UPDATES

ട്രെന്‍ഡിങ്ങ്

യൂണിവേഴ്‌സിറ്റി കോളേജിലെ സ്വയം പ്രഖ്യാപിത ‘ഹിറ്റ്‌ലര്‍’മാരെക്കുറിച്ച് വെറും രണ്ടു മാസത്തെ അനുഭവക്കുറിപ്പ്

വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിത്വവും മാനിക്കാത്ത ഇവര്‍ എന്തു ജനാധിപത്യബോധമാണ് മുന്നോട്ടു വയ്ക്കുന്നത്?

ലിഷ അന്ന

ലിഷ അന്ന

കഴിഞ്ഞ വര്‍ഷം പുതിയ എന്തെങ്കിലും ചെയ്യണം എന്നാലോചിച്ചപ്പോഴാണ് ഫിലോസഫി പഠിച്ചാലോ എന്ന ആശയം വന്നത്. സാധാരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുമ്പോഴുള്ള ഒരു മൂഡ് എന്തായിരിക്കും എന്നും അറിയണം എന്നുണ്ടായിരുന്നു. പിന്നെ താത്കാലികമായി ഉണ്ടായിരുന്ന അനിശ്ചിതത്വത്തില്‍നിന്നും ഒരു മാറ്റവും അത്യാവശ്യമായിരുന്നു. അങ്ങനെയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ചേരുന്നത്.

ആദ്യദിവസം തന്നെ ഫുള്‍ കോമഡിയായിരുന്നു. എസ് എഫ് ഐ യുടെ പ്രവര്‍ത്തകര്‍ ആണെന്നു പറഞ്ഞു കുറെ വിദ്യാര്‍ഥികള്‍ ക്ലാസിലേയ്ക്ക് കയറി വന്നു. അവരുടെ വരവ് കണ്ടപ്പോഴെയ്ക്കും ക്ലാസിലെ ബാക്കിയുള്ള കുട്ടികള്‍ എല്ലാം പേടിച്ചരണ്ട് മൂലയ്ക്ക് ഒതുങ്ങി ഇരുന്നു. ഞാന്‍ ഇതെന്താ സീന്‍ എന്നറിയാതെ അന്തംവിട്ടു നോക്കിയിരുന്നു.

ക്ലാസില്‍ ഏറ്റവും മുന്നിലെ ഉയര്‍ന്ന സ്ഥലത്ത് മൂന്നാല് എസ് എഫ് ഐക്കാര്‍ ഉപവിഷ്ടരായി. ഈ കാമ്പസില്‍ കുറെ കാലമായി തങ്ങള്‍ മാത്രമേ ഉള്ളുവെന്നും ഇനിയും അങ്ങനൊക്കെ തന്നെ ആയിരിക്കുമെന്നും അവരില്‍ ഒരാള് പറഞ്ഞു. പിന്നെ വേറെ പാര്‍ട്ടി വല്ലതും ഇതിനുള്ളില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശ്രമിക്കുന്നവന്‍ വിവരമറിയും എന്നൊരു ഭീഷണി. മൂന്നു വര്‍ഷം മര്യാദയ്ക്ക് ഇവിടെ ജീവിച്ചു പോവണമെങ്കില്‍ തങ്ങള്‍ അനുവദിച്ചാലേ പറ്റൂ എന്നും അല്ലാത്തവര്‍ക്ക് ഇപ്പോള്‍ തന്നെ ടിസി വാങ്ങി പോവാം എന്നും പറഞ്ഞു. പിള്ളേരൊക്കെ ഭയഭക്തി ബഹുമാനങ്ങളോടെ പേടിച്ചരണ്ട് നോക്കി നില്‍ക്കവേ കുട്ടിസഖാക്കള്‍ കണ്ണുരുട്ടി കക്കൂസില്‍ ഇരിക്കുന്ന പോലെ ഒരു ഭാവവും കാണിച്ച് ഇറങ്ങിപ്പോയി.

പിറ്റേന്ന് കോളേജില്‍ വിദ്യാര്‍ത്ഥി സമരം ആയിരുന്നു. കോളേജ് ഹോസ്റ്റലില്‍ ഉണ്ടായ ഏതോ പ്രശ്‌നത്തിന്റെ പേരില്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകനെ പുറത്താക്കിയെന്നും അയാളെ തിരികെ എടുക്കണം എന്നാവശ്യപ്പെട്ടു പ്രിന്‍സിപ്പാളിനെതിരെയുള്ള ഉപരോധസമരം ആയിരുന്നു(കോളേജില്‍ നിന്നാണോ അതോ ഹോസ്റ്റലില്‍ നിന്നാണോ പുറത്താക്കിയത് എന്നറിയാന്‍ വയ്യ. അത്ര വിശദമായി അന്വേഷിച്ചില്ല). ഫസ്റ്റ് ഇയര്‍ കുട്ടികളെല്ലാം സമരത്തില്‍ പങ്കെടുക്കണം എന്നു പറഞ്ഞ് ഇന്നലെ വന്ന അതേ പയ്യന്മാര്‍ ക്ലാസില്‍ കയറി വന്നു. എല്ലാവരും ഇറങ്ങിപ്പോയി. എനിക്കീ പരിപാടി മുന്‍പേ തന്നെ ഇഷ്ടമല്ലാത്തതു കൊണ്ടും സമരത്തിന്റെ ഉദ്ദേശ്യശുദ്ധി എന്റെ ലോജിക്കില്‍ അത്ര ക്ലിയര്‍ അല്ലാതിരുന്നതു കൊണ്ടും ഞാന്‍ ക്ലാസില്‍ തന്നെ ഇരുന്നു.

പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്ലാസിനു പുറത്തുകൂടി പോയ ഒരു വിദ്യാര്‍ത്ഥി അകത്തിരിക്കുന്ന എന്നെകണ്ടു. ഓടിക്കയറി ക്ലാസില്‍ വന്ന് ‘നീയെന്താ ഇവിടെ ഇരിക്കുന്നത്’ എന്ന് ചോദിച്ചു. ഇവിടിങ്ങനെ ഇരിക്കാന്‍ പാടില്ലെന്നും സമരത്തില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധം ആണെന്നും പറഞ്ഞു. ഞാന്‍ അലസമായി ‘എന്നെക്കൊണ്ട് വയ്യ സമരമൊന്നും ചെയ്യാന്‍ ‘എന്ന് പറഞ്ഞതും ‘നിന്നെ ഞാന്‍ കാണിച്ചു തരാം’ എന്ന് പറഞ്ഞു അയാള്‍ പുറത്തേയ്ക്ക് പോയി.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഏകദേശം പത്തു പന്ത്രണ്ടു കുട്ടി സഖാക്കള്‍ ക്ലാസിലേയ്ക്ക് കയറി വന്നു. ഡോര്‍ ലോക്ക് ചെയ്തു. സമരത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ഉണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും മൂന്നു വര്‍ഷം ഇവിടെ തികയ്ക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. എനിക്ക് ചിരിയാണ് വന്നത്. ‘എനിക്കിഷ്ടമുള്ളിടത്തോളം കാലം ഞാനിവിടെ നില്‍ക്കും. അതു കഴിഞ്ഞാല്‍ അടുത്ത സ്ഥലത്തേയ്ക്ക് പോവും, എത്രത്തോളം കാലം ഇവിടെ നില്‍ക്കണം എന്ന് ഞാന്‍ തീരുമാനിക്കുന്നോ അത്രത്തോളം സമയം ഞാനിവിടെ നില്‍ക്കും’ എന്ന് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു. എനിക്ക് പൂര്‍ണ്ണബോധ്യമില്ലാത്ത ഒരു സമരത്തിലും പങ്കെടുക്കില്ലെന്നും പറഞ്ഞു. അതോടെ അവരുടെ ഭാവം മാറി. എന്നെ കുറേ ചീത്ത വിളിച്ചു. ചുവരിലുണ്ടായിരുന്ന രണ്ടു ‘ശുഭ്ര’ വര്‍ണ്ണ പതാക ചൂണ്ടിക്കാണിച്ച് ഇതൊക്കെ ചുരുട്ടിക്കൂട്ടി പോക്കറ്റില്‍ ഇട്ട് നടന്നാ മതി എന്ന് ഞാന്‍ സിമ്പിളായി പറഞ്ഞു. അപ്പോഴേക്കും കുറച്ച് ‘മുതിര്‍ന്ന’ കുട്ടിനേതാക്കന്മാര്‍ വരികയും പുലഭ്യം പറഞ്ഞു കൊണ്ടിരിക്കുന്ന സഖാക്കന്മാരെ ഊതിതണുപ്പിച്ച് കൊണ്ടുപോവുകയും ചെയ്തു.

ക്ലാസില്‍ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളാണ് ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികള്‍ക്ക് എസ് എഫ് ഐക്കാര്‍ കൊടുത്തിരിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം മിണ്ടാന്‍ പാടില്ല, അടുത്തിരിക്കാന്‍ പാടില്ല. ഇടയ്ക്കുള്ള സമയങ്ങളില്‍ കാമ്പസിലൂടെ നടക്കാന്‍ പാടില്ല. ചില കുട്ടികളോട് പാവാട ഇട്ടു വരരുത് , ഇത്രയും പ്രായമായില്ലേ എന്നൊക്കെ പറയുകയുണ്ടായി. ഒരിക്കല്‍ എന്നോട് ‘നിങ്ങളിപ്പോള്‍ ജീന്‍സ് ഒക്കെ ഇട്ടു വരാനുള്ള സ്വാതന്ത്ര്യം എങ്കിലും ഞങ്ങള്‍ അനുവദിക്കുന്നുണ്ടല്ലോ, പണ്ട് ഇവിടെ ജീന്‍സ് ഇട്ടു വന്ന ഒരു പെണ്‍കുട്ടിയെക്കൊണ്ട് അത് അഴിപ്പിച്ച് വിട്ടിട്ടുണ്ടെ’ന്നു വലിയഅഭിമാനത്തോടെ പറഞ്ഞു. സഹതാപം കൊണ്ട് എനിക്കവിടെ നില്‍ക്കാന്‍ വയ്യെന്നായി.

ഒരിക്കല്‍ ഒരുമിച്ചിരുന്നു സംസാരിച്ചതിന് ക്ലാസിലെ ഒന്ന് രണ്ടു പയ്യന്മാരെ വിളിച്ച് ശക്തമായി ഉപദേശിച്ചു. എന്നാല്‍ ഇവന്മാര്‍തന്നെ ക്ലാസിലെ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളുടെ പിന്നാലെ നടക്കുന്നുമുണ്ടായിരുന്നു. ഉച്ചയ്ക്കും ഇടവേളകളിലും വന്നു പഞ്ചാരയടിക്കാന്‍ ഇവര്‍ക്ക് ആരുടേയും അനുവാദം വേണ്ട. ടീച്ചര്‍മാര്‍ക്ക് പോലും ഒരു വിലയും കൊടുക്കുന്നില്ല. ഇവര്‍ക്കെതിരെ കളിക്കാന്‍ നില്‍ക്കണ്ട എന്ന് ഇടയ്ക്ക് ഒന്ന് രണ്ടു ടീച്ചര്‍മാരുടെ ഉപദേശവുമുണ്ടായി.

മെമ്പര്‍ഷിപ്പ് എടുക്കാന്‍ വിസമ്മതിച്ചതിന് ഒരു ദിവസം ഉച്ച സമയത്ത് ഒന്നുരണ്ടു പിള്ളേര്‍ വന്നു എന്നെ ചീത്ത വിളിച്ചു. എന്തൊക്കെ പറഞ്ഞാലും എനിക്ക് സൗകര്യം ഇല്ലെന്നു പറഞ്ഞു. ക്ലാസ് കഴിഞ്ഞു പുറത്തെത്തിയപ്പോള്‍ ‘നിങ്ങളൊക്കെ മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് ഇങ്ങനെ പറഞ്ഞാല്‍ ഞങ്ങളുടെ വില പോകും . അതുകൊണ്ട് ദയവായി ഇങ്ങനെ സംസാരിക്കരുത് ‘ എന്നൊരു പയ്യന്‍ വിനീതനായി പറഞ്ഞു.

ഓണം സെലിബ്രേഷന്‍ മീറ്റിംഗ് എന്ന് പറഞ്ഞ് ഒരിക്കല്‍ ഡിഗ്രി, പിജിക്കാരെയെല്ലാം വിളിച്ച് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. എസ് എഫ് ഐക്കാര്‍ സാധാരണ പോലെ ക്ലാസിലേയ്ക്ക് കയറി വന്നു. എല്ലാ പിള്ളേരും കൂടി തിങ്ങി നിറഞ്ഞ് ഒരുവിധത്തില്‍ ഇരുന്നു. എനിക്ക് നല്ല മൈഗ്രെയ്ന്‍ പ്രശ്‌നമുണ്ടായിരുന്നതിനാല്‍ ഡെസ്‌കില്‍ തലവച്ച് കിടക്കുകയായിരുന്നു. ഓണത്തിനു ഓരോ കുട്ടിയുടെ കയ്യില്‍ നിന്നും ഇരുനൂറ്റി അമ്പത് രൂപ വാങ്ങിക്കാനാണ് പദ്ധതിയെന്നും എല്ലാവരും നിര്‍ബന്ധമായും വരണം എന്നും പറയുന്നത് കേട്ടു. പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും സാരി ഉടുക്കണം എന്നും ആണ്‍കുട്ടികള്‍ മുണ്ടും ഷര്‍ട്ടും അങ്ങനെയെന്തോ ഇടണം എന്നും പറയുന്നുണ്ടായിരുന്നു. അടുത്ത കലാപരിപാടി ആയിരുന്നു ഏറ്റവും മികച്ചത്.

ഫസ്റ്റ് ഇയര്‍ സ്റ്റുഡന്റ്‌സ് എല്ലാം കോളേജ് ഐഡി കാര്‍ഡ് അവരെ ഏല്‍പ്പിക്കണം! ഓണം ആഘോഷത്തിന് വരുന്ന പിള്ളേര്‍ക്ക് തിരിച്ചു കൊടുക്കും. അല്ലെങ്കില്‍ കൊടുക്കില്ല!

ഡെസ്‌കില്‍ തല വെച്ചു കിടക്കുകയായിരുന്ന എന്നെ അടുത്തിരിക്കുന്ന കൊച്ചിനെക്കൊണ്ട് തട്ടി വിളിച്ച് എണീപ്പിച്ചു. ഐഡി കാര്‍ഡ് കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ തരില്ല എന്ന് പറഞ്ഞു. അപ്പോള്‍ ഒരാള്‍ മുന്നിലെ സ്‌റ്റേജില്‍ നിന്നും പറന്നിറങ്ങി എന്നെ എന്തൊക്കെയോ തെറി വിളിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ടു മൂന്നു പയ്യന്മാര്‍ ആവേശം പൂണ്ടു നില്‍ക്കുന്ന പ്രവര്‍ത്തകനെ പൂണ്ടടക്കം പിടിച്ചില്ലായിരുന്നെങ്കില്‍ അയാള്‍ ഇരിക്കുന്ന പിള്ളേര്‍ക്ക് ഇടയിലേയ്ക്ക് കമിഴ്ന്നു വീണേനെ എന്നാണെനിക്ക് തോന്നിയത്.

വെറും രണ്ടുമാസത്തിനുള്ളില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എനിക്കുണ്ടായ അനുഭവമാണിത്. പഠിക്കാന്‍ വേണ്ടി യൂണിവേഴ്‌സിറ്റി കോളേജില്‍ വരുന്ന ഒരുപാട് കുട്ടികളുണ്ട്. ഇഷ്ടമില്ലാതെ സമരങ്ങളിലും പ്രതിഷേധ പരിപാടികളിലും പങ്കെടുപ്പിക്കുന്നത് സ്വന്തമായി തിരിച്ചറിവും വിവേചന ശേഷിയുമുള്ള കുട്ടികള്‍ക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കും. അത് അവരുടെ പഠനത്തെ തന്നെ മോശമായി ബാധിക്കും.

കിരീടം വെയ്ക്കാത്ത കുറെ കുട്ടിരാജാക്കന്‍മാര്‍ക്കിടയില്‍ കിടന്നു ശ്വാസം മുട്ടി മരിക്കാന്‍ തീരുമാനിച്ച കുറെ പാവം കുട്ടികളാണ് അവിടെ പഠിക്കുന്നത്. ഇവര്‍ എന്തെങ്കിലും ചെയ്തു കളയുമോ എന്നുള്ള പേടിയാണ്. ഭാവി വെള്ളത്തിലാക്കാന്‍ തങ്ങള്‍ വിചാരിച്ചാല്‍ സാധിക്കും എന്ന് മുട്ടിനു മുട്ടിനുള്ള അവരുടെ അറിയിപ്പു കേട്ട് പേടിച്ചു ജീവിക്കുന്നവര്‍. തിരിച്ചു പറയാനുള്ള ധൈര്യമില്ല. സപ്പോര്‍ട്ട് ചെയ്യാന്‍ ആരും കാണില്ല എന്നത് തന്നെ പ്രധാന കാരണം.

ഇങ്ങനെയാണോ കാമ്പസ് രാഷ്ട്രീയം വേണ്ടത്? യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് കുറേ സ്വയംപ്രഖ്യാപിത ഹിറ്റ്‌ലര്‍മാരുടെ കോട്ടയാണ്. തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിച്ചും പോലീസിന്റെ റോള്‍ സ്വയം ഏറ്റെടുത്തും ചുമ്മാ വേസ്റ്റായി നടക്കുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍. അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പുരാതനകാല ബഫൂണുകള്‍ എന്നാണ് ഓര്‍മ്മ വരിക. ആദര്‍ശം പോട്ടെ, മറ്റുള്ള വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിത്വവും മാനിക്കാത്ത ഇവര്‍ എന്തു ജനാധിപത്യബോധമാണ് മുന്നോട്ടു വയ്ക്കുന്നത്?

(ഇത്രയും എഴുതിയെന്നു വച്ച് ഞാന്‍ ഗോമാതാ സംരക്ഷണ വിഭാഗിയാണ് എന്നാരും പറയാന്‍ വരരുത്. അടുത്ത കഥ പറയേണ്ടി വരും)

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ലിഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ലിഷ അന്ന

ലിഷ അന്ന

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍