UPDATES

വിദേശം

മനുഷ്യജീവന് വിലയില്ലാതാകുന്ന ഈ കാലത്ത് ലോകത്തിന് പുതിയൊരു യുഎന്‍ ആവശ്യമുണ്ട്

Avatar

ടീം അഴിമുഖം / എഡിറ്റോറിയല്‍

സിഡ്‌നി ഓപെറ ഹൗസ്, ഗിസയിലെ ഗ്രേറ്റ് പിരമിഡ്, റിയോ ഡി ജനീറോവിലെ ക്രൈസ്റ്റ് ദി റിഡീമര്‍, ന്യൂയോര്‍ക്കിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, ടോക്യോയിലെ ട്രീ ടവര്‍, പിസയിലെ ചെരിഞ്ഞ ഗോപുരം തുടങ്ങി ഏതാണ്ട് അറുപതോളം രാജ്യങ്ങളിലെ ആധുനിക ചരിത്രത്തില്‍ പ്രശസ്തമായ സ്മാരകങ്ങളൊന്നാകെ ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) 70-ാം വാര്‍ഷിക ദിനം പ്രമാണിച്ച് ഒക്ടോബര്‍ 24-ന് നീലവര്‍ണത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കും.

‘കരുത്തുറ്റ യുഎന്‍, മികച്ച ലോകം’ എന്ന യുഎന്നിന്റെ 70-ാം വാര്‍ഷിക പ്രമേയത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഈ ലൈറ്റ് ഷോ സഹായകമാകുമെന്ന് കമ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ചുമതല വഹിക്കുന്ന അണ്ടര്‍ സെക്രട്ടറി ക്രിസ്റ്റീന ഗലഷ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. സംഘടനയെ ലോകത്തൊട്ടാകെ വേഗത്തില്‍ തിരിച്ചറിയാന്‍ യുഎന്‍ ഔദ്യോഗിക നിറമായി സ്വീകരിച്ചിരിക്കുന്നത് നീല നിറമാണ്. യുഎന്‍ പതാകയുടെ പശ്ചാത്തല നിറവും ഇതാണ്. ബ്ലൂ ബെറേ/ ബ്ലൂ ഹെല്‍മെറ്റ്‌സ് എന്നാണ് യുഎസ് സമാധാനപ്രവര്‍ത്തകര്‍ അനൗദ്യോഗികമായി അറിയപ്പെടുന്നത്.

51 സ്ഥാപകാംഗങ്ങളില്‍ അഞ്ച് സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിപക്ഷവും ഫ്രാന്‍സിസ്‌കോയില്‍ നടന്ന യോഗത്തില്‍ യുഎന്‍ ചാര്‍ട്ടര്‍ അംഗീകരിച്ചതോടെയാണ് 1945 ഒക്ടോബര്‍ 24-ാന് ഐക്യരാഷ്ട്ര സഭ ഔദ്യോഗികമായി നിലവില്‍ വന്നത്.

അന്താരാഷ്ട്ര സുരക്ഷയും സമാധാനവും കാത്തു സൂക്ഷിക്കുക, ഭീഷണികള്‍ തടയാനും ഇല്ലാതാക്കാനും കാര്യക്ഷമായി സംഘടിത നടപടികള്‍ സ്വീകരിക്കുക, സമാധാന ലംഘനങ്ങളേയും അതിക്രമങ്ങളേയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ മാറ്റിയെടുക്കുക, അന്താരാഷ്ട്ര നിയമങ്ങളുടേയും നീതിയുടേയും തത്വങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുക, രാജ്യാന്തര തര്‍ക്കങ്ങളും സമാധാന ലംഘനത്തിലേക്ക് നയിക്കാവുന്ന സാഹചര്യങ്ങളും ഇടപെടലിലൂടെ പരിഹരിക്കുക തുടങ്ങിയവയാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതാനുഭവങ്ങളില്‍ നിന്ന് പിറവിയെടുത്ത യുഎന്നിന്റെ സ്ഥാപിത ലക്ഷ്യം.

തുല്യാവകാശം, ജനങ്ങളുടെ സ്വയം നിര്‍ണയം എന്നീ തത്വങ്ങള്‍ അനുസരിച്ച് രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദ ബന്ധം വികസിപ്പിക്കുകയും സാര്‍വ്വലൗകിക സമാധാനം ശക്തിപ്പെടുത്താന്‍ അനുയോജ്യമായ നടപടികളെടുക്കുകയും ചെയ്യുമെന്ന് യുഎന്‍ ചാര്‍ട്ടര്‍ വ്യക്തമാക്കുന്നുണ്ട്. ഇതിലൂടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, മാനുഷിക സ്വഭാവങ്ങളിലുള്ള രാജ്യാന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ രാജ്യാന്തര സഹകരണം നേടിയെടുക്കുമെന്നും വര്‍ഗ, ലിംഗ, ഭാഷാ, മത ഭേദമന്യേ മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യങ്ങളും പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമെന്നും ചാര്‍ട്ടര്‍ വ്യക്തമാക്കുന്നു.

യുഎന്നിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍ ഇതെല്ലാമാണെങ്കിലും സ്വാഭാവികമായും ഇവിടെ ചില ചോദ്യങ്ങള്‍ ഉയരുന്നു. അന്താരാഷ്ട്ര സമാധാനം പരിപാലിക്കാന്‍ യുഎന്നിന് കഴിഞ്ഞിട്ടുണ്ടോ? മതത്തിന്റെ പേരില്‍ കൊല്ലപ്പെടുകയും രാജ്യങ്ങളുടെ ശൗര്യം മറ്റിടങ്ങളിലെ നിരപരാധികളെ കൊല്ലാന്‍ ഉപയോഗിക്കുകയും ചെയ്യുന്ന, പിഞ്ചുകുട്ടികള്‍ കടല്‍ക്കരയില്‍ വന്നടിയുന്ന, ആഗോള തലത്തില്‍ അസമത്വം വ്യാപകമായ ഇക്കാലത്ത് യുഎന്‍ അപ്രസ്‌ക്തമായി മാറിയിട്ടുണ്ടോ?

സ്വന്തം നയതന്ത്ര ഉദ്യോഗസ്ഥരെ ലാളിച്ച് വഷളാക്കുന്ന യുഎന്‍ ഒരു കൊഴുത്ത ആഗോള സംഘടനയായി മാറിയിരിക്കുന്നുവെന്നും അത് വലിയ ഉച്ചകോടികളും സമ്മേളനങ്ങളും മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്നും വാസ്തവത്തില്‍ കാര്യമായി ഒന്നും ഇവിടെ നടക്കുന്നില്ലെന്നും യുഎന്‍ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 1994-ലെ റുവാണ്ട വംശഹത്യ ആയാലും ഇപ്പോഴും തുടരുന്ന സിറിയയിലെ പ്രതിസന്ധി ആയാലും ലോകത്തൊട്ടാകെ കൂട്ടക്കൊലകള്‍ക്കു പിറകെ ഒന്നൊന്നായി രക്തം ചിന്തുമ്പോള്‍ യുഎന്‍ നോക്കി നില്‍ക്കുകയാണെന്നാണ് ഇവരുടെ വാദം.

ആഗോള സാമ്പത്തിക സമത്വം മെച്ചപ്പെടുത്താനും അതുവഴി പാവപ്പെട്ടവര്‍ക്ക് മികച്ച ജീവിത സൗകര്യമൊരുക്കാനും യുഎന്നിന് കഴിഞ്ഞിട്ടില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 2015-ഓടെ സാക്ഷാത്ക്കരിക്കപ്പെടുമെന്ന് പ്രഖ്യാപിച്ച മിലേനിയം വികസന ലക്ഷ്യങ്ങള്‍ വിജയകരമായിട്ടില്ല. ആഗോള ദാരിദ്ര്യം പാതിയായി കുറക്കുക, എല്ലാ കുട്ടികളേയും സ്‌കൂളിലെത്തിക്കുക, എച്ച് ഐ വി/എയ്ഡ്‌സ് വ്യാപനം തടയുക തുടങ്ങിയവയായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇപ്പോള്‍ ഈ വര്‍ഷം മുതല്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്ന പേരില്‍ പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക വിഷയങ്ങളിലായി 17 ലക്ഷ്യങ്ങള്‍ 2030-ഓടെ 193 യുഎന്‍ അംഗരാജ്യങ്ങള്‍ നേടിയെടുക്കുമെന്നാണ് പുതിയ പ്രഖ്യാപനം.

എന്നാല്‍ വസ്തുത മറ്റൊന്നാണ്. യുഎന്‍ ഈ ശബ്ദകോലാഹലങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ടെങ്കിലും ആഗോള സമ്പത്ത് വളരെ ചുരുക്കം വരുന്ന ആഗോള സമ്പന്നരുടെ കൈകളിലേക്ക് മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. യുഎന്‍ രക്ഷാസമിതിയിലെ നീതിയുക്തമല്ലാത്ത അംഗത്വ വിഷയവും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിരര്‍ത്ഥകത്വവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആഗോള പ്രശ്‌നങ്ങളില്‍ യുഎസിന്റെ ആധിപത്യസ്വഭാവമുള്ള പങ്കും ഇന്ത്യയുള്‍പ്പെടെ ലോകത്തൊട്ടാകെ വ്യാപിക്കുന്ന മതപരമായ അസഹിഷ്ണുത നിയന്ത്രിക്കുന്നതിലെ യുഎന്നിന്റെ കഴിവുകേടും ഖേദകരം തന്നെ.

എന്നിരുന്നാലും നാം മറക്കരുതാത്ത, യുഎന്നിനെ പ്രസക്തമാക്കുന്ന ഒന്നുണ്ട്. പ്രതീകാത്മക സാന്നിധ്യമാണെങ്കില്‍ പോലും അങ്ങേയറ്റം കലാപകലുഷിതമായ ഒരു ലോകത്ത് ഇടപെടലുകളിലൂടെയും യുഎന്‍ സമാധാന സേന പോലുള്ളവ മുഖേനയും സമാധാനത്തിന്റെ മൂല്യവും പരസ്പര ബഹുമാനവും പ്രചരിപ്പിക്കാന്‍ യുഎന്നിന് കഴിഞ്ഞിട്ടുണ്ട്. 1.7 കോടി ജനങ്ങള്‍ കൊല്ലപ്പെട്ട ഒന്നാം ലോക യുദ്ധത്തിനും ആറു കോടി ജനങ്ങള്‍ കൊല്ലപ്പെട്ട രണ്ടാം ലോക യുദ്ധത്തിനും ശേഷമാണ് യുഎന്‍ പിറവി എടുക്കുന്നത്.

യുഎന്‍ നിലവില്‍ വന്ന ശേഷം ശീതയുദ്ധം മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ പോലും ലോകം പരസ്പര വിശ്വാസത്തോടെയുള്ള സംഹാരത്തിന്റെ വക്കില്‍ മാത്രമെ എത്തിയിട്ടുള്ളൂ, ഒരിക്കലും ഒരു ആഗോള യുദ്ധം നടന്നിട്ടില്ല. ലോകത്ത് എക്കാലത്തേയും മികച്ച സമാധാന അന്തരീക്ഷമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് 60,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധുനിക മാനവ ചരിത്രം തുടങ്ങിയതു മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ പറയുന്നു.

എന്നാല്‍ അഭയാര്‍ത്ഥികളുടേയും കുഞ്ഞു മൃതദേഹങ്ങളുടേയും യൂറോപ്പിലേക്കുള്ള കുത്തൊഴുക്കും ലോകത്തൊട്ടാകെയുള്ള ന്യൂനപക്ഷങ്ങളുടെ ഭീതി നിറഞ്ഞ ജീവിതവും പാവപ്പെട്ടവര്‍ അനുഭവിക്കുന്ന ഭയാനകമായ ദാരിദ്ര്യവും, പൈലറ്റില്ലാ വിമാനങ്ങളില്‍ നിന്നുള്ള മിസൈലുകളേറ്റ് മരിച്ചു വീഴുന്ന നിരപരാധികളും ജനാധിപത്യമെന്ന് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട ഭൂരിപക്ഷാധിപത്യവും പിന്നെ നമ്മുടെ സ്വന്തം ധര്‍മ്മാധര്‍മ്മവിവേചനപരമായ ആശയക്കുഴപ്പങ്ങളും എല്ലാം ആവശ്യപ്പെടുന്നത് ലോകത്തിന് മികച്ച ഒരു യുഎന്‍ ആവശ്യമുണ്ടെന്നാണ്.

സമാധാനപൂര്‍ണ്ണവും സന്തോഷകരവുമായ ജീവിതത്തിനുള്ള ഓരോ വ്യക്തിയുടേയും അവകാശത്തെയും അഭിലാഷത്തെയും വിലമതിക്കുന്ന നീതിപൂര്‍വ്വവും കൂടുതല്‍ കരുത്തുറ്റതുമായ ഒരു സംഘടനയായി ഒരു പുതിയ യുഎന്‍ കാലം ആവശ്യപ്പെടുന്നുണ്ട്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍