UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരീക്ഷയെഴുതാത്തവര്‍ പോലും റാങ്ക് പട്ടികയിൽ; അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തിലെ അണിയറക്കഥകള്‍

Avatar

പി കെ ശ്യാം


കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? രാജ്യത്തിന്‍റെ ഭാവിയെ മാറ്റിമറിക്കേണ്ട ഉന്നതമായ പഠന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും അധികാര-അവകാശ പോരാട്ടങ്ങളുടെ വിളനിലമായി സര്‍വകലാശാലകള്‍ മാറിയിരിക്കുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങള്‍ അടിക്കടി വിവാദങ്ങളില്‍ അകപ്പെടുന്നു. യു ആര്‍ അനന്തമൂര്‍ത്തി, സുകുമാര്‍ അഴീക്കോട്, കെ എന്‍ പണിക്കര്‍ തുടങ്ങി നിരവധി പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണര്‍ ഇരുന്ന സര്‍വകലാശാല ആസ്ഥാനങ്ങള്‍ ഇന്ന് കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂത്തരങ്ങായി തീര്‍ന്നിരിക്കുന്നു. നമ്മുടെ സര്‍വകലാശാലകള്‍ അവയുടെ ലക്ഷ്യം മറക്കുകയാണോ? കേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച് അഴിമുഖം പ്രതിനിധി നടത്തുന്ന അന്വേഷണ പരമ്പര തുടരുന്നു. (പരമ്പരയിലെ ഒന്നാം ഭാഗം ഇവിടെ വായിക്കാം –കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ അടിതെറ്റി കേരള സര്‍വകലാശാല)

വിഷ്‌ണുശർമന്റെ പഞ്ചതന്ത്രത്തിൽ നിന്ന് ‘കർമണി വ്യജ്യതേ പ്രജ്ഞാ’ (കർമം ബുദ്ധിയെ ഉദ്ദീപിപ്പിക്കുന്നു) എന്ന ശ്ലോകം ആപ്‌തവാക്യമായി സ്വീകരിച്ച കേരളത്തിന്റെ അഭിമാനസ്‌തംഭമാണ് കേരളത്തിന്റെ മാതൃസർവകലാശാലയായ കേരളസർവകലാശാല. ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനശിലയായി പരിഗണിക്കപ്പെടുന്ന ആപേക്ഷികതാ സിദ്ധാന്തത്തിന് രൂപംനൽകിയ ആൽബർട്ട് ഐൻസ്റ്റീനെ വൈസ്ചാൻസലറായി പരിഗണിച്ച സർവകലാശാല ഇന്ന് നിയമനവിവാദങ്ങളിലും പോർവിളികളിലും പെട്ട് മുഖം നഷ്‌ടപ്പെട്ട് തലകുനിച്ചുനിൽക്കുന്നു. കോടികളുടെ കോഴക്കിലുക്കമുണ്ടായ അസിസ്റ്റന്റ് ഗ്രേഡ് നിയമന കുംഭകോണത്തിൽ സ്വന്തക്കാരെ രക്ഷിച്ചെടുക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുചേർന്നാണ് നീക്കങ്ങൾ നടത്തുന്നത്. കേരള സർവകലാശാലയിലെ വിവാദമായ അസിസ്റ്റന്റ് നിയമനക്കേസിന്റെ ഏറ്റവും പുതിയ അണിയറക്കഥകൾ ഇതാ. 

വർഷംതോറും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കായി പതിനയ്യായിരത്തിലധികം പരീക്ഷ നടത്തുന്ന സർവകലാശാല സ്വന്തം ജീവനക്കാരെ തിരഞ്ഞെടുക്കാൻ 2008ൽ 40,000 പേർക്ക് നടത്തിയ പരീക്ഷയാണ് കേരളയുടെ മാനംകളഞ്ഞത്. നിയമന നടപടികൾ തുടങ്ങിയ ആദ്യഘട്ടം മുതൽ അവസാനം വരെ സർക്കാർ സംവിധാനത്തിൽ നടക്കുമെന്ന് കരുതാൻ കഴിയാത്ത ക്രമക്കേടാണ് നടന്നതെന്നാണ് ഹൈക്കോടതി നിയോഗിച്ച ജഡ്‌ജി എൻ.സുകുമാരൻ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ. മുൻ വൈസ്ചാൻസലറും പ്രോ വൈസ്ചാൻസലറും രജിസ്ട്രാറും സിൻഡിക്കേറ്റംഗങ്ങളുമടക്കം ഏഴുപേർക്കെതിരേ കുറ്റപത്രമായെങ്കിലും തട്ടിപ്പിലൂടെ നിയമനം നേടിയ 169 പേർ കേരള സർവകലാശാലയിലെ വിവിധ സെക്ഷനുകളിൽ അസിസ്റ്റന്റുമാരായി ജോലിചെയ്യുന്നുണ്ടിപ്പോഴും. നിയമത്തേയും യോഗ്യതകളേയും മെറിറ്റിനേയുമെല്ലാം അവർ കൊഞ്ഞനംകുത്തിക്കൊണ്ടേയിരിക്കുന്നു.

കുംഭകോണം ഇവിടെ തുടങ്ങുന്നു
സർവകലാശാലയിലെ ഇരുനൂറോളം അസിസ്റ്റന്റ് ഗ്രേഡ് ഒഴിവുകളിലേക്ക് 2008 മെയ് 20 നാണ് പരീക്ഷ നടത്തിയത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റെ ശമ്പളവും വേതന വ്യവസ്ഥകളുമായതുകൊണ്ടും തിരുവനന്തപുരത്തിന് പുറത്തേക്ക് സ്ഥലംമാറ്റമോ നിയമനമോ ഇല്ലാത്തതിനാലും ഉദ്യോഗാർത്ഥികൾക്ക് ഏറെ ആകർഷകമായിരുന്നു പരീക്ഷ. സംസ്ഥാനത്തുടനീളമുള്ള 40000ത്തോളം പേരാണ് പരീക്ഷയെഴുതിയത്. ഇടതുനേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത ക്രമക്കേടുകളാണ് നടന്നത്. റാങ്ക്പട്ടിക പുറത്തുവന്നപ്പോഴാണ് ഉദ്യോഗാർത്ഥികൾ ഞെട്ടിയത്. ആദ്യം നിയമനം ലഭിച്ച 160 പേരിൽ 110 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരായിരുന്നു.

നിയമനത്തിന് പിന്നിലെ എല്ലാ പരിധിയും ലംഘിച്ചുള്ള അഴിമതിക്കഥകൾ ഓരോന്നായി പുറത്തുവന്നു. രാഷ്ട്രീയ നേതാക്കളുടെയും സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധുക്കൾ സർവകലാശാലയിൽ ജോലിനേടി. വർഷങ്ങളോളം പരിശീലനം നേടി പരീക്ഷയെഴുതിയ സമർത്ഥർ പട്ടികയിൽ ഉൾപ്പെട്ടതുപോലുമില്ല. പരീക്ഷ എഴുതാത്തവരും അപേക്ഷ സമയത്ത് സമർപ്പിക്കാത്തവരുമൊക്കെ ലിസ്റ്റിൽ ഇടംപിടിച്ചു.  എസ്.എഫ്.ഐ നേതാവായിരുന്ന സോനാ റാണി, സർവകലാശാലാ യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സ്റ്റീഫന്റെ അടുത്ത ബന്ധു ലീനാ ജോൺ, സി.പി.എം നേതാവ് മേരിദാസന്റെ സഹോദരിയുടെ മക്കളായ നിക്‌സൺ, നിഷിമോൾ, വഞ്ചിയൂർ ഏരിയാസെക്രട്ടറിയായിരുന്ന ഗോപാലകൃഷ്ണൻ നായരുടെ മകൾ ദിവ്യ, എസ്. എഫ്.ഐ നേതാവ് നവീൻ, സി.പി.എം അധ്യാപക സംഘടനയുടെ കൺസൾട്ടന്റിന്റെ മക്കളായ സുനു, സുജി, സർവകലാശാലയിലെ സി.പി.എം സംഘടനാ നേതാവിന്റെ മകൾ ലീന ജെയിംസ്, മറ്റൊരു വനിതാ നേതാവിന്റെ സഹോദരൻ സന്തോഷ് തുടങ്ങി ഒട്ടേറെ പേർ പട്ടികയിൽ ഇടംനേടി.

അട്ടിമറിക്ക് മാസ്റ്റർപ്ലാൻ
നിയമനത്തിന് തീരുമാനമെടുക്കുമ്പോൾത്തന്നെ തിരഞ്ഞെടുപ്പുസമിതിയെ വി.സി. നിയോഗിക്കണമെന്നാണ് സർവകലാശാലാ നിയമത്തിലെ വ്യവസ്ഥ. എന്നാൽ ഇന്റർവ്യൂവിന് മുമ്പ് മാത്രമാണ് സമിതിയെ നിയോഗിച്ചത്. ആധികാരിക രേഖയായ ഉത്തരപേപ്പർ നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തശേഷം എഴുത്തുപരീക്ഷയിൽ ഉയർന്നമാർക്ക് നേടിയതായി അവകാശപ്പെട്ട് 2000 പേരുടെ പട്ടിക അഭിമുഖത്തിനായി തയ്യാറാക്കുകയും അവരുടെ മൊത്തം മാർക്കിന്റെ അന്തരം 13.5 ആയി നിജപ്പെടുത്തുകയും ചെയ്തായിരുന്നു തട്ടിപ്പിന് തുടക്കമിട്ടത്. ഉത്തരക്കടലാസ് സർവകലാശാലയ്ക്ക് മടക്കി അയച്ചെന്ന് ഹൈദരാബാദിലെ പ്രസ് അധികൃതർ പറഞ്ഞപ്പോൾ മടക്കി ലഭിച്ചിട്ടില്ലെന്നായിരുന്നു സർവകലാശാലയുടെ വാദം. എന്നാൽ പ്രോവൈസ്ചാൻസലർക്ക് ഉത്തരക്കടലാസ് മടക്കിനൽകിയതിനെത്തുടർന്നാണ് പണമിടപാട് തീർത്തതെന്നുള്ള രേഖകൾ പ്രസ് അധികൃതർ പിന്നീട് പുറത്തുവിട്ടു.

എഴുത്തുപരീക്ഷയുടെ മാര്‍ക്ക് 100 ൽ നിന്ന് 75 ലേക്ക് കുറച്ചശേഷം 25 മാർക്ക് ഇന്റർവ്യൂവിന് നിശ്ചയിക്കുകയും ചെയ്ത് തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു.  ഡെപ്യൂട്ടി കളക്ടർ പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച അനു എസ്. നായർ പോലും അസിസ്റ്റന്റ് നിയമന പട്ടികയിൽ പിന്നിലായി. എസ്.എഫ്.ഐ. നേതാവും യൂണിവേഴ്സിറ്റി യൂണിയൻ വൈസ്ചെയര്‍പേഴ്സണുമായിരുന്നയാൾക്ക് എഴുത്തുപരീക്ഷയിൽ  1117-ആം റാങ്കായിരുന്നെങ്കിലും അഭിമുഖം കഴിഞ്ഞപ്പോൾ റാങ്ക് 59 ആയി. ഒന്നാംറാങ്ക് നേടിയയാൾ 67ലേക്ക് താഴ്ന്നുപോയി. 1100 റാങ്കിന് താഴെയെത്തിയ നിരവധിപേരെ നൂറുറാങ്കിനുള്ളിലേക്ക് കൊണ്ടുവന്നു. പരീക്ഷയെഴുതാത്തവരും റാങ്ക്പട്ടികയിൽ ഇടംനേടി. രണ്ട് സെന്ററുകളിൽ പരീക്ഷയെഴുതിയയാളുടെ വിവരങ്ങൾ പുറത്തായപ്പോൾ അത് മറച്ചുവയ്ക്കാൻ ഹാജർരേഖയിൽ തിരുത്തൽ വരുത്തി. യൂണിവേഴ്‌സിറ്റി കോളേജ്, വിമൻസ് കോളേജിലേതടക്കം ഹാജർരേഖ മുക്കി സർവകലാശാല കൃത്രിമരേഖയുണ്ടാക്കി. ഇതിനിടെ 200 പേരെ നിയമിക്കുകയും ചെയ്തു.

തട്ടിപ്പ് കോടതികയറുന്നു
ക്രമക്കേടുകൾ പുറത്തായതോടെ ലിസ്റ്റിൽ താഴെയായിപ്പോയവർ ലോകായുക്തയെ സമീപിച്ചു. അസിസ്റ്റന്റ് നിയമന പട്ടികയിൽ സി.പി.എം. നേതാക്കളുടെ ബന്ധുക്കളേയും മറ്റും കൃത്രിമമായി കുത്തിനിറച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉപ ലോകായുക്ത ജസ്റ്റിസ് കൃഷ‌ണൻനായർ റാങ്ക് പട്ടിക റദ്ദാക്കാനാണ് ശുപാർശ ചെയ്തത്. ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ എത്തിയപ്പോൾ ജസ്റ്റിസ് എൻ.സുകുമാരൻ അദ്ധ്യക്ഷനായും  ഐ.ജി. പദ്മകുമാർ, പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കുരുവിള ജോൺ എന്നിവർ അംഗങ്ങളായും അന്വേഷണ സമിതിയെ നിയോഗിച്ചു. സുകുമാരൻ കമ്മിഷനും ക്രമക്കേട് നടന്നതായി കണ്ടെത്തി. നിയമനം ലഭിച്ച ഓരോരുത്തരുടേയും വാദം കേൾക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെതുടർന്ന് പുനർവിചാരണ നടത്തിയ ലോകായുക്ത ജസ്റ്റിസ് ജി. ശശിധരനും നിയമനത്തിൽ അടിമുടി ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയത്. ഹൈക്കോടതി നിയോഗിച്ച സുകുമാരൻ സമിതിയാണ് ഗൂഢാലോചനയും അട്ടിമറിയും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ശുപാർശ ചെയ്തത്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയപ്പോൾത്തന്നെ അട്ടിമറിശ്രമങ്ങളും തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ മാറ്റി. എ.ഡി.ജി.പി വിൻസൺ എം. പോളിന്റെ മേൽനോട്ടത്തിൽ എസ്.പിമാരായ. അക്ബർ, തോമസ് ജോളി ചെറിയാൻ, ശ്രീധരൻ, ഡിവൈ. എസ്.പി ഗോപകുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. റാങ്ക് പട്ടിക തയ്യാറാക്കിയത് സർവകലാശാല വി.സിക്ക് നല്‍കിയ ലാപ്‌ടോപ്പിലാണെന്ന് മൊഴിയുണ്ട്. എന്നാൽ ഈ ലാപ്‌ടോപ്പ് പരിശോധനയ്ക്കായി നൽകിയിട്ടില്ല. അത് മോഷണം പോയെന്ന വിചിത്രവാദമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

വി.സിയായിരുന്ന ഡോ. എം.കെ. രാമചന്ദ്രൻ നായർ,  പി.വി.സിയായിരുന്ന. ഡോ. വി. ജയപ്രകാശ്, തട്ടിപ്പ് നടക്കുമ്പോൾ സർവകലാശാലാ രജിസ്ട്രാറായിരുന്ന ഇപ്പോഴത്തെ എസ്.സി.ഇ.ആർ.ടി ഡയറക്‌ടർ കെ.എ. ഹാഷിം, മുൻ സിൻഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, ബി.എസ്. രാജീവ്, കെ.എ.ആൻഡ്രൂ, എം.പി. റസ്സൽ എന്നിവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി.  റഷീദ് സിപിഎം പാളയം ഏരിയാ സെക്രട്ടറിയും രാജീവ് പേരൂർക്കട ഏരിയാ സെക്രട്ടറിയുമാണ്. റസൽ മെഡിക്കൽ കോളജ് ലോക്കൽ കമ്മി​റ്റി അംഗവുമാണ്. മുൻ വിസിയെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ ഗവർണറുടെ അനുമതി തേടിയെങ്കിലും നിലവിൽ ഔദ്യോഗിക പദവി ഇല്ലാത്തതിനാൽ തന്റെ അനുമതി വേണ്ടെന്ന് ഗവർണർ അറിയിച്ചു. തുടർന്ന് അഡ്വക്കേറ്റ് ജനറലിന്റേയും നിയമവകുപ്പിന്റേയും ഉപദേശം തേടിയശേഷം ക്രൈംബ്രാഞ്ചിന് കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

എന്തിനാണിങ്ങനെയൊരു വി സി? കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ചോദിക്കുന്നു
വിദ്യാര്‍ഥി സംഘടനകളേ, നിങ്ങളാണ് ശരി
കലാലയ രാഷ്ട്രീയനിരോധനം എന്ന സര്‍ക്കാര്‍ അക്രമം
സ്‌കൂളു പൊളിക്കുന്ന സര്‍ക്കാര്‍
വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധി വേണ്ടതുണ്ടോ?

കേരളത്തിൽ ആദ്യം

കേരളത്തിൽ ആദ്യമായാണ് മുൻ വി.സിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരെയും സിൻഡിക്കേറ്റ് അംഗങ്ങളെയും അഴിമതിക്കേസിൽ പ്രോസിക്യൂട്ട് ചെയ്യുന്നത്. ഹരിയാനയിൽ  അഴിമതിക്കേസിൽ വൈസ്ചാൻസലറെ അറസ്റ്റ് ചെയ്തതാണ് നേരത്തേയുള്ള ഏക സംഭവം. എന്നാൽ കേസിന്റെ അവസാനഘട്ടത്തിലും അട്ടിമറിയെന്ന് സംശയിക്കാനെന്നോണം ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ സംശയമുനയിലാണ്. മുൻ വി,സിയും സിൻഡിക്കേറ്റംഗങ്ങള്‍ അടക്കമുള്ളവർക്കെതിരേ കുറ്റപത്രം നൽകാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണ്ടെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിതാ പി. ഹരന്റെ പക്ഷം. പ്രോസിക്യൂഷൻ അനുമതി ഇല്ലാതെ കേസിൽ കു​റ്റപത്രം സമർപ്പിച്ചാൽ കോടതി അതു തള്ളിക്കളയുമെന്ന് ക്രൈംബ്റാഞ്ച് എഡിജിപി: എസ്. അനന്തകൃഷ്‌ണൻ പറയുന്നു. സിആർപിസി 197 പ്രകാരം ഇത്തരം കേസിൽ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണെന്നും ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെയേ കുറ്റപത്രം നൽകുകയുള്ളൂവെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.

നൂറോളം സാക്ഷികളും രേഖകളുമടക്കം അഞ്ഞൂറിലധികം പേജുകളുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്.  സർവകലാശാല അസിസ്റ്റന്റ് നിയമനത്തിനായി തിരുമാനമെടുത്ത് പരീക്ഷ നടത്തി ഷോർട്ട് ലിസ്റ്റ് തയാറാക്കിയത് യു.ഡി.എഫ്. സിൻഡിക്കേറ്റംഗങ്ങളാണെന്നും അവരെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ ആരോപണം. അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട 9 കേസുകൾ ഹൈക്കോടതി വിചാരണ പൂർത്തിയാക്കി വിധിപറയാൻ മാറ്റിവച്ചിരിക്കുകയാണെന്നും ക്രൈംബ്രാഞ്ച് മേധാവിയെ സ്വാധീനിച്ച് ഒരു കുറ്റപത്രം തട്ടിക്കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു.

മുഖംമിനുക്കലുമായി സർവകലാശാല
അതേസമയം മുഖംമിനുക്കൽ നടപടികളുമായി സർവകലാശാലയിലെ പുതിയ നേതൃത്വം മുന്നോട്ടുപോവുകയാണ്. അസിസ്റ്റന്റ് നിയമനതട്ടിപ്പ് കേസിൽ  സർവകലാശാലയുടെ താത്പര്യം പൂർണമായി സംരക്ഷിക്കാതിരുന്ന സ്റ്റാൻഡിംഗ് കോൺസിൽ ജോർജ്ജ് പൂന്തോട്ടത്തിനെ തൽസ്ഥാനത്തു നിന്ന് കഴിഞ്ഞദിവസം മാറ്റി. അനധികൃതമായി നിയമനം നേടിയ 169 പേരെ പിരിച്ചുവിടാൻ ലോകായുക്ത ഉത്തരവിട്ടിരുന്നു. ഇതിനെതിരേ നിയമനം ലഭിച്ച അസിസ്റ്റന്റുമാർ ഹൈക്കോടതിയെ സമീപിച്ചു. ഇവരെ പിരിച്ചുവിടാനുള്ള സർവകലാശാലയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു വർഷമായിട്ടും സ്റ്റേ നീക്കാൻ സ്റ്റാൻഡിംഗ് കോൺസിൽ ശക്തമായ നടപടികളെടുത്തില്ലെന്ന് സർവകലാശാലാ അധികൃതർ പറഞ്ഞു. കേസിൽ തുടർനടപടികൾ കാര്യക്ഷമമാകാതിരുന്നതിനാൽ 169  അസിസ്റ്റന്റുമാരും സർവകലാശാലയിൽ ഇപ്പോഴും തുടരുകയുമാണ്. അസിസ്റ്റന്റ് കേസിൽ പുതിയ സ്റ്റാൻഡിംഗ് കോൺസിൽ ബെച്ചുകുര്യൻ തോമസാവും ഹാജരാവുകയെന്നും സർവകലാശാലാ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

അട്ടിമറിയുടെ പതിനെട്ടാം അടവ്
മുൻ വി.സി അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരസെക്രട്ടറി നിവേദിതാ പി ഹരൻ അട്ടിമറിക്ക് ശ്രമിച്ചെങ്കിലും ക്രൈംബ്രാഞ്ച് തടയിട്ടു. നിലയില്ലാതെ ഇറക്കിയ ഉത്തരവാകട്ടെ അവ്യക്തതകൾ നിറഞ്ഞതുമായിരുന്നു.  അസിസ്​റ്റന്റ് നിയമനത്തിട്ടിപ്പ് കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തതയില്ലെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ പറയുന്നത്. എല്ലാ പ്രതികളുടേയും പേര് വ്യക്തമാക്കി വെവ്വേറെയോ വിശദമായോ ഉത്തരവ് നൽകണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.അനന്തകൃഷ്ണൻ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകി. . ഇതോടെ കേസിൽ കു​റ്റപത്രം നൽകുന്നതു വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുൻ വൈസ് ചാൻസലറും സിപിഎം നേതാക്കളുമടക്കമുള്ള ഏഴു പ്രതികൾക്കെതിരെ കു​റ്റപ്പത്റം നൽകാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നും കു​റ്റപത്രം നൽകാനുമായിരുന്നു ആദ്യം ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി.ഹരൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. 

എന്നാൽ പ്രോസിക്യൂഷൻ അനുമതി ഇല്ലാതെ കേസിൽ കു​റ്റപത്രം സമർപ്പിച്ചാൽ കോടതി അതു തള്ളിക്കളയുമെന്നു അനന്തകൃഷ്ണൻ സർക്കാരിനെ അറിയിച്ചിരുന്നു. ആഭ്യന്തര വകുപ്പിന്റെ നടപടി വിവാദമായതോടെ രണ്ടു മാസം മുൻപു പ്രോസിക്യൂഷൻ അനുമതി നൽകി ഉത്തരവ് ഇറക്കി. എല്ലാ പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുവെന്ന പൊതുവായ ഉത്തരവാണ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചത്. ഇതു പ്രകാരം കു​റ്റപത്രം നൽകിയാൽ അതു തള്ളിപ്പോകുമെന്നും പ്രതികൾ രക്ഷപ്പെടുമെന്നും അന്വേഷണ സംഘം വിലയിരുത്തി. ഓരോ പ്രതികൾക്കുമെതിരായ കു​റ്റം, അവർ വഹിച്ചിരുന്ന സ്ഥാനം എന്നിവ വ്യക്തമാക്കിയുള്ള ഉത്തരവാണ് വേണ്ടതെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ കത്തു ലഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും പുതിയ ഉത്തരവിറക്കാൻ ആഭ്യന്തര വകുപ്പു തയ്യാറായിട്ടില്ല. സർക്കാരിൽ നിന്നുള്ള ഏറെ സമ്മർദ്ദവും മ​റ്റു ബാഹ്യ ഇടപെടലും അതിജീവിച്ചാണു രണ്ടു വർഷം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയത്. കേസിൽ ഏകദേശം നൂറിലേറെ സാക്ഷികളുണ്ട്. 500ലധികം പേജുള്ള കു​റ്റപത്രമാണു തയാറാക്കിയത്. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്തിരിക്കുന്നതിനാൽ വിജിലൻസ് കോടതിയിലാണു കു​റ്റപത്രം നൽകേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍