UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദ് സര്‍വകലാശാലയില്‍ സംഘര്‍ഷം

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി അപ്പാറാവുവിന്റെ വീട് ഇന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു. ദളിത് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ എന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്ന റാവു ഇന്ന് കാമ്പസിലെ ഗസ്റ്റ് ഹൗസില്‍ എത്തുകയും പത്രസമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. രോഹിത് വെമുലയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് വിസി അവധിയില്‍ പ്രവേശിച്ചിരുന്നു. അതിനുശേഷം ഇന്ന് അദ്ദേഹം തിരികെ വന്നപ്പോഴാണ് സംഭവം.

പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ ഫര്‍ണിച്ചറും കംപ്യൂട്ടറുകളും മറ്റും അടിച്ചു തകര്‍ത്തു. പൊലീസ് സംഭവ സ്ഥലത്തെത്തി. പത്രസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം. പൊട്ടിയ ഗ്ലാസ് കൊണ്ട് ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്.

അധ്യാപകേതര ജീവനക്കാര്‍ വിസിക്ക് അനുകൂല നിലപാട് എടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ സമരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

സംഘര്‍ഷബാധിതയിടത്ത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും പ്രതിഷേധവുമായി എത്തി. എസ് ടി, എസ് സി പീഡന നിയമം അനുസരിച്ച് അപ്പാറാവുവിന് എതിരെ പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ റാവുവിനെ അറസ്റ്റ് ചെയ്യണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.

റാവുവിന് സംരക്ഷണം നല്‍കാന്‍ എബിവിപി പ്രവര്‍ത്തകരും കാമ്പസിന് പുറത്തു നിന്നുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകരും രംഗത്തുണ്ട്. കനത്ത പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രോഹിതിന് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് തുകയില്‍ മുടക്കം വന്ന തുകയായ 1.77 ലക്ഷം രൂപ ഇന്നലെ കുടുംബത്തിന് ലഭിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍