UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ സംഘര്‍ഷം; വി സി അപ്പാറാവുവിന്റെ ഗൂഡാലോചന

Avatar

അഴിമുഖം പ്രതിനിധി
 
ഹൈദരാബാദ് സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് വി സി അപ്പാറാവുവിനെ പിന്തുണയ്ക്കുന്ന ജീവനക്കാരും എബിവിപി, ആര്‍ എസ് എസ് പ്രവര്‍ത്തകരും ചേര്‍ന്നെന്ന് വിദ്യാര്‍ത്ഥികള്‍ അഴിമുഖത്തോട് പറഞ്ഞു. 
 
ദളിതരേയും മുസ്ലിംങ്ങളേയും തിരഞ്ഞു പിടിച്ചു ആക്രമിക്കുകയായിരുന്നു. പുരുഷ പൊലീസുകാര്‍ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറി. ബലാല്‍സംഗം ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. ലാത്തി കൊണ്ട് വിദ്യാര്‍ത്ഥികളുടെ തലയ്ക്കടിക്കുകയും ബൂട്ട് കൊണ്ട് വയറ്റത്തു ചവിട്ടുകയും ചെയ്തു. പൊലീസിന്റേയും എബിവിപി പ്രവര്‍ത്തകരുടേയും ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 
 
ഒരു രാത്രി കൊണ്ട് മര്യാദ പഠിപ്പിക്കുമെന്ന് പൊലീസുകാ‍ര്‍ ഭീഷണിപ്പെടുത്തി. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന സമരത്തിന് നേതൃത്വം കൊടുത്തവരെ പൊലീസ് തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തു. 36 വിദ്യാര്‍ത്ഥികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കെ വൈ രത്‌നം, തഥാഗത് എന്നീ അധ്യാപകരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. മൂന്നു വാനുകളിലായാണ് പോലീസ് ഇവരെ കൊണ്ടു പോയത്. വാനില്‍ കയറ്റിയ ശേഷവും ഇവരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു എന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവരെ എങ്ങോട്ടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

നാലു ദിവസത്തെ ക്ലാസ് വി സി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഈ നാലു ദിവസങ്ങളിലും കാമ്പസില്‍ പ്രചാരണം നടത്തി സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കാനാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ തീരുമാനം.

 
വിവാദത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിസി തിരികെ എത്തിയത് എബിവിപി പ്രവര്‍ത്തകരേയും വി സി അനുകൂല ജീവനക്കാരേയും മാത്രം അറിയിച്ചിട്ടാണെന്നും ഇവര്‍ വി സി എത്തിയശേഷം മുറി അകത്തു നിന്ന് അടച്ചശേഷം വാതിലിന് പിന്നില്‍ ടേബിളും കംപ്യൂട്ടറുകളും എടുത്തുവച്ച് ബലപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇത് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ തള്ളിത്തുറന്നപ്പോഴാണ് ഇവയ്ക്ക് ചെറിയ രീതിയില്‍ നാശനഷ്ടം സംഭവിച്ചതെന്നും അവര്‍ വിശദീകരിക്കുന്നു. എബിവിപിക്കാരും വി സിയെ പിന്തുണയ്ക്കുന്ന ജീവനക്കാരും ചേര്‍ന്നാണ് മറ്റു നാശനഷ്ടങ്ങള്‍ വരുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 
 
വി സി കാമ്പസില്‍ തിരിച്ചെത്തുന്ന വിവരം മുന്‍കൂട്ടി അറിയിച്ചത് ലൈഫ് സയന്‍സ് വകുപ്പിലെ ജീവനക്കാരേയും എബിവിപി പ്രവര്‍ത്തകരേയും മാത്രമാണ്. ഈ വിദ്യാര്‍ത്ഥികളേയാണ് വി സിയെ സ്വീകരിക്കാനായി ഏര്‍പ്പാടാക്കിയിരുന്നതും. സെമസ്റ്ററിന്റെ അവസാന സമയത്ത് വി സി തിരിച്ചെത്തിയത് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന് പിന്‍വലിപ്പിക്കാനുള്ള ശ്രമമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സെമസ്റ്റര്‍ റദ്ദാക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. രോഹിത്തിന്റെ മരണത്തോട് അനുബന്ധിച്ച് നടന്ന പ്രക്ഷോഭത്തില്‍ മുന്‍നിരയില്‍ നിന്ന വേല്‍പുല സുംഗണ്ണ എന്ന വിദ്യാര്‍ഥി ഇത്തരമൊരു ഭീഷണി കാരണം കാമ്പസ് വിട്ടതായും വിദ്യാര്‍ഥികള്‍ പറയുന്നു.

 
ഇന്നലത്തെ സംഭവത്തെ തുടര്‍ന്ന് കാമ്പസിലെ എട്ടു മെസ്സുകളും അടച്ചു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആഹാരത്തിനായി പുറത്തു പോകേണ്ട അവസ്ഥയാണ്. കൂടാതെ വൈദ്യുതി, കുടിവെള്ളം എന്നിങ്ങനെയുള്ള സൗകര്യങ്ങളും റദ്ദാക്കിയിരിക്കുകയാണ്. കാമ്പസില്‍ നടന്നതെന്തെന്ന് പുറംലോകം അറിയാതിരിക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യവും നിര്‍ത്തലാക്കിഎന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
 
ജനുവരി 17-ന് ദളിത് ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് വിസി അപ്പാറാവുവിന് അവധിയില്‍ പ്രവേശിക്കേണ്ടി വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍