UPDATES

ഇന്ത്യ

യു.പിയിലും മഹാസഖ്യ പേടിയില്‍ ബി.ജെ.പി

Avatar

അഴിമുഖം പ്രതിനിധി

ബിഹാര്‍ മാതൃകയില്‍ മഹാസഖ്യം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും രൂപം കൊണ്ടേക്കാമെന്ന ആശങ്കയിലാണ് ബി.ജെപി. മഹാസഖ്യം വന്നാല്‍ മുസ്ലീം വോട്ടുകള്‍ ഭിന്നിക്കില്ലെന്ന് ബി.ജെ.പി കരുതുന്നു. ജാതി സമവാക്യങ്ങള്‍ക്ക് അപ്പുറം മുസ്ലീം വോട്ടുകള്‍ ഭിന്നിയ്ക്കപ്പെടുക ബി.ജെ.പിയെ സംബന്ധിച്ച് അനിവാര്യമാണ്. സമാജ്‌വാദി പാര്‍ട്ടിക്കും ബി.എസ്.പിയ്ക്കും ഇടയില്‍ മുസ്ലീം വോട്ടുകള്‍ വിഭജിക്കപ്പെട്ടാല്‍ അത് ബി.ജെ.പിക്ക് നേട്ടമാകും. ഈ ത്രികോണ മത്സരത്തില്‍ എസ്.പിയും ബി.എസ്.പിയും ദുര്‍ബലപ്പെടുമെന്നും ഇതില്‍ നേട്ടം കൊയ്യാമെന്നുമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ബി.ജെ.പിയുടെ ഈ കണക്കുകൂട്ടലും പ്രതീക്ഷയും തകര്‍ക്കുന്ന തരത്തിലാണ് യു.പി രാഷ്ട്രീയം ഇപ്പോള്‍ നീങ്ങുന്നത്.

സമാജ്‌വാദി പാര്‍ട്ടിയിലെ ഉള്‍പ്പോര്

സമാജ്‌വാദി പാര്‍ട്ടിയിലെ ആഭ്യന്തര കലാപത്തിലും മുലായം സിംഗ് യാദവിന്‌റെ കുടുംബ പ്രശ്‌നങ്ങളിലുമെല്ലാം ബി.ജെ.പിയ്ക്ക് എന്തിന് ആശങ്ക എന്ന ചോദ്യം ഉയര്‍ന്നേക്കാം. എന്നാല്‍ എസ്.പിയിലെ പ്രതിസന്ധി ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എസ്.പിയിലെ പ്രശ്‌നങ്ങള്‍ വഷളായത് മുസ്ലീം സമുദായത്തെ ബി.എസ്.പിയിലേയ്ക്ക് വലിയ തോതില്‍ ആകര്‍ഷിച്ചിരിക്കുന്നതായാണ് സൂചന. ഇത് ബി.ജെ.പിയെ സംബന്ധിച്ച ഒട്ടും സന്തോഷം നല്‍കുന്ന കാര്യമല്ല.


മായാവതിയുടെ ശക്തമായ സാന്നിദ്ധ്യം

ദളിത് – മുസ്ലീം കൂട്ടുകെട്ട് ശക്തിപ്പെടുത്തിയാണ് മായാവതി തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. സമാജ്‌വാദി പാര്‍ട്ടിയേക്കാള്‍ ബി.എസ്.പിയാണ് ന്യൂനപക്ഷ, ദളിത് പ്രശ്‌നങ്ങള്‍ സജീവമായി ഉന്നയിക്കുന്നത്. ബി.ജെ.പിക്ക് നിലവില്‍ എസ്.പിയേക്കാള്‍ ശക്തമായ ബദല്‍ ബി.എസ്.പിയാണെന്ന ധാരണയിലേയ്ക്ക് വലിയൊരു വിഭാഗം മുസ്ലീങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മായാവതി ശക്തയായ നേതാവായി ഉയര്‍ന്നു നില്‍ക്കുന്നത് ബി.ജെ.പിയെ സംബന്ധിച്ച് കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ലാതാക്കുന്നു. എന്നാല്‍ എസ്.പിയിലെ പ്രശ്‌നങ്ങള്‍ അയയുന്നതായും സൂചനയുണ്ട്. നിലവില്‍ അഖിലേഷ് യാദവ് കരുത്തനായ നേതാവായി തുടരുന്നു. മുസ്ലീങ്ങള്‍ പൂര്‍ണമായും എസ്.പിയെ കൈവിട്ടെന്ന് പറയാനുമാവില്ല.

മഹാസഖ്യം

ഏറെ കാര്യങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അഖിലേഷ് യാദവിന് ഇപ്പോഴും മോശമല്ലാത്ത പ്രതിച്ഛായയുണ്ട്. ഇത് എസ്.പിയെ സംബന്ധിച്ച് ഗുണകരമാണ്. എസ്.പിയിലെ സംഘര്‍ഷത്തില്‍ ഏറെക്കുറെ ഒറ്റപ്പെട്ടിരുന്ന അഖിലേഷ് യാദവിന് പാര്‍ട്ടിക്ക് പുറത്ത് അല്‍പ്പം സഹതാപവും ലഭിച്ചിരിക്കുന്നു. ഇത് എസ്.പിക്ക് ഗുണം ചെയ്യുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ അജിത് സിംഗിന്‌റെ രാഷ്ട്രീയ ലോക്ദള്‍, ലാലു പ്രസാദ് യാദവിന്‌റെ ആര്‍.ജെ.ഡി, നിതീഷ് കുമാറിന്‌റെ ജെ.ഡി.യു എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് എസ്.പി, മഹാഖ്യം രൂപീകരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

കോണ്‍ഗ്രസും മഹാസഖ്യത്തിന്‌റെ സാദ്ധ്യതകള്‍ ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന പ്രശാന്ത് കിഷോര്‍ മുലായം സിംഗ് യാദവുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയേക്കും. സീറ്റ് വിഭജനത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസും സഖ്യത്തിന്‌റെ ഭാഗമാകും. അതേസമയം മഹാസഖ്യം ബി.എസ്.പിയെ സംബന്ധിച്ച് ദോഷകരമാവും. ഒരുപക്ഷേ ബി.എസ്.പി മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടാം. അജിത് സിംഗിന് ജാട്ട് സമുദായത്തിലുള്ള സ്വാധീനം, പിന്നാക്ക സമുദായങ്ങളെ ആകര്‍ഷിക്കാനുള്ള നിതീഷ് കുമാറിന്‌റെ സാദ്ധ്യതകള്‍, മുസ്ലീം വോട്ട് ആകര്‍ഷിക്കാനുള്ള മുലായത്തിന്‌റേയും ലാലുവിന്‌റേയും കഴിവ്, യുവാക്കള്‍ക്കിടയില്‍ അഖിലേഷ് യാദവിനോടുള്ള മതിപ്പ്, കോണ്‍ഗ്രസിന് ലഭിച്ചേക്കാവുന്ന യാദവ ഇതര വോട്ടുകള്‍ ഇതിലെല്ലാം പ്രതീക്ഷ അര്‍പ്പിച്ചാണ് മഹാസഖ്യ സാദ്ധ്യതകള്‍ ഉരുത്തിരിയുന്നത്.

മഹാസഖ്യം രൂപീകരിക്കപ്പെട്ടാലും ബി.എസ്.പി ശക്തിപ്പെട്ടാലും ബി.ജെ.പിയെ സംബന്ധിച്ച് കാര്യങ്ങള്‍ ബുദ്ധിമുട്ടാകുമെന്ന അവസ്ഥയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌റെ സെമി ഫൈനലായാണ് 2017 ആദ്യം നടക്കുന്ന യു.പി തിരഞ്ഞെടുപ്പിന ബി.ജെ.പി കാണുന്നത്. യു.പിയില്‍ തോറ്റാല്‍ അത് ബി.ജെ.പിയുടെ തുടര്‍സാദ്ധ്യതകള്‍ക്ക് മങ്ങേലേല്‍ക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍