UPDATES

ട്രെന്‍ഡിങ്ങ്

യുപി ബിജെപി എംപി എസ് പിയില്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് കൂറുമാറ്റക്കളികള്‍

ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഈ തിരിച്ചടി.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് തിരിച്ചടി. ഉത്തര്‍പ്രദേശിലെ ബിജെപി എംപി ശ്യാം ചരണ്‍ ഗുപ്ത സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പ്രയാഗ് രാജ് (അലഹബാദ്) എംപിയാണ് ശ്യാം ചരണ്‍ ഗുപ്ത. ബാന്‍ദ മണ്ഡലത്തില്‍ എസ്പി – ബി എസ് പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ശ്യാംചരണ്‍ ഗുപ്ത മത്സരിക്കും. നേരത്തെ സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് തന്നെയാണ് ശ്യാംചരണ്‍ ബിജെപിയിലെത്തിയത്. ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഈ തിരിച്ചടി. യുപിയിലെ ബിജെപി എംപി സാവിത്രിബായ് ഫൂലെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

അതേസമയം ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ബിസി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് മനീഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മനീഷ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഇത്. മലയാളിയായ മുന്‍ എഐസിസി സെക്രട്ടറി ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ബിസി ഖണ്ഡൂരിയുടെ പുരി മണ്ഡലത്തില്‍ തന്നെ മനീഷിനെ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മനീഷ് ബിജെപി അംഗമല്ലെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് അജയ് ഭട്ട് പറഞ്ഞു. ബിസി ഖണ്ഡൂരിയെ പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷം നീക്കിയിരുന്നു. മുന്‍ ആര്‍മി ജനറലാണ് ബിസി ഖണ്ഡൂരി. ദേശസുരക്ഷയെക്കുറിച്ച് സത്യം പറഞ്ഞതിനാണ് ബിസി ഖണ്ഡൂരിയെ പാര്‍ലമെന്റ് കമ്മിറ്റിയില്‍ നിന്ന് നീക്കിയത് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഗുജറാത്തി ബിജെപിയുടെ പട്ടീദാര്‍ നേതാക്കളിലൊരാളായ രേഷ്മ പട്ടേല്‍ പാര്‍ട്ടി വിട്ടിരുന്നു. ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ജവഹര്‍ ചാവ്ദ എംഎല്‍എ സ്ഥാനം രാജി വച്ച് ബിജെപിയില്‍ ചേര്‍ന്ന് മന്ത്രിയായിരുന്നു. കര്‍ണാടകയില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ മഞ്ജു ജോണ്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മഹാരാഷ്ട്രയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കാളിദാസ് കൊലാംബ്കര്‍ പാര്‍ട്ടി വിട്ടു. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. നായ്‌ഗോണ്‍ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ എംഎല്‍എ ആയ കൊലാംബ്കര്‍ നേരത്തെ ശിവസേനയിലായിരുന്നു. മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയ്ക്ക് ഒപ്പമാണ് കോണ്‍ഗ്രസിലെത്തിയത്. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകനായ സുജയ് വിഖെ പാട്ടീല്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍