UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമ സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രചാരണത്തിനില്ലെന്ന് കനയ്യ കുമാര്‍

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാളിലും കേരളത്തിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ സാധ്യതയില്ലെന്ന് ജെഎന്‍യു എസ് യു പ്രസിഡന്റ് കനയ്യ കുമാര്‍. ജെഎന്‍യു രാജ്യദ്രോഹ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കനയ്യ പ്രചാരണത്തിന് എത്തുമെന്ന് ഇടതുപക്ഷത്തെ നേതാക്കള്‍ പറഞ്ഞിരുന്നു. കനയ്യക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് തെളിവില്ലാതിരുന്നിട്ടും അദ്ദേഹത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതും സംഘപരിവാര്‍ സംഘടനകള്‍ അദ്ദേഹത്തെ ലക്ഷ്യമിട്ടതും കനയ്യയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചിരുന്നു.

മുഖ്യധാരാ രാഷ്ട്രീയമല്ല തന്റെ വഴിയെന്നും താനൊരു വിദ്യാര്‍ത്ഥിയാണെന്നും പിഎച്ച് ഡിക്കു ശേഷം അധ്യാപകന്‍ ആകാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ആക്ടിവിസം തുടരുമെന്നും എ ഐ എസ് എഫ് നേതാവായ കനയ്യ കൂട്ടിച്ചേര്‍ത്തു.

രണ്ട് സുഹൃത്തുക്കള്‍ ഇപ്പോഴും ജയിലിലാണ്. രോഹിത് വെമുലയുടെ ആത്മഹത്യ മുതല്‍ അലഹബാദ് സര്‍വകലാശാല വിവാദം വരെയുള്ള അനവധി വിഷയങ്ങള്‍ ഞങ്ങള്‍ ഉയര്‍ത്തി. വിദ്യാര്‍ത്ഥികള്‍ക്കായി ചെയ്യാനേറെയുണ്ട്. ആ സമയം ഉപയോഗിച്ച് തനിക്ക് പ്രചാരണത്തിനായി ഇറങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു.

ജയില്‍ മോചിതനായ ശേഷം ജെഎന്‍യുവില്‍ കനയ്യ നടത്തിയ പ്രസംഗം വളരെ ശ്രദ്ധ നേടിയിരുന്നു. ഇതേതുടര്‍ന്ന്, നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞിരുന്നു. എന്നാല്‍ യെച്ചൂരി പിന്നീട് ഇതില്‍ നിന്നും പിന്നാക്കം പോകുകയും ചെയ്തു. കനയ്യയുടെ ജാമ്യ വ്യവസ്ഥകളും മറ്റു വിഷയങ്ങളും ചൂണ്ടിക്കാണിച്ച് കനയ്യക്ക് കേരളത്തിലും ബംഗാളിലും പ്രചാരണത്തിന് പോകാന്‍ കഴിയില്ലെന്ന് യെച്ചൂരി വിശദീകരിക്കുകയും ചെയ്തു.

സൗജന്യമായി ലഭിച്ച പൊതുജനശ്രദ്ധ കനയ്യ ആസ്വദിക്കുകയാണെന്ന കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസ്താവനയ്ക്ക് എതിരേ അദ്ദേഹം ആഞ്ഞടിച്ചു. തങ്ങള്‍ ചെയ്യുന്നത് ആക്ടിവിസം ആണെന്നും സര്‍ക്കാര്‍ ചെയ്യുന്നത് രാഷ്ട്രീയവുമാണ്, കനയ്യ പറഞ്ഞു. ഇതുരണ്ടും തമ്മിലെ വ്യത്യാസം മന്ത്രിക്ക് അറിയാമോ. അത്തരം പ്രസ്താവനകള്‍ ഇറക്കും മുമ്പ് അദ്ദേഹം അത് അറിയണം, കനയ്യ കൂട്ടിച്ചേര്‍ത്തു.

18 ദിവസത്തെ ജയില്‍വാസത്തിനുശേഷം പുറത്തു വന്ന കനയ്യ നടത്തിയ പ്രസംഗത്തിനുശേഷം നായിഡു കനയ്യയെ ഉപദേശിക്കുകയും ചെയ്തിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് മന്ത്രി ഉപദേശിച്ചത്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ടെങ്കില്‍ പഠനം ഉപേക്ഷിക്കാനും നായിഡു പറഞ്ഞിരുന്നു. എന്നാല്‍ തന്റെ മുദ്രാവാക്യം പഠിക്കുക, പോരാടുക എന്നതാണ് കനയ്യ മന്ത്രിക്ക് മറുപടിയായി പറഞ്ഞു. ജെഎന്‍യുവില്‍ പ്രവേശനം ലഭിക്കുക എത്ര ബുദ്ധിമുട്ടാണെന്ന് രാജ്യത്ത് അറിയാം. ഇവിടെ പഠിക്കാതെ നിലനില്‍ക്കാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നുണ്ടോയെന്ന് കനയ്യ ചോദിച്ചു.

ആന്ധ്രാ യൂണിവേഴ്‌സിറ്റി കോളേജുകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി എബിവിപിയെ പ്രതിനിധീകരിച്ച് 1973-ല്‍ തെരഞ്ഞെടുക്കപ്പെട്ടശേഷമാണ് നായിഡു രാഷ്ട്രീയം ആരംഭിച്ചതെന്ന് കനയ്യ ഓര്‍മ്മിപ്പിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന വിരോധാഭാസമാണ്, കനയ്യ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍