UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂനിടെക്കിന്റെ വിശ്വാസവഞ്ചന; പണം തിരികെ നല്‍കണമെന്ന്‍ സുപ്രീം കോടതി; ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പ്

അഴിമുഖം പ്രതിനിധി

പാര്‍പ്പിട സമുച്ചയത്തിലെ വീടുകള്‍ സമയത്തിന് പണിതീര്‍ത്തു കൊടുക്കാത്തതിന് കെട്ടിട നിര്‍മ്മാണ വില്‍പ്പനയിലെ ഭീമന്‍മാരായ യൂനിടെക്കിനോട് 39 ഉപഭോക്താക്കള്‍ക്ക് 16.5 കോടി രൂപ തിരിച്ചുകൊടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. “ഏത് സമ്പദ് രംഗത്തിന്റെയും അടിസ്ഥാനം വിശ്വാസമാണ്, വിശ്വാസം നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടമായി,” എന്നു പറഞ്ഞാണ് കോടതി ഉത്തരവ്.

ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള പലിശ, നഷ്ടപരിഹാരം എന്നിവക്കായി മറ്റൊരു 2 കോടി രൂപ കൂടി കോടതിയില്‍ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ജനുവരി 11-ലെ വാദം കേള്‍ക്കലില്‍ തീരുമാനിക്കും.

വീടുകളുടെ വിലയും 12 ശതമാനം പലിശയും ചേര്‍ത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന ജൂണ്‍ 2015-ലെ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവിനെതിരെയാണ് യൂനിടെക് സുപ്രീം കോടതിയെ സമീപിച്ചത്.

വീടുകള്‍ക്കായി പണമടച്ച് അനന്തമായി കാത്തിരിക്കുന്ന ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഊര്‍ജം പകരുന്നതാണ് ഈ വിധി. കെട്ടിട നിര്‍മ്മാതാക്കള്‍ ബാങ്ക് വായ്പകളുടെ തിരിച്ചടവില്‍ വീഴ്ച്ച വരുത്തുകയും നിര്‍മ്മാണ പദ്ധതികള്‍  മന്ദഗതിയിലാവുകയും ചെയ്തപ്പോള്‍, നീതിക്കായി ആയിരക്കണക്കിന് ആളുകളാണ് കോടതികളെയും ഉപഭോക്തൃ വേദികളെയും സമീപിച്ചത്.

യൂനിടെക്കിന്‍റെ കഥ
ഡല്‍ഹിയുടെ അതിര്‍ത്തിയായ ഹരിയാനയിലെ ഗുഡ്ഗാവില്‍ യൂനിടെക്കിന്റെ വിസ്ത പാര്‍പ്പിട പദ്ധതിയുടെ കീഴില്‍ ഓരോന്നിനും 50-60 ലക്ഷം രൂപ വിലയിട്ട വീടുകള്‍ 2012-ല്‍ ഉപഭോക്താക്കള്‍ക്ക് കൈമാറും എന്നായിരുന്നു വാഗ്ദാനം. വഞ്ചിക്കപ്പെട്ട ഉപഭോക്താക്കളുടെ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ വിധി വന്നത്.

പണം തിരിച്ചുകൊടുക്കാനുള്ള ഉത്തരവ് നല്‍കരുതെന്നും അങ്ങനെ ചെയ്താല്‍ അത് വീട് വാങ്ങിയ മറ്റ് 1200 ഉപഭോക്താക്കളെയും സമാനമായ അവകാശവാദം ഉന്നയിക്കാന്‍ പ്രേരിപ്പിക്കുമെന്നും യൂനിടെകിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഘ്വി പറഞ്ഞു. ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ റോയ്, എ എം ഖാന്‍വില്‍കര്‍ എന്നിവരുടെ ബഞ്ച് ഈ വാദം തള്ളി.

“കെട്ടിട നിര്‍മ്മാതാവ് കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്ന് കൂടുതല്‍ പറയേണ്ടതില്ല. അവര്‍ കരാറിലെ വ്യവസ്ഥകളോട് പ്രതിബദ്ധത പുലര്‍ത്തുകയും ഉപഭോക്താക്കളുടെ വിശ്വാസം നേടുകയും ചെയ്താലേ, വീട് എന്ന സ്വപ്നം കാണുന്ന ആളുകള്‍ക്ക് അവരില്‍ വിശ്വാസമര്‍പ്പിക്കാന്‍ കഴിയൂ,” എന്നു കോടതി ചൂണ്ടിക്കാട്ടി.

“ഏത് സമ്പദ് രംഗത്തിന്റെയും അടിസ്ഥാനം വിശ്വാസമാണ്, വിശ്വാസം നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടമായി എന്നു വെറുതെയല്ല പറഞ്ഞിരിക്കുന്നത്” എന്നും കോടതി പറഞ്ഞു. “ശരിയാണ്, ‘റോം ഒറ്റദിവസം കൊണ്ടല്ല പണിതുയര്‍ത്തിയത്’ എന്നൊരു ചൊല്ലുണ്ട്, പക്ഷേ അതൊരു അലങ്കാരമാണ്. കെട്ടിടം പണിക്ക് സമയമെടുക്കുമെന്ന ന്യായം പറഞ്ഞു നീട്ടിക്കൊണ്ടുപോകലിനും വൈകലിനും ന്യായം കണ്ടെത്താന്‍ ഹര്‍ജിക്കാരന് (യൂനിടെക്) കഴിയില്ല.”- കോടതി വ്യക്തമാക്കി.

“റോം ഒറ്റ ദിവസം കൊണ്ടല്ല പണിതത് എന്ന അലങ്കാരപ്രയോഗത്തിന്റെ മേലാണ് ഒരുതരത്തില്‍ ഈ ഹര്‍ജിയുടെ നിലനില്‍പ്പ്. അത് സാധ്യമല്ല. ഇത് ഫ്ലാറ്റ് അല്ലെങ്കില്‍ പാര്‍പ്പിടമാണ്… മറ്റൊന്നുമില്ല. എതിര്‍കക്ഷികള്‍ (വീട് വാങ്ങിയവര്‍) കൂട്ടായി പണം തിരികെ ആവശ്യപ്പെടുന്നു. കാരണം അവര്‍ നിലയ്ക്കാത്ത വീര്യത്തോടും വലിയ പ്രതീക്ഷയോടെയുമാണ് ഈ വ്യവഹാരം നടത്തിയത്.” വീട് കൈമാറുന്നത് വൈകിച്ച് ആളുകളുടെ ജീവിതങ്ങളുമായി കളിക്കാന്‍ അനുവദിക്കാനാകില്ലെന്ന് ആഗസ്ത് 17-നു കോടതി കമ്പനിയെ താക്കീത് ചെയ്തിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍