UPDATES

വിദേശം

അവിവാഹിതര്‍ പെരുകുന്ന ജപ്പാന്‍ അഥവാ ജപ്പാന്റെ ഏകാന്തത

Avatar

ഇഷാന്‍ തരൂര്‍ 
(വാഷിങ്ടണ്‍ പോസ്റ്റ്) 

ജപ്പാന്റെ ജനസംഖ്യാപരമായ പ്രശ്‌നങ്ങള്‍ പരക്കെ അറിയപ്പെടുന്നവയാണ്: ലോകത്ത് പ്രായമേറിയവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ ജനനനിരക്കിലെ കുറവും അവിവാഹിതരുടെ അമ്പരപ്പിക്കും വിധം ഉയര്‍ന്ന സംഖ്യയും പെടുന്നു. വിവാഹവും കുട്ടികളെ വളര്‍ത്തലും പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്കു വേണ്ടത്ര ഫലമുണ്ടാകുന്നില്ലെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്.

18-34 പ്രായമുള്ളവര്‍ക്കിടയില്‍ ഈയിടെ നടത്തിയ സര്‍വേ അനുസരിച്ച് അവിവാഹിതരായ പുരുഷന്മാരില്‍ 70 ശതമാനവും സ്ത്രീകളില്‍ 60 ശതമാനവും പ്രണയബന്ധത്തിലുള്ളവരല്ല എന്ന് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുരുഷന്മാരില്‍ 42 ശതമാനവും വനിതകളില്‍ 44.2 ശതമാനവും ഒരിക്കലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നും പഠനം കണ്ടെത്തി.

ജപ്പാനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ചാണ് ഓരോ അഞ്ചുവര്‍ഷത്തിലും ഈ പഠനം നടത്തുന്നത്. 1987ല്‍ പ്രണയവും ലൈംഗികബന്ധവും സംബന്ധിച്ച ചോദ്യങ്ങളുമായി ആരംഭിച്ചതു മുതല്‍ വ്യക്തമായ പ്രവണതകള്‍ കണ്ടെത്താന്‍ സര്‍വേയ്ക്കായിട്ടുണ്ട്. 1987ല്‍ സര്‍വേയില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 48.6 ശതമാനവും സ്ത്രീകളില്‍ 39.5 ശതമാനവും അവിവാഹിതരായിരുന്നു. 2010ല്‍ 36.2 ശതമാനം പുരുഷന്മാരും 38.7 ശതമാനം വനിതകളും അവര്‍ ഒരിക്കലും ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നു സമ്മതിച്ചു. 15 മുതല്‍ 19 വരെ വര്‍ഷം ദൈര്‍ഘ്യമുള്ള വിവാഹജീവിതം നയിക്കുന്നവരുടെ കുട്ടികളുടെ എണ്ണത്തിലും ഈ വര്‍ഷത്തെ സര്‍വേ കുറവ് രേഖപ്പെടുത്തി.

രാജ്യത്തെ പ്രത്യുദ്പാദനനിരക്ക് ഇപ്പോഴത്തെ 1.4ല്‍ നിന്ന് 2025 ആകുമ്പോഴേക്ക് 1.8 ആകുകയാണു ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ശിശുപരിചരണ സൗകര്യങ്ങള്‍, വിവാഹിതര്‍ക്ക് നികുതി ഇളവുകള്‍ തുടങ്ങിയ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും അവ ഫലം കണ്ടുതുടങ്ങിയിട്ടില്ല.

ഒരിക്കല്‍ വിവാഹിതരാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ മിക്കവരും പറഞ്ഞെങ്കിലും അത് എന്നാണെന്നതിനെപ്പറ്റി ആര്‍ക്കും വ്യക്തതയില്ല.

‘അവര്‍ വിവാഹിതരാകണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ അവരുടെ ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ പൊരുത്തപ്പെടാത്തതിനാല്‍ വീണ്ടും വീണ്ടും മാറ്റിവയ്ക്കുന്നു,’ പഠനത്തിന്റെ തലവന്‍ ഫുടോഷി ഇഷി പറയുന്നു. ‘അതുകൊണ്ടാണ് ആളുകള്‍ വളരെ വൈകി വിവാഹിതരാകുകയോ ജീവിതകാലം മുഴുവന്‍ അവിവാഹിതരായി തുടരുകയോ ചെയ്യുന്നത്. ഇത് കുറഞ്ഞ ജനനനിരക്കിനു കാരണമാകുന്നു.’

ഇത് ജപ്പാന്‍ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്‌നമല്ല. വികസിതരാജ്യങ്ങളില്‍ പലയിടത്തും സാമ്പത്തിക അസ്ഥിരത ചെറുപ്പക്കാരുടെ ലൈംഗിക, വൈവാഹിക ജീവിത സങ്കല്‍പങ്ങളെ മാറ്റിമറിക്കുന്നു. ജപ്പാനില്‍ ഇത് കൂടുതല്‍ പ്രകടമാണെന്നു മാത്രം.

ജപ്പാന്റെ വര്‍ധിക്കുന്ന ഏകാന്തതയ്ക്കു ചുറ്റുമുള്ളത് കുതിക്കുന്ന വ്യവസായലോകമാണ്. ഇപ്പോള്‍ ജപ്പാന്‍ മാത്രം അഭിമുഖീകരിക്കുന്ന ഈ പ്രശ്‌നം ഭാവിയിലേക്കുള്ള വിരല്‍ചൂണ്ടിയാണ്. വ്യക്തിപരമായ സാങ്കേതികതകളില്‍ മാത്രം ഊന്നിയ ന്യൂക്ലിയര്‍ ജീവിതത്തിലേക്കുള്ള മുന്നറിയിപ്പ്.

സര്‍വേ കണ്ടെത്തിയ ആശാവഹമായ ഏക കാര്യം ഇതാണ്: അമ്മയായതിനുശേഷം തൊഴില്‍സ്ഥലത്തേക്കു മടങ്ങുന്നവരുടെ എണ്ണം 50 ശതമാനത്തിലേറെയായി. പുരുഷാധിപത്യമുള്ള ജപ്പാനില്‍ ഇങ്ങനെയൊന്ന് ഇതാദ്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍