ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്നും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ 29,288 ദൃശ്യങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അമേരിക്കന്‍ പൗരന്‍ ഹൈദ്രാബാദില്‍ അറസ്റ്റിലായി. 45കാരനായ ജെയിംസ് കിര്‍ക്ക് ജോണ്‍സ് ആണ് അറസ്റ്റിലായത്. തെലുങ്കാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൈബര്‍ കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് ഇയാളെ പിടികൂടിയത്.
ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഇയാളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. ഹൈദ്രാബാദ് ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍. ഇയാള്‍ നിയമവിരുദ്ധ വീഡിയോകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ഇന്റര്‍പോള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ജോണ്‍സ് സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍(ഐപി) അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൈബറാബാദിലെ മാധാപുരിലെ വീട്ടില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്നും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ 29,288 ദൃശ്യങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഐഫോണ്‍, എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവയില്‍ നിന്നും നിരവധി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. താന്‍ കുട്ടിക്കാലം മുതല്‍ കുട്ടികളുടെ ലൈംഗികത ആസ്വദിക്കുന്നതായി ഇയാള്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഇയാള്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ ലാപ്‌ടോപ്പും മറ്റ് ഉപകരണങ്ങളും വിശദമായി പരിശോധിച്ചു വരികയാണ്.