UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം.ജി, സംസ്കൃതം വൈസ്ചാൻസലർമാരെ ഗവർണർ പുറത്താക്കിയേക്കും

Avatar

പി കെ ശ്യാം


നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി സർക്കാർ നിയമിച്ച എം.ജി സംസ്കൃതം സർവകലാശാലകളിലെ വൈസ്ചാൻസലർമാരെ ഗവർണർ പുറത്താക്കിയേക്കും. ശക്തമായ നടപടിക്ക് മുന്നോടിയായി സംസ്ഥാന സർക്കാരിനോടും വി.സിമാരോടും ഗവർണർ രേഖാമൂലമുള്ള മറുപടി ആവശ്യപ്പെട്ടു. രണ്ടാഴ്‌ചയ്ക്കകം മറുപടി നൽകണമെന്നാണ് ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവത്തിന്റെ നിർദ്ദേശം. കുത്തഴിഞ്ഞ സർവകലാശാലകളെ ശരിപ്പെടുത്താൻ ഗവർണർ കൊച്ചിയിൽ വൈസ്ചാൻസലർമാരുടെ യോഗംവിളിച്ചതിനെ സർക്കാർ വിമർശിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി മുൻ ചീഫ്ജസ്റ്റിസ് കൂടിയായ പി.സദാശിവം തന്റെ അധികാരം പ്രയോഗിച്ചുതുടങ്ങിയത്. 

എം.ജി, സംസ്കൃതം സർവകലാശാലകളിലെ വൈസ്ചാൻസലർമാരുടെ നിയമനം ക്രമക്കേടുകളുള്ളതും ചട്ടവിരുദ്ധവുമാണെന്ന് രേഖാമൂലം തനിക്ക് ലഭിച്ച പരാതികളിലാണ്  ഗവർണർ പി.സദാശിവം സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെ വി.സിമാരും തങ്ങൾക്കെതിരേയുള്ള പരാതികളിൽ വിശദീകരണം നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. എയ്ഡഡ് കോളേജിലെ പി.ടി.എ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് വിജിലൻസ് കേസിൽ പ്രതിയായിരിക്കേ വൈസ്ചാൻസലറായി നിയമനം നേടുകയും അസോസിയറ്റ് പ്രൊഫസറാണെന്ന വിവരം ചാൻസലറായ ഗവർണർക്ക് നൽകിയ അപേക്ഷയിൽ മറച്ചുവയ്ക്കുകയും ചെയ്‌തെന്നാണ് കാലടി സംസ്‌കൃത സർവകലാശാലാ വി.സി ഡോ.എം.സി.ദിലീപ്കുമാറിനെതിരേയുള്ള പരാതികൾ. എം.ജി വൈസ്ചാൻസലർ ഡോ.ബാബുസെബാസ്റ്റ്യന് ആവശ്യത്തിന് യോഗ്യതകളുണ്ടോയെന്ന് അടിയന്തമായി വിശദീകരിക്കാനാണ് ഗവർണർ ഉന്നതവിദ്യാഭ്യാസവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പത്തുവർഷം പ്രൊഫസറായി പ്രവർത്തിച്ച് പരിചയവും ഉയർന്ന ധാർമ്മികബോധവുമുള്ള അക്കാഡമിക് വിദഗ്ദ്ധനെ മാത്രമേ വി.സിയായി നിയമിക്കാവൂ എന്ന് 2013 ജൂൺ 13ന് കേന്ദ്രസർക്കാർ പ്രത്യേകവിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സംസ്‌കൃതം, എം.ജി സർവകലാശാലാ നിയമത്തിൽ വൈസ്ചാൻസലറുടെ യോഗ്യത നിശ്‌ചയിച്ചിട്ടില്ലാത്തതിനാൽ യു.ജി.സി നിർദ്ദേശം അതേപടിനടപ്പാക്കേണ്ടതാണ്. എന്നാൽ കേന്ദ്രത്തിന്റെ പ്രത്യേകവിജ്ഞാപനം പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ജൂൺ 27ന് എം.ജി സർവകലാശാലയിലെ എയ്ഡഡ് കോളേജായ കൊച്ചിൻ കോളേജിലെ കോമേഴ്സ് വിഭാഗം അസോസിയറ്റ് പ്രൊഫസറായ ഡോ.എം.സി ദിലീപ്കുമാറിനെ സംസ്കൃത സർവകലാശാലയിൽ വി.സിയായി നിയമിക്കുകയായിരുന്നു. വി.സിയാകാൻ നൽകിയ അപേക്ഷയിൽ കോമേഴ്സ് ആൻഡ് റിസർച്ച് സെന്ററിന്റെ മേധാവിയെന്നാണ് രേഖപ്പെടുത്തിയത്. പ്രൊഫസറാണെന്ന് ദ്യോതിപ്പിക്കുന്ന [email protected] എന്ന ഇ-മെയിൽ വിലാസം നൽകുകയും ചെയ്‌തു. എയ്ഡഡ് കോളേജുകളിൽ പ്രൊഫസർ പദവിയേയില്ല. സർവകലാശാലാ വിഭാഗങ്ങളിലാണ് പ്രൊഫസർമാരുള്ളത്.

ദിലീപ്കുമാറിനെതിരേ തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവനുസരിച്ച് വി.സി-4-2012-സി.ആർ.ഇ എന്നകേസ് എറണാകുളം വിജിലൻസ് അന്വേഷിക്കുകയാണ്. യു.ജി.സിയുടേയും സർവകലാശാലയുടേയും നിയമപ്രകാരം സാമ്പത്തികതിരിമറിക്കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്നയാളെ വൈസ്ചാൻസലറാക്കാൻ കഴിയില്ല. പ്രാഥമികപരിശോധനയിൽ ഗൗരവമുള്ള പരാതിയാണെന്ന് ബോദ്ധ്യമായതിനാലാണ് ഗവർണർ സർക്കാരിനോട് അടിയന്തരവിശദീകരണം ആവശ്യപ്പെട്ടത്.

പാലാ സെന്റ്‌തോമസ് കോളേജിൽ അസോസിയറ്റ് പ്രൊഫസറായ ബാബുസെബാസ്റ്റ്യന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരൻ, വിദ്യാഭ്യാസ സംരക്ഷണസമിതി, ശിക്ഷാബച്ചാവോ ആന്തോളൻ സമിതി, അദ്ധ്യാപകനായ ഒ.എ.ജോസഫ് എന്നിവരുടെ പരാതികളാണ് ഗവർണർ പരിഗണിച്ചത്. സർവകലാശാലാ സംവിധാനത്തിന് പുറത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷൻ ടെക്നോളജിയിൽ പത്തുവർഷം ഡയറക്ടറായിരുന്നത് വി.സിനിയമനത്തിന് പരിഗണിക്കാനാവില്ലെന്ന് സമാനമായമറ്റൊരു കേസിൽ അലഹബാദ് ഹൈക്കോടതിയുടെ വിധിയുണ്ട്. എസ്.ഐ.ഇ.ടി ഡയറക്ടറുടേത് പ്രൊഫസറുടേതിന് സമാനപദവിയുമല്ല. മധുരകാമരാജ് സർവകലാശാലാ വൈസ്ചാൻസലർക്കെതിരേ മദ്രാസ് ഹൈക്കോടതിയുടെ മധുരബഞ്ചിന്റെ വിധി, ബൂൽചന്ദ്, ശരത്ചന്ദ്രപ്രസാദ്, ത്രിപുരസുന്ദരി കേസുകളിൽ സുപ്രീംകോടതിയുടെ വിധികൾ എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയുള്ള പരാതികളിൽ നടപടിയെടുക്കുന്നതിന് ഗവർണർ നിയമമോപദേശവും തേടിയിട്ടുണ്ട്. എം.ജി.സർവകലാശാലാ വി.സിയായിരുന്ന ഡോ.എ.വി ജോർജ്ജിനെ പുറത്താക്കിയ മുൻ ഗവർണർ ഷീലാദീക്ഷിത് രാജ്യത്താദ്യമായി ഒരു വൈസ്ചാൻസലറെ പുറത്താക്കിയ ചരിത്രം കുറിച്ചിട്ടുണ്ട്.

34 വർഷം അദ്ധ്യാപകനായും 19 വർഷം പ്രൊഫസറായും പരിചയമുള്ള ഡോ.വി.പ്രസന്നകുമാർ, 27 വർഷത്തെ അദ്ധ്യാപനപരിചയവും 16 വർഷം പ്രൊഫസറായുമിരുന്ന ഡോ.സാബുതോമസ് എന്നിവർ പാനലിലുണ്ടായിരുന്നെങ്കിലും ഒഴിവാക്കപ്പെട്ടു. കാന‌‌‌ഡ, യു.കെ, ഫിൻലന്റ്, റഷ്യ, ബൈൽജിയം. ചൈന എന്നിവിടങ്ങളിൽ ഗവേഷണം നടത്തുന്നവരാണിവർ. സാബുതോമസ് അഞ്ച് വിദേശരാജ്യങ്ങളിൽ വിസിറ്റിംഗ്പ്രൊഫസറാണ്. ഇതും ഗവർണർ പരിശോധിക്കുന്നുണ്ട്.

അസിസ്റ്റന്റ് പ്രൊഫസറായി 17വർഷത്തെ പരിചയമുണ്ടെങ്കിലേ പ്രൊഫസറായി സ്ഥാനക്കയറ്റംകിട്ടൂ. യു.ജി.സി ചട്ടപ്രകാരം 10വർഷത്തെ പ്രൊഫസർ പരിചയമാണ് വി.സിക്ക് വേണ്ടത്. ഫലത്തിൽ 27വർഷത്തെ അദ്ധ്യാപനപരിചയമുള്ളയാളാവണം വൈസ്ചാൻസലർ. 

നിയമങ്ങൾ വകവയ്ക്കാതെ സർക്കാർ 
എം.ജി സർവകലാശാലാ ചട്ടപ്രകാരം സർവകലാശാലാ ഡിപ്പാർട്ട്മെന്റുകളിൽ മാത്രമാണ് വകുപ്പ് മേധാവി പദവിയുള്ളത്. നിയമപ്രകാരമുള്ളതല്ലാത്ത അഫിലിയേറ്റ‌‌ഡ് കോളേജുകളിലെ വകുപ്പുകളുടെ ചുമതല ആലങ്കാരികം മാത്രമാണ്. ഭരണപരമായ സൗകര്യത്തിന് മാനേജർമാർക്ക് ഏതൊരു അദ്ധ്യാപകനേയും വകുപ്പിന്റെ ചുമതലയേൽപ്പിക്കാനും എപ്പോഴും മാറ്റാനുമാവും. എം.ജിയിലെത്തന്നെ ചില എയ്ഡഡ് കോളേജുകളിൽ അസി.പ്രൊഫസർമാർക്ക് വകുപ്പുകളുടെ ചുമതലയുണ്ട്. ഏതൊരു അദ്ധ്യാപകനേയും വകുപ്പുകളുടെ ചുമതലയേൽപ്പിക്കാൻ എയ്ഡഡ് കോളേജ് മാനേജർമാർക്ക് അധികാരം നൽകി സർവകലാശാല പ്രത്യേകഉത്തരവിറക്കിയെങ്കിലും ആക്‌ടോ സ്റ്റാറ്റ്യൂട്ടോ ഭേദഗതി ചെയ്‌തിട്ടില്ല. സംസ്‌കൃത സർവകലാശാലാ ആക്‌ടിൽ വി.സിയുടെ യോഗ്യതകൾ നിർദ്ദേശിക്കാതെ നിയമനപ്രക്രിയ മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. നിലവിൽ വ്യവസ്ഥയില്ലാത്തതിനാൽ ഭേദഗതി പോലും ആവശ്യമില്ലാതെ യു.ജി.സിയുടെ യോഗ്യതാനിർദ്ദേശം നടപ്പാക്കേണ്ടതായിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ വി.സി നിയമനം നടത്തിയതിന് ചട്ടം 5എഫ് പ്രകാരം സർവകലാശാലയുടെ അംഗീകാരം പിൻവലിക്കാനും, ചട്ടം 14, 12(1) പ്രകാരം വാർഷികധനസഹായം തടയാനും യു.ജി.സിക്ക് കഴിയും.

കോടതിവിധികളൊന്നും അറിയുന്നില്ലേ
കൊച്ചിൻ കോളേജിലെ പി.ടി.എ ഫണ്ടിൽ തിരിമറി നടത്തിയതിന് ഡോ.എം.സി ദിലീപ്കുമാറിനെതിരേ വിജിലൻസ് കേസ് നിലവിലുള്ളപ്പോഴാണ് അദ്ദേഹത്തെ വി.സിയാക്കിയതെന്ന് യു.ജി.സി കണ്ടെത്തിയിട്ടുണ്ട്. തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് പ്രകാരമെടുത്ത വി.സി-4-2012-സി.ആർ.ഇ എന്ന കേസ് എറണാകുളം വിജിലൻസ് അന്വേഷിക്കുകയാണ്. യു.ജി.സിയുടേയും സർവകലാശാലയുടേയും നിയമപ്രകാരം സാമ്പത്തികതിരിമറിക്കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്നയാളെ വൈസ്ചാൻസലറാക്കാൻ കഴിയില്ല. കൺസ്യൂമർഫെഡ് അഴിമതിക്കേസിൽ കുടുങ്ങിയ ഡോ.റജി.ബി.നായരെ സഹകരണ വിദ്യാഭ്യാസ അക്കാഡമിയുടെ (കേപ്പ്) ഡയറക്‌ടറാക്കിയെങ്കിലും വിജിലൻസ് കേസിൽ പ്രതിയായതോടെ നിയമനം റദ്ദാക്കുകയായിരുന്നു. യു.ജി.സി നിർദ്ദേശിച്ച യോഗ്യതയില്ലാതെ അസോസിയറ്റ് പ്രൊഫസറായിരിക്കേ മധുരകാമരാജ് സർവകലാശാലയുടെ വൈസ്ചാൻസലറായ ഡോ.കല്യാണിമതിവനത്തിനെ കഴിഞ്ഞ ജൂൺ 26ന് മദ്രാസ് ഹൈക്കോടതി പിരിച്ചുവിട്ടിരുന്നു.

യോഗ്യതസംബന്ധിച്ച് കേന്ദ്രസർക്കാർ പ്രത്യേകവിഞ്ജാപനം പുറത്തിറക്കിയ ശേഷം കേരളത്തിൽ സംസ്കൃതം, കേരള വി.സി നിയമനങ്ങൾ മാത്രമാണ് നടത്തിയത്. ഇവ പരിശോധിച്ച യു.ജി.സി ഉന്നതസംഘം കേരളസർവകലാശാല വി.സി ഡോ.പി.കെ.രാധാകൃഷ്‌ണന് പ്രൊഫസറായി 18 വർഷത്തെ അധ്യാപകപരിചയമുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ട്.

നിയമനങ്ങളും കുരുക്കിൽ
വി.സിക്കെതിരേ യു.ജി.സി നടപടിയെടുത്താൽ സംസ്‌കൃത സർവകലാശാലയിൽ അടുത്ത് നടത്താനിരിക്കുന്ന നിയമനങ്ങളും നിയമക്കുരുക്കിലാവും. പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ തസ്‌തികകളിൽ നിയമനനടപടികൾ പൂർത്തിയാവുകയാണ്. അദ്ധ്യാപകതസ്‌തികകളിൽ യു.ജി.സിയുടെ യോഗ്യതാനിർദ്ദേശം അംഗീകരിച്ച് കേന്ദ്രം ഇറക്കിയ പ്രത്യേകവിഞ്ജാപനപ്രകാരമാണ് നിയമനം നടത്തുന്നത്. ഇന്റർവ്യൂബോർഡിന്റെ തലവനായ വൈസ്ചാൻസലർക്ക് ഇതേ വിഞ്ജാപനപ്രകാരമുള്ള യോഗ്യതയില്ലാത്തതാണ് നിയമനങ്ങളെ കുരുക്കിലാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍