UPDATES

ഉണ്ണി മാക്സ്

കാഴ്ചപ്പാട്

ഉണ്ണി മാക്സ്

യാത്ര

കടല്‍ കടന്നൊരു ജീവിതം

കടല്‍ കാണുമ്പോഴൊക്കെ ഒന്ന് ചാടാന്‍ തോന്നാറുണ്ട്. കുറച്ചു നാളായി അതിന്റെ അസ്‌കിത കൂടി വരുന്നു, അങ്ങനിരിക്കെ ഗുരുവായൂര്‍ പോകാന്‍ ഒരവസരം ഒത്തുവരുന്നു. അനുജത്തിയുടെ സ്ഥാനത്തുള്ള ശരണ്യയുടെ വിവാഹം. ശരണ്യയെ കുറിച്ച് പറയാതെ പറ്റില്ല. തണല്‍ എന്ന പാരാപ്ലീജിയ ഗ്രൂപ്പ് തുടങ്ങുന്നതിനു മുന്‍പു തന്നെ ഞങ്ങളുടെ കുഞ്ഞനുജത്തിയാണവള്‍. ഡിഗ്രിയ്ക്ക് എം ജി യൂണിവേഴ്‌സിറ്റിയുടെ കറസ്‌പോണ്ടന്‍സ് കോഴ്‌സ് പഠിക്കുന്ന സമയത്താണ്, ശരണ്യയെ പരിചയപ്പെടുന്നത്. അസുഖം മൂലം ഒരു കാല്‍ നഷ്ടപ്പെട്ടതാണ് ശരണ്യയ്ക്ക്. വെയ്പ്പുകാല്‍ കൊണ്ടാണ് സഞ്ചാരം. ബസില്‍ കയറിയിറങ്ങാന്‍ ബുദ്ധിമുട്ട്. ഉള്ള വയ്പ്പുകാലിന്, വലിപ്പ വ്യത്യാസം മൂലം വേദനയും അസ്വസ്ഥതയും. അന്ന് തണല്‍ ഗ്രൂപ്പ് ആയി തുടങ്ങിയിട്ടില്ലെങ്കിലും ഞങ്ങളുടെ ഒരു സ്‌നേഹകൂട്ടായ്മ ആക്ടീവാണ്. എല്ലാവരും കൂടി ശരണ്യയ്ക്ക് ഒരു പുതിയ വയ്പ്പുകാല്‍ വാങ്ങി നല്‍കി.

 

ഡിഗ്രിയും പോസ്റ്റ് ഗ്രാജ്വേഷനും കഴിഞ്ഞ് ഇപ്പോള്‍ ശരണ്യയ്ക്ക് സര്‍ക്കാര്‍ സ്‌കൂളില്‍ നിയമനം കിട്ടി. ആള്‍ ഒരു ടീച്ചറാണെന്ന് സാരം. പ്രണയ വിവാഹമാണെങ്കിലും വീട്ടുകാരുടെ പരസ്പര സമ്മതത്തോടെയാണ് വിവാഹം. അഭിലാഷ് എന്ന പയ്യന്‍. നിരവധി തവണ ഫേസ്ബുക്കില്‍ മുഖം കണ്ടിട്ടുണ്ടെങ്കിലും അന്ന് വിവാഹത്തിന്, ആ റിസപ്ഷന്‍ ഹാളില്‍ എത്തിയപ്പോഴാണ്, അഭിലാഷിനെ ആദ്യമായി കാണുന്നത്. പക്ഷേ യാതൊരു അപരിചിതത്വവും ഇല്ലാതെ അഭിലാഷ് കൈതന്നു. ശരണ്യയേക്കാള്‍ അടുപ്പത്തില്‍ സംസാരിക്കുകയും ചെയ്തു. ഇറങ്ങാന്‍ നേരം ശരണ്യ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങാനായി കുനിഞ്ഞപ്പോള്‍ ഉള്ളിലെ സന്തോഷം അനുഗ്രഹമായി; കണ്ണ് ചെറുതായൊന്നു നിറഞ്ഞു. അവള്‍ക്ക് എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

 

 

അവിടുന്നിറങ്ങി കസിന്‍ കിഷോറിന്റെ വീട്ടിലേയ്ക്കാണ് പോയത്. ചെറിയൊരു പ്ലാന്‍. ഒരു ദിവസം പ്ലാന്‍ ചെയ്ത് ഇറങ്ങിയതാണ്; എന്നാല്‍ ഒരു യാത്ര പോയാലോ. കൊടുങ്ങല്ലൂര്‍ നിരക്ഷരന്‍ മനോജ് രവീന്ദ്രന്റെ ഹാര്‍ബര്‍ വ്യൂ ഉള്ള റിസോര്‍ട്ടുണ്ട്. ഒരിക്കല്‍ വരുമെന്ന് പറഞ്ഞിട്ടുമുണ്ട്. മനോജിനെ വിളിച്ച് അത് ഫിക്‌സ് ചെയ്തു. മനോജ് എന്നു പറഞ്ഞാല്‍ ആളെ ആരുമറിയില്ല. നിരക്ഷരന്‍ എന്നു തന്നെ പറയണം. ആള്‍ യാത്രാപ്രിയനാണ്, ബ്ലോഗറും. ഇപ്പോള്‍ ഞങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വെയിന്‍ എന്ന പരിസ്ഥിതി സംഘടനയുടെ എറണാകുളം കോഡിനേറ്ററും. അതേ കുറിച്ച് വിശദമായി പിന്നീട് പറയാം. അങ്ങോട്ട് പോകുന്ന വഴിക്കാണ് മറ്റൊരു സുഹൃത്തും തണല്‍ അംഗവുമായ കിഷോറിന്റെ വീട്. ആ യാത്ര അതുകൊണ്ട് മറ്റൊരു അവിസ്മരണീയമായ അനുഭവത്തിനും കാരണമായി. കിഷോറാണ് അഴീക്കോട് ബീച്ചിനെ കുറിച്ച് പറഞ്ഞത്. വീല്‍ ചെയര്‍ കൊണ്ടു പോയാല്‍ കടലില്‍ ഇറങ്ങാം. പിന്നെ മറ്റൊന്നും നോക്കിയില്ല. നിരക്ഷരന്റെ അടുത്ത് രാത്രിയില്‍ എത്തിയാലും മതി. കടലാണ്, പ്രധാനം.

 

കിഷോറും അനുജന്‍ കണ്ണനും പിന്നെ ഞങ്ങള്‍ രണ്ടും ഒപ്പം കസിന്‍ കിഷോറും ഫാമിലിയും. കോട്ടപ്പുറം, ചേരമാന്‍ പള്ളി, സെന്റ് തോമസ് shrine ഒക്കെക്കണ്ട് ഒരു മസാല ദോശയും കഴിച്ചു നേരെ അഴിക്കോട് ബീച്ചിലേക്ക്. ഞങ്ങള്‍ കടലില്‍ ഇറങ്ങി. മണലിലൂടെ വീല്‍ നീങ്ങാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും കണ്ണനും കിഷോറും പിടിച്ച് അടുത്തുവരെ എത്തി. തൊട്ടടുത്ത് നിന്ന് കടല്‍ കണ്ടു. തണുത്ത കാറ്റടിക്കുന്നുണ്ട്. നല്ല രസം. ‘ചേട്ടാ ഇറങ്ങുന്നില്ലേ?’ കണ്ണന്‍. പേടി തോന്നിയില്ല എന്നതാണ് സത്യം. ആവേശം മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. പതുക്കെ രണ്ടുപേരുടെ തോളിലേയ്ക്കു ചാഞ്ഞ് കടല്‍ക്കരയില്‍ നിലത്തിരുന്നു. ആദ്യം തിരമാലകള്‍ കുറേ പറ്റിച്ചു. അടുത്തു വരെ എത്തിയിട്ട് ഒന്നു തൊടാതെ പോയി. എന്നോടാണോ കളി; കുറച്ചു കൂടി താഴേയ്ക്കിറങ്ങിയിരുന്നു. ഇപ്പോള്‍ നെഞ്ചൊപ്പം തിരയടിക്കുന്നുണ്ട്. തിരമാലകളുടെ ഗര്‍ജ്ജനം, തണുത്ത കാറ്റ്. കുറേ നേരം കൂടി അവിടെയിരുന്നു. അസ്തമയം വരെ.

 

തിരയുടെ കൂടെ അടിച്ചു കയറിയ മണലിന് കറുത്ത നിറം. എന്നാല്‍ പിന്നെ കയറിയാലോ എന്നു തോന്നിത്തുടങ്ങിയപ്പോഴാണ് അവള്‍ അടുത്തു വന്നത്; പാര്‍വ്വതി. തിരയടിക്കുമ്പോള്‍ എന്നെ രക്ഷിക്കാനെന്നാണ് ഭാവം. പക്ഷേ അതടുത്തു വരുമ്പോള്‍ പിടി മുറുകുന്നത് അറിയാം. പക്ഷേ അവസാനം കടലും അവളും പേടിപ്പിച്ചു. ആഞ്ഞൊരു തിര അടിച്ചു കയറിയപ്പോള്‍ അവള്‍ തിരയോടൊപ്പം പൊങ്ങി ഉയര്‍ന്നു. അതിനു പുറകേ മറ്റൊന്നു കൂടി ശക്തിയില്‍ അടിച്ചപ്പോള്‍ കണ്ണിലും മൂക്കിലുമൊക്കെ വെള്ളം കയറി അവള്‍ തിരയോടൊപ്പം പൊങ്ങിപ്പോയി. ഞാന്‍ മുറുകെ പിടിച്ചിരുന്നു. എന്റെ കാലുകള്‍ അനങ്ങാതെ കിടക്കുമെന്നതു കൊണ്ട് ബലമുണ്ടാകും. ആ ബലം അവള്‍ക്കും കൊടുത്തു. ഒടുവില്‍ അവള്‍ കണ്ണും തള്ളി എണീറ്റു നില്‍ക്കുമ്പോള്‍ കരയണോ ചിരിക്കണോ എന്നു തോന്നി. ‘നല്ല ആളാണ്, ചേട്ടനെ പിടിക്കാന്‍ വന്നത്. ഇതിപ്പോള്‍ ഉണ്ണി ചേട്ടനുള്ളതുകൊണ്ട് ചേച്ചി രക്ഷപെട്ടു’; കണ്ണന്റെ കമന്റ്.

 

ആദ്യത്തെ അനുഭവമായിരുന്നു ആ കടലും തിരയും. കുട്ടിക്കാലത്ത് കടലില്‍ പോയിട്ടുണ്ട്. ചെറിയൊരു പേടിയോടെ. പക്ഷേ വലുതായപ്പോള്‍ ആ പേടിയൊക്കെ ഇല്ലാതായതു പോലെ. മേലാകെ മണലാണ്. അതുപോലെ തന്നെ കാറില്‍ കയറി നേരെ റിസോര്‍ട്ടില്‍ ചെന്നു. സാധാരണ റിസോര്‍ട്ടുകളില്‍ വീല്‍ ചെയര്‍ ഉപയോഗിച്ച് കുളിമുറികളില്‍ കയറാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ ഞങ്ങള്‍ രക്ഷപെട്ടു. വീതിയുണ്ടായിരുന്നതു കൊണ്ട് അകത്തു കയറി ഒന്നു കുളിച്ചു കഴിഞ്ഞപ്പോഴാണ് സുഖമായത്. പിന്നെയും പണി പാര്‍വ്വതിയ്ക്കായിരുന്നു. ഡ്രസ്സില്‍ നിന്ന് മണല്‍ കളയാന്‍ അവള്‍ കുറേ കഷ്ടപ്പെട്ടു.

 

 

പിറ്റേന്നു രാവിലെയാണ് ഹാര്‍ബര്‍ വ്യൂ കണ്ടത്. ആറ്റിലേക്കിറങ്ങി നില്‍ക്കുന്ന ഒരു ഭാഗമുണ്ട്. എത്ര നിന്നാലും മടുക്കാത്ത കാഴ്ചകള്‍. മണല്‍ വാരുന്ന തോണിക്കാരും, കുട്ടവഞ്ചികളില്‍ മീന്‍പിടിക്കുന്നവരും. അതില്‍ സ്ഥിരമായി ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ട് ഒരമ്മ വരുമത്രേ, മീന്‍ പിടിക്കാന്‍. കുഞ്ഞിനെ ഒറ്റയ്ക്കാക്കി പോരാന്‍ വയ്യാത്തതു കൊണ്ട് അതിനെയും കൂട്ടിയാണ് കൊട്ടയിലെ മീന്‍പിടുത്തം. കേട്ടപ്പോള്‍ വിഷമം. ജീവിതങ്ങള്‍ എങ്ങനെയൊക്കെയാണ്, നമുക്കു ചുറ്റും. അവിടെ നിന്നതു കൊണ്ട് ഒരു തോണി ആക്‌സിഡന്റും കാണാന്‍ പറ്റി. രണ്ടു തോണികള്‍ കൂട്ടിയിടിച്ചു. അപകടം ഒന്നുമില്ല, എങ്കിലും ആദ്യമായാണ് അത്തരമൊരു കാഴ്ച്ച എന്ന് നിരക്ഷരനും പറഞ്ഞു.

 

മടക്കം; വഴിയിലൊക്കെ ഞങ്ങളുടെ സംസാര വിഷയം കടല്‍ തന്നെയായിരുന്നു. പിന്നീട് ഫേസ്ബുക്കില്‍ ഇട്ട ആ കടല്‍ ഫോട്ടോ കണ്ട് കാണുന്നവരൊക്കെ ആദ്യം ചോദിക്കുന്ന ചോദ്യം, ‘എങ്ങനെയുണ്ടായിരുന്നു കടല്‍ തിര?’ എന്നായിരുന്നു. ഒരു രസം. ഇതൊക്കെയല്ലേ വ്യത്യസ്തമായ ഈ ജീവിതം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അല്ലേ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍