UPDATES

സിനിമ

മലയാളസിനിമ ഒരു കോക്കസ്; ഇനി പൈസ തരാതെ പാടില്ല- ഉണ്ണിമേനോന്‍ തുറന്നടിക്കുന്നു

Avatar

ഉണ്ണി മേനോന്‍/ കെ പി എസ് കല്ലേരി

ദാസേട്ടനും ചിത്രയ്ക്കും മാത്രമാണോ പണത്തിന് ആവശ്യമുള്ളത്. ഞങ്ങള്‍ക്കെന്താ പറ്റില്ലേ. വര്‍ഷം പത്തു മുപ്പത് കഴിഞ്ഞു ഈ ഫീല്‍ഡില്‍. പക്ഷെ മലയാള സിനിമ മാത്രമാണ് കാശ് തരാനുള്ളത്. പ്രതിഫലം തരാമെന്ന് പറഞ്ഞാണ് വിളിക്കുക. പക്ഷെ പാട്ട് പെട്ടിയിലായിക്കാഴിഞ്ഞാല്‍ അവരുടെ സ്വഭാവം മാറും. പിന്നാലെ നടന്ന് ഇരന്ന് പണം വാങ്ങിക്കേണ്ട ഗതിയില്ലാത്തിനാല്‍ പലപ്പോഴും വേണ്ടാന്ന് വെക്കുകയാണ് പതിവ്. വമ്പന്‍ ബാനറടക്കം എനിക്ക് എത്ര കാശ് തരാനുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ. എനിക്ക് മാത്രമല്ല, ദാസേട്ടനും ചിത്രയും കഴിഞ്ഞാല്‍ ബാക്കി ഭൂരിപക്ഷം പേരുടേയും അവസ്ഥ ഇതാണ്. പക്ഷെ പലരും തുറന്ന് പറയുന്നില്ലെന്ന് മാത്രം… പറയുന്നത് ഉണ്ണിമേനോന്‍. 

ദക്ഷിണേന്ത്യ അറിയപ്പെടുകയും അംഗീകാരംകൊണ്ട പൊതിയുകയും ചെയ്ത പാട്ടുകാരന്‍. പാട്ടിന്റെ 33-ആം വര്‍ഷത്തില്‍ നില്‍ക്കുമ്പോള്‍ പിന്നിട്ടവഴികളെക്കുറിച്ച്, നേരിട്ട അവഗണനകളെക്കുറിച്ച്, അനീതിയെക്കുറിച്ച് അഴിമുഖത്തോട് തുറന്നടിക്കുന്നു. കോഴിക്കോട്ട് ഒരു ഗാനമേളയ്‌ക്കെത്തിയപ്പോഴാണ് അവിചാരിതമായി പ്രിയഗായകന്‍ മനസ്സ് തുറന്നത്.

എന്താണ് ഇങ്ങനെ ഒരു തുറന്നു പറച്ചില്‍?

എങ്ങനെ പറയാതിരിക്കും. ഇത്രയും കാലം മിണ്ടാതിരുന്നത് എന്നെക്കുറിച്ചോര്‍ത്തല്ല. ഈ മേഖലയില്‍ പത്രാസോടെ നടക്കുന്ന പലരുടേയും മുഖം മങ്ങേണ്ടെന്ന് കരുതിയാണ്. പക്ഷെ ഞങ്ങള്‍ പഴയ പാട്ടുകാരുടെ കാര്യം ഇനി പോട്ടെ. ഇനിയീരംഗത്ത് കാലുറപ്പിക്കുന്ന പുതുമുഖങ്ങള്‍ക്കെങ്കിലും മാറ്റമുണ്ടാവണം. ജീവിക്കാനുള്ള പ്രതിഫലം അവര്‍ക്കെങ്കിലും കിട്ടണം. പണമില്ലാഞ്ഞിട്ടല്ല. കൊടുക്കാന്‍ മനസില്ലാഞ്ഞിട്ടാണ്. നിങ്ങളൊന്ന് ഓര്‍ത്ത് നോക്ക്. ഒരു പാട്ട് ചിത്രീകരിക്കാന്‍ എത്ര ലക്ഷങ്ങളാണ് സിനിമക്കാര്‍ മുടക്കുന്നത്. എത്ര വലിയ സെറ്റുകള്‍, ഏതൊക്കെ രാജ്യങ്ങള്‍. അവിടെയെല്ലാം പറന്ന് നടന്നാണ് അവര്‍ താരങ്ങള്‍ക്ക് വേണ്ടി പാട്ട് സീന്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ അത്തരമൊരു പാട്ടിന്റെ പിന്നിലെ ഗായകന് അങ്ങനെ ചെലവഴിക്കുന്നതിന്റെ നൂറില്‍ ഒരംശമെങ്കിലും നല്‍കേണ്ടേ? ഇത് നിങ്ങള്‍ മാധ്യമങ്ങള്‍ക്കൊന്നും അറിയാത്തതുകൊണ്ടാണ്. ഇനിയെങ്കിലും ഇത്തരമൊരു അനീതി ചര്‍ച്ച ചെയ്യപ്പെടണം.

എന്തുകൊണ്ടാണ് ഇക്കാലമത്രയും ഗായകരൊന്നും തുറന്നുപറയാതിരുന്നത്?

പേടിച്ചിട്ട്. അല്ലാതെന്താ. ഒരുപാട്ട് പാടിക്കഴിഞ്ഞ് അതിന്റെ പ്രതിഫലത്തിന് പ്രശ്‌നമുണ്ടാക്കിയാല്‍ പിന്നെ അവര്‍ ആ പാട്ടുകാരനെ വിളിക്കില്ല. അവര്‍ വിളിക്കില്ലെന്ന് മാത്രമല്ല ആരെക്കൊണ്ടും വിളിപ്പിക്കില്ല. ഇവിടെ സംവിധായകരും പല പ്രമുഖനടന്‍മാര്‍ക്കുവരെ വിലക്കുണ്ടായ നാടല്ലേ. അപ്പോള്‍ ഒരു ഗായകന്റെ കാര്യം എന്ത് പറയാനാണ്. മലാള സിനിമയില്‍ എല്ലാം ഒരു വലിയ കോക്കസാണ്. എത്ര നല്ല പാട്ടുകാരെ ഇവരൊക്കെ ചേര്‍ന്ന് ഒതുക്കിയിട്ടുണ്ട്. അപ്പോള്‍പിന്നെ ഈ ഫീല്‍ഡില്‍ പിടിച്ച് നില്‍ക്കാന്‍ സിനിമ കിട്ടണം. പണം കിട്ടില്ലെങ്കിലും വേണ്ടിയില്ല, പടം കിട്ടണം. അതുകൊണ്ടാണ് യുവനിരയിലെ ചിലര്‍ക്ക് ഇപ്പോള്‍ ഒരുപാട് പാട്ട് കിട്ടുന്നത്. പാട്ടുപാടാന്‍ പോകാനും ജീവിക്കാനും വീട്ടില്‍ പണമുള്ളവരാണെങ്കില്‍ അവര്‍ക്ക് പേരെടുക്കാനും അവാര്‍ഡ് നേടാനും വേണ്ടി എത്രവേണമെങ്കിലും സൗജന്യമായി പാടാമല്ലോ. എന്റെ കാര്യം ഏതായാലും അങ്ങനെയല്ല. പൈസ കിട്ടിയാലേ ഇനി ഉണ്ണിമേനോന്‍ പടുകയുള്ളൂ. ഇങ്ങനെ തുറന്നുപറഞ്ഞതിന്റെ പേരില്‍ ആരും വിളിച്ചില്ലെങ്കിലും പരിഭവമില്ല.

തമിഴാണല്ലോ കൂടുതല്‍ അംഗീകാരം നല്‍കിയത്, അവിടെ എങ്ങനെയാണ്?

മലയാളി വെറുതെ നാട്യത്തിന് പറയുകയാണ്. ഞങ്ങളാണ് സംസ്‌കാര സമ്പന്നരെന്ന്. വര്‍ഷങ്ങളായി പരിചയപ്പെടുകയും അടുത്തറിയുകയും ചെയ്ത നിലയില്‍ എനിക്ക് തോന്നിയിട്ടുള്ളത് നമ്മളേക്കാള്‍ സംസ്‌കാര സമ്പന്നര്‍ അവരാണെന്നാണ്. തൊഴിലിന്റെ മാന്യത തിരച്ചറിയുകയും കൃത്യമായി കൂലി നല്‍കുകയും ചെയ്യുന്നവര്‍. എ. ആര്‍.റഹ്മാനുവേണ്ടി മാത്രം 28 പാട്ടുകള്‍ പാടിയിട്ടുണ്ട് ഞാന്‍. ഒറ്റ നയപൈസ പ്രതിഫല ഇനത്തില്‍ അവര്‍ എനിക്ക് തരാനില്ല. മാത്രമല്ല ഇവിടുത്തേയും അവിടുത്തേയും പ്രതിഫലം തമ്മില്‍ താരതമ്യം ചെയ്യാന്‍ പോലും പറ്റില്ല.

ഗാനമേളകളിലാണല്ലോ കൂടുതലും കാണുന്നത്?

ജീവിക്കണ്ടേ. മുകളില്‍ പറഞ്ഞത് തന്നെ കാര്യം. സിനിമ ഗായകന് പണം തരുന്നില്ല. ഇപ്പോള്‍ ജീവിക്കാനുള്ള പണം കണ്ടെത്താനാണ് ഇത്തരം ഗാനമേളകളും ഷോകളും. മാത്രമല്ല ഒരു പാട്ട് സിനിമയില്‍ പാടുന്നതിനേക്കാള്‍ ഗായകന് സുഖം ലഭിക്കുന്നത് ഗാനമേളകളിലാണ്. ജനം അപ്പപ്പോള്‍ തന്നെ പ്രതികരിക്കുന്നത് ഗാനമേളകളില്‍ മാത്രമാണല്ലോ. പിന്നെ മറ്റൊരുകാര്യം സിനിമ പണം നല്‍കുന്നില്ലെങ്കിലും പ്രശസ്തി നല്‍കുന്നുണ്ട്. ഇത്തരം പ്രശസ്തിയാണ് ഇന്ന് പല ഗായകര്‍ക്കും ഗാനമേളകളിലൂടെ പണമാകുന്നത്. അതുകൊണ്ട് തന്നെ ചില സിനിമാക്കാര്‍ ചോദിക്കാറുണ്ട് നിങ്ങള്‍ക്ക് ഗാനമേളകളില്‍ നിന്ന് പണം കിട്ടുന്നില്ലേ എന്ന്. അവര്‍ക്കുള്ള മറുപടി, അത് അവര്‍ അന്വേഷിക്കേണ്ടകാര്യമില്ലെന്നാണ്. വേണമെങ്കില്‍ അവരും ഗാനമേളകളില്‍ പോയി പാടട്ടെ. ജനം കൈകാര്യം ചെയ്ത് വിട്ടുകൊള്ളും.

പുതിയ പാട്ടുകളെക്കുറിച്ച്?

പുതിയ സിനിമകളില്‍ പാട്ടുകളുടെ പ്രാധാന്യം കുറഞ്ഞു വരികയാണ്. വീണ്ടും വീണ്ടും പാടാനും കേള്‍ക്കാനും താത്പര്യമുള്ള ഗാനങ്ങള്‍ ഇന്നത്തെ കാലത്ത്  ഉണ്ടാവുന്നില്ല എന്ന് തന്നെ പറയാം. ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരം പോലെ കേള്‍ക്കുക മറക്കുക എന്ന തരത്തിലുള്ള ഗാനങ്ങളാണ് ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതേ സമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ മനോഹര ഗാനങ്ങള്‍ ഇന്നും ആസ്വാദകരെ ആകര്‍ഷിക്കുകയാണ്. തമിഴ് സിനിമയില്‍ നല്ല മാറ്റങ്ങളുണ്ടാവുകയും സിനിമ വളരുകയും ചെയ്യുന്നുണ്ടെങ്കിലും പാട്ടിന്റെ കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാവുന്നില്ല. തട്ടുപൊളിപ്പന്‍ പാട്ടുകളാണ് കൂടുതലും തമിഴില്‍ പുറത്തിറങ്ങുന്നത്. നിര്‍ഭാഗ്യവശാല്‍ ഇത്തരം തമിഴ്പാട്ടുകളെ അനുകരിച്ചാണ് മലയാളത്തിലും ഇന്ന് പാട്ടുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് ഏറെ വേദനാജനകമായ സംഗതിയാണ്. എന്നാല്‍ ഈ കാലത്തിന് മാറ്റം ഉണ്ടാവുക തന്നെ ചെയ്യും. അടിച്ചുപൊളി മടുപ്പിച്ചുതുടങ്ങുമ്പോള്‍ ആളുകള്‍ നല്ല സംഗീതം തേടിപ്പോവുക തന്നെ ചെയ്യും. 

റീമിക്‌സ് ഗാനങ്ങള്‍?

പഴയ ഗാനങ്ങള്‍ റീമിക്‌സ് ചെയ്ത് അവതരിപ്പിക്കുന്ന രീതിയോട് താത്പര്യമില്ല. ആ ഗാനത്തിന്റെ ഏറ്റവും നല്ല രൂപത്തില്‍ തന്നെയാവും അക്കാലത്ത് അവ പുറത്തിറങ്ങിയിരിക്കുക. ആ ഗാനങ്ങളെ വികലമാക്കി അവതരിപ്പിക്കുന്നത് ശരിയല്ല. നല്ല നിലവാരമുള്ള പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചതുകൊണ്ട് മാത്രമാണ് തനിക്ക് ഇന്നും ഈ മേഖലയില്‍ നിലനില്‍ക്കാന്‍ സാധിക്കുന്നത്. പുതിയ ഗായകര്‍ക്ക് ഇതുപോലെയുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ല. നല്ല വരികള്‍ പാടാന്‍ ലഭിക്കുന്നത് ഒരു കലാകാരന്റെ ഭാഗ്യമാണ്. ആ ഭാഗ്യം തനിക്ക് പലപ്പോഴും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഗാനരംഗത്തിന്റെ അപചയം കാരണം പുതിയ ഗായകര്‍ക്ക് ഇത്തരം അവസരം ലഭിക്കുന്നില്ല.

സംഗീത സംവിധാനം, അഭിനയം?

സംഗീത സംവിധാനം നിര്‍വ്വഹിച്ചതെല്ലാം ആര്‍ട്ട് വിഭാഗത്തില്‍ ഉള്‍പ്പെട്ട ചിത്രങ്ങളായിരുന്നു. അതുകൊണ്ട് തന്നെ വേണ്ടത്ര മൈലേജ് ലഭിച്ചില്ല. ഇനി ചെയ്യുന്നത് നല്ലൊരു കൊമേഷ്യല്‍ ചിത്രത്തിലായിരിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിച്ചാല്‍ ഇനിയും അഭിനയിക്കാന്‍ താത്പര്യമുണ്ട്. രണ്ടു മൂന്ന് ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. മറ്റുള്ളവരെപ്പോലെ അഭിനേതാക്കള്‍ക്കും പാടാനുള്ള അഗ്രഹമുണ്ട്. സാങ്കേതികവിദ്യ ഏറെ വളര്‍ന്ന കാലത്ത് പാട്ടു പാടുകയെന്നതും ഇപ്പോള്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ പാടുക എന്ന ആഗ്രഹം ഇപ്പോള്‍ സാധിപ്പിച്ചെടുക്കുന്നുണ്ട്.

റിയാലിറ്റി ഷോകള്‍?

റിയാലിറ്റി ഷോകള്‍നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ അത് പുതു തലമുറയ്ക്ക് നല്ലൊരു ഫ്‌ളാറ്റ്‌ഫോമാവും. നിരവധി യുവാക്കള്‍ക്ക് അവസരങ്ങള്‍ ലഭിക്കാന്‍ റിയാലിറ്റി ഷോകള്‍ സഹായകരമാവുന്നുണ്ട്. പക്ഷെ ചിലപ്പോഴെങ്കിലും റിയാലിറ്റി ഷോയുടെ പിന്നില്‍ ശരിയല്ലാത്ത നടപടികള്‍ ഉണ്ടാവുന്നുണ്ട്. മുന്‍കൂട്ടി ജേതാവിനെ നിശ്ചയിച്ച് പ്രോഗ്രാം മുന്നോട്ട് കൊണ്ടുപോകുന്ന സ്ഥിതി പോലും ചിലപ്പോള്‍ കാണാനാവുന്നുണ്ട്. ഒരു തമിഴ് ചാനലില്‍ ഇത്തരത്തിലുള്ള ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്.

പുതിയ സനിമകള്‍?

എത്ര തിരക്കുണ്ടായാലും നല്ല സിനിമകള്‍ കാണാന്‍ സമയം നീക്കിവെക്കാറുണ്ട്. ഇടക്കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടമായത് അമീര്‍ഖാന്റെ പി.കെ.ആണ്. അദ്ദേഹത്തിന് സിനിമയോടുള്ള കാഴ്ചപ്പാടും ആത്മസമര്‍പ്പണവും ആരേയും അത്ഭുതപ്പെടുത്തും. സിനിമകാണാത്തവരാണ് വിവാദം ഉയര്‍ത്തുന്നത്. ഒരുതരത്തിലുള്ള വര്‍ഗീയ പ്രശ്‌നങ്ങളും ആ സിനിമ ഉയര്‍ത്തിയിട്ടില്ല. നാട്ടില്‍ എന്തും വിവാദമാക്കാനും വര്‍ഗീയമായി മുതലെടുക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഭാഗമാണ് പി.കെ.യ്‌ക്കെതിരായ കോലാഹലങ്ങളും. രജനീകാന്തിന്റെ ലിംഗ കണ്ടിട്ടാണ് പെട്ടുപോയത്. വലിയ പ്രതീക്ഷകളുമായ ഇറങ്ങിയ സിനിമ ആദ്യപകുതിയാവമ്പോള്‍തന്നെ തീയേറ്ററില്‍ നിന്ന് എഴുന്നേറ്റുപോകാന്‍ നിര്‍ബന്ധിക്കുകയാണ്. മലയാളത്തില്‍ പുതിയ സനിമകളൊന്നും കണ്ടിട്ടില്ല. താരങ്ങള്‍ക്ക് വേണ്ടി സിനിമയുണ്ടാക്കുന്നതാണ് പലപ്പോഴും നമ്മുടെ പ്രശ്‌നമെന്ന് തോന്നിയിട്ടുണ്ട്. ആ അവസ്ഥ മാറണം…. ഉണ്ണിമേനോന്‍ പറഞ്ഞ് നിര്‍ത്തി.

പാട്ടിന്റെ വഴിയില്‍ 33വര്‍ഷം പിന്നിടുകയാണ് മലയാളിയുടേയും തമിഴിന്റേയും പ്രിയഗായകന്‍ ഉണ്ണിമേനോന്‍. ഗുരുവായൂരിലാണ് ജനനം. മകനെ ഒരു എഞ്ചിനിയറായി കാണാന്‍ ആഗ്രഹിച്ചു പിതാവ്. എന്നാല്‍ അവന് കമ്പം ഫുട്‌ബോളിലായിരുന്നു. പക്ഷെ ജോലി ആവശ്യാര്‍ഥം മദിരാശിയിലെത്തിയ ഉണ്ണിമേനോന് നിയോഗം പാട്ടിന്റെ വഴികളായിരുന്നു. മദിരാശിയില്‍ ഗായകന്‍ കൃഷ്ണചന്ദ്രന്റെ കൂടെയായിരുന്നു താമസം. കൃഷ്ണചന്ദ്രനാണ് ഉണ്ണിയെ ശ്രീകുമാരന്‍ തമ്പിയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ 1981-ല്‍ അദ്ദേഹത്തിന്റെ കവിതയെന്ന സിനിമയിലെ വളകിലുക്കം എന്ന പാട്ട് പാടിക്കൊണ്ട് അരങ്ങേറ്റം. പിന്നീട് കേട്ടാലും കേട്ടാലും മതിവരാത്ത എത്രയെത്ര ഗാനങ്ങള്‍. അവസാനം ബ്യൂട്ടിഫുള്ളിലെ മഴനീര്‍തുളളിയും സ്വന്തം സംഗീത സംവിധാനത്തിലെ ഒരു ചെമ്പനീര്‍ പൂവും  സ്പിരിറ്റിലെ മരണമെത്തുന്ന നേരത്തുമെല്ലാം നെഞ്ചിലേറ്റി മലയാളികള്‍ ഉണ്ണിമേനോനെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍