UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗുണ്ടായിസം: 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തസ്ലീം, സുജിത്ത്, രജീഷ് എന്നീ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനികളെയും സുഹൃത്തിനെയും മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐക്കാര്‍ക്കും പത്തോളം കണ്ടാലറിയാവുന്നവര്‍ക്കുമെതിരെ കേസെടുത്തെന്ന് കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു. തസ്ലീം, സുജിത്ത്, രജീഷ് എന്നീ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവരും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്.

യൂണിവേഴ്‌സിറ്റി കോളേജിലെ ഫിലോസഫി വിദ്യാര്‍ത്ഥി സൂര്യ ഗായത്രി, മലയാളം വിഭാഗത്തിലെ അസ്മിത കബീര്‍ ഇരുവരുടെയും സുഹൃത്തും സിനിമ പ്രവര്‍ത്തകനുമായ ജിജേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ ജിജേഷിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കോളേജില്‍ നടന്ന നാടക പ്രദര്‍ശനം കാണാനാണ് ഇവര്‍ എത്തിയത്. കുറച്ച് കഴിഞ്ഞ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ മൂന്ന് പേര്‍ ജിജേഷിനെ വിളിച്ചു കൊണ്ട് പോയി. കുറച്ചു നേരത്തിന് ശേഷം തിരികെയെത്തിയ ജിജേഷ് തിരികെ പോകാന്‍ തിടുക്കം കാണിച്ചതിനാല്‍ മൂവരും ഇറങ്ങി.

എന്നാല്‍ പോകുന്ന വഴിക്ക് അസ്മിതയുടെ ടീച്ചറെ കണ്ട് സംസാരിച്ച് നിന്നപ്പോള്‍ എസ്എഫ്‌ഐക്കാര്‍ വീണ്ടുമെത്തി നിന്നോട് പോകാന്‍ പറഞ്ഞതല്ലേ എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്ന് സൂര്യ ഗായത്രി അഴിമുഖത്തെ അറിയിച്ചു. അതോടെ നാടകം കണ്ടിരുന്ന പത്തോളം പേര്‍ പുറത്തിറങ്ങി ജിജേഷിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ജിജേഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗേറ്റ് പൂട്ടിക്കളഞ്ഞെന്നും ഇവര്‍ പറയുന്നു. അതിന് ശേഷവും മര്‍ദ്ദനമേറ്റ ജിജേഷിനെ പിന്നീട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാത്രമല്ല യൂണിവേഴ്‌സിറ്റി കോളേജില്‍ ഉള്ളതെന്നും എസ്‌ഐഒയുമുണ്ടെന്നും അതുകൊണ്ട് തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് പറയാന്‍ സാധിക്കില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടരി വിജിന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍