെലവഴിക്കേണ്ടി വരിക എന്നത് വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ പ്രൊമോട്ടര്‍മാരേയും ഡയറക്ടര്‍മാരേയും സംബന്ധിച്ചിടത്തതോളം ഒരു അസാധാരണ സംഭവമാണ്. എന്നാല്‍ യുണിടെക്ക് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ഉള്‍പ്പെടെ നാലു ഡയറക്ടര്‍മാര്‍ക്ക് ഇത് അനുഭവിക്കേണ്ടി വന്നു. ജാമ്യം നേടാന്‍ ആവശ്യമായ നടപടിച്ചട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ജനുവരി 11-ന് ഇവര്‍ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു.

രാജ്യത്തുടനീളമുള്ള വന്‍കിട കെട്ടിട നിര്‍മ്മാണ കമ്പനികള്‍ക്ക് ശക്തമായ ഒരു സൂചനയാണ് ഇതു നല്‍കിയത്. റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു. പപ്പോഴും വാഗ്ദാനം ചെയ്യപ്പെട്ടത് നല്‍കാന്‍ കഴിയാതിരിക്കുകയും അതിനായി ആയിരത്തൊന്ന് കാരണങ്ങള്‍ നിരത്തുകയും ചെയ്യുന്ന വമ്പന്‍ സ്രാവുകളുടെ കെണിയില്‍ കുടുങ്ങിയ ഉപഭോക്താക്കള്‍ക്കും ഇതൊരു സന്ദേശം നല്‍കി. ഉപഭോക്തൃ സൗഹൃദ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി സ്ഥാപിക്കാനുള്ള ബില്ല് രാജ്യ സഭയുടെ അനുമതിയും കാത്ത് കിടക്കുകയാണ്.

യൂണിടെക്ക് ചെയര്‍മാന്‍ രമേഷ് ചന്ദ്ര, മക്കളില്‍ ഒരാളായ അജയ് ചന്ദ്ര, ഡയറക്ടര്‍ മിനോതി ബഹ്‌രി എന്നിവര്‍ക്ക് ഇത് ആദ്യത്തെ ജയില്‍ അനുഭവമായിരുന്നെങ്കില്‍ മറ്റൊരു ഡയറക്ടറായ അജയ് ചന്ദ്രയുടെ സഹോദരന്‍ സഞ്ജയ് ചന്ദ്രയ്ക്ക് ഇത് പുതിയ സംഭവമായിരുന്നില്ല. 2011-ല്‍ എട്ടു മാസക്കാലം സഞ്ജയ് ജയിലില്‍ കിടന്നിട്ടുണ്ട്. ടുജി സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ രാജയുമൊത്ത് ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് യുണിടെക്ക് മാനേജിംഗ് ഡയറക്ടറായ സഞ്ജയ് അറസ്റ്റിലായിരുന്നു.

അതേസമയം ചന്ദ്ര കുടുംബത്തിലെ മൂന്ന് പേര്‍ ഒന്നിച്ച് ജയിലിലായ സംഭവത്തിന് ടുജി അഴിമതിക്കേസുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ഇത് നേരത്തെ തന്നെ ദുഷ്‌പേര് സമ്പാദിച്ച ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഫൈനാന്‍സിംഗ് കമ്പനിയുടെ പ്രതിച്ഛായയ്ക്ക് ഒന്നു കൂടി മങ്ങലേല്‍പ്പിച്ചു.


രമേഷ് ചന്ദ്ര, സഞ്ജയ് ചന്ദ്ര 

പരാതിക്കാരായ സഞ്ജയ് കര്‍ല, ദേവേശ് വാധ്വ എന്നിവര്‍ക്ക് നിശ്ചിത കാലപരിധിക്കുള്ളില്‍ ഗ്രേറ്റര്‍ നോയിഡയിലെ ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശം നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നു മാത്രമല്ല യൂണിടെക്ക് ഡയറക്ടര്‍മാര്‍ക്കെതിരായ കുറ്റാരോപണം. പരാതിക്കാരില്‍ നിന്ന് വാങ്ങിയ പണം പലിശ ചേര്‍ത്ത് (ഒരു കോടി രൂപയിലേറെ വരുമിത്) തിരിച്ചു നല്‍കണമെന്ന കോടതി ഉത്തരവുകള്‍ ലംഘിച്ച കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

നാലു ഡയറക്ടര്‍മാരും നിയമത്തെ കബളിപ്പിച്ചുവെന്നാണ് ജാമ്യം നിഷേധിച്ചു കൊണ്ട് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഗൗരവ് റാവു പറഞ്ഞത്. ഇവര്‍ക്കെതിരെ വേഗത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ ജാമ്യമില്ലാ വാറന്റുകള്‍ നടപ്പിലാക്കാനോ സാധിക്കാത്ത വിധം സമൂഹത്തില്‍ ഇവര്‍ക്ക് പിടിപാടുണ്ടെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

പരാതിക്കാരുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും പിഴയടക്കം തീര്‍ക്കാമെന്ന് യൂണിടെക്ക് ഡയറക്ടര്‍മാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് നാലു പേരേയും 14 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ അകത്തിടണമെന്ന മജിസ്‌ട്രേറ്റിന്റെ ഉത്തരവ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിമല്‍ കുമാര്‍ യാദവ് റദ്ദാക്കിയെങ്കിലും ഇവര്‍ക്ക് ഒരു രാത്രി ജയിലില്‍ കിടക്കേണ്ടി വന്നു. ആ പ്രവര്‍ത്തി ദിവസം അവസാനിക്കുന്നതിനു മുമ്പ് ആവശ്യമായ നടപടിച്ചട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. സാമ്പത്തിക ഞെരുക്കമനുഭവിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്ക് പരാതിക്കാരുടെ പണം തിരിച്ചു നല്‍കാന്‍ കഴിയില്ലെന്നും ഇത് വിശ്വനീയമല്ലെന്നും പറഞ്ഞ് കോടതി അവരുടെ വാദം തള്ളുകയായിരുന്നു.

ടുജി സ്‌പെക്ട്രം അഴിമതിക്കേസിലെ പങ്ക് കാരണം യൂണീടെക്കിന്റെ നിലവാരം കുത്തനെ ഇടിഞ്ഞിരിക്കെയാണ് പുതിയ തിരിച്ചടി കൂടി കമ്പനിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. താന്‍ നേതൃത്വം നല്‍കുന്ന കമ്പനി ടെലികോം രംഗത്തു നിന്ന് പിന്മാറിയെങ്കിലും തട്ടിപ്പു കേസുകള്‍ സഞ്ജയ് ചന്ദ്രയെ വിടാതെ പിന്തുടരുകയാണ്. നിരവധി ക്രിമിനല്‍ കേസുകളാണ് ഇദ്ദേഹത്തിനെതിരെ നിലവിലുള്ളത്.

എ രാജ ടെലികോം മന്ത്രിയായിരിക്കെ 2007-ല്‍ സ്‌പെക്ട്രം ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി  അവസാന നിമിഷം നീട്ടി നല്‍കുക വഴി ഗുണം ലഭിച്ചത് അവസാനമായി ലൈസന്‍സിന് അപേക്ഷിച്ച യൂണിടെക്കിനായിരുന്നു. 22 ലൈന്‍സന്‍സുകള്‍ ലഭിച്ച് ഒരു മാസത്തിനകം തന്നെ യൂണിടെക്ക് അവരുടെ 67.25 ശതമാനം ഓഹരി ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടു കാത്തു നിന്ന നോര്‍വെയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ടെലിനോറിന് വില്‍ക്കുകയും ചെയ്തു. ഇവരുടെ സംയുക്ത സംരംഭമായിരുന്നു യൂണിനോര്‍.

ഈ ഇടപാടിലൂടെ യൂണിടെക്ക് ഗ്രൂപ്പ് വന്‍ ലാഭം കൊയ്തു. പ്രവേശന ഫീസായി 1,658 കോടി രൂപ അടച്ച യൂണിടെക്ക് നേടിയത് 6,120 കോടി രൂപയാണ്. 2010 നവംബറില്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ഓഹരികള്‍ക്ക് കണക്കാക്കിയ വില 9,100 കോടി രൂപയാണ്.

2011 എപ്രില്‍ 20-ന് സഞ്ജയ് ചന്ദ്രയെ സിബിഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നോര്‍വീജിയന്‍ കമ്പനി ഒരു പ്രസ്താവന ഇറക്കുകയുണ്ടായി. ‘യൂണിടെക് വയര്‍ലെസിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് ടെലിനോര്‍ ഗ്രൂപ്പ് യൂണിടെക്ക് ലിമിറ്റഡിന് ഈ മാസാദ്യം ഒരു കത്തയിച്ചിരുന്നു’ എന്നാണ് ആ പ്രസ്താവനയില്‍ ഉണ്ടായിരുന്നത്.

തീഹാര്‍ ജയിലില്‍ മാസങ്ങള്‍ നീണ്ട തടവിനു ശേഷം 2011 നംവബര്‍ 23-ന് ജാമ്യം ലഭിച്ച് സഞ്ജയ് പുറത്തിറങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ അവിടെയൊന്നും അവസാനിച്ചില്ല. 2012 ഫെബ്രുവരിയില്‍ 122 ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീം കോടതി യൂണിടെക്കിനോട് അനര്‍ഹമായി നേട്ടമുണ്ടാക്കിയതിന് അഞ്ചു കോടി രൂപ പിഴയടക്കാനും നിര്‍ദേശിച്ചു. സ്‌പെക്ട്രം സ്വന്തമാക്കി കമ്പനി ഓഹരികള്‍ വില്‍പ്പന നടത്തിയതിലൂടെ സ്‌പെക്ട്രം ഉടമസ്ഥാവകാശം കൈമാറുകയും ചെയ്താണ് കമ്പനി അനര്‍ഹമായ നേട്ടമുണ്ടാക്കിയത്.

ഈ ഘട്ടമെത്തിയപ്പോള്‍ ടെലിനോറും യൂണിടെക്കിനെതിരായി. തങ്ങള്‍ക്കു നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചതിന് ഉത്തരവാദി യൂണിടെക്കാണെന്നും സുപ്രീം കോടതി ഉത്തരവു മൂലമുണ്ടായ നഷ്ടങ്ങള്‍ക്കും തങ്ങളുടെ എല്ലാ നിക്ഷേപങ്ങള്‍ക്കും നഷ്ടപരിഹാരം വേണമെന്നും ടെലിനോര്‍ വ്യക്തമാക്കി. ഇതിനു പുറമെ തന്ത്രപ്രധാനമായ ഡല്‍ഹി ടെലികോം സര്‍ക്കിളില്‍ സ്‌പെക്ട്രം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിനും യൂണിടെക്കില്‍ നിന്ന് നഷ്ടപരിഹാരം വേണമെന്നും ടെലിനോര്‍ ആവശ്യപ്പെട്ടു.

കടുത്ത നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2012 ഒക്ടോബര്‍ 12-ന് ടെലിനോറുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് പിന്മാറാന്‍ യൂണിടെക്ക് തീരുമാനിച്ചു. ടെലിനോര്‍ സ്ഥാപിച്ച പുതിയ ഇന്ത്യന്‍ കമ്പനിയായ ടെലിവിംഗ്‌സ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 37.25 ശതമാനം ഓഹരി വിറ്റു കൊണ്ടാണ് യൂണിടെക്ക് ഇടപാട് അവസാനിപ്പിച്ചത്.

ഈ സ്ഥാപനമാണ് സുപ്രീം കോടതി നശ്ചയിച്ച പുതിയ ടി ജി സ്‌പെക്ട്രം ലേലത്തില്‍ പുതിയ കമ്പനിയായി പങ്കെടുത്തത്. 2012 നവംബറില്‍ നടന്ന ലേലത്തില്‍ ടെലിവിംഗ്‌സിന് ആറു ടെലികോം സര്‍ക്കിളുകള്‍ ലഭിക്കുകയും ചെയ്തു.

ഈ ഘട്ടത്തില്‍ പുതിയൊരു വിവാദം കൂടി ഉയര്‍ന്നു വന്നു. 2008-ല്‍ യൂണിടെക്ക് 1658.57 കോടി രൂപ ഒറ്റത്തവണ പ്രവേശന ഫീസിനത്തില്‍ അടച്ചിരുന്നു. പുതുതായി ടെലിവിംഗ്‌സ് അടക്കേണ്ട മൂന്‍കൂര്‍ ഫീസായ 1326.03 കോടി രൂപ ഈ തുകയില്‍ നിന്ന് കിഴിച്ച് കണക്കാക്കണമെന്നാവശ്യപ്പെട്ട്  2012 നവംബര്‍ 23-ന് ടെലിവിംഗ് ടെലികോം വകുപ്പിനെ സമീപിച്ചു. പുതിയ സ്‌പെക്ട്രം അനുവദിച്ചു കിട്ടണമെങ്കില്‍ ഈ തുക 2012 ഡിസംബര്‍ ഒന്നിനകം അടക്കേണ്ടതുണ്ടായിരുന്നു.

ഇങ്ങനെ കിഴിച്ചു കണക്കാക്കുമ്പോള്‍ ബാക്കി വരുന്ന തുക 2015 ഡിസംബറില്‍ അടക്കേണ്ട അടുത്ത തവണയിലേക്ക് കൂട്ടണമെന്നും ടെലിവിംഗ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് ടെലികോം വകുപ്പില്‍ അടക്കേണ്ട തുകയുടെ മൂന്നിലൊന്നായ 437.56 കോടി രൂപ 2012 ഡിസംബറില്‍ ടെലിവിംഗ്‌സ് അടക്കുകയും ചെയ്തു.

ടുജി അഴിമതിയില്‍ യൂണിടെക്കിന്റെ പങ്ക് 2015-ല്‍ വീണ്ടും പൊങ്ങി വന്നു. പ്രവേശന ഫീസായി അടച്ച 1658.57 കോടി രൂപ യൂണിടെക്ക് ഗ്രൂപ്പിന് തിരികെ നല്‍കാന്‍ യുപിഎ സര്‍ക്കാര്‍ എടുത്ത തീരുമാനം തെറ്റാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായിരുന്നു കാരണം. ഈ അനര്‍ഹമായ ആനുകൂല്യം യുണിടെക്കിന് നല്‍കാനുള്ള മുന്‍ ധനമന്ത്രി പി ചിദംബരം അധ്യക്ഷനായ ഉന്നതാധികാര മന്ത്രിസഭാ സമിതിയുടെ തീരുമാനം 2012 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയുടേയും മറ്റു നിയന്ത്രങ്ങളുടേയും ലംഘനമാണെന്നായിരുന്നു സിഎജിയുടെ ആരോപണം.

അടച്ച ഫീസ് തിരികെ യൂണിടെക്കിന് നല്‍കിയതിന്റേയും ഫീസ് കിഴിച്ച് കണക്കു കൂട്ടാനുള്ള ടെലിവിംഗിന്റെ അപേക്ഷയുടേയും സാധുത ആ കരട് സിഎജി റിപ്പോര്‍ട്ട് ചോദ്യം ചെയ്തു. 2013 മാര്‍ച്ച് അഞ്ചിന് ടെലികോം മന്ത്രി കപില്‍ സിബലുമായി ടെലിവിംഗ്‌സിന്റെ പ്രതിനിധികളും ഇന്ത്യയിലെ നോര്‍വെ അബംസഡറും ചര്‍ച്ച നടത്തിയതായും ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരും ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നതായും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

യൂണിടെക്ക് ഗ്രൂപ്പിന്റെ എട്ടു കമ്പനികള്‍ അടച്ച പ്രവേശന ഫീസില്‍ നിന്ന് തങ്ങള്‍ അടക്കേണ്ട ഫീസ് കിഴിച്ചു കണക്കാക്കണമെന്ന ടെലിവിംഗ്‌സിന്റെ അപേക്ഷയും യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ വിഷയം ഉന്നതാധികാര മന്ത്രിസഭാ സമിതി മുമ്പാകെ വയ്ക്കാനാണ് സിബല്‍ ആഗ്രഹം പ്രകടിപ്പിച്ചത്.  ഇതേ ദിവസം തന്നെ ഈ സമിതിക്കായി ഒരു നോട്ട് തയ്യാറാക്കുകയും തൊട്ടടുത്ത ദിവസമായ 2013 മാര്‍ച്ച് ആറിന് നടന്ന സമിതി യോഗത്തില്‍ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.

സിബല്‍, വാര്‍ത്ത പ്രക്ഷേപണ കാര്യ മന്ത്രി അംബിക സോണി, പ്രതിരോധ മന്ത്രി എ കെ ആന്റണി, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പിഎംഒ കാര്യ മന്ത്രി വി നാരായണസ്വാമി, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിംഗ് ആലുവാലിയ എന്നിവരുള്‍പ്പെടുന്ന ചിദംബരം അധ്യക്ഷനായ സമിതി ‘തിടുക്കപ്പെട്ട്’ ‘ഭരണഘടനാ വിരുദ്ധമായ’ വഴികളിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് ‘അനര്‍ഹമായ നേട്ടങ്ങള്‍’ ഉണ്ടാക്കിക്കൊടുക്കുകയും പൊതുഖജനാവിന് നഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന തീരുമാനം കൈകൊണ്ടു എന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. ഒരിക്കല്‍ അടച്ച പ്രവേശന ഫീസ് പിന്നീട് ഒരിക്കലും മടക്കി നല്‍കില്ലെന്ന് ലൈസന്‍സിംഗ് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമായി പറയുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതിലുപരിയായി, ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യൂണിടെക് ഗ്രൂപ്പ് കമ്പനികള്‍ സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ചിരുന്നതായും സിഎജി റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഗ്രൂപ്പ് കമ്പനിയുടെ ധാരണാ പത്രത്തില്‍ പറയുന്നത് തങ്ങളുടെ സുപ്രധാന ബിസിനസ് മേഖല റിയല്‍ എസ്റ്റേറ്റ് ആണെന്നാണ്. ലൈന്‍സിന് അപേക്ഷിക്കാന്‍ അയോഗ്യരാക്കുന്ന ഓഹരി മൂലധനം സംബന്ധിച്ച കമ്പനി സെക്രട്ടറി ഒപ്പിട്ട വ്യാജ സര്‍ട്ടിഫിക്കറ്റും ഇവര്‍ സമര്‍പ്പിച്ചിരുന്നതായും സിഎജി പറയുന്നു.

തങ്ങള്‍ക്കു ലഭിച്ച സ്‌പെക്ട്രം ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നതു സംബന്ധിച്ച ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നതിലും യുണിടെക്ക് പരാജയപ്പെട്ടു. സ്‌പെക്ട്രം ഒരു ദുര്‍ലഭമായ പ്രകൃതി വിഭവമായതിനാലും അത് ഉപയോഗപ്പെടുത്തിയില്ല എന്നതിനാലും നൂറുകണക്കിന് കോടികളുടെ നഷ്ടമാണ് പൊതുഖജനാവിന് ഉണ്ടായത്.

യൂണിടെക്കിനെതിരായി നിയമ നടപടികള്‍ ടെലികോം വകുപ്പ് തുടങ്ങേണ്ടിയിരുന്നെങ്കിലും ഇതിനിടെ യൂണിടെക്ക് 3856.89 കോടി രൂപ നേടി. എന്നാല്‍ ലൈസന്‍സ് ഫീസ് കൈമാറ്റം സംബന്ധിച്ച കൂട്ടിക്കിഴിക്കലുകളില്‍ ഈ തുക വന്നില്ല.

യൂണിടെക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന ടെലിനോറിന്റെ വാദത്തെ ചോദ്യം ചെയ്യുന്ന സിഎജി റിപ്പോര്‍ട്ട് സംയുക്ത സംരംഭത്തിനൊരുങ്ങുമ്പോള്‍ കമ്പനിയുടെ പശ്ചാത്തലം ആഴത്തില്‍ പഠിക്കാന്‍ ടെലിനോര്‍  ബാധ്യസ്ഥരായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇടപാടുകളില്‍ ടെലിനോറിന് വീഴ്ചകളുണ്ടായെന്നും കുറഞ്ഞ മൂല്യനിര്‍ണ്ണയത്തിലൂടെയാണ് 67 ശതമാനം ഓഹരി വാങ്ങിയതെന്നും യുണിടെക്ക് നേരിട്ടിരുന്ന ഗൗരവമേറിയ കുറ്റകരമായ ബാധ്യത ഉന്നതാധികാര മന്ത്രിസഭാ സമിതി അവഗണിച്ചതായും സിഎജി നിരീക്ഷിക്കുന്നു.

ഈ കഥയില്‍ പുതിയൊരു വഴിത്തിരിവും ഉണ്ടായി. സിബിഐ നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ എ കെ സിംഗിനെ സ്വാധീനിച്ച് അന്വേഷണത്തെ അട്ടിമറിക്കാന്‍ സഞ്ജയ് ചന്ദ്ര ശ്രമിച്ചിരുന്നതായി ഒരു രഹസ്യ ഫോണ്‍ സംഭാഷണം പുറത്തു വന്നതായിരുന്നു അത്. അതോടെ പബ്ലിക് പ്രോസിക്യൂട്ടറെ നീക്കം ചെയ്യുകയും ചെയ്തു.

ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ റിയല്‍റ്റി ആന്റ് ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡുമായുള്ള 2007-ലെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും യൂണിടെക്കും സഞ്ജയ് ചന്ദ്രയും നിരീക്ഷണത്തിലാണ്. ഈ ഇടപാടിലെ പണം ടുജി സ്‌പെക്ട്രം വാങ്ങാന്‍ ഉപയോഗിച്ചെന്നാണ് ആരോപണം. കോര്‍പറേറ്റ് ലോബീയിസ്റ്റ് നീരാ റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്ന പശ്ചാത്തലത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് 2013-ല്‍ ഈ ഇടപാടും പരിശോധിച്ചിരുന്നു. ടാറ്റ റിയല്‍റ്റി 1600 കോടിയോളം രൂപ ടാറ്റ ഗ്രൂപ്പ് കമ്പനികളിലൂടെ വായ്പയായി യൂണിടെക്ക് ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കിയെന്നും യൂണിടെക്ക് ടെലിനോറിന് ഓഹരികള്‍ വിറ്റതിലൂടെ 6210 കോടി രൂപ ലാഭം നേടിയെന്നും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് വ്യക്തമാക്കുകയുമുണ്ടായി.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് റിപ്പോര്‍ട്ടിനു ശേഷം മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്വേഷണം വീണ്ടും പൊടിതട്ടിയെടുത്തു. തങ്ങളുടെ ഇടപാട് റിയല്‍ എസ്റ്റേറ്റുമായി മാത്രം ബന്ധപ്പെട്ടതാണ് എന്ന് ടാറ്റ റിയല്‍റ്റി തീര്‍ത്തു പറഞ്ഞു. 2015 ജനുവരിയില്‍ ഈ കേസ് സിബിഐ അവസാനിപ്പിച്ചിരുന്നു. ജൂലൈയില്‍ യൂണിടെക്കില്‍ നിന്ന് ബാക്കി തുകയായ ഏഴു കോടി തിരിച്ചുപിടിക്കാനായി ടാറ്റ ഗ്രൂപ്പ് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. യൂണിടെക്കിന്റെ ഡച്ച് ഉപസ്ഥാപനം ഒരു മൊറീഷ്യസ് കമ്പനിയില്‍ 250 കോടി രൂപ നിക്ഷേപിച്ചതും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചു വരികയാണ്.

അതിനിടെ, 2015 മാര്‍ച്ച് അവസാനത്തോടെ ഗ്രൂപ്പിന്റെ പ്രധാന കമ്പനിയുടെ കടം 4247 കോടി രൂപയിലെത്തി. ആസ്തി വിറ്റിട്ടും മൊത്തം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ കടം 7000 കോടിയിലുമെത്തി. 2014-15 വര്‍ഷം 128 കോടി രൂപയുടെ നഷ്ടമാണ് യൂണിടെക്ക് ലിമിറ്റഡിനുണ്ടായത്. ഓഹരി വിലിയിടിവ് മൂലം വിപണി മൂല്യം കുറയുകയും ചെയ്തു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍