UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യര്‍ക്കും അവരുടെ പ്രതിരോധത്തിനും ഇവിടെ വിലയില്ലാതാവുകയാണ്

Avatar

അരുന്ധതി ബി

ഹൈദരാബാദ് സര്‍വകലാശാല അധികൃതരും വൈസ് ചാന്‍സിലര്‍ അപ്പാ റാവുവും എന്താണോ ലക്ഷ്യമിട്ടത്, അതിലവര്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുന്നു. തന്റെ തിരിച്ചുവരവിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധവും സമരവും ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് പൊലീസിനെ ഇറക്കിയും കാമ്പസ് അടച്ചിട്ടും വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിച്ചും തങ്ങള്‍ക്ക് വിജയിക്കാമെന്നു വി സിയും കൂട്ടരും കരുതിയത്. ഇതിനൊപ്പം ശാരീരിക ആക്രമണം കൂടിയുണ്ടായാല്‍ വല്ലാത്തൊരു ഭീതി വിദ്യാര്‍ത്ഥികളില്‍ ഉണ്ടാവുമെന്നും അവര്‍ കണക്കുകൂട്ടി.

എന്നാല്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നത് അവരാണ്. എത്ര കുട്ടികളെ അവര്‍ മര്‍ദ്ദിച്ചോ അതില്‍ കൂടുതല്‍ പേര്‍ വീണ്ടും സമരത്തിനിറങ്ങി. മെസ് അടച്ചിട്ട് ഭക്ഷണം നിഷേധിച്ചപ്പോള്‍ പല സംഘടനയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വന്ന് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തു. ഭക്ഷണം ഉണ്ടാക്കി എന്ന കാരണത്താല്‍ മാത്രമാണ് ഉദയഭാനു എന്ന വിദ്യാര്‍ത്ഥിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. അയാള്‍ ഇപ്പോഴും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ ഭയന്നു പിന്മാറിയില്ല. ഭക്ഷണം ഉണ്ടാക്കിയും വിതരണം ചെയ്തും അവര്‍ മുന്നോട്ടുപോയി. ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ട് ചെയ്താല്‍ പുറംലോകവുമായുള്ള ബന്ധം നിലയ്ക്കുമെന്നവര്‍ വിചാരിച്ചു. തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ഷൂട്ട് ചെയ്ത വയലന്‍സിന്റെ വിഡിയോകള്‍ പരമാവധി ഷെയര്‍ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്തി.

അക്കാദമികളില്‍ നിന്നോ, മാധ്യമങ്ങളില്‍ നിന്നോ ഇവിടെ നിന്ന്‍ പഠിച്ചിറങ്ങിയവരില്‍ നിന്നോ ബുദ്ധിജീവകളില്‍ നിന്നോ വേണ്ടത്ര പിന്തുണ കിട്ടാതിരുന്നിട്ടും വിദ്യാര്‍ഥികള്‍ സമരം തുടരുക തന്നെയാണ്. ഒരു കാമ്പസിനകത്തെ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ എബിവിപിക്കാരാണ്. അവര്‍ വൈസ് ചാന്‍സലറുടെ കൂടെയാണ്. എന്നിട്ടുപോലും ബാക്കി വരുന്ന വിദ്യാര്‍ത്ഥികള്‍ നാല്‍പ്പതു നാല്‍പ്പത്തിയഞ്ചു ഡിഗ്രി ചൂടില്‍ കുടിവെള്ളം പോലും കിട്ടാതെ തങ്ങളുടെ പ്രതിഷേധം നടത്തുന്നത്. ടോയ്ലറ്റ് ആവശ്യത്തിന് വച്ചിരിക്കുന്ന വെള്ളം തിളപ്പിച്ച് കുടിക്കുന്ന അവസ്ഥയില്‍വരെ ഞങ്ങളെത്തിയിരുന്നു. എന്നിട്ടുപോലും കാമ്പസ് വിട്ടുപോകാനോ സമരം അവസാനിപ്പിക്കാനോ മുറിയ്ക്കകത്ത് ഒതുങ്ങിയിരിക്കാനോ തയ്യാറായിട്ടില്ല.

അത് അവരെ പേടിപ്പിച്ചു. കാമ്പസില്‍ നടക്കുന്നത് അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനങ്ങളാണ്. ഇപ്പോള്‍ മറ്റു യൂണിവേഴ്‌സിറ്റികളില്‍ നിന്നും പിന്തുണ ഏറിവരുന്നു. മുഖ്യധാര മാധ്യമങ്ങള്‍ കൈയ്യൊഴിഞ്ഞിട്ടും സോഷ്യല്‍ മീഡിയ വഴി എല്ലാ കാര്യങ്ങളും രാജ്യമാകെ അറിഞ്ഞു. ഇതൊക്കെ തിരിച്ചടിയാകുമെന്നു കൃത്യമായി മനസിലാക്കിയിട്ടാണ് അവര്‍ ഇന്റര്‍നെറ്റ് കണക്ഷനും വെള്ളവുമൊക്കെ തിരിച്ചെത്തിച്ചിരിക്കുന്നത്. കാമ്പസ് സാധാരണനിലയിലേക്ക് തിരിച്ചെത്തി എന്നു മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു തന്ത്രമായും അഡ്മിനിസ്‌ട്രേഷന്‍ ഇതു മുതലാക്കാം.

അവിടെയാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്; നിങ്ങള്‍ വെള്ളം തന്നാലും ആഹാരം തന്നാലും രോഹിതിന് നീതി കീട്ടും വരെ, നിങ്ങള്‍ മര്‍ദ്ദിച്ചവശരാക്കി ഇവിടെ നിന്നും കൊണ്ടുപോയ മുപ്പത്തിയാറ് വിദ്യാര്‍ത്ഥികള്‍ തിരികെയെത്തിക്കുന്നതുവരെ, വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടു മര്‍ദ്ദിച്ച മൂന്നധ്യാപകരെ പുറത്തു വിടുന്നതുവരെ, അവരോട് മാപ്പു പറയുന്നതുവരെ ഈ സമരം അവസാനിക്കില്ല.

ഏതുതരം സമ്മര്‍ദ്ദം ഉപയോഗിച്ചും നിങ്ങള്‍ക്ക് ഞങ്ങളെ തോല്‍പ്പിക്കാന്‍ നോക്കാം. എന്നാല്‍ ഞങ്ങളുടേത് ജയിക്കാനുള്ള സമരമാണ്. കാരണം ഈ സമരത്തിന് ഒരു കാരണമുണ്ട്. ആ കാരണം അത്രമേല്‍ ശക്തമാണ്.

നോക്ക്, ഇവിടെയിപ്പോള്‍ രോഹിതിന്റെ അമ്മയുണ്ട്. രാധിക വെമൂല. ആ അമ്മയെ ചെറുത്ത് നില്‍പ്പിന്റെ മാതാവ് എന്നു വിശേഷിപ്പിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എത്രമാത്രം ധൈര്യശാലിയാണവര്‍, സോണി സോറിയെപോലെ, ഇറോം ശര്‍മിളയെ പോലെ രാധിക വെമുലയും ഇനി നമുക്കുണ്ട്. നീതി കിട്ടേണ്ടിടത്തു നിന്നെല്ലാം തിരിച്ചടികളും അവഗണനകളും ഉണ്ടായിട്ടും അവര്‍ രോഹിതിന്റെ നീതിക്കുവേണ്ടി നിലയുറപ്പിച്ചിരിക്കുകയാണ്. ഇതാദ്യമായി അവര്‍ക്ക് കാമ്പസില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടു. അവരുടെ മകന്റെ രാഷ്ട്രീയം പിന്തുടരുന്ന, രോഹിതിനെ ഇപ്പോഴും മനസില്‍ കൊണ്ടു നടക്കുന്ന ആയിരക്കണക്കിനു കുട്ടികള്‍ ഉള്ള കാമ്പസില്‍ പ്രവേശിക്കാനാണ് ആ അമ്മയ്ക്ക് അനുമതി നിഷേധിച്ചത്. ഇതൊക്കെ കാണുമ്പോള്‍, അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തു നിന്നുള്ള കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ തുടരുമ്പോള്‍ സമരം ചെയ്യാനുള്ള ഞങ്ങളുടെ ആവേശം ഇരട്ടിക്കുകയാണ്.

കടുത്ത ചൂടിലും രാത്രിയിലും ഗേറ്റിനു വെളിയില്‍ ഇരുന്ന് രോഹിതിനുവേണ്ടി മുദ്രാവാക്യം വിളിക്കാന്‍ ആ അമ്മയ്ക്ക് കഴിയുമെങ്കില്‍ അതു ഞങ്ങള്‍ക്കും കഴിയും.

ഞങ്ങള്‍ക്ക് ചെറിയ ഭയമുണ്ടെങ്കില്‍ അതിവിടെ നിന്നും അറസ്റ്റ് ചെയ്തുകൊണ്ടുപോയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഓര്‍ത്താണ്. അവരെ ഞങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് റിമാന്‍ഡ് പ്രതികളായി ജയിലില്‍ ആണെന്നാണ്. അതിനു മുമ്പ് അവരെ ഏതൊക്കെ പൊലീസ് സ്റ്റേഷനുകള്‍ കൊണ്ടുപോയി, ഏത് കോടതിയിലാണ് അവരെ ഹാജരാക്കിയത് എന്നൊന്നും അറിയില്ല. ഇവിടെയുള്ള അഭിഭാഷകര്‍ ശ്രമിച്ചിട്ടുപോലും. ഒരു ജനാധിപത്യരാജ്യത്ത് നടക്കുന്ന കാര്യങ്ങളാണോ ഇതൊക്കെ?

ഇത്തരം സംഭവങ്ങള്‍ നാം മുമ്പ് കേട്ടിട്ടുള്ളത് കശ്മീരിലാണ്. ഹൈദരാബാദ് സര്‍വകലാശാലയെ കശ്മീരാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. Enforced disappearance ആണ് ഇവിടെ നടക്കുന്നത്. സമാധാനപരമായി സമരം ചെയ്തവരെ നിര്‍ബന്ധപൂര്‍വം പിടിച്ചുകൊണ്ടുപോവുന്നു. പിന്നീടവരെ കുറിച്ച് യാതൊരു വിവരവുമില്ല. അവരുടെ മേല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുന്നു. ദളിത് പീഡനവിരുദ്ധ നിയമം അനുസസരിച്ച് അറസ്റ്റ് ചെയ്യപ്പെടേണ്ടയൊരാള്‍ വൈസ് ചാന്‍സിലറായ ഒരു കാമ്പസിലാണ് ഇതെല്ലാം നടക്കുന്നതെന്നതാണ് വൈരുദ്ധ്യം.

ഒന്നുകൂടി വ്യക്തമാക്കാം, ഇത് അപ്പാ റാവുവിന് എതിരെ മാത്രമുള്ള സമരമല്ല. അപ്പാ റാവു എന്ന ഒരാള്‍ മാത്രം വിചാരിച്ചാല്‍ അയാള്‍ക്കിവിടെ ഇത്രത്തോളം ധാര്‍ഷ്ട്യത്തോടെ തുടരാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ തക്ക വിഡ്ഡികളല്ല ഞങ്ങള്‍. ഇവിടെയുള്ളൊരു മന്ത്രിയാണ് മാനവവിഭവശേഷി വകുപ്പിന് കത്തുകള്‍ അയച്ചത്. ആ വകുപ്പില്‍ നിന്നാണ് സര്‍വകലാശാലയിലേക്ക് നിരന്തരം കത്തുകള്‍ അയച്ചുകൊണ്ടിരുന്നത്. ഭാരത് മാതയുടെ മകന്‍ മരിച്ചു എന്നാണല്ലോ നമ്മുടെ പ്രധാനമന്ത്രി രോഹിതിനെക്കുറിച്ച് പറഞ്ഞത്. ബ്രസല്‍സില്‍ നടന്ന ആക്രമണത്തെ അപലപിച്ചും പാകിസ്ഥാനെ തോല്‍പ്പിച്ച ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചും ട്വീറ്റ് ചെയ്യാന്‍ തയ്യാറായ അതേ പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് സ്വന്തം രാജ്യത്തെ, അതും പ്രസിഡന്റിന്റെ ഒന്നാം റാങ്ക് വാങ്ങിയിട്ടുള്ള ഒരു കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച്, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരു വാക്ക് പറയാന്‍ കഴിയുന്നില്ല.

എവിടെയാണ് സ്മൃതി ഇറാനി?

തന്റെ മകനാണ് എന്നു പറഞ്ഞല്ലേ അവര്‍ കരഞ്ഞത്! അവരുടെ മക്കളെന്നു പറഞ്ഞവര്‍ തന്നെയാണ് ഇവിടെ പലതും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് അവര്‍ക്കിപ്പോള്‍ കരച്ചില്‍ വരുന്നില്ല? ബഹുമാനപ്പെട്ട മന്ത്രി, താങ്കളുടെ മക്കളിവിടെ വെള്ളമോ ഭക്ഷണമോ ഇല്ലാതെ കൊടുംചൂടില്‍ പൊലീസിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും അക്രമങ്ങളും ഭീഷണികളും സഹിക്കുകയാണ്. ഇവിടുത്തെ പെണ്‍വിദ്യാര്‍ത്ഥികളോടാണ് നിന്നെയൊക്കെ ഞങ്ങള്‍ റേപ്പ് ചെയ്യുമെന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സുകാര്‍ ഉറക്കെ വിളിച്ചു പറഞ്ഞത്. ഇത്തരത്തില്‍ അപമാനിക്കപ്പെടുന്ന പെണ്‍കുട്ടികളോട് നിങ്ങള്‍ക്ക് ഒന്നും പറയാനില്ലേ?

അതുകൊണ്ട് തന്നെയാണ് പറയുന്നത് ഇത് അപ്പാ റാവു മാത്രം നടത്തുന്നൊരു ഭീകരതയല്ല. ഇതെല്ലാം ചെയ്യാന്‍ ആ മനുഷ്യന് അനുവാദവും അധികാരവും കൊടുത്തിരിക്കുന്നത് കേന്ദ്ര സര്‍ക്കാരും തെലുങ്കാന സര്‍ക്കാരുമാണ്. സംസ്ഥാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ദളിത് വിരുദ്ധരായിട്ടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയാണ് ഇവിടെ കാണുന്നത്.

നിശബ്ദത രാഷ്ട്രീയം തന്നെയാണെന്നു ഞങ്ങള്‍ക്ക് മനസിലാകും. നിങ്ങള്‍ മിണ്ടാതിരിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ മര്‍ദ്ദകന്റെ കൂടെയാണെന്നാണ്. ഇവിടെ ആരൊക്കെയാണ് മിണ്ടാതിരിക്കുന്നതെന്നു കൃത്യമായി ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. പ്രധാനമന്ത്രി മിണ്ടുന്നില്ല, എംഎച്ച്ആര്‍ഡി മന്ത്രി മിണ്ടുന്നില്ല, സംസ്ഥാന മുഖ്യമന്ത്രി മിണ്ടുന്നില്ല… ഈ നിര നീളും, പക്ഷേ അവരുടെ രാഷ്ട്രീയം വ്യക്തമാക്കപ്പെടുകയാണ്.

ഇവരോടൊപ്പം ചേര്‍ക്കേണ്ടി വരുന്നത് കേരള മുഖ്യമന്ത്രിയേയുമാണ്. ഇവിടെ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയിട്ടവരില്‍, ഉപദ്രവിക്കപ്പെട്ടവരില്‍, സമരം ചെയ്തവരില്‍ നിരവധി മലയാളി വിദ്യാര്‍ത്ഥികളുമുണ്ട്. എന്തെങ്കിലും പരിഗണന ആ കുട്ടികളോടുണ്ടെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വായ തുറക്കണമായിരുന്നു. നിയമത്തിനു വിരുദ്ധമായി അവരെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന്റെ വഴിയില്‍ തന്നെ അതു നേരിടാമെന്നു മുഖ്യമന്ത്രിക്കു പറയാമായിരുന്നു. ആ വിദ്യാര്‍ത്ഥികള്‍ എവിടെയാണെന്നുപോലും അറിയാത്ത അവസ്ഥയിലാണ്. കടുത്ത മനുഷ്യാവകാശലംഘനത്തിനാണ് അവര്‍ ഇരകളാകുന്നത്. ഇതേക്കുറിച്ച് ചന്ദ്രശേഖര റാവുവിനോട് മറുപടി പറയാന്‍ ആവശ്യപ്പെടാമായിരുന്നു അദ്ദേഹത്തിന്. എന്നിട്ടും ഒരക്ഷരം ഇതേക്കുറിച്ച് സംസാരിക്കാന്‍ കേരള മുഖ്യമന്ത്രി തയ്യാറായിട്ടില്ല. 

ഇനി മറ്റൊരു കൂട്ടരുണ്ട്; മാധ്യമങ്ങള്‍. അവര്‍ ധരിച്ചുവച്ചിരിക്കുന്നത് ഇന്ത്യ എന്നാല്‍ ഡല്‍ഹിയാണെന്നാണ്. ഡല്‍ഹിയെന്ന മെട്രോപോളിറ്റിന്‍ നഗരത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതെന്ന വിശ്വാസമാണ് എല്ലായ്പ്പോഴും അവരെ ഭരിക്കുന്നത്. മറ്റൊന്ന് അവരുടെ സൗകര്യമാണ്. എല്ലാ മാധ്യമങ്ങളുടെയും പ്രധാനകേന്ദ്രം ഡല്‍ഹി ആണല്ലോ. അങ്ങനെ വരുമ്പോള്‍ ഡല്‍ഹിയിലുള്ള ജെഎന്‍യുവിനു കിട്ടുന്ന പ്രധാന്യം ഹൈദരാബാദില്‍ ഇരിക്കുന്ന യു ഒ എച്ചിന് കിട്ടില്ല. കേരളത്തിലെ മാധ്യമങ്ങളാണെങ്കില്‍ അവര്‍ക്ക് ഇവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകള്‍ പറയും. പോരാത്തതിന് മാധ്യമങ്ങള്‍ക്ക് ഇവിടെ നിരോധനവും ഏര്‍പ്പെടുത്തിരിക്കുകയാണ്.

കാമ്പസില്‍ കയറാന്‍ മാധ്യമങ്ങളെ അനുവദിക്കുന്നില്ല. എന്നിട്ടും അവര്‍ക്കതില്‍ യാതൊരു പ്രതിഷേധവുമില്ലെന്നതാണ് അത്ഭുതം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്ന അവകാശത്തെ ഹനിക്കുന്ന ഒരു നടപടിക്കെതിരെ എങ്ങനെ നിങ്ങള്‍ക്ക് നിശബ്ദരാകാന്‍ കഴിയുന്നു?

ആ നിശബ്ദതയ്ക്ക് മറ്റൊരു കാരണവുമുണ്ടോ? നമ്മുടെ മാധ്യമങ്ങള്‍ക്ക് സെന്‍സേഷണത്തില്‍ അധിഷ്ഠിതമായൊരു കാപ്പിറ്റല്‍ ലോജിക് ഉണ്ട്. ഇനിയിവിടെയൊരു ആത്മഹത്യ ഉണ്ടായാല്‍ ഏതു കഷ്ടപ്പാടും സഹിച്ച് ഡല്‍ഹി മാധ്യമങ്ങളടക്കം ഇവിടെ വരും. അവര്‍ വരണമെങ്കില്‍ മരണം നടക്കണം, കൊല നടക്കണം, ചോര വീഴണം… ജീവനുള്ള മനുഷ്യനും ജീവിതം കൊണ്ടുള്ള പ്രതിരോധത്തിനും ഇവിടെ വിലയില്ലാതാവുകയാണ്. 

യൂണിറ്റുകള്‍ക്ക് ഇങ്ങോട്ടേക്ക് വരാനുള്ള ബുദ്ധിമുട്ടുകളും എക്യുപ്‌മെന്റുകളുമായി അകത്തു കയറുന്നതില്‍ ഉണ്ടാകുന്ന പ്രതിസന്ധികളും ചാനലുകള്‍ക്ക് പറയാം. എന്നാല്‍ പത്രങ്ങളോ? മാതൃഭൂമിയോ മനോരമയോ എന്തുകൊണ്ട് മലയാളി വിദ്യാര്‍ത്ഥികളടക്കം അറസ്റ്റിലായിട്ടും അതു വാര്‍ത്തയാക്കുന്നില്ല. എന്തുകൊണ്ട് ഹിന്ദുവില്‍ പോലും ഇതേ കുറിച്ചുള്ള വാര്‍ത്തകള്‍ ഉള്‍പ്പേജിലേക്ക് മാറ്റുന്നത്. നമ്മുടേത് എല്ലാ കാലവും ഒരു ബ്രാഹ്മണിക്കല്‍ സ്‌റ്റേറ്റ് ആണ്. ആ സ്‌റ്റേറ്റിന്റെ അടിത്തറയേയും ബ്രാഹ്മണ്യത്തേയും മുഴുവന്‍ ചോദ്യം ചെയ്യുന്നൊരു മൂവ്‌മെന്റാണിത്. ഇത് ഒരു രോഹിതിന് വേണ്ടി മാത്രമുള്ള സമരമല്ല. ആയിരക്കണക്കിന് രോഹിതുമാര്‍ക്കുവേണ്ടിയുള്ള സമരമാണ്. ഇന്ത്യയിലെ എല്ലാ ഇന്‍സ്റ്റിറ്റ്യൂഷനുകളിലും നിലനില്‍ക്കുന്ന ജാതിയതയെ ചോദ്യം ചെയ്യുന്ന സമരമാണ്. മാധ്യമങ്ങളും ഈ ബ്രാഹ്മണ്യത്തില്‍ നിന്നും മോചനം നേടിയവരല്ല. അവിടെയും ജാതിയുണ്ട്. ഇവിടെ എത്രശതമാനമാണ് ദളിത് മാധ്യമപ്രവര്‍ത്തകരുള്ളതെന്നു നമുക്ക് അറിയാം. അതുകൊണ്ടാണ് ഇവിടെ നടക്കുന്ന ഒരു ദളിത് പ്രശ്‌നം വേണ്ടരീതിയില്‍ അവതരിപ്പിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ വിമുഖത കാണിക്കുന്നതും.

എന്നാല്‍ ഇതിനേയെല്ലാം മറികടന്ന് ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്ന ഒരുപാടുപേരുണ്ട് ഇവിടെ. അവര്‍ കൂടി ചേര്‍ന്നൊരുക്കുന്ന പ്ലാറ്റ്‌ഫോമിലാണ് ഞങ്ങളുടെ സമരം നടക്കുന്നത്.

ഏറ്റവും ഒടുവിലായി അറിയുന്നത് ഒമ്പതു വിദ്യാര്‍ത്ഥികളുടെ പേരില്‍ക്കൂടി കേസ് എടുത്തിരിക്കുന്നുവെന്നാണ്. അവര്‍ ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടാം. എണ്ണം ഇങ്ങനെ കൂടിക്കൊണ്ടേയിരിക്കും. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം അറസ്റ്റ് ചെയ്യപ്പെടുന്നവരും കുറ്റം ചുമത്തപ്പെടുന്നവരും മര്‍ദ്ദനം ഏല്‍ക്കുന്നവരും എല്ലാം തന്നെ ഈ മൂവ്‌മെന്റിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ്. അതുകൊണ്ട് അടിച്ചൊതുക്കി ഈ പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിപ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്.

എന്നാല്‍ ഞങ്ങളൊന്ന് ഓര്‍മിപ്പിക്കട്ടെ, നിങ്ങള്‍ തല്ലിയാലും കൊന്നാലും രോഹിതിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടം മുന്നോട്ടു പോകുക തന്നെ ചെയ്യും. ഇന്നിപ്പോള്‍ നിങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും എല്ലാം ഞങ്ങള്‍ക്ക് അനുവദിക്കേണ്ടി വന്നില്ലേ. എങ്കില്‍ നാളെ നിങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ മുട്ടുമടക്കി മുഴുവന്‍ പൊലീസിനെയും ഇവിടെ നിന്നും തിരിച്ചയക്കേണ്ടി വരും. അതിനുശേഷം അപ്പാ റാവുവിന് വൈസ് ചാന്‍സിലര്‍ പോസ്റ്റില്‍ നിന്നും മാറേണ്ടി വരും. ഒരു കാരണവശാലും അപ്പാ റാവു എന്ന വൈസ് ചാന്‍സിലര്‍ക്കു കീഴില്‍ ഇവിടെ ഒരു വിദ്യാര്‍ത്ഥിയും പഠിക്കില്ല, പരീക്ഷ എഴുതില്ല. 

ഇനി വരാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി, അവരുടെ അവകാശങ്ങളും നീതിയും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ സമരം. ആരൊക്കെ ഈ സമരത്തിനു വിദ്യാര്‍ത്ഥി വിരുദ്ധമെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുന്നതെന്നും വ്യാഖ്യാനം ചമച്ചാലും ആ ശ്രമം വിജയിക്കില്ല. ഭാവി തലമുറയുടെ കൂടി അവകാശം സംരക്ഷിക്കാനുള്ള സമരമാണിത്. അതുകൊണ്ട് വിദ്യാര്‍ത്ഥി ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട സമരം കൂടിയായി ഇതു മാറുന്നു.

(ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായ അരുന്ധതിയുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍