UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്യാമ്പസുകളെ വീണ്ടെടുക്കേണ്ടതുണ്ട്; എസ്.എഫ്.ഐ നടത്തുന്ന പോരാട്ടങ്ങള്‍

Avatar

നിതീഷ് നാരായണന്‍


‘അവര്‍ അവരുടെ നിലപാടില്‍ ഉറച്ചുനിന്നു. ഉപാധികളൊന്നുമില്ലാതെ. ക്ഷമപറഞ്ഞ് എല്ലാം അവസാനിപ്പിച്ച് സമാധാന ജീവിതത്തിലേക്ക് തിരികെ പോകുവാന്‍ അവര്‍ തയ്യാറായില്ല. തങ്ങളുടെ നിലപാട് ഒരു പക്ഷേ, കരിയറിനുള്ള ജീവിതത്തെയും തന്നെ അപകടപ്പെടുത്താമെന്നതായിട്ടുപോലും അഭിമാനം പണയം വച്ച് അവര്‍ സന്ധിയായില്ല.’

ഒരു വര്‍ഷം നീണ്ട ഒരു നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിപ്രസ്താവത്തിലെ ചില വാചകങ്ങള്‍ ആണിത്. കോടതി ‘അവര്‍’ എന്ന് സൂചിപ്പിക്കുന്നത് രണ്ട് പെണ്‍കുട്ടികളെയാണ്. പോണ്ടിച്ചേരി കേന്ദ്രസര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളായ വിദ്യ ടി.അപ്പുക്കുട്ടനും കാവ്യയും. രണ്ട് പേരും എസ്.എഫ്.ഐയുടെ പ്രവര്‍ത്തകര്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടവര്‍. ചെയ്ത കുറ്റം, റാഗിങ്ങിനും ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തി എന്നതും വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചതും. യൂണിവേഴ്‌സിറ്റിക്കകത്ത് ആരുമറിയാതെ ഒതുക്കി തീര്‍ക്കേണ്ട വിഷയം പുറംലോകത്തെ അറിയിച്ച് സ്ഥാപനത്തിന്റെ സര്‍പ്പേരിന് കളങ്കം വരുത്തി എന്ന മഹാപരാധത്തിന് വൈസ് ചാന്‍സലര്‍ അവര്‍ക്ക് വിധിച്ച ശിക്ഷ പരീക്ഷപോലും എഴുതാന്‍ അനുവദിക്കാതെ പുറത്തേക്കുള്ള വഴി.

 

ഇവര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുകയും യൂണിവേഴ്‌സിറ്റിയില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന അരാജക പ്രവണതകളെ ചോദ്യം ചെയ്യുകയും ചെയ്ത മറ്റ് വിദ്യാര്‍ഥികള്‍ക്കും തെമ്മാടികളില്‍ നിന്നും ക്രൂരമായ ശാരീരിക മര്‍ദ്ദനവും കലാലയ അധികാരികളില്‍ നിന്നും അച്ചടക്ക ലംഘനത്തിന് കുറച്ചുകാലം സസ്‌പെന്‍ഷനും നേരിടേണ്ടി വന്നു. എന്നിട്ടും അവര്‍ പിന്മാറിയില്ല. നിരാഹാരമുള്‍പ്പെടെയുള്ള സമരമുറകളുമായി ക്യാമ്പസിനകത്തും പുറത്തും രാഷ്ട്രീയമായും കോടതിയെ സമീപിച്ച് നിയമപരമായും അവര്‍ അതിനെ നേരിട്ടു. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ കമ്മറ്റി രാജ്യതലസ്ഥാനത്തേയ്ക്കും പ്രതിഷേധം വ്യാപിപ്പിച്ചു. ഇതിനിടയിലാണ് ലിംഗനീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള രാജ്യമാകമാനം ആവേശമാക്കാന്‍ കരുത്തുള്ള വിധി കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ലോകം കേട്ടത്. യൂണിവേഴ്‌സിറ്റിയുടെ ഏകാധിപത്യ പ്രവണതകളെ നിശിതമായി വിമര്‍ശിച്ച കോടതി ഓരോ വിദ്യാര്‍ഥിനിക്കും ഇരുപതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഭാവി തന്നെ തുലാസിലാക്കി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ധീരമായി ഉറച്ചു നിന്ന രണ്ട് പെണ്‍കുട്ടികള്‍ക്കും പ്രത്യേക ക്ലാസുകള്‍ നല്‍കാനും പരീക്ഷ എഴുതാന്‍ അവസരമൊരുക്കാനും ഉത്തരവിട്ടു. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച കോടതിവിധി കലാലയങ്ങളെ ഭരിക്കുന്ന അധികാരപ്രമത്തതയ്ക്കുള്ള  മുന്നറിയിപ്പായി അടയാളപ്പെടുത്തപ്പെടും. കലാലയത്തിലെ ജനാധിപത്യപരമായ അക്കാദമിക് അന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്ന ഗുണ്ടാവിളയാട്ടത്തെക്കുറിച്ചല്ല, മറിച്ച് വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനം സജീവമാകും എന്ന ആശങ്കയില്‍ പ്രതികള്‍ക്കൊപ്പം ചേരുകയും പ്രതികരിച്ചവരെ പുറത്താക്കുകയും ചെയ്ത അതേ വിസിയെക്കുറിച്ച് കഴിഞ്ഞ ആഴ്ച കേട്ട വിശേഷം അവര്‍ തത്സ്ഥാനത്തെത്താന്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് യോഗ്യത നേടുകയായിരുന്നു എന്നതാണ്.

‘നിങ്ങള്‍ ഞങ്ങളെക്കുറിച്ച് ആശങ്കപ്പെടാതിരിക്കുക. ഞങ്ങള്‍ക്ക് പുസ്തകങ്ങള്‍ തന്നുകൊണ്ടേയിരിക്കുക. ഇവിടെ ഞങ്ങള്‍ സന്തുഷ്ടരായിരിക്കും. നിങ്ങള്‍ പുറത്ത് പോരാട്ടം തുടരുക’ കഴിഞ്ഞ എണ്‍പത്തഞ്ച് ദിവസത്തിലേറെയായി ഹിമാചല്‍ പ്രദേശില്‍ ജയിലില്‍ കഴിയുന്ന ആറ് വിദ്യാര്‍ഥികള്‍ അവരെ സന്ദര്‍ശിച്ച ഷിംല കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ടിക്കേന്ദറിനോട് പറഞ്ഞ വാക്കുകള്‍. ആറ് പേരും ഷിംലയില്‍ സ്ഥിതിചെയ്യുന്ന ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ. നേതാക്കള്‍. ജാമ്യംപോലും നിഷേധിക്കാന്‍ പാകത്തില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചാര്‍ത്തിയും കള്ളക്കഥകള്‍ കോടതിയില്‍ അവതരിപ്പിച്ചും ഈ യൗവ്വനങ്ങളെ ജയിലിലടച്ചത് യൂണിവേഴ്‌സിറ്റിയിലെ ഫീസ് വര്‍ധനയ്‌ക്കെതിരെ വിദ്യാര്‍ഥികളെയൊന്നാകെ അണിനിരത്തി പ്രതിരോധം തീര്‍ത്തു എന്ന കുറ്റത്തിന് ഒരു കലാലയത്തിനകത്തും പരിസരത്തും ആഴ്ചകളോളം നിരോധനാജ്ഞ പ്രഖ്യാപിക്കുക. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കുക. ക്രിമിനല്‍ കേസുകളും അച്ചടക്ക നടപടിയും എതിര്‍പ്പുയര്‍ത്തുന്നവര്‍ക്ക് സമ്മാനമായി കരുതിവയ്ക്കുക. അടിയന്തിരാവസ്ഥയെ ലജ്ജിപ്പിക്കുന്ന ജനാധിപത്യ ധ്വംസനത്തിന് ഇടമാവുകയാണ് ഈ സര്‍വകലാശാല.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി ഓരോ വര്‍ഷവും ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കവുമായി രംഗത്തെത്തുന്ന യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് ഓരോ തവണയും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു മുന്നില്‍ പിന്മാറേണ്ടിവരുകയായിരുന്നു. ഈ വര്‍ഷം സര്‍വ്വകലാശാല നടത്തിപ്പിനാവശ്യമായ ഫണ്ടിന്റെ 30 ശതമാനത്തോളം കണ്ടെത്തുവാന്‍ സ്ഥാപനത്തോടാവശ്യപ്പെട്ട സര്‍ക്കാരിനും സര്‍വ്വകലാശാലയ്ക്കും അഞ്ഞൂറും ആയിരവും ശതമാനം വരെയായി വിവിധ ഫീസുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ ഏറെയൊന്നും ആലോചിക്കേണ്ടിവന്നില്ല. തീരുമാനം നടപ്പിലാക്കാന്‍ അവര്‍ക്ക് മറികടക്കാനുണ്ടായ ആദ്യ കടമ്പ സമരോത്സുകമായ ആ ക്യാമ്പസിനെ മരവിപ്പിക്കുക എന്നത് തന്നെയായിരുന്നു. ആദ്യം വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവിറക്കി. അതുവരെ വിദ്യാര്‍ത്ഥി യൂണിയന് നേതൃത്വം നല്‍കിയിരുന്ന എസ്.എഫ്.ഐ. വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് കലാലയത്തിനകത്തും പുറത്തും പ്രതിഷേധത്തിന്റെ അലകളുയര്‍ത്തി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഷിംല നഗരത്തിലൂടെ മുദ്രാവാക്യങ്ങളുമായി ഒഴുകി.

തുടര്‍ന്ന് ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് സര്‍വ്വകലാശാല ചില വിദ്യാര്‍ത്ഥികളെ മാനദണ്ഡമേതുമില്ലാതെ യൂണിയന്‍ ഭാരവാഹികളാക്കി തീരുമാനിച്ച് വിദ്യാര്‍ത്ഥി സമരത്തെ ഭിന്നിപ്പിക്കാനുള്ള നീക്കവുമായി രംഗത്തെത്തി. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നുള്ള ആവശ്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്ഥാനങ്ങളെല്ലാം രാജിവച്ച് അതേ വിദ്യാര്‍ത്ഥികള്‍ തന്നെ ഈ ദുഷ്ടലാക്കിനെ പരാജയപ്പെടുത്തി. യുദ്ധമേഖലയിലെന്ന പോലെ കാമ്പസിനകത്തും പുറത്തും വന്‍ പൊലീസ് സന്നാഹം തമ്പടിച്ചു. ഓരോ പ്രതിഷേധങ്ങള്‍ക്കും മേല്‍ ലാത്തിയും ഗ്രനേഡും ടിയര്‍ ഗ്യാസും പെയ്തിറങ്ങി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ തെരുവില്‍ അടിയേറ്റു വീണു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. അത്രത്തോളം തന്നെ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലുമായി. നിരോധനാജ്ഞ പ്രഖ്യാപിച്ച് അധികാരികള്‍ ഒരു പടികൂടി കടന്നുപോയി. എന്നിട്ടും സമരവീര്യത്തിന് തെല്ലും അയവില്ലെന്ന് കണ്ടപ്പോള്‍ ആറ് എസ്എഫ്‌ഐ നേതാക്കളെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് തടവിലിട്ടു. രണ്ടരമാസം പിന്നിട്ട പൊലീസ് ഭീകരതയിലും സമരത്തിന്റെ പത്തി മടക്കാന്‍ കഴിയാതെ വന്നപ്പോള്‍ കഴിഞ്ഞ ആഴ്ച ആറ് പേരെ കൂടി യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കി ഉത്തരവിറക്കിയത്. ഏറ്റവും ഒടുവിലത്തെ അടവ്. എന്നിട്ടും അന്തിമ വിജയത്തിന്റെ പക്ഷത്ത് തങ്ങള്‍ ബാക്കിയാകും എന്ന ആത്മവിശ്വാസവും നീതിബോധവുമായി വിദ്യാര്‍ത്ഥികള്‍ സമരം തുടരുകയാണ്.

‘നിങ്ങള്‍ ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോഴെല്ലാം ഞങ്ങള്‍ പ്രതിരോധത്തിന്റെ പുതിയ പാഠങ്ങള്‍ പഠിച്ചു’. ഇങ്ങനെ എഴുതി വച്ച ഒരു പോസ്റ്ററിനു മുന്നില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഒരു സമരം ആരംഭിച്ചിട്ട് ഇപ്പോള്‍ അറുപത് ദിവസം കഴിയുന്നു. പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയില്‍ തെളിയുന്ന അഴിമതിയുടെയും അമിതാധികാര പ്രവണതകളുടെയും സാധ്യതയില്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുന്ന സര്‍വ്വകലാശാല ഭരണകൂടത്തിന്റെ കുടില നീക്കങ്ങള്‍ക്ക് മുന്നില്‍ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സൗകര്യം പോലും മോഷ്ടിക്കപ്പെടും എന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിരോധത്തിന്റെ ഉത്സവം എന്ന പേരില്‍ സാംസ്‌ക്കാരിക സായാഹ്നങ്ങള്‍ ഒരുക്കിയും കവിതയെഴുതിയും ചിത്രം വരച്ചും സമരക്കുടില്‍ കെട്ടിയും നിരന്തരം സംവദിച്ചും മറുപക്ഷത്ത് നിന്നും നിരന്തരമുണ്ടാകുന്ന എല്ലാ പ്രകോപനങ്ങളെയും അതിജീവിച്ച് അവര്‍ മുന്നോട്ട് പോകുന്നു. തീര്‍ത്തും സമാധാനപരമായി ആഴ്ചകള്‍ പിന്നിടുന്ന ഈ സഹനസമരത്തെ അധിക്ഷേപിച്ചും പട്ടിണികിടക്കുന്ന വിദ്യാര്‍ത്ഥികളെ പരിഹസിച്ചും അധികാരികളുടെ പക്ഷം ചേര്‍ന്ന മറ്റൊരു വിദ്യാര്‍ത്ഥി സംഘടന ക്യാമ്പസില്‍ ബിരിയാണി വിതരണം ചെയ്ത് ഭക്ഷണ സമരം എന്ന അശ്ലീലത്തിന്റെ സംഘാടകരായപ്പോള്‍ പട്ടിണികിടന്ന് ചുരുങ്ങിപ്പോയ ഞങ്ങളുടെ ആമാശയത്തിന്റെ വലിപ്പമെങ്കിലും നിങ്ങളുടെ തലച്ചോറിനില്ലല്ലോ എന്ന സമരക്കാരുടെ ചോദ്യത്തിനൊപ്പം ഒരു കലാലയം ഒന്നാകെ അണിനിരക്കുന്ന കാഴ്ച കണ്ടു. ഇതേ വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നു തന്നെയാണ് ഏകാധിപതിയായ വി.സി. സര്‍വ്വകലാശാലയ്ക്കകത്ത് ചുവരെഴുത്തും പോസ്റ്റര്‍ പതിക്കലും അവസാനിപ്പിച്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ശരീരത്തില്‍ പോസ്റ്ററൊട്ടിച്ച് മറ്റൊരു സമരം മാസങ്ങള്‍ക്ക് മുമ്പ് നടന്നത്.

സമരങ്ങള്‍ ബാക്കിയാകുന്ന കലാലയങ്ങളില്‍ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകള്‍. അവിടങ്ങളില്‍ കൊടുങ്കാറ്റുകള്‍ കൂട് കൂട്ടട്ടെ. നമ്മുടെ ഓര്‍മ്മകള്‍ ബാക്കിയാകുന്ന കാലത്തോളം നമുക്കെങ്കിലും ചോദിക്കാതിരിക്കണം എന്തേ ഒരു സമരവും വിജയിക്കാത്തതെന്ന്.

(ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗവുമാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍