UPDATES

ട്രെന്‍ഡിങ്ങ്

ഉത്തര്‍പ്രദേശില്‍ നാട്ടുകാര്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് അവശനാക്കി

ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരന്‍ ബലാത്സംഗം ചെയ്തതില്‍ പ്രതിഷേധിച്ച് തടിച്ചുകൂടിയ ജനങ്ങള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജുണ്ടായപ്പോഴാണ് അവര്‍ പോലീസിനെ ആക്രമിച്ചത്

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജിനിടെ നാട്ടുകാര്‍ പോലീസുകാരനെ മര്‍ദ്ദിച്ചവശനാക്കി. ശനിയാഴ്ചയാണ് സംഭവം. ഇവിടുത്തെ ജാഗ്രിതി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയ ആശുപത്രി ജീവനക്കാരന്‍ ബോധംകെടുത്തി ബലാത്സംഗം ചെയ്തതില്‍ പ്രതിഷേധിച്ച് തടിച്ചുകൂടിയ നാട്ടുകാരാണ് പോലീസുകാരനെ മര്‍ദ്ദിച്ചത്.

നൂറ് കണക്കിന് ആളുകള്‍ ആശുപത്രി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടിയപ്പോള്‍ ഇവരെ നിയന്ത്രിക്കാനെത്തിയ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതാണ് നാട്ടുകാരെ പ്രകോപികരാക്കിയത്. തങ്ങളെ ആക്രമിച്ച പോലീസുകാരില്‍ ഒരാളെ ചെറുപ്പക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ അബോധാവസ്ഥയിലായെങ്കിലും യുവാക്കള്‍ ഇയാളെ ചവിട്ടുന്നുണ്ടായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമത്തില്‍ വന്‍ പ്രചരണമാണ് ലഭിക്കുന്നത്.

വ്യാഴാഴ്ചാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഒരു വിവാഹ പാര്‍ട്ടിക്കിടെ അബോധാവസ്ഥയിലായി ബാര പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ജാഗ്രിതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയോട് അര്‍ദ്ധരാത്രി ബോധം തെളിഞ്ഞപ്പോള്‍ ആശുപത്രി ജീവനക്കാരന്‍ വസ്ത്രങ്ങള്‍ നനഞ്ഞിരിക്കുന്നെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ടു. വനിത നഴ്‌സുമാരുടെയാരുടെയും സേവനം ലഭ്യമല്ലെന്നും കുട്ടിയുടെ അമ്മ പാര്‍ട്ടിയ്ക്ക് പോയെന്നുമാണ് ഇയാള്‍ പറഞ്ഞത്. അച്ഛന്‍ മരുന്ന് വാങ്ങാന്‍ പോയിരിക്കുകയാണെന്നും പറഞ്ഞിരുന്നു.

തന്റെ മുന്നില്‍ വച്ച് വസ്ത്രം മാറുന്നതിന് നാണക്കേട് തോന്നേണ്ടതില്ലെന്ന് ഇയാള്‍ പറഞ്ഞതായി പെണ്‍കുട്ടി മൊഴി നല്‍കി. വസ്ത്രം മാറാന്‍ ആരംഭിച്ച തന്റെ മേല്‍ക്കുപ്പായം ഇയാള്‍ ബലമായി അഴിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ബെഡ്ഡിന്റെ അടുക്കലേക്ക് ഓടിയതായും കുട്ടി അറിയിച്ചു.

എന്നാല്‍ പിന്നീട് ഇയാള്‍ വന്ന് മരുന്ന് കുത്തിവച്ച് പെണ്‍കുട്ടിയെ ഉറക്കുകയായിരുന്നു. തന്നെ ഇയാള്‍ ബലാത്സംഗം ചെയ്യുന്നത് തിരിച്ചറിയാന്‍ സാധിച്ചിരുന്നെങ്കിലും മരുന്നിന്റെ മയക്കത്തില്‍ തനിക്ക് അനങ്ങാന്‍ പോലും സാധിച്ചില്ലെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം രാത്രി മുഴുവന്‍ ഐസിയുവിന് പുറത്ത് കാത്തുനിന്ന തന്നെ മകളെ ഒന്ന് കാണാന്‍ പോലും ആശുപത്രി ജീവനക്കാരന്‍ അനുവദിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഒടുവില്‍ രാവിലെ ബലംപ്രയോഗിച്ച് അകത്തു കടന്നപ്പോള്‍ നഗ്നയായി കിടക്കുന്ന മകളെയാണ് കണ്ടത്. മകളെ കുലുക്കി വിളിച്ചപ്പോഴാണ് അവള്‍ കരഞ്ഞുകൊണ്ട് ഇദ്ദേഹത്തോട് വിവരം പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍