UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദ് സര്‍വകലാശാലയിലെ ഭീകരത ജെ എന്‍ യുവിലെ ഞങ്ങള്‍ക്ക് മനസിലാകും

Avatar

പ്രൊഫ. അയിഷ കിദ്വായി

സ്വാതന്ത്ര്യത്തിനായുള്ള ഈ പോരാട്ടം ഒരു സര്‍വകലാശാല വളപ്പില്‍ നിന്നും മറ്റൊന്നില്‍ എന്ന രീതിയില്‍ മാത്രം നടത്താനാകില്ല എന്ന് സര്‍വകലാശാല സമൂഹവും ഇന്ത്യയിലെ പൌരന്മാരും തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. ഫാസിസത്തിനെതിരായ ഈ യുദ്ധത്തിന്റെ മുന്നണി നിരകളാണ് നമ്മുടെ കലാശാല വളപ്പുകള്‍. സര്‍വകലാശാലകളുടെ പ്രതിരോധത്തിനായുള്ള പൌരന്മാരുടെ ഒരു ദേശീയ കൂട്ടായ്മ നാം സംഘടിപ്പിക്കണം. അല്ലെങ്കില്‍ നമുക്ക് ഒരു സമരത്തില്‍ നിന്നും വീണ്ടും മറ്റൊരു സമരത്തിലേക്ക് തള്ളിവിടുന്ന ഈ അടവിനെ തടയാനാകില്ല.

ഹൈദരാബാദ് സര്‍വകലാശാലയിലെ ഭീകരതയെ ജെ എന്‍ യുവിലെ ഞങ്ങള്‍ക്ക് മനസിലാകും. ഞങ്ങളുടെ സര്‍വകലാശാലയിലും തടവിലാകുന്നതിന്റെ ഭീകരതയും വെള്ളവും വെളിച്ചവും വിച്ഛേദിക്കുമെന്ന ഭീഷണിയും അനുഭവിച്ചതാണ്. ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പലതവണ പരസ്യമായി ആക്രമിക്കപ്പെട്ടു. എന്നാല്‍ നിങ്ങളെപ്പോലെ അതിനെ എങ്ങനെ നേരിടണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ പൊലീസിന് നല്കിയ അനുമതി റദ്ദാക്കിയിട്ടില്ല. അവര്‍ക്ക് ഒത്താശ ചെയ്യുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും  ദിനംപ്രതി പ്രകോപനമുണ്ടാക്കുന്നുണ്ട്. നിരന്തരമായ നിരീക്ഷണമുണ്ട്. ഏറെ ജനസ്വാധീനമുള്ള ഹിന്ദി ഭാഷാ മാധ്യമങ്ങളില്‍ ഞങ്ങളെ പ്രതിക്കൂട്ടിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ഹൈദരാബാദ് സര്‍വകലാശാലയിലെയും, ജെ എന്‍ യുവിലെയും സുഹൃത്തുക്കളേ, ഈ സംഭവവികാസങ്ങളെ രണ്ടു സര്‍വകലാശാലകളുടെയും ചില അടിസ്ഥാന വ്യത്യാസങ്ങളായി വ്യാഖ്യാനിക്കുന്നത് ഭീകരമായ പിഴവായിരിക്കും. ഞങ്ങള്‍ക്ക് കിട്ടുന്ന വലിയ മാധ്യമശ്രദ്ധ ഞങ്ങളുടെ സുരക്ഷ കൂടിയാണെന്ന് ജെ എന്‍ യുവില്‍ ഞങ്ങള്‍ക്കറിയാം. ചെറുത്തുനില്‍ക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ അര്‍ത്ഥം ഞങ്ങള്‍ വിജയിക്കുന്നു എന്ന മായികധാരണയില്‍ ഞങ്ങളെ എത്തിച്ചു എന്നല്ല. ഞങ്ങളുടെ വിജയം സംഘപരിവാറിനെ ഹൈദരാബാദ് സര്‍വകലാശാലയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചു എന്നുമല്ല.

മറിച്ച്, നാമോരോരുത്തരും നടത്തിയ കരുത്തുറ്റ ചെറുത്തുനില്‍പ്പ് സംഘികളുടെ കടന്നുകയറ്റത്തെ കൂടുതല്‍ പ്രകോപിപ്പിക്കുകയാണ്. നമ്മള്‍ വ്യത്യസ്ഥ മുന്നണികളിലായിരിക്കാം; എന്നാല്‍ നാം ഒരേ പോരാട്ടത്തിലാണ്. അലഹാബാദ്, ഡല്‍ഹി, ബനാറസ്,ഫെര്‍ഗൂസന്‍, ടിസ് മറ്റ് നിരവധി സര്‍വകലാശാലകള്‍. വിമതശബ്ദങ്ങള്‍ ഉണ്ടാകുന്ന എല്ലായിടങ്ങളും അടക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സജീവമായ രാഷ്ട്രീയമുള്ളതുകൊണ്ട് രണ്ടു സര്‍വകലാശാല വളപ്പുകളും ചെറുക്കുകയാണ്. നമ്മുടെ ഐക്യദാര്‍ഢ്യം കാത്തുസൂക്ഷിച്ചാല്‍ മാത്രമേ നമുക്കീ പ്രതിരോധം നിലനിര്‍ത്താനാകൂ.

ഹൈദരാബാദ് സര്‍വകലാശാലയിലെ നിങ്ങളുടെ സമരത്തില്‍ നിന്നും ഞങ്ങള്‍ ജെ എന്‍ യുവില്‍ പലതും പഠിക്കുന്നുണ്ട്. രോഹിത് വെമുലയുടെ സ്ഥാപന കൊലപാതകത്തിനു ശേഷം നിങ്ങള്‍ രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തില്‍ നിന്നും മാത്രമല്ല, ആഗസ്റ്റ് 2015-നു ശേഷം പൊലീസ് അടിച്ചമര്‍ത്തലിനുനേരെ നിങ്ങള്‍ നടത്തുന്ന ചെറുത്തുനില്‍പ്പില്‍ നിന്നും. നിരീക്ഷണ സംവിധാനത്തെ സാധൂകരിക്കുന്നതിന് എങ്ങനെയാണ് യു ജി സിയെ ആയുധമാകുന്നതെന്ന് നിങ്ങളുടെ സമരത്തിലൂടെയാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ജെ എന്‍ യു പോരാട്ടം (ഒന്നാം വട്ടം) അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഐക്യപ്രതിരോധനിരയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നു.

സ്ലൈഡര്‍ ഫോട്ടോ: കടപ്പാട്: ബിലാല്‍ വെളിയാങ്കോട്

(ജെ എന്‍ യു സ്കൂള്‍ ഓഫ് ലാംഗ്വേജസില്‍ അധ്യാപികയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍