UPDATES

കാവിക്ക് കാക്കി വിരിക്കുന്ന വഴികള്‍; ഹൈദരാബാദ് സര്‍വകലാശാലയില്‍ നടക്കുന്നത്

Avatar

ധീരജ് പലേരി

(ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നടക്കുന്ന കാവിവത്ക്കരണ ശ്രമങ്ങള്‍ പെട്ടെന്നു സംഭവിച്ചതല്ല. അതൊരു തുടര്‍ച്ചയാണ്.  2015 സെപ്തംബര്‍ 27 നു അഴിമുഖം പ്രസിദ്ധീകരിച്ച ധീരജ് പലേരിയുടെ ലേഖനത്തിലൂടെ ഞങ്ങള്‍ ഈ കാര്യം നേരത്തെ പറഞ്ഞിരുന്നു. സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന പോലീസ് അതിക്രമങ്ങളുടെയും വൈസ് ചാന്‍സലറുടെ കര്‍മ്മികത്വത്തില്‍ നടപ്പിലാക്കിയ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെയും പശ്ചാത്തലത്തില്‍ ധീരജിന്‍റെ ലേഖനം ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.) 

“You see there are people who believe the function of the police is to fight crime, and that’s not true, the function of the police is social control and protection of property.” – Michael Parenti

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ അസുഖം ബാധിച്ച് ആശുപത്രിയിലായ ഒരു സുഹൃത്തിനെ കാണാന്‍ പോയി ഒരു ഷെയര്‍ ഓട്ടോയില്‍ തിരികെ ക്യാമ്പസിലേക്ക് വരികയായിരുന്നു ഞാനും ഒരു പെണ്‍സുഹൃത്തും. സമയമേതാണ്ട് രാത്രി എട്ട് മണി കഴിഞ്ഞതേയുള്ളു. വളരെ നിഷ്കളങ്കമായ ഭാവത്തില്‍ ഓട്ടോഡ്രൈവര്‍ ഓരോന്നിങ്ങനെ ചോദിച്ചു കൊണ്ടിരുന്നു. “സാബ്, ക്യാമ്പസില്‍ അങ്ങനെ സമയക്രമമൊന്നുമില്ലേ? എപ്പോള്‍ വേണേലും കയറാമോ? നട്ടപ്പാതിരക്കൊക്കെ കുട്ടികള്‍ ഓട്ടോയില്‍ കയറാറുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്.” “ഇല്ല, അങ്ങനെ സമയനിയന്ത്രണങ്ങളൊന്നുമില്ല”. അടുത്തതായി അയാള്‍ക്കറിയേണ്ടത് ക്ലാസ്സില്‍ കയറിയില്ലേല്‍ കൊഴപ്പമൊന്നുമില്ലേ എന്നായിരുന്നു. കുഴപ്പമുണ്ട് 75 ശതമാനം ഹാജര്‍ വേണമെന്ന് പറഞ്ഞു. ഇത്രയുമായപ്പോഴേക്കും പുറകിലിരുന്ന സുഹൃത്ത് ചിരി തുടങ്ങി. തികച്ചും ശൈശവമായ നിഷ്കളങ്കത മുഖത്ത് കാട്ടി അയാള്‍ അടുത്ത ചോദ്യമായി; “അപ്പോള്‍ ക്യാമ്പസില്‍ കള്ളു കുടിക്കുന്നതും മറ്റും ഒക്കെ എളുപ്പമാണോ? സാബൊന്നും വിചാരിക്കരുത്, ഗച്ചിബോളി ബിവറേജസില്‍ കുപ്പി വാങ്ങാന്‍ നില്‍ക്കുമ്പോള്‍ ക്യാമ്പസിലുള്ളവരെ കാണാറുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്…” അയാളുടെ മുഖഭാവം കണ്ടപ്പോള്‍ കനപ്പിച്ചൊന്നും പറയാന്‍ തോന്നിയതുമില്ല. ഞങ്ങളുടെ ഭാഗ്യത്തിന് അപ്പോഴേക്കും ക്യാമ്പസെത്തി. പെട്ടെന്നിറങ്ങി അകത്ത് കയറിയപ്പൊ സെക്ക്യൂരിറ്റി പോയിട്ട് അവിടെ സ്ഥിരമുണ്ടാവാറുള്ള പട്ടിക്കുഞ്ഞ് പോലുമില്ല. കുറച്ചങ്ങ് നടന്നപ്പോള്‍ ഒരു ഗാര്‍ഡിനെ കണ്ടു. അയ്യാളോട് ചോദിച്ചപ്പോള്‍ ഷിഫ്റ്റ് മാറുന്ന സമയമാണ്, അതുകൊണ്ടാണ് സെക്യൂരിറ്റി ഇല്ലാത്തതെന്നു പറഞ്ഞു.

ഓട്ടോഡ്രൈവറുടെ സംശയങ്ങള്‍ അങ്ങനെ തമാശയായി തള്ളിക്കളയാവുന്ന ഒന്നല്ല.ഹൈദരാബാദ് സര്‍വ്വകലാശാല ഒരു ‘ഗേറ്റഡ് കമ്മ്യൂണിറ്റി’യാണ്. ക്യാമ്പസിനകത്ത് പരിചയങ്ങളോ സ്വാധീനമോ ഒന്നുമില്ലാത്ത ഒരാള്‍ക്ക് അകത്തേക്ക് വെറുതെയൊന്ന് ക്യാമ്പസ് കാണാന്‍ വരണമെന്ന് തോന്നിയാല്‍ സാധാരണഗതിയില്‍ അത് നടക്കില്ല. അതുകൊണ്ട് തന്നെ തദ്ദേശവാസികള്‍ക്കിടയില്‍ സര്‍വ്വകലാശാലയെക്കുറിച്ച് കൃത്യമായ ധാരണയൊന്നുമില്ല. അകത്തേക്ക് കയറാന്‍ പറ്റുന്ന തദ്ദേശവാസികളായ തൊഴിലാളികള്‍ പുറത്ത് നല്‍കുന്നത് സ്വാഭാവികമായും അവരുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ കാണുന്ന സദാചാരബന്ധിതമല്ലാത്ത സ്വാതന്ത്ര്യവും ആണ്‍-പെണ്‍ സൌഹൃദങ്ങളും ഒറ്റക്കിറങ്ങി നടക്കുന്ന പെണ്‍കുട്ടികളും ഒക്കെയടങ്ങിയ ഒരു അപരിചിതലോകത്തെക്കുറിച്ചുള്ള വിവരണങ്ങളാണ്. അതിനു പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്ത് അത് പുറത്ത് പടരുകയും ചെയ്യും. ക്യാമ്പസ് ഇതിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞത് കഴിഞ്ഞ വര്‍ഷം പ്രമുഖ തെലുഗു ചാനലായ ടി വി 9-ന്റെ ഒരു റിപ്പോര്‍ട്ട് വന്നതോടെയാണ്. അവര്‍ ക്യാമ്പസിലേക്ക് വന്ന് നൈറ്റ് കാന്റീനില്‍ ഒരു ഒളിക്യാമറ വച്ചു. ഒന്നോ രണ്ടോ ആണ്‍-പെണ്‍ ജോഡികള്‍ നടന്നുപോകുന്ന മങ്ങിയ ദൃശ്യങ്ങളും ഒന്നു രണ്ട് ബിയര്‍കുപ്പിയും ഒരു പഴകിയ കോണ്ടത്തിന്റെ ക്ലോസപ്പ് ഷോട്ടും എടുത്ത് അവര്‍ ഒരു സ്റ്റോറി സൃഷ്ടിച്ചു. വീഡിയോയില്‍ മോണോക്രോമില്‍ കാണുന്നത് നൈറ്റ് കാന്റീനില്‍ ചായ കുടിക്കുന്ന ചില വിദ്യാര്‍ത്ഥികളെയാണ്. അവര്‍ ചായക്കടയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുന്നുവെന്നായിരുന്നു സ്റ്റോറി. ഇതൊക്കെ കാണിച്ച് ജാഗ്രതയാര്‍ന്ന സ്വരത്തില്‍ അവതാരക ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നടക്കുന്ന അരാജകപ്രവര്‍ത്തനങ്ങളെക്കുറിച്ചും വഴിതെറ്റിപ്പോയ ഭാവി തലമുറയെപ്പറ്റിയും വാചാലയാവുകയാണ്. തികച്ചും അടിസ്ഥാനരഹിതമായ മാധ്യമപ്രവര്‍ത്തനത്തിനെതിരെ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു, മറുപടി വീഡിയോ ഇറക്കി, ഒടുവില്‍ യൂട്യൂബിനെ കൊണ്ട് ടി വി9-ന്റെ വീഡിയോ പിന്‍വലിപ്പിക്കുകയുണ്ടായി. ടി വി9 പോലൊരു ചാനലിന്റെ സദാചാരബോധം ഇങ്ങനെയാണെങ്കില്‍ പൊതുസമൂഹത്തിന്റേത് എത്രത്തോളം പിന്തിരിപ്പനാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ഇതൊക്കെ കഴിഞ്ഞ് വിന്റര്‍ സെമസ്റ്റര്‍ അവസാനിക്കാറാകുമ്പോള്‍ 2014 നവംബര്‍ 2-നാണ് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ചുംബനസമരം നടന്നത്. കേരളത്തില്‍ മതവര്‍ഗീയവാദികളും പോലീസും ചേര്‍ന്ന് കയ്യാങ്കളിയില്‍ കൊണ്ടെത്തിച്ച സമരം ഇവിടെ വിജയകരമായി നടന്നു. പ്രതിഷേധ പ്രകടനമായി ഏതാനും കവിതകളിലും പോസ്റ്ററുകളിലും തീരേണ്ടിയിരുന്ന സമരം ക്യാമ്പസിലേക്ക് എബിവിപി പിന്തുണയോടെ അതിക്രമിച്ചു കയറി വിദ്യാര്‍ഥികളെ അക്രമിച്ച യുവമോര്‍ച്ച ഭീകരരോടുള്ള പ്രതിഷേധമായി മാറി. വിദ്യാര്‍ത്ഥികള്‍ പരസ്പരം ചുംബിക്കുകയും മുദ്രാവാക്യങ്ങളുയര്‍ത്തുകയും ചെയ്തു. (ഇതിനെക്കുറിച്ച് വൈഖരി ആര്യാട്ട്, അനു കെ ആന്‍റണി എന്നിവര്‍ വിശദമായി അഴിമുഖത്തില്‍ എഴുതിയിരുന്നു- ഞങ്ങളുടെ ചുണ്ടുകള്‍ ആരെയാണ് മുറിപ്പെടുത്തുന്നത്?)

ചുംബന സമരത്തിന്‌ ശേഷം അന്നേ ദിവസം ക്യാംപസിനു പുറത്തുള്ള ബിജെവൈഎം അംഗങ്ങള്‍ക്ക് എങ്ങനെ ക്യാമ്പസിനുള്ളില്‍ എത്താന്‍ സാധിച്ചു എന്നതിനെ പറ്റി അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഞങ്ങള്‍ വിദ്യാര്‍ഥികള്‍ അടുത്ത ദിവസം തന്നെ വിസിയെ കാണുകയുണ്ടായി. വിസി സ്ഥലത്തില്ലാത്തതിനാല്‍ പ്രോ വിസിക്കായിരുന്നു ചുമതല. അദ്ദേഹത്തെ ഏറെ നേരം കാത്തിരുന്നു; നേരില്‍ കണ്ടപ്പോളാണ് സംഗതികളുടെ നിജസ്ഥിതി ഞങ്ങള്‍ക്ക് ബോധ്യമായത്. ഒരു അന്വേഷണവും കൂടാതെ യൂണിവേഴ്സിറ്റി ഫയല്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ ചുംബന സമരത്തിന്റെ സംഘാടകരും പങ്കെടുത്ത വിദ്യാര്‍ഥികളുമായിരുന്നു ഒന്നാമത്. ഈ പരാതി നല്‍കാന്‍ കാരണമാകട്ടെ, ടിവി റിപ്പോര്‍ട്ടുകളും രാഷ്ട്രീയ സമ്മര്‍ദ്ദവും. അന്ന് പരാതി പിന്‍വലിക്കാനും പുതിയ അന്വേഷണ കമ്മിറ്റിയേ നിയമിച്ചു തെളിവെടുക്കാനും വേണ്ടിയുള്ള ഞങ്ങളുടെ സമരം വൈകുന്നേരം രണ്ടര മണി മുതല്‍ വെളുപ്പിനെ അഞ്ചര വരെ നീണ്ടു. അന്ന് പ്രോ വിസിക്ക് വേണ്ടി ഞങ്ങളോട് സംസാരിക്കാന്‍ ആദ്യം വന്നതാകട്ടെ, സൈബരാബാദ് പോലീസ് ഫോഴ്സും. അവരുടെ സാന്നിധ്യം പ്രോ വിസിയുടെ ചേംബറില്‍ വരെ ഉണ്ടായിരുന്നു. പ്രോ വിസിയുടെ മുന്‍പില്‍ വച്ച്  ‘പിരിഞ്ഞു പോയില്ലെങ്കില്‍ ലാത്തിച്ചാര്‍ജ് നടത്തു’മെന്ന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്താനും അവര്‍ മടിച്ചില്ല. അവിടെ വച്ച് തന്നെ മോറല്‍ പോലീസിംഗിനു ഞങ്ങള്‍ വിധേയരായി. ഇഫ്ലു (English and Foreign Languages University) കാമ്പസില്‍ നടന്ന ബലാത്സംഗ കേസിനെ പരാമര്‍ശിച്ച് ‘ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന അമിത സ്വാതന്ത്ര്യമാണ് ഇഫ്ലുവിലെ പോലത്തെ സംഭവങ്ങള്‍ സൃഷ്ടിക്കുന്നത്’ എന്ന് ഞങ്ങളുടെ മുഖത്ത് നോക്കി അവര്‍ പറഞ്ഞു. ‘എന്തിനാണ് നിങ്ങള്‍ ആവശ്യമില്ലാത്ത പണിക്ക് പോകുന്നത്’ എന്നതായിരുന്നു അവരുടെ അസ്വസ്ഥത. പ്രോ വിസി ആകട്ടെ, ‘കേന്ദ്രത്തിലെ നിലവിലെ രാഷ്ട്രീയ മാറ്റങ്ങള്‍ നിങ്ങള്‍ മനസിലാക്കണം’ എന്നും പറഞ്ഞു. പോലീസും, അഡ്മിനിസ്ട്രേഷനും വലതു സാംസ്കാരിക-രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അന്നാദ്യമായി ഞങ്ങള്‍ക്ക് വ്യക്തമായി.

മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ക്ക് ശേഷമാണ് ക്യാമ്പസില്‍ പോലീസ് പെട്രോളിങ്ങ് ശക്തമായിത്തുടങ്ങുന്നത്. ചുംബനസമരത്തിനു മുമ്പും പോലീസ് ഗോപന്‍പള്ളിയിലേക്ക് (അടുത്തുള്ള ഗ്രാമം) പോകാനായി ക്യാമ്പസിലൂടെ വല്ലപ്പോഴും പോകാറുണ്ടായിരുന്നു. എന്നാല്‍ സമരത്തിന് ശേഷം അത് പെട്രോളിങ്ങ് ആയി മാറി. രാത്രിയില്‍ ലൈറ്റ് ഇട്ട് സൈറന്‍ മുഴക്കി പറന്നു പോകുന്ന പോലീസ് വാന്‍ ഒരു സ്ഥിരം കാഴ്ചയായി മാറി. രാത്രിയില്‍ ഒറ്റക്ക് നടക്കുന്ന വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികളെയും, കമിതാക്കളെയും, സുഹൃത്തുക്കളെയുമൊക്കെ പോലീസ് വഴിയില്‍ തടഞ്ഞ് നിര്‍ത്ത് ചോദ്യം ചെയ്യാനും ഐ ഡി കാര്‍ഡ് ചോദിക്കാനും തുടങ്ങി. രാത്രിയില്‍ പിറന്നാളാഘോഷത്തിന് ഒത്തുചേര്‍ന്നവരെ വിരട്ടിയ സംഭവങ്ങളുമുണ്ടായി. ഇതൊക്കെ നടക്കുന്നത് സ്വയംഭരണാധികാരമുള്ള, 24 മണിക്കൂറും റീഡിങ്ങ് റൂം തുറന്നിരിക്കുന്ന ഒരു കേന്ദ്രസര്‍വ്വകലാശാലയിലാണെന്ന് ഓര്‍ക്കണം. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഇക്കാര്യങ്ങള്‍ GSCASH (Geneder Sensitization Committee Against Sexual Harrassment) ലെ വിദ്യാര്‍ത്ഥി പ്രതിനിധികളോട് സൂചിപ്പിച്ചു. എംഎ ചരിത്രവിദ്യാര്‍ഥിനി ആയിരുന്ന ശ്രീലക്ഷ്മിയും എം ഏ നരവംശശാസ്ത്ര വിദ്യാര്‍ത്ഥിനി ആയിരുന്ന മോണിക്കയും ആയിരുന്നു GSCASH പ്രതിനിധികള്‍.

തുടര്‍ന്ന് GSCASH സമരം തുടങ്ങുകയും യൂണിയനും വിദ്യാര്‍ത്ഥികളും അതിന് പിന്തുണ നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ പ്രൊഫ.അമര്‍നാഥിന്റെ അധ്യക്ഷതയില്‍ ഒരു അന്വേഷണസമിതി രൂപീകരിക്കുകയും വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് GSCASH പ്രതിനിധികളെ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് വിന്‍സന്റ് ബെന്നിയും സമിതിയില്‍ സ്വാഭാവികാംഗമാണ്. രണ്ടു മീറ്റിങ്ങുകള്‍ക്ക് ശേഷം സമിതി രണ്ട് നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് വന്നു. ക്യാമ്പസില്‍ പോലീസ് കടക്കേണ്ട ആവശ്യമില്ല എന്നതായിരുന്നു ഒന്നാമത്തേത്. ഈ തിരുമാനം നേരിട്ട് പോയി സൈബരാബാദ് കമ്മീഷണറെ അറിയിക്കണം എന്നതായിരുന്നു രണ്ടാമത്തെ നിര്‍ദ്ദേശം. ഇതൊക്കെ കഴിയുമ്പോഴേക്കും വേനലവധി തുടങ്ങുകയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിലയ്ക്കുകയും ചെയ്തു. പോസ്റ്ററുകളും നോട്ടീസുകളും വഴി അപ്പോഴും പ്രചാരണം നടക്കുന്നുണ്ടായിരുന്നു.

ക്യാമ്പസ് വീണ്ടും തുറന്നപ്പോള്‍ ഇതിനെക്കുറിച്ച് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അധികൃതരോട് തിരക്കിയെങ്കിലും നിസംഗത കലര്‍ന്ന മറുപടികളാണ് ലഭിച്ചത്. അപ്പോഴാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന UGC സര്‍ക്കുലര്‍ പുറത്ത് വരുന്നത്. വിദ്യാര്‍ത്ഥികളുടെ അടിസ്ഥാനാവകാശങ്ങളെ ഹനിക്കുന്ന സര്‍ക്കുലര്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഡല്‍ഹി സര്‍വ്വകലാശാലയില്‍ ‘മുസാഫര്‍നഗര്‍ ബാക്കി ഹേ’ എന്ന ഡോക്ക്യുമെന്ററി പ്രദര്‍ശനം മുടക്കിയ എബിവിപി ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (ASA) അതേ ഡോക്യുമെന്ററി ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പ്രദര്‍ശിപ്പിക്കുകയും അതിനെ എബിവിപി പ്രസിഡന്റ് പരിഹസിക്കുകയുമുണ്ടായത്. തുടര്‍ന്ന് എബിവിപി പ്രസിഡന്റ് സുശീല്‍ തന്നെ ASA പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ഏഴു മണിയോടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അടക്കം ദളിത് സമുദായത്തില്‍പ്പെ മൂന്ന് ASA നേതാക്കളെ പോലീസ് ക്യാമ്പസില്‍ നിന്ന് പിടിച്ചു പോവുകയുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് എ.എസ്.എ, എസ് എഫ് ഐ, ബി എസ് എഫ്, ഡി എസ് യു തുടങ്ങിയ സംഘടനകള്‍ അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ ക്യാബിനില്‍ കയറി പ്രതിഷേധം തുടങ്ങി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളോട് പരിഹാസം നിറഞ്ഞ നിസംഗതയാണ് വൈസ് ചാന്‍സലര്‍ അടക്കമുള്ള ഭരണവിഭാഗം കാണിച്ചത്. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്താതെ അനധികൃതമായി ഒമ്പത് മണിക്കൂറുകള്‍ കസ്റ്റഡിയില്‍ വെച്ച ശേഷം പോലീസ് മൂന്നുപേരെയും വിട്ടയച്ചു. തുടര്‍ന്ന് വിശദീകരണം ചോദിച്ച് സമരം തുടര്‍ന്ന വിദ്യാര്‍ത്ഥികള്‍ രാത്രി ഒരു മണി വരെ വി സിയെ തടഞ്ഞു വെച്ചു. ഒടുവില്‍ ഇതില്‍ അന്വേഷിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു കമ്മിറ്റിയെ രൂപികരിക്കാന്‍ വി സി എഴുതി നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞത്. വിട്ടയച്ച വിദ്യാര്‍ത്ഥികളോട് പോലീസ് ചോദിച്ചത് മുഴുവന്‍ ക്യാമ്പസിനു പുറത്തുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു. യാകൂബ് മേമന്‍ വിഷയമടക്കം. പോലീസിന്റെ യഥാര്‍ത്ഥ താത്പര്യം ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.

ആഗസ്ത് 17-ന് മുമ്പില്ലാത്തവണ്ണം ഒരു ഫ്രെഷേര്‍സ് പാര്‍ട്ടി യൂണിവേഴ്സിറ്റി സംഘടിപ്പിച്ചു. അതിലെ മുഖ്യാതിഥി പോലീസ് കമ്മീഷണര്‍ (!). നവാഗതരെ വരവേറ്റതോ, പോലീസ് വക നിറയെ ഭീഷണികളടങ്ങിയ ഒരു ലഘുലേഖ. രാജ്യതാല്‍പര്യങ്ങള്‍ക്കെതിരായി ഫേസ്ബുക്കില്‍ എഴുതരുത്, ഹേറ്റ് പോസ്റ്റുകള്‍ പാടില്ല എന്നൊക്കെ എഴുതി, ഏതൊക്കെ വകുപ്പുകള്‍ പ്രകാരം ശിക്ഷ കിട്ടും എന്നു കൂടി ചേര്‍ത്ത കുറിപ്പില്‍ പക്ഷേ IPC 153 (A) വിശദീകരിച്ചപ്പോള്‍ ‘ജാതി’വിവേചനത്തിന്റെ പരിധിയില്‍ നിന്നങ്ങ് സൌകര്യപൂര്‍വ്വം ഒഴിവാക്കിക്കളയുകയും ചെയ്തു.

ഇതിന്റെ തുടര്‍ച്ചയെന്നോണം യൂണിവേഴ്സിറ്റി വക ഒരു ഹോസ്റ്റല്‍ പെരുമാറ്റച്ചട്ടം (Code of Conduct) പുറത്തിറങ്ങി. അതിലെ നിയമങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി എടുക്കുമെന്ന് കൂടി എഴുതിയിട്ടുള്ള ആ ചട്ടം പോലീസിന് അകത്തേക്ക് നേരിട്ട് സ്വാഗതമോതുന്നത് തന്നെയായിരുന്നു. തുടര്‍ന്ന് മേല്‍പ്പറഞ്ഞ കമ്മിറ്റി രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ വീണ്ടും വി സി യെ കണ്ടു. സംസാരിക്കാമെന്ന് സമ്മതിച്ച വി സി പ്രൊഫ.ആര്‍ പി ശര്‍മ്മ വിദ്യാര്‍ത്ഥികളെ കോണ്‍ഫറന്‍സ് റൂമില്‍ കയറ്റി ചീഫ് വാര്‍ഡനെ സംസാരിക്കാനയച്ച് പുറത്ത് നിന്ന് പൂട്ടിയിട്ട് സ്ഥലം കാലിയാക്കി. ഇതിനനുബന്ധമായി മറ്റൊരു സംഭവം കൂടി പറയേണ്ടതുണ്ട്. മെയ് 31-ന് രാവിലെ ക്യാമ്പസില്‍ ഭാഷാപഠനവിഭാഗം അദ്ധ്യാപികയായ ഡോ. ഗ്രേഷ്യസ് ടെംസെന്റെ വീട് യൂണിവേഴ്സിറ്റി സെക്യൂരിറ്റി അധികൃതര്‍ അനധികൃതമായി റെയ്ഡ് ചെയ്യുകയും ഓരോ മുക്കും മൂലയും ഫോട്ടോയെടുത്ത് മടങ്ങുകയും ചെയ്തു. ഷില്ലോങ്ങിലായിരുന്ന ഡോ.ഗ്രേസ് ക്യാമ്പസ് അധികൃതരെ വിളിച്ച് വിവരങ്ങളാരാഞ്ഞെങ്കിലും ധാര്‍ഷ്ട്യം കലര്‍ന്ന പെരുമാറ്റമാണ് അധികൃതര്‍ കാട്ടിയത്. ആരോ വിളിച്ച് കംപ്ലെയിന്റ് പറഞ്ഞെന്നായിരുന്നു യൂണിവേഴ്സിറ്റിയുടെ വിശദീകരണം. വടക്കുകിഴക്കന്‍ സ്വദേശിനിയും AFSPA വിമര്‍ശകയുമായ ഗ്രേസിന്റെ ഭവനം ഏതെങ്കിലും ഒരു ഫോണ്‍കോളിന്റെ പേരില്‍ റെയ്ഡ് പോലൊരു നടപടിക്ക് വിധേയമാക്കിയത് അത്ര യാദൃശ്ചികമല്ല എന്നത് വ്യക്തമാണ്. ഇതെത്തുടര്‍ന്ന് UHTA (University of Hyderabad Teachers Association) ആഗസ്ത് 31ന് ഒരു പ്രതിഷേധറാലി വിളിച്ചു. അന്നു തന്നെ വിദ്യാര്‍ത്ഥികളും പ്രതിഷേധറാലിക്കാഹ്വാനം ചെയ്തു. നിഷേധാത്മകസമീപനം തുടര്‍ന്ന വി സിയെ എല്ലാവരും മണിക്കൂറുകളോളം തടഞ്ഞ് വെക്കുകയും ഒടുവില്‍ താന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനെതിരായി ഒന്നും ചെയ്യുകില്ലെന്ന് പ്രഖ്യാപിക്കുകയും താനൊരു കളിപ്പാവയാണെന്ന് സമ്മതിക്കുകയും ചെയ്തതോടെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പിരിഞ്ഞുപോയി. സെപ്റ്റംബര്‍ 8-ന് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന UGBM (University General Body Meeting) ഏകപക്ഷീയമായി പോലീസ് പട്രോളിങ്ങിനെയും ഹോസ്റ്റല്‍ പെരുമാറ്റച്ചട്ടത്തെയും എതിര്‍ത്ത് അഭിപ്രായം പാസാക്കുകയും ചെയ്തു.

അടുത്ത ദിവസം പഴയ എബിവിപി പരാതിയിന്‍മേല്‍ അഞ്ച് ദളിത് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് യൂണിവേഴ്സിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഇരു കൂട്ടര്‍ക്കും താക്കീത് മാത്രമായിരുന്ന വിധി തിരുത്തിയാണ് എ എസ് എ പ്രവര്‍ത്തകരെ ഒരു സെമസ്റ്ററിലേക്ക് സസ്പെന്‍ഡ് ചെയ്ത വിധി പുറപ്പെടുവിച്ചത്. തുടര്‍ന്ന് രണ്ട് ദിവസം തുടര്‍ച്ചയായി നടന്ന സമരത്തിനു ശേഷമാണ് വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തത്. UHTA ഇതിനിടെ നിരാഹാരസമരം തുടങ്ങി. ഒടുവില്‍ ഇപ്പോള്‍ വി സിയുടെ അഭ്യര്‍ത്ഥനയെ തുട‌ര്‍ന്ന് ഒരാഴ്ച സമയം നല്‍കി സമരം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതിനിടെ രജിസ്ട്രാറുടെ നിര്‍ദ്ദേശപ്രകാരം എല്ലാ രാഷ്ട്രീയപാര്‍ട്ടി ബാനറുകളും സെക്യൂരിറ്റി നീക്കം ചെയ്തു.

ക്യാമ്പസിലിപ്പോഴും പോലീസ് പെട്രോളിങ്ങ് നിര്‍ബാധം തുടരുകയാണ്. വളരെ ചെറിയൊരു ശതമാനം വിദ്യാര്‍ത്ഥികളും എബിവിപി എന്ന വര്‍ഗീയ സംഘടനയും പോലീസിന് അനുകൂലമായി വാദിക്കുന്നു. ഇതെഴുതുന്നതിന് രണ്ടു ദിവസം മുമ്പാണ് വിശാഖപട്ടണത്ത് ഹോസ്റ്റല്‍ സൌകര്യങ്ങള്‍ക്ക് വേണ്ടി എസ് എഫ് ഐ നേതൃത്വത്തില്‍ സമരം ചെയ്ത നൂറുകണക്കിന് പെണ്‍കുട്ടികളെ പോലീസ് അതിക്രൂരമായി നേരിട്ടത്. ചോര തുപ്പി എത്രയോ പേര്‍ വഴിയില്‍ കിടന്നു. എത്രയോ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞങ്ങളുടെ സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന തെലങ്കാനയില്‍ തന്നെ പോലീസ് അതിക്രമങ്ങള്‍ സര്‍വ്വസാധാരണമാണ്. ഇതേ തെലങ്കാന പോലീസാണ് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഷീര്‍ബാഗില്‍ ജാഥക്ക് നേരെ വെടിയുതിര്‍ത്ത് മൂന്ന് CPIM പ്രവര്‍ത്തകരെ തെരുവിലിട്ട് കൊന്നത്. ഇതേ പോലീസാണ് ഏപ്രിലില്‍ നിരായുധരായ ഇരുപത് ദളിതരെ ചന്ദനക്കൊള്ളക്കാരെന്നാരോപിച്ച് ചിറ്റൂരിലെ കാട്ടില്‍ വെടി വെച്ച് കൊന്നത്. ഇതേ പോലീസാണ് അതേ ദിവസം വാറങ്കലില്‍ വെച്ച് വിലങ്ങുകള്‍ പോലും അഴിക്കാത്ത കൈകളില്‍ സേഫ്റ്റി മോഡിലുള്ള എകെ- 47 പിടിപ്പിച്ച് വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് അഞ്ച് മുസ്ലീം തീവ്രവാദാരോപിതരെ കൊന്നത്. തെലങ്കാന-ആന്ധ്രാ പോലീസിന് മാത്രം ഇത്രയും നിരപരാധികളുടെ ചോര പുരണ്ട ചരിത്രമുണ്ട്. ചരിത്രത്തില്‍ ഇന്നു വരെ, എപ്പോഴെങ്കിലും അധികാരത്തിന്റെ ഉന്നതശ്രേണികളിലുള്ളവരെയല്ലാതെ ആരെയെങ്കിലും പോലീസ് സംരക്ഷിച്ചിട്ടുണ്ടോ?

പോലീസ് ഭരണകൂടത്തിന്റെ ഒരു മര്‍ദ്ദനോപകരണമാണ്. രാജ്യം പിടിച്ചടക്കണമെങ്കില്‍ മാനസികാധിപത്യം നേടണമെന്നും, അതിനാദ്യം വേണ്ടത് വിദ്യാലയങ്ങളും സര്‍വ്വകലാശാലകളും പിടിച്ചടക്കുകയുമാണെന്നും നരേന്ദ്ര മോദി സര്‍ക്കാരിനും സംഘപരിവാരത്തിനും നന്നായിട്ടറിയാം. സംവാദങ്ങള്‍ക്കുള്ള ഇടമാണ് ആദ്യം ഇല്ലായ്മ ചെയ്യേണ്ടതെന്ന ബോധത്തില്‍ നിന്നാണ് ആദ്യം പോലിസ് പെട്രോളിങ്ങും പിന്നാലെ പോലീസ് സ്റ്റേഷനുകളും വരുന്നത്. ഭയം വളര്‍ത്തിയെടുക്കുകയും അതിലൂടെ മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് ശേഷം എതിര്‍പ്പെന്താണെന്നറിയാത്ത ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതിനുള്ള ഒരുക്കങ്ങള്‍. ഹൈദരാബാദ് സര്‍വ്വകലാശാലയുടെ ചരിത്രം പോരാട്ടങ്ങളുടേത് കൂടിയാണ്. ഇന്നുള്ള, സ്വാതന്ത്ര്യത്തിന്റെ രുചിയറിഞ്ഞ തലമുറ അതിനുവേണ്ടി വാദിക്കുമെന്നറിയാവുന്ന ഭരണകൂടം നവാഗതരെ ഉന്നം വെക്കുന്നതും മറ്റൊന്നിനുമല്ല. ഒരു മാസത്തിനുള്ളില്‍ പുതിയ വൈസ് ചാന്‍സിലര്‍ ഭരണമേറ്റെടുക്കാന്‍ പോകുകയാണ് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍. ആരായാലും നിലവിലെ ഉദാഹരണങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക സര്‍വ്വതും തികഞ്ഞ ഒരു സംഘപരിവാര്‍ അനുഭാവിയായിരിക്കും അവര്‍ എന്നാണ്. FTII, PU, ICHR, UGC എന്നിങ്ങനെ നീളുന്ന ലിസ്റ്റില്‍ അടുത്തത് ഹൈദരാബാദ് ആണെന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്. “എവിടെ ഇന്ത്യയിലെ യാഥാസ്ഥിതിക ബുദ്ധിജീവികള്‍” (In Absentia- Where are India’s conservative intellectuals?) എന്ന തലക്കെട്ടില്‍ രാമചന്ദ്രഗുഹ ഒരു ലേഖനം കാരവാന്‍ മാഗസിനില്‍ എഴുതിയിട്ടുണ്ട്. വലതുപക്ഷം നമ്മെ ഭരിക്കുകയും അവരുമായി സംവാദത്തിലേര്‍പ്പെടാന്‍ യുക്തിയുള്ള ഒരാള്‍ പോലും അപ്പുറത്തില്ലാതിരിക്കുകയും ചെയ്യുന്ന ഭീകരാവസ്ഥ ഈ ലേഖനം നന്നായി വിശദീകരിക്കുന്നു. ഇതിന്റെ ഏറ്റവും തീക്ഷ്ണമായ ഉദാഹരണങ്ങളാണ് ഇന്ന് ഇന്ത്യയിലെ ഓരോ സര്‍വ്വകലാശാലകളും. പോരാടുകയല്ലാതെ മറ്റൊരു മാര്‍ഗവും നമുക്ക് മുന്നിലില്ല. അവര്‍ നമ്മുടെ ചിന്തകളെപ്പോലും അധീനതയിലാക്കുന്നു എന്ന തിരിച്ചറിവില്‍ നിന്ന് മാത്രമേ പ്രതിരോധത്തിന്റെ തീപ്പൊരികള്‍ക്ക് ഉലയൂതാന്‍ കഴിയൂ. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല.

(ഹൈദരാബാദ് സര്‍വകലാശാലയില്‍ കമ്പാരേറ്റീവ് ലിറ്ററെച്ചര്‍ എംഫില്‍ വിദ്യാര്‍ഥിയാണ് ധീരജ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍